Current Date

Search
Close this search box.
Search
Close this search box.

സുരക്ഷാവീഴ്ചകൾ എന്ന ആഗോള പ്രതിഭാസം

പാര്‍ലമെന്റിലെ പുകത്തോക്കാണല്ലോ തലക്കെട്ടുകളില്‍. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ സംവിധാനിച്ചതെന്ന് ആര്‍പ്പുവിളിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പുതുക്കത്തിന്റെ മണം മാറും മുമ്പേയാണ് മിന്നലാക്രമണം നടന്നത്. ആക്രമണം നടത്തിയവര്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിക്കാന്‍ തെരഞ്ഞെടുത്തത് മാരകമായ ഉപകരണങ്ങളായിരുന്നില്ല എന്നതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായെങ്കിലും, കര്‍ശന സുരക്ഷാപരിശോധനകളെ ഭേദിച്ച് അക്രമികള്‍ അകത്തെത്തി, സന്ദര്‍ശന ഗാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി, എം.പിമാര്‍ക്ക് നേരെ ഓടിയടുത്തു എന്നതെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ സൂചനകളാണ്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകളും അതുതന്നെയാണ് അടിവരയിടുന്നതും. രാജ്യത്ത് പടരുന്ന തൊഴിലില്ലായ്മയാണ് കുറ്റാരോപിതരെ ഈ പുകയാക്രമണത്തിന് പ്രേരിപ്പിച്ചത്.

രാജ്യസുരക്ഷ നരേന്ദ്രമോദി സര്‍ക്കാറിന്റെ മാത്രം അജണ്ടയൊന്നുമല്ല. അക്കാര്യത്തില്‍ അവര്‍ കൂടുതല്‍ വാചാലമാണെന്ന് മാത്രം. ലോകത്തുള്ള എല്ലാ ഭരണകൂടങ്ങളുടെയും അധികാരം നിലനിര്‍ത്താനുള്ള മികച്ച ഒരു ഉപകരണമാണ് രാജ്യസുരക്ഷ. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ജീവനും സമ്പത്തിനും അഭിമാനത്തിനും സുരക്ഷ നല്‍കാന്‍ ചുമതലയുള്ളവരാണ് ഭരണകൂടങ്ങള്‍. പക്ഷെ, പലപ്പോഴും തങ്ങളുടെ സുരക്ഷ മാത്രമായി അത് ഒതുങ്ങുകയും അതുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അതിലവസാനത്തേതാണ് പുകത്തോക്ക് ആക്രമണം.

മഞ്ഞപ്പുകയാക്രമണത്തിന്റെ പശ്ചാതലത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തിയെന്നിരിക്കും. അവര്‍ സര്‍ക്കാറിന് വേണ്ടപ്പെട്ടവരാണെങ്കില്‍ മറ്റാരെയെങ്കിലും ബലി നല്‍കിയേക്കാം. പാര്‍ലമെന്റ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പുതിയ ക്രമീകരണങ്ങളും ചട്ടങ്ങളും ഉണ്ടാക്കുമായിരിക്കും. സുരക്ഷയുടെ പേരില്‍ പൗരസമൂഹത്തെ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്നും പരമാവധി അകറ്റി നിര്‍ത്തുന്നതിന് അതിഭീകര നിയമങ്ങള്‍ വാര്‍ത്തെടുക്കുകയും ചെയ്യും.

അപ്പോഴും അവശേഷിക്കുന്ന യാഥാര്‍ഥ്യം സുരക്ഷ എന്നപോലെ സുരക്ഷാവീഴ്ചയും ഒരു ആഗോള പ്രതിഭാസമാണെന്നാണ്. സുരക്ഷാ ക്രമീകരണങ്ങളില്‍ വിള്ളലുകളുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും അവഗണിക്കപ്പെടുന്ന മനുഷ്യാവകാശമോ ജനാധിപത്യബോധമോ മൂര്‍ത്തമായിട്ടുണ്ടാകും. അതിനെതിരെ എരിയുന്ന പ്രതിഷേധത്തിന്റെ ആഴവും പരപ്പും തീവ്രതയുമാണ് പൊതുസമൂഹത്തിന്റെ ഭാഷയില്‍ സുരക്ഷാവീഴ്ചയുടെ രൂപമാര്‍ജിക്കുന്നത്; കേരളത്തിലാണെങ്കിലും ഡല്‍ഹിയിലണെങ്കിലും വാഷിങ്ടണിലാണെങ്കിലും അതങ്ങനെത്തന്നെ.

2009 ഏപ്രില്‍ ഏഴിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് നേരെ മാധ്യമപ്രവര്‍ത്തകനായ ജര്‍ണെയ്ല്‍ സിങ്ങ് വാര്‍ത്താസമ്മേളനത്തിനിടെ ഷൂവെറിഞ്ഞത്. 1984ലെ സിഖ് കൂട്ടക്കൊലയില്‍ കുറ്റക്കാരായ സജ്ജന്‍ കുമാറിനും ജഗദീഷ് ടൈറ്റ്ലറിനും ലോക്സഭയിലേക്ക് മല്‍സരിക്കാനവസരം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഈ ‘സുരക്ഷാവീഴ്ച’.

1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി കൊല്ലപ്പെടാനിടയാക്കിയതും സുരക്ഷാവീഴ്ച തന്നെ. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയിലൂടെ സുവര്‍ണക്ഷേത്രത്തിന് പരിക്കേല്‍പ്പിച്ചതിലും നിരവധി സിഖ് മതക്കാരായ പൗരന്‍മാര്‍ കൊല്ലപ്പെട്ടതിലും പ്രതിഷേധിച്ചായിരുന്നു അംഗരക്ഷകരായ സത്വംങ് സിങ്ങും ബന്ത്സിങ്ങും പ്രധാനമന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്.

സുരക്ഷയുടെ ഭേദിക്കാനാവാത്ത മതിലാണല്ലോ വൈറ്റ്ഹൗസ്. 2008 ഡിസംബര്‍ പതിനാലിന് വൈറ്റ് ഹൗസിന്റെ ഈസ്റ്റ് റൂമില്‍ ഇറാഖ് പ്രസിഡണ്ട് നൂറി അല്‍മാലികുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സുരക്ഷയെ ഭേദിച്ചത് മുന്‍തസിര്‍ അല്‍ സൈദിയായിരുന്നു. ” നായേ, ഇറാഖീ ജനതയില്‍ നിന്നുള്ള അന്ത്യചുംബനമാണിത്. ഇറാഖിലെ വിധവകളും അനാഥമാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും നല്‍കുന്നതാണ് ഇത്.” എന്നായിരുന്നു മുന്‍തസിറിന്റെ ഷൂവിനൊപ്പം പാഞ്ഞ വാക്കുകള്‍. എബ്രഹാം ലിങ്കണ്‍, ജെയിസം ഗാര്‍ഫീല്‍ഡ്, വില്യം മെക്കന്‍ലി, ജോണ്‍ എഫ് കെന്നഡി തുടങ്ങിയ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ കൊല്ലപ്പെട്ടപ്പോഴും അതാത് കാലങ്ങളിലെ സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചതാണ് മറ്റൊന്ന്. ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനും ഗസ്സയിലെ നരമേധത്തിനുമെതിരെ പ്രതിഷേധിച്ച ഒരു വനിത ഐസ്ലാന്‍ഡ് വിദേശകാര്യമന്ത്രി ബ്യാര്‍ജി ബെനഡിക്സന്റെ ദേഹത്തേക്ക് ചുവന്ന പൗഡര്‍ എറിയുന്നു.

കേരള ഗവര്‍ണര്‍ക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം സുരക്ഷാവീഴ്ച എന്നായിരുന്നു. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിനെതിരെ ആയിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമാകട്ടെ നവകേരളയാത്രയിലുടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നിട്ടും അത് ഭേദിക്കുന്നുണ്ട്, പ്രതിഷേധക്കാര്‍

ചുരുക്കത്തില്‍ ഭരണാധികാരികള്‍ക്ക് ചുറ്റുമുള്ള സുരക്ഷാവലയങ്ങളും ക്രമീകരണങ്ങളും കാലത്തോടൊപ്പം കനംവെക്കുമ്പോഴും സുരക്ഷാവീഴ്ചകളും അതിനോടൊപ്പം സഞ്ചരിക്കുന്നു. ലോകത്തിന്റെ വിവിധ തലങ്ങളില്‍ ജനാധിപത്യപരമായി അഭിമുഖീകരിക്കപ്പടാത്ത വിഷയങ്ങളും വികാരങ്ങളും ആ പഴുതുകള്‍ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നു. യഥാര്‍ഥത്തില്‍ അവ സുരക്ഷാവീഴ്ചകളല്ല, വ്യവസ്ഥയിലും അത് കൊണ്ടുനടക്കുന്നവരിലുമുള്ള പുഴുക്കുത്തുകളാണ്. അധാര്‍മികമായി പണിതുയര്‍ത്തിയ സുരക്ഷമതിലുകള്‍ക്ക് വിള്ളലുണ്ടാവും.

 

Related Articles