Current Date

Search
Close this search box.
Search
Close this search box.

തല കീഴായ് മറിഞ്ഞ ചിത്രം

Marwan-Barghouti.jpg

ഇസ്രയേലിന്റെ നിയമവിരുദ്ധമായ കുടിയേറ്റ പ്രദേശങ്ങളില്‍ നിന്ന് യൂറോപ്യന്‍ മാര്‍ക്കറ്റുകളിലെത്തുന്ന ഉല്‍പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കും വിധം ലേബല്‍ പതിക്കണമെന്ന തീരുമാനത്തിന് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ നല്‍കിയ പിന്തുണ ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തിയിരിക്കുകയാണ്. ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കത് എളുപ്പമാക്കുന്ന തീരുമാനമാണത്. അപ്രകാരം 1967 ന് ശേഷം ഇസ്രയേല്‍ അധിനിവേശം നടത്തിയ പ്രദേശങ്ങള്‍ ഇസ്രയേലിന് അവകാശപ്പെട്ടതല്ലെന്നും അന്താരാഷ്ട്ര നിയമപ്രകാരം അധിനിവിഷ്ട പ്രദേശങ്ങളായിട്ടാണവ പരിഗണിക്കപ്പെടുകയെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ ഈ തീരുമാനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ നിലപാട് ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെ ധാര്‍മിക വിരുദ്ധമെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അതിനെ ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി അതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. തീരുമാനത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യൂറോപ്യന്‍ തലസ്ഥാനങ്ങളിലേക്ക് പ്രതിനിധി സംഘങ്ങളെ അയക്കുകയും ചെയ്തു. ഇസ്രയേല്‍ നെസറ്റ് അധ്യക്ഷന്‍ യൂലിയൂള്‍ എഡള്‍സ്റ്റൈന്‍ ബര്‍ലിനില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷൂള്‍സുമായി നടത്തിയ കൂടിക്കാഴ്ച്ച അതില്‍ അവസാനത്തേതാണ്. തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും നീതിന്യായ വ്യവസ്ഥയെ സമീപിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഫലസ്തീനികളായ ജോലിക്കാരുടെ അന്നം മുട്ടുന്നതിന് കാരണമാകുമെന്നും പ്രദേശത്തെ സമാധാനത്തിന്റെ വിത്തുകളെ അതില്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുകയും ചെയ്തു.

ഇസ്രയേല്‍ ഒരു വശത്ത് യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കെ തന്നെ മറ്റൊരു വശത്ത് സ്വീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗറ്റ് വാള്‍സ്റ്റോമുമായും അവര്‍ ഏറ്റുമുട്ടുന്നുണ്ട്. ഇസ്രയേല്‍ പോലീസ് വിചാരണ നടത്താതെ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ കാര്യത്തില്‍ സൂക്ഷ്മവും കൃത്യവുമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന സ്വീഡിഷ് മന്ത്രിയുടെ ആവശ്യമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ആക്രമണം നടത്തിയെന്നാരോപിച്ച് ഈയടുത്ത നാളുകളില്‍ മാത്രം 155 ഫലസ്തീനികളെ ഇസ്രേയേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. അതില്‍ അധിക ഫലസ്തീനികളും കേവലം സംശയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരാണ്. പ്രസ്തുത കൊലപാതകങ്ങളുടെ ഉത്തരവാദിത്വം നിര്‍ണയിക്കുന്നതിന് സുതാര്യമായ അന്വേഷണം നടത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

സ്വീഡന്‍ പ്രതിനിധി സംഘങ്ങളെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച നെതന്യാഹു വാള്‍സ്റ്റോമിന്റെ പ്രസ്താവന വിദ്വേഷത്തിന് ആഹ്വാനം ചെയ്യുന്നതും ധാര്‍മിക വിരുദ്ധവും വിഡ്ഢിത്തവുമാണെന്നാണ് പ്രതികരിച്ചത്. അതേസമയം സ്വീഡന്‍ വിദേശകാര്യ മന്ത്രിക്ക് മേലുള്ള പ്രവേശന വിലക്ക് തുടരുമെന്ന് ഇസ്രയേല്‍ വിദേശകാര്യ സഹമന്ത്രിയും വ്യക്തമാക്കി. 2014-ല്‍ സ്വീഡന്‍ ഫലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചതു മുതല്‍ക്കാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നത്. യൂറോപില്‍ ഇസ്‌ലാമിക ഭീകരവാദം വ്യാപിക്കുന്നതിന്റെ പ്രധാന പ്രേരകങ്ങളില്‍ ഒന്നാണ് ഫലസ്തീനികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നിരാശയെന്ന് കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതേ സ്വീഡിഷ് മന്ത്രി പറഞ്ഞതും ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു.

അതുപോലെ ഇസ്രയേലിനും ബ്രസീലിനും ഇടയിലും കടുത്ത നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കുടിയേറ്റ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഡാനി ദിയാനെ ബ്രസീലിലെ ഇസ്രയേല്‍ അംബാസഡറായി നിശ്ചയിച്ചതാണ് അതിന്റെ കാരണം. അദ്ദേഹത്തെ തെരെഞ്ഞെടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് നെതന്യാഹു പറഞ്ഞത്. എന്നാല്‍ അതിനോടുള്ള ബ്രസീല്‍ നിലപാടിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല. അതേസമയം ബ്രസീലിന്റെ നിലപാട് അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യ സഹമന്ത്രിയെ ഉദ്ധരിച്ച് ‘മആരീവ്’ പത്രം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുടെ നിലപാടുകളുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിലപാട് തെറ്റാണെന്നും ഇസ്രയേലിനത് അംഗീകരിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 2014-ല്‍ ഇസ്രയേല്‍ ഗസ്സക്ക് മേല്‍ ആക്രമണം നടത്തിയപ്പോള്‍ ബ്രസീല്‍ തങ്ങളുടെ അംബാസഡറെ തെല്‍അവീവില്‍ നിന്ന് തിരിച്ചു വിളിച്ചതും അന്നത്തെ ബ്രസീല്‍ പ്രസിഡന്റായിരുന്ന ദില്‍മ റൂസഫ് ഇസ്രയേലിന്റെ പ്രവര്‍ത്തനത്തെ കൂട്ടകശാപ്പെന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്.

അതേ സമയം മറ്റൊരു വശത്ത് ഇസ്രേയലിനെതിരെ അക്കാദമിക സാംസ്‌കാരിക രംഗങ്ങളിലുള്ള ബഹിഷ്‌കരണവും നിലനില്‍ക്കുന്നു. പാശ്ചാത്യ നാടുകളില്‍ വലിയൊരളവോളം വിജയിച്ചിട്ടുള്ള ഒന്നാണത്. അത് ഇസ്രയേല്‍ രാഷ്ട്രത്തെ അസ്വസ്ഥപ്പെടുന്നുണ്ടെന്നതില്‍ സംശയമില്ല. വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാര്‍ച്ചില്‍ തെല്‍അവീവില്‍ വിളിച്ചു ചേര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് പിന്നിലെ പ്രേരകം ആ അസ്വസ്ഥതയാണ്. ഇസ്രയേല്‍ ബാങ്കുകള്‍ ബഹിഷ്‌കരിക്കാനുള്ള അമേരിക്കന്‍ മെതോഡിസ്റ്റ് ചര്‍ച്ച് തീരുമാനിച്ചിരിക്കുന്നു. ഭീകരനെന്ന് ഇസ്രയേല്‍ മുദ്രകുത്തിയിരിക്കുന്ന ഫലസ്തീന്‍ പോരാളി മര്‍വാന്‍ ബര്‍ഗൂഥിയെ നെല്‍സണ്‍ മണ്ടേലയോടുപമിച്ചു കൊണ്ടുള്ള ചിത്രം ഫ്രഞ്ച് പത്രമായ ലിബറേഷന്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പാരീസിലെ ഇസ്രയേല്‍ എംബസിക്കും ഫ്രഞ്ച് പത്രത്തിനും ഇടയിലും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ ഭാഗത്തു നിന്നും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇസ്രയേല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ഈ വാര്‍ത്തകളെല്ലാം സൂചിപ്പിക്കുന്നത്. അതേസമയം അറബ് രാഷ്ട്രങ്ങള്‍ക്ക് അവരുമായി വളരെ നല്ല ബന്ധമാണുള്ളത്. അതിലുപരിയായി ഫലസ്തീന്‍ അതോറിറ്റിയുമായും ചില പ്രധാന രാഷ്ട്രങ്ങളുമായും അവര്‍ക്ക് സുരക്ഷാ സഹകരണ ധാരണകളുമുണ്ട്. ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള സന്നദ്ധത സുഡാന്‍ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചത് കഴിഞ്ഞ ആഴ്ച്ചയിലാണ്. അപ്രകാരം ഇസ്രയേല്‍ ടൂറിസത്തിനും വ്യാപാരങ്ങള്‍ക്കും കൂടുതല്‍ ഉണര്‍വ് ലഭിക്കുന്നത് അറബ് ലോകത്തു നിന്നാണ്. കാര്യങ്ങളെല്ലാം തല കീഴായി മറിഞ്ഞിരിക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്. പ്രദേശത്ത് നാമിന്ന് കാണുന്ന ചിത്രങ്ങള്‍ അന്ത്യദിനത്തില്‍ അടയാളങ്ങളായി പരിഗണിക്കാനാകുമോ?

വിവ: നസീഫ്‌

Related Articles