Current Date

Search
Close this search box.
Search
Close this search box.

നൂഹിന്റെ തെരുവുകളിൽ നിന്നുയരുന്ന വർഗ്ഗീയ അലയൊലികൾ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മതേതരത്വവും സാഹോദര്യവും രക്തത്തിൽ അലിഞ്ഞു ചേർന്ന കാലഘട്ടം ഇന്ത്യയ്ക്ക് കേവലം ഓർമ മാത്രമാകുകയാണ്. കാരണം ആ മൂല്യങ്ങളെല്ലാം പതിയെ ഇന്ത്യയിൽ നിന്ന് പടിയിറങ്ങുകയാണ്. നാനാവിധ മതവിഭാഗങ്ങളും വൈവിദ്ധ്യമാർന്ന സംസ്കാരവും അന്യം നിന്ന് പോകുന്ന ഭീതിതമായ അവസ്ഥയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ കരാളഹസ്ത്രങ്ങൾ ന്യൂനപക്ഷത്തിന്റെ മേൽ അധീശത്വം നേടുന്ന സാഹചര്യത്തിലാണ് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ അരങ്ങേറിയ സംഘർഷങ്ങളിൽ വെച്ച് ഏറ്റവും വലിയ വർഗീയ സംഘട്ടനത്തിനാണ് നൂഹ് സാക്ഷ്യം വഹിച്ചത്. വളരെയധികം കലുഷിതമായ സാഹചര്യമാണ് നൂഹിൽ അരങ്ങേറിയത്. അത് കൊണ്ട് തന്നെ പ്രദേശത്തെ മുസ്ലിം വിഭാഗമായ മിയോ ജനതയുടെ ഈ ജന്മദേശം ഒരു തരിശുഭൂമിയായി മാറുകയായിരുന്നു.

വർഗ്ഗീയ അക്രമത്തിൽ മുറിവേറ്റ ഈ ഭൂപ്രദേശത്തിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും കാണാനുണ്ടായിരുന്നത് കത്തിനശിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങളും കുടിലുകളും, തകർന്ന് വീണ തെരുവ് കച്ചവട കടകൾ, മെഡിക്കൽ സ്റ്റോറുകൾ, ഉയരമുള്ള കെട്ടിടങ്ങൾ എന്നിവയൊക്കെയാണ്. അതിലും ദാരുണമായിരുന്നു അവിടത്തെ ജനങ്ങളുടെ അവസ്ഥ. കാരണം നൂഹിലെ ആളുകളുടെ ആത്മാവിന്റെ പാദസ്പർശമേൽക്കാതെ അതിലൂടെ യാത്ര ചെയ്യൽ അസാധ്യമാണ്. ഇത്രയധികം പ്രയാസങ്ങൾ സഹിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴും തങ്ങളുടെ പഴയ പ്രതാപം നേടിയെടുക്കാൻ ഗവൺമെന്റ് സഹായിക്കുമെന്ന പൂർണ്ണ വിശ്വാസം അവർക്കുണ്ട്.

Muslims at a mosque to offer Friday prayers in Nuh on August 11

79% മുസ്ലീം നിവാസികളുള്ള നുഹ് ഗുരുഗ്രാമിലെ പ്രസിദ്ധമായ കോർപ്പറേറ്റ് കമ്പനികളും, സാമ്പത്തിക, വിവര സാങ്കേതിക വിദ്യയും സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന്റെ അതിർത്തി പ്രദേശമാണ്. രാജ്യത്തെ ഫോർച്യൂൺ കമ്പനികളിൽ പകുതിയും സ്ഥിതി ചെയ്യുന്നത് അവിടെയാണ്. പണ്ട് കാലത്ത് മേവാത്ത് എന്നറിയപ്പെട്ടിരുന്ന നൂഹായിരുന്നു 2017ലെ നിതി ആയോഗിന്റെ നിരീക്ഷണ പ്രകാരം രാജ്യത്തെ വികസന സൂചികയിലെ ഏറ്റവും താഴ്ന്ന ജില്ല. ഗുരുഗ്രാം നിവാസികളുടെ ശരാശരി പ്രതിശീർഷ വരുമാനം ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന വരുമാനമാണ്.

നൂഹിലെ മിയോ മുസ്‌ലിംകൾ നൂറ്റാണ്ടുകളായി തങ്ങളുടെ ഹിന്ദു അയൽക്കാരുമായി സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായി സൗഹൃദ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. അവർ ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് ഹിന്ദു വിഭാഗമായ രജപുത്ര വംശക്കാരായിരുന്നു. അതിന്റെ അനുരണനം അവരുടെ ജീവതങ്ങളിലും നിദർശിക്കാൻ കഴിയുന്നതാണ്. കാരണം അവർ ഇന്നും പല ഹൈന്ദവ ആചാരങ്ങളും നിലനിർത്തുന്നുണ്ട്. പാണ്ഡവ രാജകുമാരനായ അർജുനിലേക്കും കൃഷ്ണനിലേക്കും രാമനിലേക്കും എത്തുന്നതായിരുന്നു അവരുടെ വംശപരമ്പര. അവരുടെ സാമൂഹിക ജീവിതവും ഉപജീവന രീതികളും മറ്റ് ഇടയ ജാതികളായ ജാട്ട്, ഗുജ്ജർ എന്നിവരുമായി വളരെ സാമ്യമുള്ളതാണ്. ഭരത്പൂരിലും അൽവാറിലും ആയിരക്കണക്കിന് മിയോകളെ കൊന്നൊടുക്കിയ 1947 ലെ വിഭജന കലാപം വർഗീയ കലാപ ചരിത്രത്തിലെ അപൂർവ സന്ദർഭമായിരുന്നു.

2017 മുതലുള്ള ആൾക്കൂട്ട കൊലപാതകങ്ങളുടെയും വിദ്വേഷ കൊലപാതകങ്ങളുടെയും ഫലമായാണ് ഹിന്ദു മുസ്ലിം ഐക്യം ശിഥിലമാകുന്നത്. ഈ കൂട്ടക്കൊലകളിൽ ആദ്യത്തേത് 2017 ൽ മിയോ ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയതാണ്. പശുക്കളെ കശാപ്പിനായി കൊണ്ടുവന്നതാണെന്ന് ആരോപിച്ച് ജനക്കൂട്ടം അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാജസ്ഥാനിലെ ഒരു പശു മേളയിൽ നിന്ന് പശുക്കളെ വാങ്ങി തന്റെ വാനിൽ കയറ്റി കൊണ്ട് വന്നുവെന്ന വ്യാജ വാർത്ത കെട്ടിച്ചമച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 70,000 രൂപയിലധികം വിലയുള്ള കറവയുള്ള പശുക്കളായിരുന്നു അവ എന്നാണ് ജനക്കൂട്ടം അവകാശപ്പെട്ടത്.

കൊല്ലപ്പെട്ട പെഹ്‌ലു ഖാനെ പശുക്കടത്തുകാരനായി അപകീർത്തിപ്പെടുത്തിയത് അക്കാലത്ത് അധികാരത്തിലിരുന്ന ബിജെപിക്കാരനായ രാജസ്ഥാൻ ആഭ്യന്തര മന്ത്രിയായിരുന്നു. പെഹ്‌ലു ഖാന്റെ ബന്ധുക്കൾക്കെതിരെ ലോക്കൽ പോലീസ് ക്രിമിനൽ കുറ്റം ചുമത്തി. ആൾക്കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണം മന്ദഗതിയിലായതും കോടതികളിൽ പ്രോസിക്യൂഷൻ അപര്യാപ്തമായതും അവരുടെ വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായവരെ വെറുതെ വിട്ടതിൽ അതിശയിക്കാനില്ല. ഈ വിധി പ്രഖ്യാപിച്ച ദിവസം കർവാൻ ഇ മൊഹബത്തിലെ എന്റെ സഹപ്രവർത്തകർ കോടതിയിൽ ഉണ്ടായിരുന്നു. കുറ്റവിമുക്തരാക്കിയത് അറിഞ്ഞ ഉടനെ പ്രതികൾ കോടതി വളപ്പിൽ തന്നെ ജയ് ശ്രീറാം മുഴക്കിയാണ് ആഘോഷിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

A market after curfew was relaxed for a few hours, in Nuh on August 10

പശുക്കളെ കശാപ്പിനായി കൊണ്ടുപോയി എന്നതിന്റെ പേരിൽ നൂഹിലെ മിയോ നിവാസികളെ ഹിന്ദുത്വം ക്രൂരമായി കൊലപ്പെടുത്തുന്നത് അവിടെ നിന്നാണ് തുടങ്ങുന്നത്. പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്നുവെന്നാരോപിച്ച് ക്ഷീരകർഷകരെയും ട്രക്ക് ഡ്രൈവർമാരെയും ആൾക്കൂട്ടം കൊലപ്പെടുത്തി. വർദ്ധിച്ചു വരുന്ന ഈ കൂട്ടക്കൊലകൾ, വളരെ കാഠിന്യമേറിയ ഗോസംരക്ഷണ നിയമങ്ങൾ, പശു സംരക്ഷകരുമായുള്ള ഹരിയാന പോലീസിന്റെ അടുത്ത ബന്ധം എന്നിവ മിയോ സമൂഹത്തിൽ തീവ്രമായ ഭയം വളർത്തി.

മിക്കവാറും എല്ലാ ക്ഷീരകർഷകരും ഇന്ന് തലമുറകളായി തങ്ങളുടെ പ്രധാന ഉപജീവനമാർഗമായ പശുവളർത്തൽ ഉപേക്ഷിച്ചിരിക്കുന്നു. വെറും അഞ്ച് വർഷത്തിനുള്ളിൽ നൂഹ് ഗ്രാമങ്ങളിൽ നിന്ന് പശു വളർത്തൽ പൂർണ്ണമായും ഇല്ലാതെയായി.

വാരിസ് ഖാൻ എന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും നസീർ, ജുനൈദ് എന്നീ രണ്ട് യുവാക്കളെ കാറിൽ ജീവനോടെ കത്തിച്ചതും അമിതമായ ഗോ സ്നേഹം കൊണ്ടാണ്. പശുക്കളെ കടത്തിയതിനുള്ള ശിക്ഷയാണ് മൂവരുടെയും കൊലപാതകങ്ങൾ എന്നാണ് വിജിലൻസ് വിശദീകരിച്ചത്.

2017 ൽ പെഹ്‌ലു ഖാനെ കൊന്നതു പോലെ മുഖം മൂടി ധരിച്ച ഒരു കൂട്ടം ആളുകൾ കല്ലുകളും വടികളും ഉപയോഗിച്ച് കൊല്ലുന്ന രീതിയിലല്ല ഏറ്റവും പുതിയ കൊലപാതകങ്ങൾ അരങ്ങേറുന്നത്. മറിച്ച് 2023-ൽ നടന്ന മൂന്ന് കൊലപാതകങ്ങളും ആധുനിക ഓട്ടോമാറ്റിക് റൈഫിളുകൾ ഉപയോഗിച്ച് ലോക്കൽ പോലീസിന്റെ സഹായത്തോട് കൂടിയായിരുന്നു. അവർ ട്രക്കുകൾക്ക് നേരെ വെടിവെക്കുകയും അതിലെ യാത്രക്കാരെ മർദ്ദിക്കുകയും ചെയ്തു. ഈ അക്രമത്തിന്റെ ദൃശ്യങ്ങളെല്ലാം അവർ ഫെയ്സ് ബുക്കിലൂടെ രാജ്യത്തുടനീളം പ്രചരിപ്പിച്ചിരുന്നു. ലൈവ് ഇടാൻ പോലും മടി കാണിക്കാത്ത അവസ്ഥയിലേക്ക് സമൂഹം അധപതിച്ച അവസ്ഥയ്ക്കാണ് ഇന്ത്യ സാക്ഷിയായി കൊണ്ടിരിക്കുന്നത്.

അക്രമികൾ തന്നെ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോകളിലുള്ള തെളിവുകൾ കൊലപാതകങ്ങളുടെ ആസൂത്രികനായി സംശയിക്കുന്ന മോനു മനേസർ എന്നറിയപ്പെടുന്ന മോഹിത് യാദവിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മനേസർ നുഹിലെ ബജ്‌റംഗ് ദളിന്റെ പശു സംരക്ഷണ വിഭാഗം തലവനും ഹരിയാന സർക്കാരിന്റെ പശു സംരക്ഷണ ടാസ്‌ക് ഫോഴ്‌സിന്റെ നേതാവുമാണ്. 10 വർഷത്തിലേറെയായി ബജ്‌റംഗ് ദളിൽ അംഗമായ അദ്ദേഹം ” ഹിന്ദുത്വത്തെയും പശുക്കളെയും സംരക്ഷിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം” എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Heavy police deployment on the Gurugram- Nuh border near KMP Expressway in Nuh district on August 9.

ഫെയ്സ് ബുക്കിൽ ധാരാളം ഫോളോവേഴ്സ് ഉള്ള അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ മെഷീൻ ഗണ്ണുകളും മറ്റ് മാരകായുധങ്ങളുമായി പോസ് ചെയ്യുന്ന നിരവധി ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു. പശുക്കടത്തുകാരെന്ന് ആരോപിച്ചവരെ ആയുധങ്ങളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പ്രചരിച്ചിരുന്നു. മുഖത്തും ശരീരത്തിലും മുറിവേറ്റവരെ തൂക്കിയെടുത്ത് നിർബന്ധിച്ച് ഫോട്ടോയക്ക് പോസ് ചെയ്യിച്ചതുൾപ്പെടെ നിരവധി മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തത്. നസീറിനെയും ജുനൈദിനെയും ജീവനോടെ കത്തിച്ച കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം നിരവധി വീഡിയോകൾ ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കുകയും പേജ് എഡിറ്റ് ചെയ്യുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും മനേസറിനെ ഇന്നും അറസ്റ്റ് ചെയ്യാൻ ഹരിയാന പോലീസിന് കഴിഞ്ഞിട്ടില്ല. കുറ്റപത്രത്തിൽ രാജസ്ഥാൻ പോലീസ് അദ്ദേഹത്തെ മുഖ്യപ്രതിയായി രേഖപ്പെടുത്തിയിരിന്നെങ്കിലും ഹരിയാനയിൽ പോയി അന്വേഷിച്ച് വെറുംകൈയോടെ മടങ്ങേണ്ടി വന്നു. ഇയാൾ ഒളിവിലാണെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. എന്നാൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ പതിവായി പ്രത്യക്ഷപ്പെടുകയും മാധ്യമ ചാനലുകൾക്ക് നിരവധി അഭിമുഖങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

മാധ്യമങ്ങളോട് അഭിമുഖം നടത്തുമ്പോഴും സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് തുടരുമ്പോഴും പോലീസിന് അവനെ കണ്ടെത്താനാകുന്നില്ല എന്ന് പറയുന്നതിൽ ദുരൂഹതയുണ്ട് എന്നായിരുന്നു ബിബിസി റിപ്പോർട്ട് ചെയ്തത്. മനേസറിനെതിരെ ക്രിമിനൽ കുറ്റങ്ങളൊന്നും ഇല്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചത് കാരണം അദ്ദേഹത്തിന്റെ ഭരണകൂടം ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്. പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസിന്റെ ഒരു പ്രതിനിധി സംഘം നുഹ് പോലീസ് സൂപ്രണ്ടിനെ കണ്ടപ്പോഴും ഇത് തന്നെയായിരുന്നു പോലീസിന്റെയും അഭിപ്രായം.

മനേസർ അധികാരവും ആത്മബലവുമുള്ള അളായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുമായി കൂടെ നിന്നെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡയയിലുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെ യുവാക്കൾ “ബ്രോമാൻസ്” എന്നാണ് വിശേഷിപ്പിക്കുന്നത്.

ഈയടുത്ത മാസങ്ങളിൽ കർവാൻ ഇ മൊഹബത്ത് കൂട്ടായ്‌മയുടെ ഭാഗമായി നൂഹിൽ ഞങ്ങൾ നിരവധി സന്ദർശനങ്ങൾ നടത്തി. അക്രമികൾ ജനങ്ങളെ പരസ്യമായി മർദിക്കുകയും വെടിയുതിർക്കുകയും ചെയ്യുന്നത് കാരണം അവിടെ ഞങ്ങൾ കണ്ടുമുട്ടിയ ജനത അവർക്കുണ്ടാകുന്ന വേദനയും രോഷവും പ്രകടിപ്പിച്ചപ്പോഴാണ് അതിന്റെ ഗൗരവം എത്ര വലുതാണെന്ന് ബോധ്യപെട്ടത്. ആൾക്കൂട്ട അക്രമങ്ങൾ തത്സമയം പ്രചരിപ്പിക്കുകയും അതിക്രമത്തിന്റെ ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതിനും അയാൾക്കെതിരെ കേസില്ല.

ഹൈന്ദവ ഘോഷയാത്രയുടെ ഭാഗമായി നൂഹിലേക്ക് വരുമെന്ന് മനാസിർ പരസ്യമായി പ്രഖ്യാപിച്ചതാണ് സമീപകാല വർഗീയ കലാപത്തിന് തിരികൊളുത്തിയതെന്ന് ഞങ്ങൾ സംസാരിച്ച മിക്ക നൂഹ് നിവാസികളും അഭിപ്രായപ്പെട്ടു.

മുസ്ലിം സമൂഹത്തെ കൊലപ്പെടുത്താൻ അമിതമായി ആഗ്രഹിക്കുന്ന മനാസിറിന്റെ സാമീപ്യം യഥാർത്ഥത്തിൽ നൂഹ് നിവാസികളെ അപമാനിക്കലാണ്. ഘോഷയാത്രയിൽ പങ്കെടുക്കാൻ അദ്ദേഹം വരുന്നതിന്റെ ഭാഗമായി ഇയാളുടെ അടുത്ത സുഹ്യത്തായ ബിട്ടു ബജ് രംഗി നുഹിലെ നിവാസികളെ ലൈംഗികമായി പരിഹസിച്ചിരുന്നു. “നിങ്ങളുടെ ജിജാജി (അളിയൻ) നിങ്ങളെ സന്ദർശിക്കാൻ വരുമെന്ന് ഞങ്ങൾ നിങ്ങളോട് മുൻകൂട്ടി പറയുകയാണ്. ഞങ്ങൾ നിങ്ങളെ അറിയിച്ചില്ല എന്ന് പറയരുത്. അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ട പൂക്കളും മാലകളും കൊണ്ട് തയ്യാറായിരിക്കുക” ഫരീദാബാദ് ബജ്‌റംഗ് ഫോഴ്‌സിന്റെ തലവൻ കൂടിയായ ബജ്‌രംഗി പറഞ്ഞു. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ പ്രകോപനപരമായ വീഡിയോകൾ പ്രചരപ്പിച്ചതിന് ഇയാൾക്കെതിരെ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബജ്‌റംഗ്ദൾ പോലുള്ള സംഘടനകളിൽ നിന്നുള്ള തീവ്രവാദികളായ യുവാക്കളുടെ അകമ്പടിയോടെ നൂഹിലെ ശിവക്ഷേത്രത്തിലേക്ക് നടക്കുന്ന ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്ക് വരുമെന്നാണ് മനേസർ പറഞ്ഞത്. ഓരോ വർഷവും, അവർ കഠാരകളും റൈഫിളുകളും ഉപയോഗിച്ച് സമൂഹത്തെ ഭീഷണിപ്പെടുത്തുന്നത് ഒരു തൊഴിലായി ഏറ്റെടുത്തിരിക്കുകയാണ്. അവരെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്ലീം സമുദായത്തെ അപമാനിക്കുന്ന വിദ്വേഷ മുദ്രാവാക്യങ്ങളും വിളിക്കും. 2021ൽ നടന്ന അക്രമത്തിൽ അവർ നുഹിലെ ഒരു മസാർ നശിപ്പിച്ചിരുന്നു.

ഈ ചരിത്രം കണക്കിലെടുത്ത് മോനു മനേസറിനും കൂട്ടർക്കും യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മിയോസ് ഓഫ് നുഹിന്റെ പ്രതിനിധികൾ ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നു. യാത്ര തടയാൻ ഭരണകൂടം വിസമ്മതിച്ചെങ്കിലും ആയുധങ്ങളോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അനുവദിക്കില്ലെന്നും വർഗീയ കലാപം തടയാൻ മതിയായ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും അവർക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. നിർഭാഗ്യവശാൽ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.

ജൂലായ് 31-ന് വർഗ്ഗീയ വാദികളായ ഒരു കൂട്ടം ഹിന്ദുക്കൾ നൂഹിന്റെ അതിർത്തി കടന്ന് മാരകായുധങ്ങൾ കാണിച്ച് വികാരം ആളിക്കത്തിക്കുന്ന വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചെന്നും സ്ത്രീകളോട് അശ്ലീല ആംഗ്യങ്ങൾ പ്രകടിപ്പിച്ചതായും പല സാക്ഷികളും സ്ഥിരീകരിക്കുന്നുണ്ട്. പോലീസ് അടക്കം എല്ലാ നിയമപാലകരും കൈകെട്ടി നോക്കി നിൽക്കുകയായിരുന്നു. ആരും അവരെ തടയാൻ ധൈര്യപെട്ടില്ല. പോലീസ് സൂപ്രണ്ട് അവധിയിലായിരുന്നുവെന്നും സ്ഥിതിഗതികൾ അദ്ദേഹത്തെ അറിയിച്ചിട്ടില്ലെന്നുമാണ് ആഭ്യന്തരമന്ത്രി ഇതിനെ ന്യായീകരിച്ച് പ്രതികരിച്ചത്.

ഗുരുഗ്രാമിൽ നിന്നുള്ള ബിജെപി പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിസഭയിലെ അംഗവുമായ റാവു ഇന്ദർജിത് സിംഗ് പോലും പിന്നീട് ഈ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. “ആരാണ് ജാഥയ്ക്ക് അവർക്ക് ആയുധങ്ങൾ നൽകിയത്? വാളുകളോ വടികളോ പിടിച്ച് ആരാണ് ജാഥയ്ക്ക് പോകുന്നത്? ഇത് തെറ്റാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

നൂഹിൽ ഞങ്ങൾ സംസാരിച്ച ഭൂരിഭാഗം ആളുകളും കൗമാരപ്രായക്കാരായ യുവാക്കളാണ് അക്രമാസക്തമായ പ്രവർത്തനങ്ങൾ നടത്തിയതെന്ന് തുറന്ന് പറഞ്ഞു. ഈ ചെറുപ്രായത്തിൽ തന്നെ ഇത്തരം നീചക്യത്യങ്ങൾ ചെയ്യുന്നതിനെ അവർ അപലപിച്ചു. ശിവക്ഷേത്രത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഖേദ്‌ല മോഡിലെ യാത്രയിൽ പങ്കെടുത്തവർക്കു നേരെ അവർ കല്ലെറിയുകയായിരുന്നു. തുടർന്നുണ്ടായ വെടിവയ്പിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ നാല് ജീവനുകളാണ് പൊലിഞ്ഞത്. യാത്രാ അംഗങ്ങളിൽ പലരും ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത്. അവരുടെ രക്ഷാപ്രവർത്തനത്തിനായി കുതിച്ചെത്തിയ ഒരു വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മണിക്കൂറുകൾക്ക് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് അവരെ കൊണ്ടുപോയത്.

തുടർന്ന് ഹരിയാനയിലെ അയൽ ജില്ലകളിലേക്ക് അക്രമം വ്യാപിച്ചു. അതേ രാത്രി തന്നെ, ഹഫീസ് സാദ് എന്ന യുവാവ് ഗുരുഗ്രാമിലെ ഒരു മുസ്ലീം പള്ളിയിൽ വെച്ച് കുത്തേറ്റു മരിച്ചു. ആ ജില്ലയിൽ നിരവധി മുസ്ലീം പള്ളികൾ നശിപ്പിക്കപ്പെടുകയും മുസ്ലീം കടകളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. അയൽ പ്രദേശമായ സോഹ്‌നയിലേക്കും പൽവാളിലേക്കും അക്രമത്തിന്റെ തീ ജ്വാല പെട്ടെന്ന് പടർന്നു പിടിച്ചു. അവിടെ നിരവധി പള്ളികൾ ജനക്കൂട്ടം ആക്രമിക്കുകയും മുസ്‌ലിംകൾ നടത്തുന്ന സ്റ്റാളുകൾക്ക് തീയിടുകയും ചെയ്തു. മുസ്ലീം തൊഴിലാളികളെ ബഹിഷ്കരിക്കാനും പുറത്താക്കാനും ആഹ്വാനം ചെയ്ത അവർ അതിനായി ഗ്രാമപഞ്ചായത്തുകളുടെ സഹായം തേടി. ഭയചകിതരായ അഭയാർത്ഥി മുസ്ലീങ്ങൾ ഗുരുഗ്രാമിൽ നിന്ന് പലായനം ചെയ്യാൻ തുടങ്ങി.

നൂഹ് ഭരണകൂടം രണ്ട് തരത്തിലാണ് ഇതിനോട് പ്രതികരിച്ചത്. ആദ്യത്തേത് നൂറുകണക്കിന് വരുന്ന മുസ്ലീം യുവാക്കൾക്ക് നേരെയുണ്ടായ കടുത്ത ശിക്ഷാനടപടിയാണിത്. കാരണം നൂഹിന് ചുറ്റുമുള്ള മുഴുവൻ ഗ്രാമങ്ങളിൽ നിന്നും അവർ മലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ ഒളിച്ചോടി.

എന്നിട്ടും ബജ്‌റംഗ്ദളിലെ ചിലരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്നത് ഖേദകരമാണ്. മൂന്ന് പേരെ കൊലപ്പെടുത്തിയതിനോ ജൂലൈ 31 ലെ അക്രമത്തിന് പ്രേരിപ്പിച്ചതിനോ ഒരു കുറ്റവും ചുമത്താത്തതിനാൽ മോനു മനേസറിനെ അറസ്റ്റ് ചെയ്യുന്ന പ്രശ്നമില്ലെന്ന് നുഹ് പോലീസ് സൂപ്രണ്ട് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ പ്രതിനിധി സംഘത്തോട് പറഞ്ഞു. മാരകായുധങ്ങൾ കൈവശം വയ്ക്കുകയും വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും ചെയ്തവർക്കെതിരെയും കേസെടുത്തിട്ടില്ല.

രണ്ടാമത്തേത് നൂഹിലെ മുസ്ലീം നിവാസികളുടെ വീടുകൾക്കും വാണിജ്യ സ്വത്തുക്കൾക്കും നേരെ വിനാശകരമായ പ്രതികാര ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ മുസ്ലിംകളുടെ വീടുകളും സർക്കാർ ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കി. മൊത്തം 750 ലധികം കെട്ടിടങ്ങളാണ് തകർത്തത്. ഇതിൽ കുറഞ്ഞത് 50 ഷോപ്പുകളും മെഡിക്കൽ ലാബുകളും റെസ്റ്റോറന്റുകളുമാണ്. തങ്ങളുടെ കടകളും കുടിലുകളും പൊളിക്കുന്നതിനെ കുറിച്ച് അതിന് മുമ്പ് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നാണ് പ്രദേശ വാസികൾ പറയുന്നത്.

നിയമവിരുദ്ധമായ കയ്യേറ്റക്കാർക്കെതിരെയുള്ള ഭരണപരമായ നടപടിയുടെ ഭാഗമായാണ് അവരുടെ വീടുകൾ പൊളിച്ചു നീക്കിയതെന്നാണ് ഭരണം കൂടം ഇതിനെ കുറിച്ച് പ്രതികരിച്ചത്. വർഗീയ കലാപത്തിൽ ജില്ല ആടിയുലയുമ്പോൾ മുസ്ലീങ്ങളുടെ സ്വത്തുക്കൾ മാത്രം ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മുമ്പിൽ അവർ മൗനം ദീക്ഷിക്കുകയായിരുന്നു. ഘോഷയാത്രയ്ക്കിടെ നടന്ന അക്രമത്തിൽ ചില അനധികൃത കെട്ടിട ഉടമകൾ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ അക്രമം തുടരാനാണ് സാധ്യതയെന്നാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശ്വനി കുമാർ പ്രതികരിച്ചത്.

ഇത് മുസ്ലീങ്ങൾക്ക് ലഭിച്ച ശിക്ഷയാണെന്ന അഭിപ്രായമാണ് പല രാഷ്ട്രീയ നേതാക്കളും മുന്നോട്ടു വെച്ചത്. “അവർ സമാധാനവും ഐക്യവും തകർത്തു അതിന്റെ അനന്തരഫലം അവർ അനുഭവിക്കേണ്ടി വരും. സ്ത്രീകളും കുട്ടികളും സമ്മേളിച്ച ഹിന്ദു യാത്രയെ അവർ മനഃപൂർവം ആസൂത്രണം ചെയ്തു ആക്രമിച്ചത് കൊണ്ടാണ് അവർ ആരോടും കരുണ കാണിക്കാതിരുന്നത് “ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായ ജവഹർ യാദവ് പറഞ്ഞ ഈ വാക്കുകൾ രാജ്യം അങ്ങേയറ്റം ലജ്ജയോടെയാണ് കേട്ടത്.

“വംശീയ ഉന്മൂലനം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണോ ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ ഒരു പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്” എന്ന് ചൂണ്ടി കാണിച്ച് പഞ്ചാബ് – ഹരിയാന ജഡ്ജിമാരായ ജി എസ് സാന്ധവാലിയയും ഹർപ്രീത് കൗർ ജീവനും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.

അഹമ്മദാബാദിലും ഉത്തർപ്രദേശിലും റാലികൾ നടത്തിയ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പിന്തുണയോടെയാണ് ഈ അതിക്രമം അരങ്ങുവാണത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ചെയ്തതിന് സമാനമായി ഹരിയാന സർക്കാരിനോട് ” ബുൾഡോസർ ” നടപടി സ്വീകരിക്കണമെന്ന് പല റാലികളിലും പങ്കെടുത്തവർ ആവശ്യപ്പെടുകയായിരുന്നു.

ഈ ഉപദേശം ഹരിയാന സർക്കാർ സ്വീകരിച്ചതിന്റെ തിക്തഫലമാണ് മുസ്ലിംകൾ ഇന്ന് അനുഭവിക്കുന്നത്. നൂഹിൽ ഞങ്ങൾ സംസാരിച്ച ഒരു ചെറുപ്പക്കാരൻ കരച്ചിലിന്റെ വക്കിലായിരുന്നു. “ഞങ്ങൾ ഇതിനകം ഈ രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകളിൽ ഒരാളായി കഴിഞ്ഞു. ഞങ്ങൾ കഷ്ടപ്പെട്ട് പണിതതെല്ലാം സംസ്ഥാന ഭരണകൂടം നശിപ്പിച്ചു.

മാധ്യമങ്ങൾ മിയോ മുസ്ലിംകളെ അക്രമാസക്തരും വെറുപ്പുളവാക്കുന്നവരുമായി ചിത്രീകരിക്കുന്നത് അവരുടെ മനോ വിഷമം ഇരട്ടിയാക്കി. വളരെ വികാരഭരിതരായാണ് അവർ ഇതിനോട് പ്രതികരിച്ചത്. നൂറ്റാണ്ടുകളായി മതസൗഹാർദത്തിൽ കഴിഞ്ഞ ഒരു ജനതയെ മതവെറിയൻമാരായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം നീചമായ പ്രവണതയാണ്.

വിഭജന കലാപത്തിനുശേഷം 1947 ഡിസംബർ 19 ന് മഹാത്മാ ഗാന്ധി നടത്തിയ ചരിത്രപരമായ അഭ്യർത്ഥനയാണ് പാക്കിസ്ഥാനിലേക്കുള്ള മിയോ കുടിയേറ്റത്തെ തടഞ്ഞത്. തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യയുടെ മഹാരഥൻമാരായ നേതാക്കളുടെ ക്രിയാത്മക പ്രവർത്തനം കാരണമായി ഹിന്ദുക്കളും മിയോ മുസ്ലീങ്ങളും തമ്മിൽ നിലനിന്നിരുന്ന സാമൂഹിക ബന്ധങ്ങളിലെ വിള്ളൽ പരിഹരിക്കാൻ സാധിച്ചു.1992ൽ ബാബറി മസ്ജിദ് തകർത്തത് മുതലാണ് ഹിന്ദു മുസ്ലിം വിരുദ്ധത തഴച്ചുവളരാൻ തുടങ്ങിയത്.

എന്നാലും മിയോ മുസ്ലീങ്ങളും അവരുടെ ഹിന്ദു അയൽക്കാരും സൽസ്വഭാവത്തോടെയും പരസ്പര വിശ്വാസത്തോടെയും ഒരുമിച്ചു ജീവിച്ചു പോരുകയായിരുന്നു. മതപരമായ സ്വത്വങ്ങൾ നിലനിൽക്കുമ്പോഴും അനോന്യം പ്രസവ വിവാഹ ആഘോഷങ്ങളിൽ പങ്കുചേർന്നു. അവരുടെ സാമ്പത്തിക കാര്യങ്ങളിലും അതത് മതപരമായ ആചാരങ്ങളിലും പ്രവർത്തനങ്ങളിലും പരസ്പരം സഹകരിച്ചിരുന്നു. മിയോ മുസ്ലിംകളെ കുറിച്ച് മഹാഭാരതത്തിലുള്ള അവതരണങ്ങളും ശിവനെ സ്തുതിക്കുന്ന സ്തുതിഗീതങ്ങളും ഒരു തലമുറ മുമ്പ് വരെ ഹിന്ദു ഗ്രാമീണ ജനതയെ പുളകം കൊള്ളിച്ചിരുന്നു. പല മിയോ മുസ്ലിംകൾക്കും ഹിന്ദു മുസ്ലീം സംയോജിത പേരുകൾ ഉണ്ടായിരുന്നത് തന്നെ അവർ തമ്മിൽ നിലനിന്നിരുന്ന സാംസ്കാരിക കൈമാറ്റത്തിന്റെ വ്യക്തമായ നിദർശനമാണ്. ഹരിയാന കലാപത്തിൽ കൊല്ലപ്പെട്ട ഹോം ഗാർഡുമാരിൽ ഒരാളുടെ പേര് നീരജ് ഖാൻ എന്നാണ്.

ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വർഗീയ കലാപം നടക്കുന്ന അതേ സമയത്ത് നടന്ന മറ്റൊരു മത യാത്രയെക്കുറിച്ച് നിവാസികൾ എന്നോട് സംസാരിച്ചു. നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ 200 കിലോമീറ്ററിലധികം നടന്ന ചൗരാസി കോസ് യാത്രയാണത്. കർവാൻ ഇ മൊഹബത്തിലെ എന്റെ സഹപ്രവർത്തകരും ഈ യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ പോയി. തീർഥാടകർ മുസ്ലീം വീടുകളിൽ വന്ന് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന രീതികൾ നിരീക്ഷിക്കലായിരുന്നു അവരുടെ പ്രധാന പദ്ധതി.

“ഇവർ യഥാർത്ഥ ഹിന്ദു ഭക്തരാണ്. ആയുധങ്ങളും വിദ്വേഷ മുദ്രാവാക്യങ്ങളുമായി വരുന്ന ബജ്‌റംഗ്ദൾ അണികളല്ല അവർ. അതുകൊണ്ട് തന്നെ ഈ ഹിന്ദു തീർത്ഥാടകർക്കായി ഞങ്ങൾ തലമുറകളായി ഞങ്ങളുടെ വീടുകളും അടുക്കളകളും ഹൃദയങ്ങളും എല്ലാ വർഷവും തുറന്ന് കൊടുക്കാറുണ്ട് “.

അക്രമത്തിന് പ്രേരിപ്പിച്ചതിന് ബജ്‌റംഗ്ദൾ അണികളെ നിശിതമായി വിമർശിച്ച് നിരവധി നിരീക്ഷകരാണ് രംഗത്ത് വന്നത്. ഒരു വർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭത്തിൽ ബജ്റംഗ്ദൾ വിഭാഗത്തിലെ എല്ലാവരും വിട്ടുനിന്നിരുന്നുവെന്നും ലൈംഗികാതിക്രമം ആരോപിച്ച ബിജെപി നേതാവിനെ ശിക്ഷിക്കുന്നതിനായി വനിതാ ഗുസ്തിക്കാർ നടത്തിയ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായും അവർ പറഞ്ഞു.

സമുദായ സാഹോദര്യം ശക്തിപ്പെടുത്തുന്നതിനായി ക്രിത്യമായ അവബോധം നൽകാൻ ഹിസാറിലെ ബാസ് ഗ്രാമത്തിലെ ഭാരതീയ കിസാൻ മസ്ദൂർ യൂണിയൻ നടത്തിയ മുന്നേറ്റത്തെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. മുസ്ലീങ്ങളെ തങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയവരെ അപലപിച്ചാണ് മഹാപഞ്ചായത്ത് അംഗമായ സുരേഷ് കോത്ത് സംസാരിച്ചത്.

മേവാത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ മോനു മനേസർ, ബിട്ടു ബജ്‌രംഗി എന്നിവരെയും സംഘർഷത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവരെയും നിഷ്പക്ഷമായ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹാപഞ്ചായത്ത് പ്രമേയം പാസാക്കി. സംസ്ഥാനത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നിരോധിക്കണമെന്നത് തങ്ങളുടെ ആവശ്യമാണെന്ന് സർവ്ഖാപ് പഞ്ചായത്തിന്റെ ദേശീയ വക്താവ് സുബെ സിംഗ് സ്മൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇവരുടെ പ്രവർത്തനം മിയോ മുസ്ലിംകൾക്ക് താത്കാലിക സമാധാനം നൽകുന്നുണ്ടെങ്കിലും അവരെ പൊതിഞ്ഞിരിക്കുന്ന ഇരുട്ടിൽ നിന്നും നിരാശയിൽ നിന്നും കരകയറ്റാൻ ഇത് പര്യാപ്തമല്ല. അത്തരം കലശമായ പ്രകോപനങ്ങൾക്കിടയിൽ യുവാക്കളെ സമാധാനത്തിന്റെ പാതയിൽ നിർത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടായിത്തീർന്നുവെന്ന് സമുദായത്തിലെ മുതിർന്ന നേതാക്കളുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ്.

വിവ: നിയാസ് അലി

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles