Current Date

Search
Close this search box.
Search
Close this search box.

എന്തിനാണ് ബ്രിട്ടന്‍ മുസ്‌ലിം കുട്ടികളെ ഭീകരവാദികളാക്കുന്നത്

muslim-brt.jpg

കഴിഞ്ഞ വര്‍ഷം, ഗവണ്‍മെന്റിന്റെ കരുതല്‍ നടപടിയുമായി ബന്ധപ്പെട്ട് അസ്വസ്ഥകള്‍ ഉയര്‍ന്നിരുന്നു. കൂടെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഗുരുതരമായ ആശങ്കള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ഒരു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പാര്‍ലമെന്റംഗങ്ങളും, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ജോയിന്റ് സെലക്ട് കമ്മറ്റിയില്‍ നിന്നുള്ളവരും രംഗത്ത് വന്നു.

കഴിഞ്ഞ വേനലില്‍, സര്‍ക്കാറിന്റെ ഭീകരവിരുദ്ധ നയം നടപ്പില്‍ വരുത്തേണ്ടത് സ്‌കൂളുകള്‍, നഴ്‌സറികള്‍ എന്നിവയുടെയും, ചൈല്‍ഡ്‌കെയര്‍ സേവനദാതാക്കളുടെയും കര്‍ത്തവ്യമായി മാറി. മതമൗലികവാദികളായി മാറാന്‍ സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും, അവരെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറിന്റെ ഡിറാഡിക്കലൈസേഷന്‍ പദ്ധിതിക്ക്, അതായത് ചാനലിന് കൈമാറുക എന്നതുമാണ് ഏതാനും മണിക്കൂര്‍ നേരത്തെ പരിശീലനം ലഭിച്ച ഈ പൊതുമേഖലാ ജോലിക്കാരുടെ ഉത്തരവാദിത്തം.

ഇത്തരത്തില്‍ ‘കണ്ടെത്തപ്പെടുന്ന’ ആളുകളുടെ എണ്ണത്തിലുണ്ടായ അനിയന്ത്രിതമായ വര്‍ധനവ്, പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് വഴിവെച്ചു. മാര്‍ച്ച് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആളുകളുടെ എണ്ണം ഏതാണ്ട് 4000-ത്തിലധികം വരും; ഏതാണ്ട് ഒരു ദിവസം 11 ആളുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു എന്നര്‍ത്ഥം. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങാണ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 1041 കുട്ടികളെ സ്‌കൂളുകള്‍ കണ്ടെത്തിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു (2012-ല്‍ 9 പേരെ മാത്രമാണ് കണ്ടെത്തിയിരുന്നത്).

എത്രത്തോളം ഭയാനകമായാണ് സംശയത്തിന്റെ മുനകള്‍ ആളുകള്‍ക്ക് നേരെ നീളുന്നതെന്നതിന് അസുഖകരമായ ഉദാരഹരണങ്ങള്‍ നിരവധിയാണ്. ഇംഗ്ലീഷിലെ ‘കുക്കുംബര്‍’ എന്ന വാക്ക് ‘കുക്കര്‍ ബോംബ്’ എന്ന് തെറ്റായി ഉച്ചരിച്ചതിന്റെ പേരില്‍ നാല് വയസ്സുകാരനായ ഒരു കുട്ടിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അവന്റെ നഴ്‌സറി ടീച്ചര്‍മാര്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. എക്കോ-ടെററിസ്റ്റുകളെ സംബന്ധിച്ച ഫ്രഞ്ച് ക്ലാസിലെ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പേരില്‍ 14 വയസ്സുകാരന്‍ ചോദ്യം ചെയ്യപ്പെട്ടു. ഫലസ്തീനുമായി ബന്ധപ്പെട്ട ആക്ടിവിസത്തിന്റെ പേരില്‍ കൗമാരക്കാരന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ ചാനലിന് കൈമാറുകയുണ്ടായി. ഒരു മുസ്‌ലിം ചരിത്രപുരുഷന്റെ പേര് ആലേഖനം ചെയ്ത ടി-ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ അടുത്തിടെ ഒരു കുട്ടി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

രക്ഷിതാക്കളോടും, സാമുദായിക പ്രവര്‍ത്തകരോടും സംസാരിച്ചപ്പോള്‍ ഇതിനേക്കാള്‍ അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളാണ് അവര്‍ എന്നോട് പറഞ്ഞത്; പരസ്പരബന്ധമില്ലാത്ത പ്രസ്താവനകളുടെ പേരില്‍, പ്രഭാത നമസ്‌കാരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍, ഹിജാബ് ധരിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍, അല്ലെങ്കില്‍ കേവലം അതിരുകവിഞ്ഞ ഭാവനകളുടെ പേരില്‍ പോലും കുട്ടികള്‍ ചോദ്യം ചെയ്യപ്പെട്ടു.

സ്‌കൂളുകളില്‍ നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ പ്രസ്തുത കരുതല്‍ നടപടി മോശം പേര് സമ്പാദിച്ചിരുന്നു. തുടക്കം മുതല്‍ക്ക് തന്നെ, മുസ്‌ലിംകള്‍ക്ക് മാത്രമായി പ്രത്യേകമായുള്ള നിരീക്ഷണമാണ് ഇതെന്ന ആശങ്ക പലരും പ്രകടിപ്പിച്ചിരുന്നു (പ്രത്യേകിച്ച്, ബര്‍മിംഗ്ഹാമിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് 200 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന്). പ്രസ്തുത പദ്ധതിയില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനാല്‍ ഒരുപാട് സംഘടനകള്‍ ഇതൊരു പൊതുപ്രശ്‌നമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ തയ്യാറായില്ല.

പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട – ഇതെത്രത്തോളം വിജയകരമാണെന്നത് മുതല്‍ വ്യക്തികളെ സംബന്ധിച്ച് കൈമാറപ്പെട്ട വിവരങ്ങള്‍ എന്ത് ചെയ്തു എന്നുവരെയുള്ള – സര്‍ക്കാറിന്റെ മൗനം അതിനെ സംബന്ധിച്ച സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. നിരവധി ആളുകള്‍, പോലിസ് ഓഫിസര്‍മാര്‍ മുതല്‍ക്ക് പാര്‍ലമെന്റംഗങ്ങള്‍ വരെയുള്ളവര്‍ പ്രസ്തുത പദ്ധതി ഒരു ‘വിഷമാണെന്ന്’ സമ്മതിച്ചു കഴിഞ്ഞു.

ഈ വികാരം കൂടുതള്‍ ശക്തമായി മാറിയിരിക്കുകയാണ്, കാരണം ആളുകളെ ഹിംസാത്മക തീവ്രവാദത്തില്‍ നിന്ന് തടയുക മാത്രമല്ല കരുതല്‍ നടപടി ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്, മറിച്ച് ‘സമാധാനപരമായ തീവ്രവാദത്തില്‍’ നിന്നു കൂടി അത് ആളുകളെ തടയുകയാണ് അതിന്റെ ലക്ഷ്യം. തീവ്രവാദികള്‍ ആയി മാറിയേക്കാവുന്ന ആളുകളെ കുറിച്ചുള്ള കേവല ഭയം മാത്രമല്ല അത് ഉല്‍പ്പാദിപ്പിക്കുന്നത്, ‘തീവ്ര’ വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ആരെയും പ്രഹരിക്കാനും അത് ശ്രമിക്കുന്നു. ‘ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക്’ എതിരായ എല്ലാ ആശയങ്ങളും എന്നാണ് പ്രസ്തുത ‘തീവ്ര’ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍വചനം. ‘മതയാഥാസ്ഥിതികതയില്‍ നിന്നും തുടങ്ങി, ഹിംസാത്മക ജിഹാദിസത്തെ പിന്തുണക്കുന്നതില്‍ അവസാനിക്കുന്ന ഒരു എസ്‌കലേറ്റര്‍’ ഇവിടെയുണ്ട് എന്ന ആശയത്തിലാണ് സര്‍ക്കാറിന്റെ നയം കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് സെലക്ട് കമ്മറ്റി റിപ്പോര്‍ട്ടില്‍ ഹാരിയറ്റ് ഹര്‍മാന്‍ പറഞ്ഞത്. പക്ഷെ ഈ സിദ്ധാന്തം തെളിയിക്കപ്പെട്ടിട്ടില്ല. ഏതു തരത്തിലുള്ള എതിരഭിപ്രായങ്ങളെയും തീവ്രവാദത്തിന്റെ അടയാളമായി മുദ്രകുത്താന്‍ സര്‍ക്കാറിന് അനുവാദം നല്‍കുന്നതാണ് ഇതെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.

സര്‍ക്കാറിന്റെ കരുതല്‍ നടപടിയെ സംബന്ധിച്ച് വളരെ മുമ്പ് തന്നെ അധ്യാപകരുടെ ദേശീയ യൂണിയന്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സംശയിക്കപ്പെടുന്നവരെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം സ്‌കൂളുകളില്‍ ഒരുതരം ‘സംശയത്തിന്റെ സംസ്‌കാരം’ സൃഷ്ടിച്ചിരിക്കുന്നതായി അവര്‍ പറഞ്ഞു. ‘ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍, കാരണം അതൊരു ഡ്യൂട്ടിയാണല്ലോ, അത് തങ്ങളുടെ ജോലിയെ ബാധിക്കുമോ, അത് നിയമലംഘനമാകുമോ എന്ന്’ ടീച്ചര്‍മാര്‍ ചിന്തിച്ചേക്കാമെന്ന് ചോബാം അക്കാദമിയിലെ അസി. പ്രിന്‍സിപ്പളും, പ്രിവന്റ് ഓഫീസറുമായ കാരോണ്‍ മക്കാര്‍ത്തി സെലക്ട് കമ്മറ്റിയോട് പറഞ്ഞു.

അടുത്തു തന്നെയായി, പ്രൊഫഷണലുകളും, ജാഗ്രതയുള്ളവരും, നല്ല മനസ്സുള്ളവരുമായ ടീച്ചര്‍മാര്‍ പോലും പൊതുസമൂഹത്തിന്റെ ഇസ്‌ലാമിനെ കുറിച്ചും, ഭീകരവാദത്തെ കുറിച്ചുമുള്ള സ്ഥിരം പല്ലവികളില്‍ നിന്നും മുക്തരല്ല എന്ന വസ്തുത എന്നെ ഭയപ്പെടുത്തിയിരുന്നു. ഈ പല്ലവികള്‍ വളരെയധികം വിഷലിപ്തം തന്നെയാണ്. നീസ് ആക്രമണത്തെ കുറിച്ച് ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീ ഒരു കാരണവശാലും റിപ്പോര്‍ട്ട് ചെയ്തു പോകരുതെന്ന് കഴിഞ്ഞാഴ്ച്ച എഴുതിയത് രാജ്യത്ത് ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ മുന്‍ പത്രാധിപരായിരുന്ന കെല്‍വില്‍ മഖെന്‍സിയാണ്. അവരുടെ മതമാണ് അദ്ദേഹം അതിന് പറയുന്ന കാരണം. (നീസ് ആക്രമണത്തിന്റെ ഇരകളില്‍ മുസ്‌ലിംകളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത).

ഇതിന് മുമ്പ്, വിവാദപരമായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഒരു ഇമാമുമായി ബന്ധമുണ്ടെന്ന കാരണത്താല്‍, ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്ത സാദിഖ് ഖാനെ സമൂഹത്തിന് മുന്നില്‍ അപഹാസ്യനായി ചിത്രീകരിക്കാനുള്ള വൃത്തികെട്ട ശ്രമങ്ങള്‍ നടന്നിരുന്നു. അതേ ഇമാമിനെതിരെ അദ്ദേഹം ഇസ്‌ലാമിക് സ്റ്റേറ്റ് അനുകൂലിയാണെന്ന തരത്തിലുള്ള അപവാദങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രചരിപ്പിക്കപ്പെട്ടു. അതേ സമയം ഭീകരവാദ സംഘത്തിനെതിരെ നിരന്തരം ശബ്ദിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്നതാണ് വസ്തുത.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള ദേശീയതലത്തിലുള്ള ചര്‍ച്ചകള്‍ ഇത്രത്തോളം നിഷേധാത്മകമാവുമ്പോള്‍, അതിന്റെ പരിണിതഫലങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കും. മുസ്‌ലിം ആവുകയെന്നാല്‍ ഭീകരവാദത്തിലേക്ക് എളുപ്പം വീണുപോകുന്ന ഒരു ഘടകമായാണ് വിലയിരുത്തപ്പെടുന്നത്, അതുകൊണ്ടു തന്നെ വിവാദപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മുസ്‌ലിം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അസുഖകരമായ ഒന്നായി തീരുന്നു. ബ്രിട്ടനിലെ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി, അതായത്: ‘മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമോ എന്ന ഭയം കാരണം ബ്രിട്ടനിലെ മുസ്‌ലിം കുട്ടികള്‍ക്ക് തങ്ങളെ സ്വയം സെന്‍സറിന് വിധേയരാക്കേണ്ടി വരുന്നുണ്ട്. അവരുടെ ഭയം അസ്ഥാനത്തല്ല. നിയമം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ സര്‍ക്കാറിന്റെ മുന്‍കരുതല്‍ സംവിധാനത്തിന് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികളുടെ ഒരുപാട് ഉദാഹരണങ്ങള്‍ ഞങ്ങള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ ഒരുതരത്തിലും സമൂഹത്തിന് നേര്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയിട്ടില്ല.’ ഭീകരവാദത്തിന്റെ പേരിലുള്ള ഭയപ്പാടുകളിലേക്ക് കുട്ടികള്‍ വലിച്ചിഴക്കപ്പെടുന്നു എന്ന് മാത്രമല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, മറിച്ച് മുഖ്യധാരയെ അസ്വസ്ഥപ്പെടുത്തുന്ന വ്യത്യസ്തമായ വീക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ അത് പ്രകടിപ്പിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. പകരം അവ ഒളിച്ച് വെക്കപ്പെടുകയും ഉള്ളില്‍ കിടന്ന് പഴുത്ത് നാറുകയും ചെയ്യും.

ഏതാനും ചിലരെ മാറ്റി നിര്‍ത്തിയാല്‍, അമുസ്‌ലിംകളെ പോലെ തന്നെ തങ്ങളുടെ രാജ്യത്തെയും, യുവജനങ്ങളെയും സംരക്ഷിക്കണമെന്നാണ് ബ്രിട്ടീഷ് മുസ്‌ലിംകളും ആഗ്രഹിക്കുന്നത് (അമുസ്‌ലിംകള്‍ക്കിടയിലും ഒഴിച്ച് നിര്‍ത്തേണ്ടവരായി ചിലരുണ്ട്). വിശാല സമൂഹത്തേക്കാള്‍ കൂടുതല്‍ രാജ്യസ്‌നേഹികള്‍ അവരാണെന്നാണ് സര്‍വേകള്‍ ചൂണ്ടികാണിക്കുന്നത്. ഭീകരവാദത്തെ നേരിടുന്നതില്‍ ഒരു അനിവാര്യഘടകമാണ് മുസ്‌ലിം സമുദായത്തിന്റെ ബൗദ്ധികശേഷി. പക്ഷെ അത് സംഭവിക്കണമെന്നുണ്ടെങ്കില്‍, തങ്ങള്‍ സംശയിക്കപ്പെടുന്നവരല്ല, മറിച്ച് രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളും തുല്ല്യപങ്കാളികളാണെന്നത് ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്ക് അനുഭവേദ്യമാകേണ്ടതുണ്ട്.

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: theguardian.com

Related Articles