Current Date

Search
Close this search box.
Search
Close this search box.

പേമാരിയും വെള്ളപ്പൊക്കവും: കൈകാര്യം ചെയ്യാന്‍ മുംബൈ ഭരണാധികാരികള്‍ക്കായോ ?

മണ്‍സൂണ്‍ എത്താന്‍ കഷ്ടിച്ച് ഒരാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു മുന്‍പേ മുംബൈ നഗരം മുട്ടുകുത്തി. മൂന്ന് ദിവസം പെയ്ത പേമാരിയില്‍ നഗരത്തിന്റെ സുപ്രധാന സംവിധാനങ്ങള്‍ തകര്‍ന്നു. ദശാബ്ദങ്ങള്‍ക്കു ശേഷമാണ് മുംബൈയില്‍ ഇത്തരത്തില്‍ പേമാരി പെയ്യുന്നത്. എന്നാല്‍ എല്ലാ മണ്‍സൂണിലെയും പ്രശ്‌നങ്ങള്‍ തടയുന്നതില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരാജയപ്പെടുകയാണ് പതിവ്. കാലാവസ്ഥ വ്യതിയാനത്തിന്റെ യാഥാര്‍ത്ഥ്യം അംഗീകരിക്കാനും അതിനെ നേരിടാന്‍ നഗരത്തെ സജ്ജമാക്കുന്നതിലും ഭരണ സംവിധാനത്തിന് രാഷ്ട്രീയ ഇഛാശക്തിയില്ല എന്ന സന്ദേശമാണ് ഇപ്പോഴത്തെ സംഭവവും കാണിക്കുന്നത്.

തിങ്കള്‍,ചൊവ്വ ദിവസങ്ങള്‍ക്കിടെ മുംബൈ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും 400 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. 2005 ജൂലൈ 26ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിത്. 2005ല്‍ പേമാരി മൂലം ആയിരത്തിലധികം പേര്‍ മരണപ്പെട്ടിരുന്നു.

ഒറ്റരാത്രി കൊണ്ട് 21 പേരാണ് ഇപ്പോള്‍ മുംബൈയില്‍ കൊല്ലപ്പെട്ടത്. മലാഡ് പ്രവിശ്യയില്‍ ഒരു മതില്‍ തകര്‍ന്നാണ് 21 പേര്‍ മരിച്ചത്. ഇവിടെ 10ലധികം പേര്‍ക്ക് പരുക്കുണ്ട്. രണ്ടാളുകള്‍ മലാഡില്‍ കാറില്‍ യാത്ര ചെയ്യവേ റോഡിലെ വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്തു. കനത്ത മഴ മൂലം കുര്‍ളയില്‍ നിന്ന് ആയിരം പേരെയാണ് രക്ഷപ്പെടുത്തിയത്. മിക്ക വിമാനങ്ങളും ട്രെയ്‌നുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. ചില വൈകിയോടുന്നു. ചൊവ്വാഴ്ച നഗരത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ജൂണില്‍ പെയ്യേണ്ട ശരാശരി മഴയുടെ 85 ശതമാനം ഇതിനോടകം മുംബൈയില്‍ പെയ്തു. അതും നാല് ദിവസം കൊണ്ട്. കാലാവസ്ഥാ വ്യതിയാനവും ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുമാണ് മിക്കയിടങ്ങളിലും വെള്ളം കയറാന്‍ കാരണമെന്നാണ് അധികൃതര്‍ പറഞ്ഞൊഴിയുന്നത്. മഴയുടെ വരവ് അഭൂതപൂര്‍വമാണെങ്കിലും ഇത്തരത്തില്‍ വെള്ളപ്പൊക്കം വന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. ഇത്തരം വെള്ളപ്പൊക്കത്തെ നേരിടുന്നതില്‍ ഇനിയെങ്കിലും നഗരസഭ ഭരണാധികാരികള്‍ ഒഴിവുകഴിവുകള്‍ പറയരുത്.

വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാന ഗവേഷകര്‍ പ്രവചിക്കുന്നത് ശക്തമായ മഴ പെയ്യുമെന്ന് തന്നെയായിരുന്നു. ചുരുങ്ങിയ സമയത്ത് ഒരു പ്രത്യേക പ്രദേശത്ത് മാത്രം തീവ്രമായ മഴയുടെ ആഘാതം ഉണ്ടാവും എന്നായിരുന്നു പ്രവചനങ്ങള്‍. ഇതിപ്പോള്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം തീവ്രമായ കാലാവസ്ഥ ആഗോളതാപനം മൂലം കര,സമുദ്ര നിരപ്പില്‍ ക്രമാതീതമായി ഉയരുന്ന താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

1960ന് ശേഷം ഒരോ ദശകത്തിലും തീവ്രമായ മഴ 10 ശതമാനം വര്‍ധിക്കുന്നതായി 2006ല്‍ പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മെട്രോളജിയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലില്‍ പറയുന്നു. ഇന്ത്യയിലുടനീളം ഉപരിതല താപനില ഉയരുന്നത് മൂലം രാജ്യത്ത് മഴയുടെ തീവ്രത വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഭവനേശ്വര്‍ ഐ.ഐ.ടി പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നു.

2005 ജൂലൈക്കു ശേഷം എല്ലാ വര്‍ഷവും മുംബൈയില്‍ കനത്ത മഴ ഉണ്ടാവാറുണ്ട്. അന്നു മുതല്‍ 2500 കോടി രൂപയാണ് സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബ്രിഹാന്‍ മുംബൈ ജലനിര്‍ഗ്ഗമന പദ്ധതിക്കായി ചിലവഴിച്ചത്. എന്നാല്‍ ഈ പദ്ധതി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അഴുക്കുചാല്‍ നഗരത്തിന്റെ പലയിടങ്ങളിലും മാലിന്യം അടിഞ്ഞു കിടക്കുകയാണ്. ചേരി പ്രദേശങ്ങളിലുള്ളവരും താഴ്ന്ന വരുമാനമുള്ളവരുമാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.

നഗരത്തിലെ പ്രകൃതിദത്ത ഡ്രെയിനേജ് സംവിധാനങ്ങളെ കാര്യക്ഷമമാക്കുന്നതില്‍ നഗരസഭ അധികാരികള്‍ പരാജയമാണ്. അനധികൃത നിര്‍മാണം മൂലവും വേണ്ട പരിശോധനകള്‍ നടത്താതെ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്നതും മൂലം നഗരത്തിലെ കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളും കൃഷി ഭൂമികളും നശിപ്പിക്കപ്പെട്ടു.

ഇത്തരം വെള്ളപ്പൊക്കത്തെ നേരിടാന്‍ ഇപ്പോള്‍ മുംബൈ ആസൂത്രണം ചെയ്ത പുതിയ തീരദേശ പാതക്ക് 10,000 കോടി രൂപയാണ് ഫണ്ട് കണക്കാക്കുന്നത്. നഗരത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് മാത്രമേ ഈ റോഡ് ഉപകരിക്കുകയുള്ളൂ. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും നഗര ആസൂത്രകരുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് റോഡ് നിര്‍മാണവുമായി മുന്നോട്ട് പോകാനാണ് മുംബൈ മുനിസിപ്പാലിറ്റി അധികൃതരുടെ തീരുമാനം.

അവലംബം: scroll.in

Related Articles