Current Date

Search
Close this search box.
Search
Close this search box.

ഐസിസിനെ ആരാണ് നമ്മുടെ മേല്‍ കെട്ടിവെച്ചത്?

ആരാണ് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മേല്‍ ഐസിസിനെ കെട്ടിവെച്ചത? ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ എന്നെ അലട്ടികൊണ്ടിരിക്കുന്ന ചോദ്യമാണിത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ സിറിയയും ഇറാഖും കടന്ന് അത് യൂറോപിലും എത്തിയെന്നും, ആസ്‌ത്രേലിയയും അതില്‍ നിന്ന് ഒഴിവല്ലെന്നുമെല്ലാമാണ് റിപോര്‍ട്ടുകള്‍.

സിഡ്‌നി കഫേയില്‍ ആളുകളെ ബന്ദിയാക്കിയ ആള്‍ ഐസിസിന്റെ കൊടി കാണിച്ചതായിട്ടാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നത്. ബെല്‍ജിയത്തില്‍ നാല് ആയുധധാരികള്‍ ആക്രമണം നടത്തിയപ്പോഴും വിരലുകള്‍ ഐസിസിന് നേര്‍ക്ക് തന്നെയാണ് ചൂണ്ടപ്പെട്ടത്. ഭൂലോകത്ത് ഭയാനകമായ എന്ത് സംഭവിക്കുമ്പോഴും ആദ്യ പ്രതിയായി നിര്‍ത്തപ്പെടുന്നത് ഐസിസ് തന്നെ. കുറ്റകൃത്യങ്ങളെല്ലാം രക്തം പുരണ്ട ഐസിസിന്റെ അക്കൗണ്ടിലേക്ക് വരവുവെക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചില മനസ്സുകള്‍. ചെറിയ തോതില്‍ മുസ്‌ലിം ബ്രദര്‍ഹുഡിലേക്കും അത് ചേര്‍ക്കുന്നു. ഐസിലേക്ക് ചേര്‍ത്തു പറയുന്ന കാര്യങ്ങള്‍ എത്രയോ അതിശയോക്തിയും കൂട്ടിചേര്‍ക്കലുകളുമുണ്ടെന്ന ചിലരുടെ വാദത്തില്‍ കുറെ ശരിയുണ്ട്. എന്നാല്‍ അവരുടെ തോന്നിവാസങ്ങളെ ന്യായീകരിക്കുകയല്ല ചെയ്യുന്നത്. കാരണം തീയില്ലാതെ പുകയുണ്ടാവില്ലെന്നാണല്ലോ. അവര്‍ ഇന്നു നേടിയെടുത്തിരിക്കുന്ന ദുഷ്‌കീര്‍ത്തിക്ക് കാരണം അവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.

അവര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പദത്തെ കളങ്കപ്പെടുത്തുകയും ഖിലാഫത്തിനെ അവമതിക്കുകയും ചെയ്തു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് ആളുകളില്‍ ഭയവും ഭീതിയും ഉണ്ടാക്കുന്ന ഒരു കൊടിയാക്കി അവര്‍ മാറ്റി. ആളുകളുടെ തലയറുക്കാനും സ്ത്രീകളെ ബന്ദികളാക്കാനും വിയോജിക്കുന്നവരെ നിലംപരിശാക്കാനും ഒരുങ്ങി നില്‍ക്കുന്നവരായി അവര്‍ മാറിയിരിക്കുന്നു. ഐസിസിന്റെ പ്രവര്‍ത്തന ഫലമായി പ്രതിരോധത്തിന്റെ മുഖവും വികൃതമാക്കപ്പെടുകയും ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ ആളുകളാല്‍ വെറുക്കപ്പെടുന്നവയുമായി മാറി.

ലോകത്തുടനീളം ഇസ്‌ലാം വിരുദ്ധത ശക്തിപ്പെടുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. യൂറോപിലെ മുസ്‌ലിംകളെ അവരുടെ നാടുകളിലേക്ക് തന്നെ മടക്കിയയക്കണമെന്ന തീവ്ര വലതുപക്ഷ ചിന്താഗതിക്കാരുടെ വാദത്തിന് ശക്തമായ തെളിവായും അവര്‍ മാറി. പാശ്ചാത്യ സമൂഹങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയായി അവര്‍ മാറിയിക്കുന്നു എന്നതാണ് അവരുടെ വാദം. സിഡ്‌നിയിലെ സംഭവത്തിന്റെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് മുന്നില്‍ ആസ്‌ത്രേലിയ വാതിലുകള്‍ കൊട്ടിയടക്കുമെന്ന് പറഞ്ഞ് അതിന്റെ പേരില്‍ ഐസിസിന് നേരെ ശാപവാക്കുകള്‍ ചൊരിയുന്ന ചില മുസ്‌ലിംകളെയും സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ഐസിസിനെയും അതിന്റെ ഖിലാഫത്തിനെയും ഇസ്‌ലാമിക് സ്റ്റേറ്റിനെയും കുറിച്ച് ശക്തമായ സംശയങ്ങളുണ്ടാക്കാന്‍ മതിയായ തെളിവുകളാണിത്. അവര്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ എത്രയോ അനേകമിരട്ടി ദോഷം ഉണ്ടാക്കിയിട്ടുണ്ട്. ഇറാഖിലെ വംശീയ അതിക്രമത്തിന് ഇരകളായ അവിടത്തെ സുന്നിളുടെ രോഷവും വിപ്ലവവുമാണ് അതിനെ സൃഷ്ടിച്ചതെന്ന വര്‍ത്തമാനത്തെ ഞാന്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ എന്തിന്റെ പേരിലായാലും ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങളോട് അവര്‍ കാണിച്ചു കൂട്ടിയത് ഒരിക്കലും ന്യായീകരിക്കാനോ പൊറുക്കാനോ ആവാത്ത കുറ്റകൃത്യങ്ങളാണ്.

ഐസിസിന്റെ രൂപീകരണത്തില്‍ സിറിയന്‍ ഭരണകൂടത്തിലെ ചില പൈശാചിക ശക്തികള്‍ക്ക് പങ്കുണ്ടാകാനുള്ള സാധ്യതയെ കുറിച്ച് നേരത്തെ ചില ലേഖനങ്ങളില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. അസദിനെതിരെയുള്ള വിപ്ലവം ജയിച്ചാല്‍ പകരക്കാരായി വരുന്നത് ഇവരായിരിക്കുമെന്ന ഭീതി എല്ലാവരിലും അതിലൂടെ ഉണ്ടാക്കിയെടുക്കാം. സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് തെമ്മാടിത്തരങ്ങളുണ്ടെങ്കിലും അതിനെതിരെ മത്സരിക്കുന്ന ബദല്‍ ശക്തി അതിലേറെ നീചരും നിന്ദ്യരുമായ തെമ്മാടികളാണെന്ന് അറിയിക്കുന്ന അവരുടെ ഒരു സന്ദേശം കൂടി അതിലുണ്ടെന്നാണ് എന്റെ കണക്കുകൂട്ടല്‍. തെളിവുകളില്ലാത്ത കേവല നിഗമനങ്ങള്‍ മാത്രമായിരുന്നു എന്റേത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച (12/12/2014) പ്രസിദ്ധീകരിച്ച ഗാര്‍ഡിയന്‍ ദിനപത്രത്തിലെ ഒരു റിപോര്‍ട്ട് എന്റെ നിഗമനങ്ങളെ ശക്തിപ്പെടുത്തുന്ന തെളിവായിരുന്നു. മിഡിലീസ്റ്റ് വിഷയങ്ങളിലെ വിദഗ്ദനായ മാര്‍ട്ടിന്‍ കുലോവിന്റെതായിരുന്നു പ്രസ്തുത റിപോര്‍ട്ട്. വളരെ നേരത്തെ തന്നെ ഐസിസുമായി ശക്തമായ ബന്ധം സ്ഥാപിച്ചെടുത്ത അദ്ദേഹം അതിനുള്ളിലെ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒന്നാണത്.

ഐസിസിന്റെ പ്രവര്‍ത്തനങ്ങളുമായി സിറിയന്‍ ഇന്റലിജന്‍സിന് അടുപ്പമുണ്ടായിരുന്നുവെന്ന് ഇറാഖിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ലേഖകന്‍ പറയുന്നു. സദ്ദാം ഹുസൈന്റെ സൈന്യത്തിലെ ബഅഥ് പാര്‍ട്ടിക്കാരായ ഓഫീസര്‍മാരാണ് അവര്‍ക്കിടയില്‍ ഇടനിലക്കാരായി വര്‍ത്തിച്ചിരുന്നത്. ഇറാഖിലെ ബുക്കാ ജയിലിലെ സഹതടവുകാരെന്ന നിലക്കുള്ള പരിചയമാണ് അവരെയതിന് സഹായിച്ചത്. ഈ ഓഫീസര്‍മാരാണ് ഐസിസ് നേതാക്കള്‍ക്കും സിറിയയിലെ ബഅഥ് പാര്‍ട്ടിക്കാരായ ഓഫീസര്‍മാര്‍ക്കും ഇടയിലെ കൂടിക്കാഴ്ച്ചക്ക് സൗകര്യം ഒരുക്കിയത്.

അബൂ അഹ്മദ് എന്നു പേരുള്ള ഐസിസില്‍ നിന്ന് വേര്‍പെട്ടു പോന്ന നേതാവ് 2009-ല്‍ താന്‍ ദമസ്‌കസിനടുത്തുള്ള സബദാനി (Zabadani)യില്‍ വെച്ച് രണ്ടു കൂടിക്കാഴ്ച്ചകള്‍ നടത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ അഭയം തേടിയ ഇറാഖിലെ ബഅഥ് പാര്‍ട്ടി നേതാക്കളും സിറിയന്‍ ഇന്റലിജന്‍സ് പ്രതിനിധികളും ഇറാഖിലെ അല്‍-ഖാഇദ (പിന്നീട് അതില്‍ നിന്നാണ് ഐസിസ് രൂപം കൊണ്ടത്) ഘടങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിലുണ്ടായിരുന്നു. സിറിയന്‍ ഇന്റലിജന്‍സും സംഘടനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ കണ്ണികളില്‍ പെട്ടതായിരുന്നു ആ രണ്ട് മീറ്റിങുകളും. ഇറാഖിലെ നൂരി മാലികി ഭരണകൂടത്തിനും അധിനിവേശത്തിനും എതിരെയായിരുന്നു അവ. പിന്നീട് കാലക്രമത്തില്‍ മാലികി ഭരണകൂടത്തിന് മേല്‍ ശക്തമായ സമ്മര്‍ദം അതുണ്ടാക്കിയിട്ടുണ്ട്.

അതിലേറെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് അല്‍ഖാഇദയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പെരുപ്പിച്ച് കാണിച്ച് സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തെറ്റിച്ചു എന്നുള്ളത്. ഈ പരമ്പരയിലെ ഓരോ എപിസോഡിനെയും തുടര്‍ന്ന് അടുത്ത് വരുന്നതാണ് നാം കാണുന്നത്. സിറിയയിലെ ബഅഥ് ഭരണകൂടത്തിലെ പിശാചുക്കളുടെപ്രവര്‍ത്തനങ്ങള്‍ വിജയിക്കുകയാണ്. ഇന്നും ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് സാധിക്കുന്നു. പ്രദേശത്തെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന ദുരന്തങ്ങളും നാശങ്ങളും അവര്‍ക്ക് ഒരു വിഷയമേ ആകുന്നില്ല.

മൊഴിമാറ്റം : നസീഫ് തിരുവമ്പാടി

Related Articles