Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷ അര്‍പ്പിക്കാന്‍ ഒന്നുമില്ലാത്തവര്‍

victim-muz.jpg

മൂന്ന് വര്‍ഷവും അഞ്ച് മാസങ്ങള്‍ക്കും മുമ്പ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ നാല് ജില്ലകള്‍ ഒരുതരത്തിലുള്ള വൈകാരികവിക്ഷോഭത്തിന് സാക്ഷിയായി. 2014 മെയ് മാസം നടന്ന ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് മുസഫര്‍നഗര്‍, ബഗത്പഥ്, ഷാംലി, മീററ്റ് എന്നിവിടങ്ങളില്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരകണക്കിന് വരുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നാടും വീടും ഉപേക്ഷിച്ച് ഓടി പോവേണ്ടി വന്നു. (ജില്ലകളിലുടനീളം തുറന്ന പാടങ്ങളില്‍ സ്ഥാപിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിച്ച് മരിക്കുന്ന സ്ത്രീകളെയും, കുട്ടികളെയും ഈയുള്ളവള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്) പക്ഷെ, എല്ലാ ദുരിതങ്ങളും പേറാന്‍ വിധിക്കപ്പെട്ടത് സ്ത്രീകളായിരുന്നു.

ഏഴ് ധീരവനിതകള്‍ പരാതി നല്‍കാന്‍ മുന്നോട്ട് വന്നു, അവര്‍ തങ്ങളുടെ കഥനകഥ തുറന്ന് പറഞ്ഞു. ഒന്നല്ല മറിച്ച് രണ്ട് വട്ടം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം വരികയും, ഇതുമായി ബന്ധപ്പെട്ട നിരവധി ഹരജികളില്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ട് പോലും, അവര്‍ക്ക് അര്‍ഹതപ്പെട്ട നീതി വാങ്ങിച്ച് കൊടുക്കുന്നതിലും, അവരുടെ അന്തസ്സും, അഭിമാനവും സംരക്ഷിക്കുന്നതിലും ഭരണകൂടം ഒരു വലിയ പരാജയം തന്നെയാണ്. പ്രത്യേകിച്ച്, ഇരകള്‍ സ്വാധീനങ്ങളില്ലാത്തവരും, ശബ്ദമില്ലാത്തവരുമാകുമ്പോള്‍.

ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദത്തെ തുറന്ന് കാട്ടുന്നതാണ് മുസഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗത്തിന് ഇരയായ ഏഴു പേരില്‍ ഒരാള്‍ കഴിഞ്ഞ വര്‍ഷം പ്രസവസമയത്ത് മരണപ്പെട്ടു. മരണപ്പെടുന്നതിന് ഒരു മാസം മുമ്പ് അവള്‍ ആംനസ്റ്റിയോട് പറഞ്ഞു, ‘ഇതിന് ഉത്തരവാദികളായവരെ നീതിക്ക് മുന്നില്‍ കൊണ്ടുവന്നാല്‍, ഞാന്‍ സന്തോഷവതിയാവും. എനിക്ക് ഭയപ്പാടോടെ ജീവിക്കേണ്ടി വരില്ല’ (ഇഷ, കൂട്ടബലാത്സംഗത്തിന്റെ ഇര, ജൂലൈ 2016). മരിക്കുന്നതിന് അവളുടെ മൊഴി പോലും രേഖപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അവളുടെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് 2016 ഏപ്രില്‍ മാസം നല്‍കിയ അപേക്ഷയില്‍ ഇപ്പോഴും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ബാക്കിയുള്ള അഞ്ചു പേരില്‍ രണ്ടു പേര്‍, കോടതിയുടെ മെല്ലെപോക്കും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കാരണം കേസില്‍ നിന്നും പിന്‍മാറി.

കൂട്ടബലാത്സംഗത്തിന് ഇരയായ ഈ ഏഴു പേര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍, സാക്ഷികളെ പരിഗണിക്കുന്നതിലും, സംരക്ഷിക്കുന്നതിലുമുള്ള ഭരണകൂടത്തിന്റെ വന്‍പരാജയത്തെയാണ് തുറന്ന് കാട്ടുന്നത്. അവര്‍ക്ക് പോലിസ് സംരക്ഷണം മാത്രമല്ല നിഷേധിക്കപ്പെട്ടത്, മറിച്ച്, കേസ് വിസ്താരത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന കാലതാമസവും, കുറ്റക്കാരില്‍ നിന്നും അവര്‍ നിരന്തരമായി നേരിടേണ്ടി വന്ന ഭീഷണികളും ഭരണകൂട സംവിധാനങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത് എന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഏഴ് കൂട്ടബലാത്സംഗ കേസുകളിലും, കേസ് ഫയല്‍ ചെയ്യാന്‍ പോലിസ് മാസങ്ങള്‍ എടുത്തു. കേസ് എടുത്തതിന് ശേഷമാകട്ടെ കോടതി നടപടികള്‍ അങ്ങേയറ്റം സാവധാനത്തിലാണ് മുന്നോട്ട് നീങ്ങിയത്. ബലാത്സംഗ കേസുകളില്‍ ‘രണ്ട് മാസത്തിനകം’ വിചാരണ പൂര്‍ത്തിയാക്കണമെന്ന് അനുശാസിക്കുന്ന 309-ാം വകുപ്പ് വളരെ നിസ്സാരമായി അട്ടിമറിക്കപ്പെട്ടു.

പരാതിക്കാരില്‍ ഒരാളായ ഫാത്തിമ 2013 സെപ്റ്റംബര്‍ 20-ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പോലിസിനെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് ആ വര്‍ഷം തന്നെ ഒക്ടോബര്‍ 9-നാണ് അവരുടെ കേസ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിക്കാരിയായ ഗസ്സാല, 2013 ഒക്ടോബര്‍ 22-ന് പരാതി സമര്‍പ്പിച്ചിരുന്നു. പക്ഷെ 2014 ഫെബ്രുവരി 18-ന് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ വന്നതിന് ശേഷം മാത്രമാണ് ഗസ്സാലയുടെ കേസില്‍ പോലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഗസ്സാലയും തന്റെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. 2016 ജനുവരില്‍ വിചാരണ കോടതിക്ക് മുമ്പാകെ ഗസ്സാല പറഞ്ഞു, ‘മുസഫര്‍നഗര്‍ ജില്ലാ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹാജറാകുന്നതില്‍ എനിക്ക് അങ്ങേയറ്റം പേടിയുണ്ട്. കാരണം ഭൂരിപക്ഷ സമുദായത്തില്‍ നിന്നും വരുന്ന കുറ്റാരോപിതരായ ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പ്രദേശത്ത് വലിയ തോതിലുള്ള സ്വാധീനശക്തിയുണ്ട്. ഇവിടെ സാക്ഷി മൊഴി നല്‍കാന്‍ വരുന്നത് എന്റെയും, എന്റെ കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’

2014 ജൂണില്‍ പ്രദേശം സന്ദര്‍ശിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ബലാത്സംഗത്തിന് ഇരയായവരില്‍ നിന്നും പരാതികള്‍ രേഖാമൂലം വാങ്ങിയിരുന്നു. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കപ്പെട്ടെന്ന് ആദ്യഘട്ടത്തില്‍ സുപ്രീംകോടതി ഉറപ്പുവരുത്തിയിരുന്നെങ്കിലും, എന്തെങ്കിലും തരത്തിലുള്ള വരുമാനമാര്‍ഗമില്ലാത്തതും, വേട്ടക്കാരില്‍ നിന്നും പോലിസില്‍ നിന്നും നിരന്തരം നേരിടേണ്ടി വരുന്ന ഭീഷണികളും, ഭയപ്പെടുത്തലും ഇരകളുടെ ജീവിതത്തിന് മേല്‍ ഇപ്പോഴും ഡെമോക്ലിസിന്റെ വാളായി തൂങ്ങി നില്‍ക്കുകയാണ്.

വര്‍ഗീയലഹള തടയാന്‍ നിയമം മാത്രം ഉണ്ടായാല്‍ പോര, നിരന്തരവും, സുശക്തവുമായ നിയമസഹായവും, മതിയായ നഷ്ടപരിഹാരവും ലഭ്യമാക്കേണ്ടതുണ്ട്. സാക്ഷികളുടെ സംരക്ഷണം ഒരു അനിവാര്യഘടകമാണ്. പോലിസിനെ പരിഷ്‌കരിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രവും കാര്യക്ഷമവുമായ കുറ്റാന്വേഷണങ്ങള്‍ നടക്കുകയുള്ളു.

എന്നാല്‍, തങ്ങളുടെ പാര്‍ട്ടി അംഗങ്ങളും, പ്രവര്‍ത്തകരുമായ ചിലര്‍ ഇന്നും ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരാണ് എന്ന വസ്തുതക്ക് നേരെ ന്യൂഡല്‍ഹിയിലെ ഭരണവര്‍ഗം ബോധപൂര്‍വ്വം കണ്ണടച്ച് ഇരുട്ടാക്കുക മാത്രമല്ല, നിയമത്തിന്റെ വഴിയില്‍ നീതി പുലരുന്നതിന് വേണ്ടി പോരാട്ടം തുടരാന്‍ ധൈര്യസമേതം ഇറങ്ങി പുറപ്പെട്ടവരെ ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ തങ്ങളുടെ ശക്തിസ്വാധീനങ്ങള്‍ ഉപയോഗിച്ച് അവര്‍ ഏര്‍പ്പെടുന്നുമുണ്ട്.

വിവ: Irshad Shariathi

Related Articles