Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് അറിയാവുന്ന ഭാഷ ഹിംസ മാത്രമാണ്

israel3c.jpg

വാക്കുകളേക്കാള്‍ കൂടുതലായി ഫലസ്തീനികളുടെ അവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്ന മറ്റൊരു ചിത്രമായിരുന്നു കീരന്‍ മാനോര്‍ പകര്‍ത്തിയത്. വീണു കിടക്കുന്നയാളുടെ പേര് അയ്മന്‍ ഔദ, അദ്ദേഹമൊരു ഇസ്രായേലി പാര്‍ലമെന്റംഗമാണ്, അതുപോലെ പാര്‍ലമെന്റിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റിന്റെ തലവനും, ഇസ്രായേലിലെ ഉന്നത ഫലസ്തീനിയന്‍ രാഷ്ട്രീയ നേതാവുമാണ് അദ്ദേഹം.

റബ്ബര്‍ ബുള്ളറ്റ് കൊണ്ടാണ് ഇസ്രായേലി പോലിസ് അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയത്. അദ്ദേഹത്തിന്റെ മുഖത്തടക്കം അവര്‍ വെടിവെച്ചിട്ടുണ്ട്. ഇസ്രായേലിലെ ഫലസ്തീന്‍ ന്യൂനപക്ഷത്തില്‍ നിന്നും വരുന്ന സമാധാനകാംക്ഷികളായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഔദ. ജൂതന്‍മാരാകട്ടെ, ഫലസ്തീനികളാവട്ടെ, എല്ലാ ഇസ്രായേല്‍ പൗരന്‍മാരും സമാധാനത്തിനും, സാഹോദര്യത്തിലും കഴിയണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു എല്ലായ്‌പ്പോഴും അദ്ദേഹം ഉയര്‍ത്തിയ സന്ദേശം. പക്ഷെ ഇതൊന്നും തന്നെ, ‘ആദ്യം വെടിവെക്കുക-പിന്നെ ചോദ്യം ചോദിക്കുക’ എന്ന ഫലസ്തീനികളോടുള്ള ഇസ്രായേല്‍ സുരക്ഷാസൈന്യത്തിന്റെ സമീപനത്തില്‍ നിന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയില്ല.

രക്തത്തില്‍ കുളിച്ച് നിലത്തൂടെ ഇഴയുന്നത് ബര്‍ണീ സാന്‍ഡേഴ്‌സോ അല്ലെങ്കില്‍ ജെറെമി കോര്‍ബെയ്‌നോ ആവുകയും, അവരെ യു.എസ് അല്ലെങ്കില്‍ യു.കെ പോലിസ് നിര്‍വികാരമായി നോക്കി നില്‍ക്കുകയും ചെയ്യുന്ന രംഗമൊന്ന് സങ്കല്‍പ്പിച്ച് നോക്കു. ലോകം ഇളകി മറിയുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ഈ സംഭവം നടക്കാനിടയായ സാഹചര്യം വളരെ പ്രധാനമാണ്. നെഗവില്‍ ഫലസ്തീന്‍ പൗരന്‍മാര്‍ അധിവസിക്കുന്ന ഉമ്മുല്‍ ഹിറാന്‍ ഗ്രാമത്തിലെ 150-ഓളം വീടുകള്‍ തകര്‍ക്കാനെത്തിയ ഇസ്രായേലിന്റെ ‘തകര്‍ക്കല്‍’ സംഘത്തെ തടയുന്നതിന് വേണ്ടി പ്രതിഷേധവുമായെത്തിയ (19/01/17) 1000-ഓളം താമസക്കാരുടെ കൂടെ ഔദയും പങ്കുചേര്‍ന്നിരുന്നു. 1950-കളില്‍ നഖബയുടെ സമയത്ത് തങ്ങളുടെ സ്വന്തം വീടും, കൃഷിയിടങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഫലസ്തീനി കുടുംബങ്ങള്‍ക്ക് ഇസ്രായേല്‍ അധികൃതര്‍ തന്നെയാണ് ഉമ്മുല്‍ ഹിറാനിലേക്ക് മാറി താമസിക്കാന്‍ അനുവാദം നല്‍കിയത്. ജൂത കിബുറ്റ്‌സുകള്‍ക്ക് അവരുടെ പൂര്‍വ്വികരുടെ ഭൂമി തിരിച്ച് കൊടുക്കേണ്ടതുണ്ട് എന്നായിരുന്നു അന്ന് ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്നും പുറത്താക്കുന്നതിന് ഇസ്രായേല്‍ പറഞ്ഞ ന്യായം.

രണ്ട് ദശാബ്ദകാലത്തോളം ഫലസ്തീനികളെ അടക്കി ഭരിച്ച ഇസ്രായേലി പട്ടാള സര്‍ക്കാറിന്റെ ഭരണകാലത്തായിരുന്നു ഇതെല്ലാം അരങ്ങേറിയത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷം, അന്ന് സംഭവിച്ച കാര്യങ്ങള്‍ അതേപടി ഇന്നും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഇത്തവണ കാമറകണ്ണുകള്‍ക്ക് മുന്നില്‍ വെച്ചാണെന്ന് മാത്രം. ഉമ്മുല്‍ ഹിറാന്‍ ഗ്രാമം ഇന്ന് തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഫലസ്തീന്‍ കുടുംബങ്ങളുടെ തകര്‍ക്കപ്പെട്ട വീടുകള്‍ക്ക് മുകളിലായിരിക്കും ഒരു പ്രത്യേക ജൂതസമുദായത്തിന് വേണ്ടിയുള്ള വീടുകള്‍ പണിതുയര്‍ത്തപ്പെടുക. അവിടെ താമസിച്ചിരുന്ന ഫലസ്തീന്‍ കുടുംബങ്ങളെ അനധികൃത താമസക്കാരെന്നും, അതിക്രമിച്ച് കടന്നവരെന്നും മുദ്രകുത്താന്‍ ഇസ്രായേല്‍ അധികൃതര്‍ക്ക് ഒരു പ്രയാസവുമില്ല. ആ കുടുംബങ്ങള്‍ ഒരിക്കല്‍ കൂടി വംശഹത്യക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഒരു യുദ്ധത്തിന്റെയോ അല്ലെങ്കില്‍ സംഘട്ടനത്തിന്റെയോ സമയത്തല്ല ഈ വംശഹത്യ നടക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം, മറിച്ച് തികച്ചും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന സമയത്താണ് ഈ കൂട്ടക്കൊല അരങ്ങേറുന്നത്.

അവര്‍ ഒറ്റക്കല്ല. ആയിരക്കണക്കിന് മറ്റു കുടുംബങ്ങളും, അവരുടെ ഗ്രാമങ്ങളും ഇതേ അവസ്ഥ തന്നെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

1950-കളിലെ അവസ്ഥയില്‍ നിന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ഫലസ്തീന്‍ പൗരന്‍മാര്‍ക്കെതിരെ പട്ടാള ഭരണം തന്നെയാണ് ഇസ്രായേല്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇസ്രായേല്‍ ഒരു ജൂതരാഷ്ട്രം തന്നെയാണ്. ഫലസ്തീന്‍ ‘പൗരന്‍’മാരുടെ അവകാശങ്ങളേക്കാള്‍ എത്രയോ മേലെയാണ് ജൂത പൗരന്‍മാരുടെ അവകാശങ്ങള്‍. ഫലസ്തീനികള്‍ രണ്ടാം കിട പൗരന്‍മാരാണ്. ജൂതന്മാരല്ലാത്ത എല്ലാവരെയും ഒരു ഭീഷണിയായിട്ടാണ്, ഒരു ശത്രുവായിട്ടാണ് ഇസ്രായേല്‍ നോക്കികാണുന്നത്.

ഇസ്രായേല്‍ ഒരു സാധാരണ രാഷ്ട്രമല്ല. ഇസ്രായേല്‍ ഒരു വംശാധിപത്യ രാഷ്ട്രമാണ്. ഒരു നൂറ്റാണ്ട് മുമ്പ് യൂറോപ്പിനെ കീറിമുറിച്ച വംശീയ ദേശീയവാദത്തിന്റെ ഒരു പ്രത്യയശാസ്ത്ര വകഭേദമാണ് അത്.

ജൂത-ഫലസ്തീന്‍ പൗരന്‍മാര്‍ക്കിടയില്‍ സമാധാനവും, സമത്വവും പുലരുന്നതിന് വേണ്ടി പ്രചാരണ പരിപാടികള്‍ നടത്തി വന്ന ഒരു നേതാവാണ് ഔദ. ഇന്ന്, അദ്ദേഹത്തിനുള്ള ഉത്തരം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ ശരീരമാസകലം മുറിവേറ്റ്, ചോരയില്‍ കുളിച്ച്, തലകുനിച്ച്, നിലത്ത് കൂടി ഇഴയുന്ന പരുവത്തിലാക്കി മാറ്റുകയാണ് ഇസ്രായേല്‍ സൈന്യം ചെയ്തത്. ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രത്തിന് അറിയാവുന്ന ഒരേയൊരു ഭാഷ ഇത് മാത്രമാണ്.

നസ്‌റേത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ജോനാഥന്‍ കുക്ക്. മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ത്ത ഗെല്‍ഹോണ്‍ പുരസ്‌കാര ജേതാവു കൂടിയാണ് അദ്ദേഹം.

കടപ്പാട്: Information Clearing House
മൊഴിമാറ്റം: irshad shariathi

Related Articles