Current Date

Search
Close this search box.
Search
Close this search box.

ഒരേ ഉത്കണ്ഠയും വ്യത്യസ്ത കാരണങ്ങളും

social-media.jpg

സോഷ്യല്‍ മീഡിയ സൈറ്റുകളും വിനിമയ സാങ്കേതിക വിപ്ലവവും വലിയ ഉത്കണ്ഠയാണ് ലോകത്ത് സൃഷ്ടിക്കുന്നത്. പാശ്ചാത്യ ലോകത്തും നമ്മുടെ നാടുകളിലും പ്രസ്തുത ഉല്‍കണ്ഠയുണ്ടെങ്കിലും അവയുടെ കാരണങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അവരെ സംബന്ധിച്ചടത്തോളം അത് സാമൂഹികമാണെങ്കില്‍ നമുക്കത് രാഷ്ട്രീയപരമാണ്.

സാങ്കേതിക വിദ്യ ആധുനിക സമൂഹങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചുവെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാല്‍ മനുഷ്യ ജീവിതത്തെയത് കുഴച്ചുമറിച്ചിരിക്കുകയാണ്. അവരുടെ ബുദ്ധിയും സമയവും അതുടമപ്പെടുത്തിയിരിക്കുന്നു. സാമൂഹിക പെരുമാറ്റങ്ങളില്‍ അതുണ്ടാക്കുന്ന സ്വാധീനം ഗവേഷകരുടെ ശ്രദ്ധയില്‍ പെടുകയും അതവരുടെ ഉത്കണ്ഠക്ക് കാരണമാവുകയും ചെയ്തിരിക്കുന്നു.

തലയുയര്‍ത്തി സഞ്ചരിക്കുകയും തലയുയര്‍ത്തി ഇരിക്കുകയും ചുറ്റുപാടിലേക്ക് നോക്കുകയും ചെയ്തിരുന്നവരായിരുന്നു ആളുകള്‍. തന്റെ കയ്യിലുള്ള മൊബൈലിലേക്ക് കണ്ണയച്ച് തലയും ചുമലും കുനിഞ്ഞവരായി അവരിന്ന് മാറിയിരിക്കുന്നു. അമേരിക്കക്കാര്‍ അഞ്ച് മുതല്‍ പത്ത് മണിക്കൂര്‍ വരെ തന്റെ കമ്പ്യൂട്ടറിലും മൊബൈലിലും ചെലവഴിക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ തലമുറ തങ്ങളുടെ കുടുംബത്തോടും കൂട്ടുകാരോടും സഹവസിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവയോട് സഹവസിക്കുന്നവരായി മാറിയിരിക്കുന്നു. അവര്‍ക്ക് കുടുംബത്തിലെ മനുഷ്യ അംഗങ്ങളോടുള്ളതിനേക്കാള്‍ ശക്തമായ ബന്ധം കമ്പ്യൂട്ടറിനോടാണ്.

അമേരിക്കക്കാര്‍ ഒരു ‘പരസ്പര വിനിമയ’ സമൂഹമായി മാറിയിരിക്കുന്നുവെന്ന് പറയാറുണ്ട്. 2015ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത് എഴുപത് ശതമാനം അമേരിക്കക്കാരും തങ്ങള്‍ക്ക് ഏറ്റവുമധികം ഇണക്കവും സ്വാതന്ത്ര്യവും അനുഭവിക്കാനാവുന്നത് തങ്ങളുടെ ഫോണുകളുമായുള്ള ബന്ധത്തിലാണെന്നാണ്. മസാചുസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സൈക്കോളജി സോഷ്യല്‍ സ്റ്റഡീസ് പ്രൊഫസറായ ഷെറി ടര്‍ക്കല്‍ തന്റെ തൊഴില്‍ തന്റെ ഔദ്യോഗിക ജീവിതം നീക്കിവെച്ചത് മനുഷ്യന്റെ കമ്പ്യൂട്ടറുമായുള്ള ബന്ധം പഠിക്കുന്നതിനാണ്. വിനിമയ സാങ്കേതിക വിദ്യയുടെ വിപ്ലവം മാനുഷിക ബന്ധങ്ങളെ നശിപ്പിച്ചിരിക്കുന്നു എന്നതിലാണ് അവരുടെ പഠനം സംഗ്രഹിച്ചിരിക്കുന്നത്. കുടുംബം, സുഹൃദ്ബന്ധം, തൊഴില്‍ മേഖലയിലെ ബന്ധം തുടങ്ങി പ്രണയബന്ധങ്ങളെ വരെ അത് ക്ഷയിപ്പിച്ചിരിക്കുന്നു എന്നാണത് അഭിപ്രായപ്പെടുന്നത്. ന്യൂയോര്‍ക്കിലെ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളോട് സംസാരിക്കുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യുന്നവരെ നോക്കാന്‍ വിസമ്മതിക്കുന്നവരായി മാറിയിരിക്കുന്നു എന്ന് നൂറുകണക്കിനാളുകളെ സമീപിച്ച് കൂടിക്കാഴ്ച്ചകള്‍ നടത്തിയ ഗവേഷക സൂചിപ്പികകുന്നു. അപ്രകാരം ശരീരഭാഷയുടെ വ്യവഹാരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത അവരെ പറഞ്ഞു കേള്‍പ്പിക്കള്‍ ശ്രമകരായ പ്രവൃത്തിയാണ്.

ഇരുപത് വര്‍ഷം മുമ്പത്തെ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളെ അപേക്ഷിച്ച് ഇപ്പോഴത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരാനുകമ്പയും സഹാനുഭൂതിയും നാല്‍പത് ശതമാനം കുറവ് വന്നിട്ടുണ്ടെന്നും അവര്‍ നിരീക്ഷിക്കുന്നു. വിനിമയോപകരണങ്ങളുടെ ഉപയോഗത്തിന് അടിമപ്പെട്ടവരില്‍ പൊതുവെ കാണപ്പെടുന്ന ചില സ്വഭാവങ്ങള്‍ ഗവേഷക വിവരിക്കുന്നുണ്ട്. കാലക്രമേണെ മനുഷ്യരുമായുള്ള നേരിട്ടുള്ള ഇടപഴകല്‍ വെടിഞ്ഞ് ഏകാന്തതയോട് താല്‍പര്യമുള്ളവരായി അവരെയത് മാറ്റുന്നു. അതുകൊണ്ടാണ് യഥാര്‍ഥത്തില്‍ അനുഗ്രമായ ഈ മാധ്യമങ്ങള്‍ ശാപമായി മാറുന്നത്.

നമുക്കിടയില്‍ സംഭവിക്കുന്നത് തീര്‍ത്തും വ്യത്യസ്തമാണ്. ഔദ്യോഗിക പ്രസ്താവനകളിലും പത്ര റിപോര്‍ട്ടുകളിലും ഉത്കണ്ഠ പ്രകടമാവുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ യുവാക്കളുടെയോ മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളുടെ കാര്യത്തിലോ അല്ല ആ ഉത്കണ്ഠ. ഭരണകൂടത്തിന്റെ സ്ഥാനത്തിന്റെയും കീര്‍ത്തിയെയും ചൊല്ലിയാണത്. ഈജിപ്തിലെ ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങള്‍ സമൂഹത്തിന് മേല്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചല്ല. മറിച്ച് അവയെ എങ്ങനെ നിരീക്ഷണ വിധേയമാക്കാം എന്നതില്‍ കേന്ദ്രീകരിച്ചാണ്. ഭരണകൂടത്തിനെതിരെ ഉയരുന്ന വിമര്‍ശന സ്വരങ്ങളെ നിശബ്ദമാക്കുന്നതിനാവാം അത്. അല്ലെങ്കില്‍ മറച്ചുവെക്കണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ക്ക് മറയിടാനാവാം. സുരക്ഷാപരമായ വെല്ലുവിളികളുയര്‍ത്തുന്നു എന്നാരോപിച്ച് വെബ്‌സൈറ്റുകളെ നിരീക്ഷിക്കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയം സമര്‍പിച്ചതിനെ കുറിച്ച് പത്രങ്ങളില്‍ നാം വായിച്ചു.

ചുരുക്കത്തില്‍ ജനാധിപത്യ രാഷ്ട്രങ്ങളില്‍ സമൂഹത്തിന്റെയും വരും തലമുറയുടെയും ആരോഗ്യത്തെ കുറിച്ച് ഗവേഷകര്‍ ഉത്കണ്ഠപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലെ ഉത്കണ്ഠ ഭരണകൂടത്തിന്റെയും കീര്‍ത്തിയെയും അതിന് നേതൃത്വം നല്‍കുന്നവരുടെ സ്ഥാനത്തിനേല്‍ക്കുന്ന പോറലുകളെ ചൊല്ലിയുമാണ്. അതുകൊണ്ടു തന്നെ അവിടങ്ങളില്‍ പരിഷ്‌കരണത്തിന്റെ ശബ്ദമുയരുമ്പോള്‍ നമ്മുടെ നാട്ടില്‍ സുരക്ഷയുടെ ശബ്ദത്തേക്കാള്‍ ഒരു ശബ്ദവും ഉയരുന്നില്ല.

വിവ: നസീഫ്‌

Related Articles