Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുടെ പുത്രി ഇന്ത്യക്കാരോട് പറയുന്നത്

സത്രീ സുരക്ഷയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പതിവിലധികം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ വനിതാ ദിനം കടന്നു പോയത്. ലണ്ടന്‍ മാധ്യമ പ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിസ്‌ലി ഉദ്‌വിന്‍ ബി. ബി. സി ചാനലിന് വേണ്ടി നിര്‍മ്മിച്ച ‘ഇന്ത്യയുടെ പുത്രി’ എന്ന ഡോക്യുമെന്ററിയാണ് പുതിയ ചര്‍ച്ചകള്‍ക്ക് നിദാനമായിത്തീര്‍ന്നത്. 2012-ല്‍ ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിരയായി കൊല ചെയ്യപ്പെട്ട സംഭവമാണ് ഡോക്യുമെന്ററി വിശകലന വിധേയമാക്കുന്നത്. ഇന്ത്യയില്‍ സംപ്രേഷണാനുമതി നിഷേധിക്കപ്പെട്ട ഡോക്യുമെന്ററി അന്തര്‍ ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒരു കുടുംബത്തിന് വലിയ ആഘാതങ്ങള്‍ ഏല്‍പ്പിച്ച ദാരുണമായ സംഭവത്തെ എങ്ങനെ അതിജീവിച്ചുവെന്നും, ആ സാഹചര്യത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. രാജ്യത്തെ പ്രസിദ്ധരായ സാമൂഹിക പ്രവര്‍ത്തകരും നിയമജ്ഞരും എഴുത്തുകാരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന ഡോക്യുമെന്ററി നിക്ഷ്പക്ഷമായ നിരവധി വിലയിരുത്തുകള്‍ നടത്തുന്നുണ്ട്. ഇങ്ങനെ വിലപ്പെട്ട ഒട്ടനവധി വസ്തുതകള്‍ വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി നിരോധിക്കപ്പെടുന്നേടത്ത്, ഭരണഘടനാപരമായ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് അറുകൊല ചെയ്യപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെ കൂടുതല്‍ വിശാലമാക്കുന്ന പുതിയ കാലത്ത്, ഏതെങ്കിലും ഒരു ചാനലിനെ ഭീഷണിപ്പെടുത്തുന്നവര്‍ സ്വയം പരിഹാസ്യരാവുകയാണ്.
    
പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുമായി നടത്തിയ അഭിമുഖമടക്കം ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററി, പ്രേക്ഷകരുമായി നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന പ്രതി, സ്ത്രീകളെ കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ നിന്ദ്യകരമാണ്. കുറ്റ കൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും, അവ തടയുന്നതിലും നമ്മുടെ നിയമ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ദല്‍ഹി സംഭവത്തിനു ശേഷം ഇന്നും രാജ്യത്ത് ഓരോ ദിവസവും 90 ഓളം സ്ത്രീകള്‍ അതിക്രമത്തിനിരയാകുന്നുവെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കത്തും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
    
സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഔന്നിത്യം അവകാശപ്പെടുന്ന ഇന്ത്യ പോലൊരു രാജ്യത്ത്,  ഇത്തരമൊരു സ്ത്രീപക്ഷ ആവിഷ്‌കാരം തഴയപ്പെടുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. ഡോക്യുമെന്ററിയില്‍ കേസിലെ പ്രതി സ്ത്രീകളെ കുറിച്ച് നടത്തുന്ന ആഭാസകരമായ പരാമര്‍ശങ്ങളാണ്, അത് നിരോധിക്കാനുള്ള കാരണമായി ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ മാതാപിക്കള്‍ക്ക് ഡോക്യുമെന്ററിയെ കുറിച്ച് യാതൊരു പരാതിയുമില്ല. പൊതുസമൂഹം സ്ത്രീകളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ജനങ്ങള്‍ മനസ്സിലാക്കാനും ദല്‍ഹിയില്‍ നടന്നത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഡോക്യുമെന്ററി സഹായകമായി തീരുമെന്നാണ് അവരുടെ നിലപാട്. ഒരു സ്ത്രീ പക്ഷ ആവിഷ്‌കാരമെന്ന നിലയില്‍ രാജ്യത്തെ വനിതാ സംഘടനകളടക്കം സ്വാഗതം ചെയ്ത ഡോക്യുമെന്ററിയെയാണ് ഭരണകൂടം സ്ത്രീ വിരുദ്ധത ആരോപിച്ച് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്.

സര്‍വതും കച്ചവടവല്‍കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നവലോക ക്രമത്തില്‍,  ‘ഇന്ത്യയുടെ പുത്രി’ നല്‍കുന്ന സന്ദേശങ്ങള്‍ ചിന്തോദ്ദീപകമാണ്. ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തെയും പുരുഷ കേന്ദ്രീകൃത പൊതുബോധത്തെയുമാണ് ചോദ്യം ചെയ്യുന്നത്. അതുകൊണ്ടാണത് അധികാരി വര്‍ഗ്ഗത്തിന്റെ അരമനകളില്‍ അലോസരം സൃഷ്ടിക്കുന്നത്. ഇതിനകം അന്തര്‍ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിക്കഴിഞ്ഞ ഡോക്യുമെന്ററിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. ജനങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധ ശബ്ദങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്നതിനപ്പുറം, അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയാണ് കര്‍ത്തവ്യ ബോധമുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. അവിടമാണ് സ്വാതന്ത്ര്യം, സമത്വം,  സുരക്ഷിതത്വം തുടങ്ങിയ വിഭാവനകള്‍ അന്വര്‍ഥമായിത്തീരുന്നത്.

Related Articles