Current Date

Search
Close this search box.
Search
Close this search box.

സര്‍വലോക യുവതികളേ, പ്രസവിക്കുവിന്‍… നമുക്ക് ലഭിക്കാനൊരു ലോകമുണ്ട്

“…അഞ്ഞൂറുവയസ്സുള്ളോരപ്പൂപ്പന്‍മാരുമിപ്പോള്‍,

കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പപ്പനവര്‍ക്കുണ്ട്.

കഞ്ഞിക്കുവകയില്ല വീടുകളിലൊരീടത്തും,

കുഞ്ഞുങ്ങള്‍ക്കെട്ടുപത്തുപറയരികൊണ്ടുപോരാ,

…പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരു വീട്ടില്‍,..”

കാലനില്ലാ കാലം എന്ന കുഞ്ചന്‍ നമ്പ്യാരുടെ ഭാവനയില്‍ മരണം നിഷേധിക്കപ്പെട്ടപ്പോള്‍ രൂപപ്പെട്ട ഗാര്‍ഹിക, സാമൂഹികാന്തരീക്ഷമാണ് വിശദീകരിക്കുന്നത്. എന്നാല്‍ ജനനം നിഷേധിക്കപ്പെടുമ്പോള്‍ സമൂഹത്തിനെന്ത് സംഭവിക്കുമെന്നറിയാന്‍ ചൈനയിലേക്ക് നോക്കിയാല്‍ മതി. പന്ത്രണ്ട് വൃദ്ധന്‍മാരും രണ്ട് യുവാക്കളും ഒരു കുഞ്ഞും. ഇതാണ് ചൈനയിലെ ഒരു വീടിന്റെ സ്ഥിതി. ഇതേപടി തുടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ, കഞ്ഞി തികയാത്തതാവില്ല, നൂറുപറയരി കൃഷിചെയ്യാനോ കഞ്ഞിവെക്കാനോ ആ നാട്ടില്‍ ആളുണ്ടാവില്ല.

ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്, ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 23 ന് ബീജിംങില്‍ നടന്ന ചൈനീസ് ദേശീയ വനിതാ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസിഡണ്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുമായ ഷീ ജിന്‍പിങ്ങ് നടത്തിയ ആഹ്വാനമാണ്. സര്‍വലോക യുവതികളെ, പ്രസവിക്കുവിന്‍ നിങ്ങള്‍ക്ക് നേടാന്‍ വലിയൊരു ലോകമുണ്ട് എന്ന് ആ പ്രഭാഷണത്തെ ഒറ്റവാക്യത്തിലേക്ക് ചുരുക്കാനാവും. ചൈനയെ സമ്പൂര്‍ണമായി പൂരോഗതിയിലേക്ക് നയിക്കുന്നതിന് സ്ത്രീസമൂഹത്തിന്റെ അനിഷേധ്യമായ പങ്കിനെ ഊന്നിപ്പറയുന്നതും അവര്‍ ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നതുമായിരുന്നു പ്രഭാഷണം.

അക്കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞ ചില വാചകങ്ങളുണ്ട്: ‘സ്ത്രീകളുടെ പുരോഗതി എന്നാല്‍ വ്യക്തിപരമായ വളര്‍ച്ചക്ക് വഴിയൊരുക്കല്‍ മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കണം. യുവതീ യുവാക്കളെ വിവാഹത്തിന് പ്രേരിപ്പിക്കണം, കുട്ടികളെയുണ്ടാക്കാന്‍ ഇണകളെ പ്രചോദിപ്പിക്കണം, ഗര്‍ഭം ധരിക്കുന്നതിന്റെയും കുടുംബത്തിന്റെയും പ്രാധാന്യം യുവതലമുറയെ പഠിപ്പിക്കണം, വൃദ്ധരെ പരിചരിക്കാന്‍ കുടുംബങ്ങളില്‍ സംവിധാനമുണ്ടാവണം, സ്ത്രീകള്‍ വീട്ടിലിരുന്ന്, കുട്ടികളെ പ്രസവിച്ച്, കുട്ടികളെ വളര്‍ത്തി, വൃദ്ധരെ പരിപാലിച്ചാണ് ഇനി ജീവിക്കേണ്ടത്’. ഒറ്റനോട്ടത്തില്‍ ‘ലോകവും കാലവുമറിയാത്ത ഏതോ പിന്തിരിപ്പന്‍ മുസ്‌ലിം പണ്ഡിതന്‍’ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ ലീക്കായി എന്നേ തോന്നൂ. പറഞ്ഞത് പുരോഗമന പ്രസ്ഥാനത്തിന്റെ ചൈനീസ് സെക്രട്ടറിയായത് കൊണ്ടാവണം ഒരു വിവാദവും ആ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയതുമില്ല.

എന്നാല്‍ പ്രസ്തുത ‘പിന്തിരിപ്പന്‍’ കാഴ്ചപ്പാടുകളിലേക്ക് പ്രസിഡണ്ടിനെ നയിച്ച ഒരു ചരിത്രമുണ്ട്. 1979 മുതല്‍ ‘ഒറ്റക്കുട്ടി നയം’ നടപ്പിലാക്കിയ രാജ്യമാണ് ചൈന. രണ്ടാമതെങ്ങാനും ഒരു കുഞ്ഞിനെ പ്രസവിച്ചാലുള്ള പിഴ, ഇന്ത്യന്‍ മൂല്യമനുസരിച്ച് 42 ലക്ഷം രൂപ! ആറുമാസമാകുന്നതിന് മുമ്പ് ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലാം. അതിന് പ്രത്യേകം ഉദ്യോഗസ്ഥന്‍മാര്‍. ഇതായിരുന്നു ചൈന. 

1979 ല്‍ ചൈനീസ് പൗരന്റെ ശരാശരി പ്രായം 22.4 ആയിരുന്നു. 2050 ആകുമ്പോഴേക്ക് അത് 53.4 ആകുമെന്ന് ജനസംഖ്യ പഠനങ്ങള്‍ കാണിക്കുന്നു. 15 മുതല്‍ 64 വയസ്സുവരെയുള്ളവരാണ് പൊതുവെ അധ്വാനശേഷിയുള്ള തൊഴില്‍ സേന എന്ന് വ്യവഹരിക്കപ്പെടാറുള്ളത്. ജനന നിയന്ത്രണം വന്നതോടെ സ്വാഭാവികമായും ഈ വിഭാഗത്തിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു. അതിനര്‍ഥം അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം ആനുപാതികമായി കൂടുമെന്നാണല്ലോ. 1982 ല്‍ 62.6 ശതമാനമായിരുന്നു ജനസംഖ്യയില്‍ തൊഴില്‍ സേനയുടെ അനുപാതം. 2011 ലെ കണക്കു പ്രകാരം അത് ഏതാണ്ട് പകുതിയായി കുറഞ്ഞ് 34.4 ശതമാനത്തിലെത്തി. അവരെ ആശ്രയിച്ചു ജീവിക്കേണ്ട വൃദ്ധന്‍മാര്‍ മാത്രം 1981 ല്‍ 8.7 ശതമാനം മാത്രമായിരുന്നു. ജനസംഖ്യാ പ്രൊജക്ഷന്‍ അനുസരിച്ച് 2050 ല്‍ വൃദ്ധരായ ആശ്രിതരുടെ എണ്ണം 47.6 ശതമാനമാകും. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതി.

ജനസംഖ്യയില്‍ വൃദ്ധരുടെ എണ്ണം കൂടുന്നതിനെയാണ് പോപ്പുലേഷന്‍ ഏജിംങ് എന്നു പറയുന്നത്. ഈയിടെ പുറത്തുവന്ന ഇന്ത്യ ഏജിംങ് റിപ്പോര്‍ട്ട് അനുസരിച്ച് 2050 ആകുമ്പോഴേക്കും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 20 ശതമാനവും മുതിര്‍ന്ന പൗരന്മാരായിരിക്കുമെന്നാണ്. അതായത് ഓരോ അഞ്ചുപേരിലും ഒരാള്‍. ഇങ്ങനെ വയോജനങ്ങളുടെ എണ്ണം പെരുകുമ്പോള്‍ സമൂഹം നാനാതരം പുതിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. രാജ്യത്തിന്റെ സമ്പദ്ഘടന, വികസന പ്രക്രിയ, ആരോഗ്യം, സാമൂഹിക രംഗം എന്നീ മേഖലകളില്‍ അത് കാര്യമായി ബാധിക്കും. ഇതിനെ മറികടക്കാനുള്ള ആലോചനകള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. 

കുറഞ്ഞ മരണനിരക്കും മുതിര്‍ന്ന വ്യക്തികളുടെ അതിജീവനനിരക്കിലുണ്ടായ വര്‍ധനയുമാണ് പോപ്പുലേഷന്‍ ഏജിങിന്റെ കാരണങ്ങളില്‍ പ്രധാനമായും പറയപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ ഈ രണ്ട് കാര്യങ്ങളും വൈദ്യശാസ്ത്രത്തിന്റെ കൂടി മികവുകളാണ്. പോപ്പുലേഷന്‍ ഏജിങിന് മുഖ്യാകാരണം പ്രകൃതിയില്‍ നടക്കേണ്ട സ്വാഭാവിക ജനനങ്ങളെ തടഞ്ഞു എന്നതാണ്. ചൈനയുടെ കാര്യം തന്നെയെടുക്കുക. ഒറ്റക്കുട്ടി നയം നടപ്പിലാക്കിയതിന്റെ ആദ്യ മുപ്പത് വര്‍ഷം 40 കോടി ജനനങ്ങളെയാണ് ഭരണകൂടം തടഞ്ഞത്. അങ്ങനെ നിഷേധിക്കപ്പെട്ട ജനനങ്ങളുടെ അടുത്ത തലമുറയും ജനിക്കുകയും തൊഴിലെടുക്കുന്ന പ്രയാത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന സമയമാണിപ്പോള്‍. അത്തരം ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ ചൈനയില്‍ പേടിപ്പിക്കുന്ന ജനസംഖ്യ അനുപാതം ഉണ്ടാവുമായിരുന്നില്ല. വാര്‍ധക്യത്തിലേക്ക് നീങ്ങിയ വലിയൊരു വിഭാഗത്തെ പരിപാലിക്കാവുന്ന കുടുംബ, സമൂഹ, സാമ്പത്തിക അന്തരീക്ഷം അവിടെയുണ്ടാകുമായിരുന്നു. 20 കോടിയോളമാണ് ചൈനയില്‍ നടന്ന വന്ധ്യംകരണങ്ങള്‍.

ജനസംഖ്യയില്‍ രണ്ടാമതുള്ള ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. കുടുംബാസൂത്രണവും ജനനനിയന്ത്രണവും സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ തന്നെ സമൃദ്ധമായി നടന്നിട്ടുണ്ട്. വലിയ ബോധവല്‍ക്കരണവും രാജ്യത്ത് നടന്നിട്ടുണ്ട് എന്നതിന്റെ തെളിവാണ് ജനസംഖ്യ വളര്‍ച്ചയില്‍ കാണിക്കുന്ന കുറഞ്ഞ നിരക്ക്. 

കേരളത്തിന്റെ കാര്യം കൂടുതല്‍ ഭീകരമാണ്. 2036 ആകുമ്പോഴേക്കും പ്രായമായവര്‍ 36 ശതമാനമായിരിക്കും. മൂന്നിലൊരാള്‍ വയോധിക/ന്‍ എന്നാണിതിനര്‍ഥം. 14 വയസിന് താഴെയുള്ളവരുടെ അനുപാതം 20 ല്‍ നിന്നും 17.7 ശതമാനമായി കുറയും. സമീപഭാവിയില്‍ പ്രായമായവരുടെ പങ്കാളിത്തം കൂടുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍വെച്ചുകൊണ്ട് അന്താരാഷ്ട്ര ഏജന്‍സികളും രാജ്യങ്ങളുമെല്ലാം പലതരം നയങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. വലിയ പദ്ധതികള്‍ ഇനിയും രൂപംകൊള്ളും. എന്നാല്‍ വയോജനങ്ങളുടെ എണ്ണം എത്ര വര്‍ധിച്ചാലും സാമ്പത്തിക, സാമൂഹ്യ വ്യവസ്ഥക്ക് ഉള്‍ക്കൊള്ളാവുന്ന വിധം ജനസംഖ്യ വികസിക്കുക എന്നതുമാത്രമാണ് അതിനുള്ള ഏക പരിഹാരം. 

മാനവവിഭവശേഷിയാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അതിനെ ശരിയായി സൃഷ്ടിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്താല്‍ അല്‍ഭുതങ്ങള്‍ കാണിക്കാനും ലോകത്തെ വിസ്മയിപ്പിക്കാനും സാധിക്കും. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഫലസ്തീന്‍. നാം കാണുകയും കേള്‍ക്കുയും ചെയ്യുന്ന ദുരിതങ്ങളെല്ലാം പതിന്‍മടങ്ങായി നിലനില്‍ക്കുമ്പോഴും ഫലസ്തീനിലെ ജനസംഖ്യാ വര്‍ത്തമാനം ആ നാട് പോലെ തന്നെ നമ്മെ വിസ്മയിപ്പിക്കും.

2024 ലെ കണക്കനുസരിച്ച് ഫലസ്തീന്‍ ജനസംഖ്യയുടെ 43.9 ശതമാനവും (ഏതാണ്ട് പകുതിയോളം) പതിനെട്ട് വയസിന് താഴെയുള്ളവരാണ്. ദീര്‍ഘകാലത്തേക്കുള്ള സമൃദ്ധമായ തൊഴില്‍ സേന ഫലസ്തീനിലുണ്ട് എന്നാണ് ഇതിനര്‍ഥം. 19.6 ആണ് ഫലസ്തീനിലെ ശരാശരി പ്രായം. ആയുര്‍ ദൈര്‍ഘ്യം 74.28 ആയിരിക്കുമ്പോഴാണ് ശരാശരി പ്രായം ഇത്രയും താഴെ നില്‍ക്കുന്നത്. കേരളവുമായി താരതമ്യം ചെയ്താല്‍ പെട്ടെന്ന് മനസ്സിലാക്കാം. ആരോഗ്യരംഗത്തെ കുതിപ്പുകൊണ്ട് ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണല്ലോ കേരളം. 78.29 ആണ് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം. ശരാശരി പ്രായം 29.6 ആണ്. 2050 ല്‍ കേരളത്തിന്റെ ശരാശരി പ്രായം 38-40 ആയിരിക്കുമ്പോള്‍ ഫലസ്തീനില്‍ 27.5 മാത്രമായിരിക്കും.  കേരളത്തിലെ പ്രത്യുല്‍പാദന നിരക്ക് (ഒരു സ്ത്രീ പ്രസവിക്കുന്ന കുട്ടികളുടെ എണ്ണം) 1.8 ആയിരിക്കുമ്പോള്‍ ഫലസ്തീനില്‍ അത് 3.32 ആണ്. ലോകത്തിന് മുന്നില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഫലസ്തീന് സാധിക്കുന്നത് ‘പക്വത’യെത്താത്ത തലമുറയുടെ വര്‍ധിച്ച പങ്കാളിത്തമായിരിക്കാം!!

Related Articles