Current Date

Search
Close this search box.
Search
Close this search box.

രാമക്ഷേത്രം; ബാബരിയെ കുറിച്ച് സംസാരിച്ച് കൊണ്ടേയിരിക്കുക

ഹിന്ദുത്വ ശക്തികൾ രാജ്യത്തെ ജനങ്ങളെ ജനുവരി 22 ലേക്ക് ആവേശപൂർവ്വം ഒരുക്കി കൊണ്ടിരിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം എന്നത് അടിസ്ഥാനപരമായി ആർ.എസ്.എസിന്റെ പദ്ധതി ആയിരുന്നെങ്കിലും ഇന്നത് ഹിന്ദു സമൂഹത്തിന്റെ പൊതുവികാരം ആയി മാറ്റാൻ അവർക്ക് സാധിച്ചിരിക്കുന്നു എന്ന് കരുതാൻ പാകത്തിലാണ് കാര്യങ്ങൾ വികസിക്കുന്നത്. ഹിന്ദു സമൂഹമെന്ന ഒരൊറ്റ മതസമൂഹം ഇവിടെയില്ല എന്നത് യാഥാർത്ഥ്യമായിരിക്കെ വ്യത്യസ്‍ത ജാതി സമുദായങ്ങളായി വേർതിരിഞ്ഞ് ജീവിക്കുന്നവരെ ഹിന്ദു എന്ന ഒറ്റ സ്വത്വ ബോധത്തിലേക്ക് കൊണ്ടുവരിക എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ താൽപര്യം കൂടിയാണ്. ജാതീയമായി വ്യത്യസ്ത തട്ടുകളിൽ നിൽക്കുമ്പോഴും ബ്രാഹ്മണികമായ ഒരു ആധ്യാത്മിക ബോധം എല്ലാ ജാതിയിൽ പെട്ടവരിലും പൊതുവേ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാറിന്റെ ശ്രീരാമൻ എല്ലാ ജാതിയിൽ പെട്ട ഹിന്ദുക്കളുടെയും ശ്രീരാമ സങ്കല്പമായി മാറിയിരിക്കുന്നു എന്നത് ജാതി സാമൂഹിക ഘടനയിലെ സ്വാഭാവിക പരിണാമമാണ്. 

ജനുവരി 22ന് രാജ്യമൊട്ടുക്കും രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തിനോട് ഐക്യപ്പെട്ട് ദീപം തെളിയിക്കാനും പൂജാകർമ്മങ്ങൾ ചെയ്യാനും ഒക്കെ വ്യാപകമായ ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതസമൂഹങ്ങളോടും ഐക്യപ്പെടാനാണ് ആഹ്വാനം. അതിനോട് അനുകൂലമായ നിലപാടുകളാണ് പൊതുവിൽ രൂപപ്പെട്ടുവരുന്നത്. ആർ.എസ്.എസിന്റെ പദ്ധതികൾ ഭൂരിപക്ഷത്തിന്റെ പൊതുവികാരമായി മാറുന്നു എന്നത് ഒട്ടും ആശാവഹമല്ല. ഇത് രാമക്ഷേത്രത്തിൽ മാത്രം ഒതുങ്ങുന്നതാവില്ല. കശ്മീരിന്റെ കാര്യത്തിലത് നാം കണ്ടതാണ്. ഇനി ഔദ്യോഗികമായി ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാലും പൊതു സ്വീകാര്യതയിലേക്ക് കാര്യങ്ങൾ എത്തുമെന്നത് ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും കടുത്ത വെല്ലുവിളി തന്നെയാണ്.

ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിച്ചത് അനീതിയാണെന്ന് വിളിച്ചു പറയാൻ മുഖ്യധാര പാർട്ടികൾക്കും മറ്റും സാധിക്കുന്ന തരത്തിലുള്ള ഒരു മതേതര ബോധവും ഇവിടെയില്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടെയുള്ള മതേതരത്വം സവർണ്ണ ഹിന്ദുമതബോധമാണ്. അതിനെ അലോസരപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ചുവടുവെപ്പായിരിക്കും. 

ഹിന്ദുത്വ ഫാസിസത്തിനെതിരെ നിലപാടുള്ളവർ ധീരത കാണിക്കേണ്ട സമയമാണിത്. എല്ലാ മതസ്ഥർക്കും തുല്യ പരിഗണനയുള്ള മതേതരത്വമാണ് ഇവിടെ നിലനിൽക്കേണ്ടത് എന്ന് കാഴ്ചപ്പാടുള്ളവർ സംഘപരിവാറിന്റെ പദ്ധതികൾ ആഘോഷിക്കുന്നതിൽ നിന്നും സംഘി ഇതര ഹിന്ദുക്കളോട് ആഹ്വാനം ചെയ്യാൻ തയ്യാറാകണം. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന പ്രഖ്യാപനം വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നുണ്ടായ ശ്രദ്ധേയമായൊരു തീരുമാനമാണ്. 

ബാബരി മസ്ജിദുമായും രാമക്ഷേത്രവുമായും ബന്ധപ്പെട്ട് വ്യത്യസ്ത ഘട്ടങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച തെറ്റായ നിലപാടുകളെ തിരുത്താനുള്ള അവസരം കൂടിയായി ഇത് വികസിപ്പിക്കാനായാൽ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് പ്രതീക്ഷ നൽകുന്ന നീക്കമായി ഇതിനെ കാണാനാകും. 

പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരിക്കുക മാത്രമല്ല അതിന്റെ ഭാഗമായി രാജ്യത്തുടനീളം നടക്കാൻ പോകുന്ന പൂജയിൽ നിന്നും ആഘോഷങ്ങളിൽ നിന്നും ഇതൊരു ആർ.എസ്.എസ് അജണ്ടയായി മനസിലാക്കി വിട്ടുനിൽക്കാൻ സംഘ് ഇതര വിശ്വാസികളോട് ആഹ്വാനം ചെയ്യാനും കോൺഗ്രസിനും മറ്റു മതേതര കക്ഷികൾക്കും സാധിക്കണം.

അധികാരത്തിലിരിക്കുന്ന സമയത്തേ ആർ.എസ്.എസിന്റെ രാമക്ഷേത്ര പദ്ധതിയെ തുറന്നു എതിർക്കുകയോ എതിരെ നിൽക്കുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അതിനെ സഹായിക്കുന്ന നിലപാടുകൾ പലപ്പോഴും സ്വീകരിച്ച കോൺഗ്രസ് പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചതിന്റെ രാഷ്ട്രീയ സന്ദേശം അണികൾ  എത്രമാത്രം സ്വീകരിക്കുമെന്ന് നോക്കിക്കാണേണ്ടത് തന്നെയാണ്. കർണാടക കോൺഗ്രസ് ഭരണകൂടം ജനുവരി 22 ന് പ്രത്യേക പൂജകൾ പ്രഖ്യാപിച്ചതും കോൺഗ്രസിലെ പല നേതാക്കളും പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം കിട്ടാത്തതിൽ നിരാശ പങ്കുവെച്ചതുമായ സാഹചര്യത്തിൽ പ്രത്യേകിച്ചും. 

ഹിന്ദു പൊതുബോധത്തോടൊപ്പം നിന്നാൽ വോട്ട് രാഷ്ട്രീയത്തിൽ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലുകൾ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ അത്ര വിജയകരമല്ലെന്ന് കോൺഗ്രസ് മനസിലാക്കിയിട്ടുണ്ടെന്ന് വേണം കരുതാൻ. ബി.ജെ.പി രൂപം കൊള്ളുന്നതിനും എത്രയോ മുമ്പ് തന്നെ കോൺഗ്രസിന്റെ ലൈൻ മൃദു ഹിന്ദുത്വമായിരുന്നു. അതൊക്കെ മനസ്സിലാക്കിയായിരുന്നു മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും അല്ലാമാ ഇക്ബാലും സർ സയ്യിദുമെല്ലാം കോൺഗ്രസിനെ കൈവെടിഞ്ഞ് സ്വാതന്ത്ര്യസമര കാലത്ത് തന്നെ മറ്റു വഴികൾ തേടിയത്.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ദേശീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ബോധവും മതേതരത്വവും ഒക്കെ ആർക്ക് ഫേവറബിൾ ആയിരുന്നെന്ന് വളരെ വ്യക്തമാണ്. ദേശീയതക്കകത്ത് എന്തൊക്കെയാണ് പ്രധാനം, ആരൊക്കെയാണ് അപ്രധാനം എന്നതിൽ അടിസ്ഥാനപരമായി ബി.ജെ.പിയിൽ നിന്ന് വലിയ വ്യത്യാസം ഒന്നും കോൺഗ്രസിന് ഉണ്ടായിട്ടില്ല.

സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വം ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ വിജയിക്കുവാനുള്ള ഫോർമുല ഹിന്ദുത്വം തന്നെയാണെന്ന് കോൺഗ്രസ്സും കണക്കുകൂട്ടുന്നതാണ് കഴിഞ്ഞ കുറച്ച് തെരെഞ്ഞെടുപ്പുകളിൽ നമ്മൾ കണ്ടത്.എന്നാൽ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിന് മുന്നിൽ മൃദു ഹിന്ദുത്വം ദയനീയമായി പരാജയപ്പെടുന്നത് ഏറ്റവും ഒടുവിൽ മധ്യപ്രദേശിൽ നാം കണ്ടതാണ്. അതിൽ നിന്നൊക്കെ കോൺഗ്രസ് പാഠം പഠിക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം എന്ന് പ്രതീക്ഷിക്കാം. 

കോൺഗ്രസ് അടക്കമുള്ള മതേതരകക്ഷികളും നേതാക്കളും ചെയ്യേണ്ടത് ഹിന്ദു അജണ്ടകളെ തുറന്നു കാണിച്ചു സംഘപരിവാറിനൊപ്പമില്ലാത്ത മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കുക എന്നതാണ്. അതിന് ഏറ്റവും മികച്ച അവസരമാണ് രാമക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി വിൽപനക്കുവെച്ച ഈ സന്ദർഭം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അക്രമോത്സുകതയും അതെങ്ങനെയാണ് ഈ രാജ്യത്തിൻറെ ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്തു കൊണ്ടിരിക്കുന്നതെന്നും കൃത്യമായി പറഞ്ഞു പ്രചരിപ്പിച്ചു ഒരു ഹിന്ദുത്വ വിരുദ്ധസഖ്യത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു വേണ്ടത്. 

നിലവിൽ രാമക്ഷേത്രത്തെ ആഘോഷിക്കാനും പിന്തുണക്കാനും ആര് മുന്നിട്ടിറങ്ങിയാലും അത് ബി.ജെ.പിയുടെ വിജയമായാണ് ജനങ്ങൾ വിലയിരുത്തുക, സ്വാഭാവികമായും വോട്ടുകൾ ബി.ജെ.പിയുടെ പെട്ടിയിലേക്ക് തന്നെ വീഴും. ഈ ഘട്ടത്തിൽ ഹിന്ദു പൊതുബോധത്തെ പിണക്കാതിരിക്കാൻ രാമക്ഷേത്ര പദ്ധതിക്ക് അനുകൂലമായ നിലപാടുകൾ മതേതര പാർട്ടികളും നേതാക്കളും സ്വീകരിച്ചാൽ ബി.ജെ.പിക്ക് എതിരായി കോൺഗ്രസിനടക്കം വോട്ടു ചെയ്യാനാഗ്രഹിക്കുന്നവർ പോലും അത് ചെയ്യാതിരിക്കുന്ന അവസ്ഥ വരെ സൃഷ്ടിക്കപ്പെടും. 

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ബാബരിയെക്കുറിച്ചും ഒരു സമുദായം എന്ന നിലക്ക് ബാബരിയുടെ കാര്യത്തിൽ സംഭവിച്ച അനീതിയെ കുറിച്ചും ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുക എന്നത് അനിവാര്യമായ സമയമാണിത്. ഒന്ന്, ഒരു സമുദായം എന്ന നിലക്ക് ബാബരിയാനനന്തര ഇന്ത്യൻ മുസ്ലിംകൾക്ക് രാഷ്ട്രീയവും സാമൂഹികവുമായ ഉണർവുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം ആത്മധൈര്യം ചോർന്നുപോകാതെ അഭിമാനകരമായി നിലനിൽക്കണമെങ്കിൽ ചില ഓർമ്മകൾ കെടാതെ ബാക്കിയാക്കണം. അവകാശങ്ങളെല്ലാം പിടിച്ചു വാങ്ങി വേണേൽ കുറച്ച് ഔദാര്യം തരാം എന്നതായിരുന്നല്ലോ ബാബരിയുടെ കാര്യത്തിൽ കോടതിയിൽ നിന്നുണ്ടായ നിലപാട്. മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് അഞ്ചേക്കർ വിലയിട്ട് അവിടെ പകരം ഒരു പള്ളി എന്നതായിരുന്നു ഔദാര്യ ഫോർമുല.

ബാബരിയൊക്കെ മറന്നു തൽക്കാലം തന്നതുകൊണ്ട് തൃപ്തിപ്പെട്ട് മുന്നോട്ടുപോകാം എന്ന നിലപാട് ഇനി തലയുയർത്തി അനീതിയെ ചോദ്യം ചെയ്യാനുള്ള ധാർമിക അവകാശം പോലും നഷ്ടപ്പെടുത്തും. ബാബരിക്ക് പകരമായി അനുവദിക്കപ്പെട്ട പള്ളി സമുദായം ഏറ്റെടുക്കാതിരിക്കുക എന്നതാണ് ആത്മാഭിമാനമുള്ള നിലപാട് .അനീതിയെ കുറിച്ച് സംസാരിച്ചുകൊണ്ടുതന്നെ അഭിമാനകരമായ അതിജീവന പോരാട്ടങ്ങൾ സാധ്യമാകേണ്ടതുണ്ട്. രണ്ടാമതായി, ബാബരിയെ ഓർത്തുകൊണ്ടിരിക്കുക എന്നത് അനീതിയെ അടയാളപ്പെടുത്തലാണ്. അത് രാമക്ഷേത്രത്തെ പിന്തുണക്കുകയും പുൽകുകയും ചെയ്യുന്നവരുടെ മനസ്സിൽ ഒരു കുറ്റബോധം എങ്കിലും അവശേഷിപ്പിക്കാൻ സഹായിക്കും. 

ഒരു കുറ്റബോധവുമില്ലാതെ രാമക്ഷേത്രത്തെ പിന്തുണക്കുന്ന സംഘപരിവാർ ഇതര മനസ്സുകളെ അസ്വസ്ഥപ്പെടുത്താനെങ്കിലും അത് ഉപകരിക്കും. രാമക്ഷേത്രം ഒരു മതവിഷയമാണ്, ബി.ജെ.പിയുമായി അതിനെ കൂട്ടിക്കെട്ടേണ്ടതില്ല എന്നും പറഞ്ഞു തങ്ങളുടെ പിന്തുണ അറിയിക്കുന്ന ധാരാളം പേരെ കേരളത്തിൽ പോലും നമ്മൾ ഇനി കാണാനിരിക്കുകയാണ്. രാഷ്ട്രീയമായി ബി.ജെ.പിക്ക് എതിര് നിൽക്കുമ്പോഴും സാംസ്കാരികമായി ഹിന്ദു പൊതുബോധം കൊണ്ട് നടക്കുന്ന മതേതരന്മാരാണ് കേരളത്തിൽ പലരും. അതുകൊണ്ട് ബാബരി വിഷയത്തിൽ സംഭവിച്ച അനീതിയെ ഓർമ്മപ്പെടുത്തുക എന്നത് ഹിന്ദുത്വ അജണ്ട നോർമലൈസ് ചെയ്യപ്പെടുന്നത് തടയാൻ വളരെ അനിവാര്യമാണ്. 

പൊതുമനസാക്ഷിയെയും ഭൂരിപക്ഷ ഹിതത്തെയും തൃപ്തിപ്പെടുത്താനുള്ള വിധി തീർപ്പുകൾ അനീതിയെ അനീതിയല്ലാതാക്കുന്നില്ല.രാമക്ഷേത്രം ഇന്ത്യയുടെ വർത്തമാനത്തെയും ഭാവിയെയും നിർണയിക്കുന്ന നിർണായക സന്ദർഭം എന്ന നിലക്ക് നിശബ്ദത പാലിക്കുക എന്നത് ആത്മഹത്യാപരമാണ്. ഹിന്ദുത്വ അജണ്ടകൾക്ക് കീഴടങ്ങി കൊടുക്കാത്ത ഒരു ജനത ഇവിടെ ജീവിച്ചിരിക്കേണ്ടതുണ്ട്. കാലങ്ങൾ എത്ര കഴിഞ്ഞാലും സത്യവും നീതിയും ആത്യന്തികമായി വിജയിക്കുമെന്ന പ്രതീക്ഷയിൽ അഭിമാനകരമായി അനീതിക്കെതിരെ കലഹിച്ചുകൊണ്ട് അവർ എഴുന്നേറ്റു നിൽക്കട്ടെ.

 

Related Articles