Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനെ സ്‌നേഹിച്ച നെല്‍സണ്‍ മണ്ടേല

ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ മരണത്തോടെ അനുശോചനങ്ങളുടെയും ആദരാഞ്ജലികളുടെയും പ്രവാഹമാണ്. മുമ്പ് അദ്ദേഹത്തെ ഭീകരവാദിയെന്ന് വിളിച്ചാക്ഷേപിച്ച ലോക നേതാക്കള്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തെ വാനോളം പുകഴ്ത്തിയും രംഗത്തു വരുന്നുവെന്നത് ആശ്ചര്യകരം തന്നെ. സ്വാതന്ത്ര്യത്തിനും വര്‍ണവിവേചനത്തിനുമെതിരെ സന്ധിയില്ലാ സമരം ചെയ്ത നെല്‍സണ്‍ മണ്ടെലയെന്ന വീരനായകനെ നിരായുധനാക്കാനും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പോരാട്ട ചരിത്രത്തെയും അരാഷ്ട്രീയ പ്രവര്‍ത്തനമായി ചിത്രീകരിക്കാനും പതിറ്റാണ്ടുകളായി വെമ്പല്‍ കൊണ്ടവരായിരുന്നു ഇപ്പോള്‍ അനുശോചനവുമായി രംഗത്തു വരുന്ന പല പാശ്ചാത്യന്‍ നേതാക്കളും എന്നതും ശ്രദ്ധേയമാണ്. 1963 ല്‍ ‘ഉംകോത്തൊ വി സീവി’ എന്ന സായുധ പോരാട്ട സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജീവപര്യന്തം തടവിനും ക്രൂരമായ പീഡനത്തിനും ഇരയായ വ്യക്തിയാണ് മഹാനായ ഈ വിമോചന നായകന്‍ എന്ന് നമുക്ക് എങ്ങനെ ഇത്രവേഗം മറക്കാന്‍ കഴിയും? അതുമാത്രമല്ല, 2008 വരെ അമേരിക്കയുടെ തീവ്രവാദി ലിസ്റ്റില്‍ നെല്‍സണ്‍ മണ്ടേലയുടെ പേരുണ്ടായിരുന്നു എന്നും നാം ഓര്‍ക്കണം. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ പ്രത്യേക അനുമതി ലഭിച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.
1961 ല്‍ ഒളിവു ജീവിതം നയിക്കവെ അദ്ദേഹം എഴുതി : ‘ത്യാഗം സഹിച്ചും ദുരിതങ്ങള്‍ താണ്ടിയുമുള്ള സായുധ പോരാട്ടത്തിലൂടെ മാത്രമേ സ്വാതന്ത്ര്യ പോരാട്ടം വിജയം കാണൂ. സമരമാണ് എന്റെ ജീവിതം’. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍മാരായ സര്‍ക്കാറുകളെ അതിന്റെ അവസാന ശ്വാസം വരെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചവരും അവര്‍ക്ക് സര്‍വ പിന്തുണയും നല്‍കിയിരുന്നവരുമായിരുന്നു അമേരിക്കയും ബ്രിട്ടനും. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒന്നാന്തരം ഭീകവാദ സംഘടനയായിട്ടാണ് വിലയിരുത്തിയിരുന്നത്. വെള്ളക്കാരായ സര്‍ക്കാറുമായി സമാധാനപരമായ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സായുധ പോരാട്ടത്തെ മണ്ടേല നിഷേധിച്ചിരുന്നില്ല. എന്നുമാത്രമല്ല, മണ്ടേലയുടെ നേതൃത്വത്തിലുള്ള സായുധ പോരാട്ടത്തെ അതിജയിക്കാന്‍ ആവില്ലെന്ന് വെള്ളക്കാരുടെ സര്‍ക്കാര്‍ തന്നെ അംഗീകരിച്ച സന്ദര്‍ഭത്തിലാണ് അദ്ദേഹം ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിന് രംഗത്തു വന്നത്. ഇസ്രയേല്‍ ഫലസ്തീന്‍ ഓസ്‌ലോ കരാറുമായി നെല്‍സണ്‍ മണ്ടേലയുടെ ചരിത്രം വ്യതിരക്തമാകുന്നത് ഇവിടെയാണ്. ഫലസ്തീനില്‍ ഇസ്രയേലിന്റെ വംശീയ വിവേനവും അടിച്ചമര്‍ത്തലും അഭംഗുരം തുടരുമ്പോള്‍ തന്നെയാണ് അറഫാത്ത് സായുധ പോരാട്ടത്തിനുള്ള അവകാശം അടിയറവെച്ച് ഇസ്രയേലിനു മുന്നില്‍ തലകുനിച്ച് നിന്നത്.
മണ്ടേലയുടെ ജീവിതത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ച മറ്റൊരു സംഭവം അദ്ദേഹം അങ്ങേയറ്റത്തെ ഫലസ്തീന്‍ അനുഭാവിയും ഫലസ്തീനിലെ വിമോചന പോരാട്ടത്തെ തുറന്നംഗീകരിച്ച വ്യക്തിയും കൂടിയായിരുന്നു എന്നതാണ്. 1962 ല്‍ അദ്ദേഹം അള്‍ജീരിയയിലെ വിമോചന നായകന്‍മാരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്തു. ഫലസ്തീനിലെ യാസര്‍ അറഫാത്തുമായും ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസട്രോയുമായും അദ്ദേഹം നിരന്തരം ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. മണ്ടേലയുടെ ഫലസ്തീന്‍ അനുഭാവം പാശ്ചാത്യര്‍ക്ക് എത്രമാത്രം അരോചകരമായിരുന്നു എന്നതിന്റെ ചെറിയ തെളിവാണ് 1990 ല്‍ ന്യൂയോര്‍ക്കില്‍ മണ്ടേല പങ്കെടുത്ത പൊതുസമ്മേളനും സംവാദവും. മണ്ടേല ജയില്‍ മോചിതനായി തിരഞ്ഞെടുപ്പിന് വെറും നാലുമാസം മാത്രം ബാക്കിയിരിക്കെ ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ചോദ്യങ്ങളില്‍ അധികവും അദ്ദേഹത്തിന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ക്കെതിരായിരുന്നു. ജൂത നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചകളിലെല്ലാം അറഫാത്തുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഫലസ്തീന്‍ പോരാട്ടത്തെ തള്ളിപ്പറയാനും അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ടാവാറുണ്ടായിരുന്നു. ഫലസ്തീന്‍ അനുകൂല നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രിസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിരോധിക്കാനുമുള്ള സമ്മര്‍ദ്ദം ഇസ്രയേല്‍ ലോബിയില്‍ നിന്നും ഭരണകൂടത്തിനുമേല്‍ ഒളിഞ്ഞു തെളിഞ്ഞും ഉണ്ടായിരുന്നതായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ ഫലസ്തീന്‍ അനുകൂല നിലപാടില്‍ തരിമ്പും വെള്ളം ചേര്‍ക്കാന്‍ മണ്ടേല ഒരുക്കമായിരുന്നില്ല. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈഷേസന്‍ (പി.എല്‍.ഒ) യെ അംഗീകരിക്കുന്നതായും ദക്ഷിണാഫ്രിക്കന്‍ ജനതയെ പോലെ സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി പോരാടുന്ന ഫലസ്തീനികളെ പിന്തുണക്കുന്നതായും അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഫല്‌സതീന്‍ വിഷയത്തില്‍ വംശീയമായ നിലപാടായിരുന്നില്ല മണ്ടേല കൈകൊണ്ടത്. ഇസ്രയേല്‍, ഫലസ്തീന്‍ എന്നീ സ്വതന്ത്ര രാഷ്ട്രങ്ങള്‍ രൂപീകരിക്കപ്പെടുന്നതിനെ അദ്ദേഹം അംഗീകരിച്ചിരുന്നു. എന്നാല്‍ വെസ്റ്റ് ബാങ്കും ഗസ്സയും ഗോലാന്‍ കുന്നുകളും ഫലസ്തീനികള്‍ക്കു തന്നെ നല്‍കണമെന്ന കര്‍ശനമായ നിലപാടും അദ്ദേഹം സ്വീകരിച്ചു. ഒരു സമ്മര്‍ദ്ദത്തെയും വിലവെക്കാതെ യാസര്‍ അറഫാത്ത് ആയുധമണിഞ്ഞ പോരാളിയും ഞങ്ങളുടെ സഖാവുമാണെന്ന് മണ്ടേല വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേരിക്കയും ഇസ്രയേലും അറഫാത്തിനെ ഒന്നാം നമ്പര്‍ ഭീകരവാദിയായി ചിത്രീകരിക്കുന്ന ഓസ്‌ലോ കരാര്‍ ഒപ്പിടുന്നതിനു മുമ്പുള്ള കാലത്താണ് നെല്‍സണ്‍ മണ്ടേല അറഫാത്തിനെ പിന്തുണച്ചും അധിനിവേശ പോരാട്ടത്തിനു അഭിവാദ്യമര്‍പ്പിച്ചും രംഗത്തു വന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടേയോ ഇസ്രയേലിന്റേയോ കണ്ണുരുട്ടലിന്നു മുന്നില്‍ വിരണ്ടു നില്‍ക്കാന്‍ ഇക്കാര്യത്തില്‍ മണ്ടേല സന്നദ്ധമായിരുന്നില്ല. 1999 ല്‍ പശ്ചിമേഷ്യ സന്ദര്‍ശിച്ച മണ്ടേല ഫസ്തീനും ഗസ്സയും സന്ദര്‍ശിച്ചു. ഗസ്സയില്‍ വെച്ച് അധിനിവേശ വിരുദ്ധ പോരാട്ടത്തിന് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം സംസാരിച്ചു : ‘ഫലസ്തീനിന്റെയും ദക്ഷിണാഫ്രിക്കയുടെയും ചരിത്രം വേദന നിറഞ്ഞതും ത്യാഗത്തിന്റേതുമാണ്. ഫലസ്തീനില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്റെ സ്വന്തം നാട്ടില്‍ എന്റെ നാട്ടുകാരോടൊപ്പം നില്‍ക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. നമ്മുടെ വിമോചന പ്രസ്ഥാനങ്ങള്‍ക്കിടയിലുള്ള സാഹോദര്യ ബന്ധം ഇരു രാഷ്ട്രങ്ങളുടെയും സര്‍ക്കാറുകളെ കൂടുതല്‍ അടുപ്പിക്കുന്നു’.
ഫലസ്തീന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നതിനെ കുറിച്ചും അവിടെ സ്വതന്ത്ര ഭരണകൂടം രൂപീകരിക്കപ്പെടുന്നതിനെ കുറിച്ചുമെല്ലാം വളരെ ഉയര്‍ന്ന ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മണ്ടേലയെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് വ്യക്തമാകും. മണ്ടേല അധികാരത്തില്‍ വന്നതിന് ശേഷവും ദക്ഷിണാഫ്രിക്കയില്‍ സാമ്പത്തികവും മറ്റു പലതരത്തിലുമുള്ള വംശീയ വിവേചനത്തിന് കറുത്ത വര്‍ഗ്ഗക്കാര്‍ ഇരയാകുന്നുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ മണ്ടേല ഉയര്‍ത്തിയ വിമോചന പാതയും മുദ്രവാക്യങ്ങളും അനശ്വരമായി നില്‍നില്‍ക്കുമെന്നത് തീര്‍ച്ച. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനത നടത്തിക്കൊണ്ടിരിക്കുന്ന വിമോചന പോരാട്ടം ലോകത്തിനു തന്നെ ആവേശമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് മണ്ടേല ഫലസ്തീനികള്‍ക്കും ആവേശമായി നിലനില്‍ക്കും.

വിവ : ജലീസ് കോഡൂര്‍

Related Articles