Current Date

Search
Close this search box.
Search
Close this search box.

ജി 20 ഉച്ചകോടി; മറച്ചുകെട്ടിയ ഡല്‍ഹിയിലെ ചേരികളും പൊളിച്ചുമാറ്റലുകളും

ജി 20 ഉച്ചകോടിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹി നഗരത്തിന്റെ പല ഭാഗത്തും പച്ച ഷീറ്റുകള്‍ കൊണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടും മറച്ചിരിക്കുന്ന കാഴ്ചയാണ്. ഡല്‍ഹിയിലെ ചേരി നിവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന, അധികാരികള്‍ നടത്തുന്ന ‘സൗന്ദര്യവല്‍ക്കരണ’ യജ്ഞത്തിന്റെ ഒരു വശം മാത്രമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം ഏറ്റെടുത്തതിന് പിന്നാലെ തന്നെ തലസ്ഥാനത്തുടനീളമുള്ള ചേരികളും വാസസ്ഥലങ്ങളും നിലംപരിശാക്കല്‍ ആരംഭിച്ചിരുന്നു. ഇത് ആയിരക്കണക്കിന് ആളുകളുടെ പാര്‍പ്പിടവും വരുമാനവും നഷ്ടപ്പെടുന്നതിനാണ് ഇടയാക്കിയത്.

തുഗ്ലക്കാബാദിലെയും മെഹ്റൗലിയിലെയും പൊളിക്കലുകള്‍ ജി20 പ്രതിനിധികള്‍ക്കായി തയാറാക്കിയ പൈതൃക നടത്തവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുമ്പോള്‍, യമുനയിലെ വെള്ളപ്പൊക്ക പ്രദേശവും മൂല്‍ചന്ദും ജി20 നേതാക്കളുടെ യാത്രാ റൂട്ടുകള്‍ക്ക് സമീപമാണ്. പ്രഗതി മൈതാനമാണ് ഉച്ചകോടിയുടെ പ്രധാന ലൊക്കേഷന്‍.

ജി20 ഉച്ചകോടിക്കായി ആസൂത്രണം ചെയ്തിരിക്കുന്ന പരിപാടികളുടെ പ്രധാന വേദികളുടെ സമീപമുള്ള സ്ഥലങ്ങളിലാണ് പൊളിച്ചുനീക്കലുകള്‍ നടത്തിയത്. കൂടാതെ തലസ്ഥാനത്തിലൂടെ ലോകനേതാക്കളുടെ വാഹനവ്യൂഹങ്ങള്‍ കടന്നുപോകുന്ന റൂട്ടുകളുമാണിത്. ‘സൗന്ദര്യവല്‍ക്കരണ ഡ്രൈവുകള്‍’, ‘കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍’, ‘യമുന വെള്ളപ്പൊക്ക പ്രദേശങ്ങളുടെ സംരക്ഷണം’, ‘ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം’ എന്നീ പേരുകളിലാണ് പൊളിക്കലുകള്‍ നടത്തിയതെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉച്ചകോടിയുടെ ഭാഗമായി ഏറ്റവും വലിയ പൊളിക്കലുകള്‍ നടത്തിയ അഞ്ച് സ്ഥലങ്ങളില്‍ നിന്നുും ‘ദി ക്വിന്റ്’ പ്രതിനിധികള്‍ കണ്ടെത്തിയ വിവരങ്ങളും സാക്ഷ്യങ്ങളുമാണ് ഇവിടെ.

1. തുഗ്ലക്കാബാദ്

2023 ഫെബ്രുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് തുഗ്ലക്കാബാദില്‍ പൊളിക്കലുകള്‍ ആരംഭിച്ചത്. ‘അനധികൃത നിര്‍മാണങ്ങള്‍’ നീക്കം ചെയ്യാനും ദുരിതബാധിതര്‍ക്ക് പുനരധിവാസം സുഗമമാക്കാനുമാണ് കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യോട് നിര്‍ദ്ദേശിച്ചത്.

‘തുഗ്ലക്കാബാദില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പോലുള്ള എല്ലാ സര്‍ക്കാര്‍ സൗകര്യങ്ങളും ഉണ്ട്. പിന്നെ എങ്ങനെയാണ് ഈ ഭൂമി നിയമവിരുദ്ധമാകുന്നത്? ഞങ്ങള്‍ നിര്‍മ്മിച്ച ആ വീട്ടില്‍ ഞങ്ങള്‍ ഞങ്ങളുടെ ജീവിത സമ്പാദ്യം നിക്ഷേപിച്ചിരുന്നു. അവര്‍ അത് പൊളിച്ചുമാറ്റി!’ മെയ് 22-ന് ‘ഇന്ത്യയിലുടനീളമുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, ജി 20 ഇവന്റുകള്‍’ എന്നിവയുടെ പൊതു ഹിയറിംഗില്‍ തുഗ്ലക്കാബാദിലെ ബംഗാളി കോളനിയില്‍ താമസിക്കുന്ന റീന ശര്‍മ്മ പറഞ്ഞു.

2023 ഏപ്രില്‍ 30-ന് എഎസ്ഐ ആയിരത്തോളം വീടുകള്‍ പൊളിച്ചതിന് പിന്നാലെ തുഗ്ലക്കാബാദ് നിവാസികളുടെ കൂട്ട കുടിയേറ്റം നടന്നതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. 1,248 നോട്ടീസുകള്‍ നല്‍കിയതായി എ.എസ്.ഐ അവകാശപ്പെടുമ്പോള്‍, 3,000 വീടുകള്‍ തകര്‍ത്തതായി പ്രദേശത്തെ ദുരിതബാധിത കുടുംബങ്ങള്‍ പറഞ്ഞു. തുഗ്ലക്കാബാദ് പൊളിക്കലുകള്‍ ‘2,50,000-ത്തിലധികം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തുഗ്ലക്കാബാദ് കുടിയൊഴിപ്പിക്കല്‍ വളരെ ക്രൂരമായിരുന്നു, പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന ഞങ്ങള്‍ ഇതിനു മുന്‍പ് ഇത്രയും വലിയൊരു കുടിയൊഴിപ്പിക്കല്‍ കണ്ടിട്ടില്ല. പോലീസ് കോളനി വളഞ്ഞു, ആര്‍ക്കും വീഡിയോ എടുക്കാനോ ഷെയര്‍ ചെയ്യാനോ കഴിയാത്തവിധം ജാമറുകള്‍ സ്ഥാപിച്ചു, ഫോണുകള്‍ തട്ടിയെടുത്തു, സമീപത്തെ ഹോട്ടലുകളും കടകളും അടപ്പിച്ചു, രണ്ട് ദിവസത്തിനുള്ളില്‍ കോളനി മുഴുവന്‍ തകര്‍ത്തു’ പ്രദേശവാസിയായ ഷക്കീല്‍ പറഞ്ഞു.

2. മെഹ്‌റൗലി

2023 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ മെഹ്റൗലിയില്‍, 700 കുടിയൊഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയ ശേഷം, കുറഞ്ഞത് 25 വീടുകളെങ്കിലും പൊളിച്ചു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ഇത് സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടു. എന്നിരുന്നാലും, 4,000-ത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ഇതിനകം ഈ വീടുകള്‍ പൊളിച്ചത്. ഈ പ്രദേശത്ത് താമസിക്കുന്ന 3,430 പേരെ പൊളിക്കല്‍ ബാധിച്ചതായി നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മെഹ്റൗലിയിലെ അനധികൃത ഭൂമിയില്‍ താമസിക്കുന്ന ഇടത്തരം വീട്ടുടമകള്‍ക്ക് 700 നോട്ടീസ് നല്‍കിയപ്പോള്‍ 25 ഓളം വീടുകള്‍ പൊളിച്ചതായും എന്നാല്‍ തുഗ്ലക്കാബാദില്‍ 1,300 നോട്ടീസ് നല്‍കുകയും മൂവായിരത്തോളം വീടുകള്‍ തകര്‍ക്കുകയും ചെയ്തതായും അവകാശപ്രവര്‍ത്തകനായ പ്രിത്വിരാജ് രൂപാവത് പറഞ്ഞു. ഇതിന് കാരണം രണ്ട് പ്രദേശത്തും താമസിക്കുന്ന ആളുകളുടെ സാമൂഹിക-സാമ്പത്തിക നിലവാരമാണ്. തുഗ്ലക്കാബാദില്‍ താമസിക്കുന്നവര്‍ വളരെ താഴെ തട്ടിലുള്ളവരും മെഹ്‌റൗലിയില്‍ താമസിക്കുന്നവര്‍ ഇടത്തരക്കാരുമാണ് എന്നതാണ്.

3. യമുനയിലെ വെള്ളപ്പൊക്ക മേഖല

2023 മാര്‍ച്ചില്‍ യമുനയിലെ വെള്ളപ്പൊക്ക പ്രദേശങ്ങള്‍ക്ക് സമീപമുള്ള ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡിന്റെ(DUSIB) എട്ട് ഷെല്‍ട്ടറുകള്‍ പൊളിച്ചുമാറ്റിയതോടെ, യമുന പുഷ്ത പ്രദേശത്തെ നിരവധി പേരാണ് ഭവനരഹിതരായത്.

2023 ഫെബ്രുവരിയില്‍, സാക്കിര്‍ നഗറിലെ യമുന വെള്ളപ്പൊക്ക മേഖലയില്‍ ‘നിയമവിരുദ്ധമായി’ നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. 300 ഓളം കുടുംബങ്ങളാണ് ഇത് മൂലം ദുരിതത്തിലായത്. യമുനയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ 1,000ഓളം പേര്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതായും ഏകദേശം 150 വീടുകള്‍ തകര്‍ത്തതായും 4,900 നിവാസികളെ ഇത് ബാധിക്കുകയും 700 ഓളം പേര്‍ ഭവനരഹിതരാവുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്? എനിക്ക് ഒരു കൊച്ചുകുട്ടിയുണ്ട്. ഞങ്ങളുടെ ഷെല്‍ട്ടര്‍ പോലും തകര്‍ത്തു, അതോടെ ജലവിതരണവും നിര്‍ത്തി. ഇപ്പോള്‍ ഞാന്‍ മരങ്ങളുടെ ചുവട്ടിലാണ് താമസിക്കുന്നത്’ ഷെല്‍ട്ടറില്‍ താമസിക്കുന്ന സീമ പറഞ്ഞു. ഈ ആഘാതത്തില്‍ നിന്ന് എനിക്ക് മറികടക്കാന്‍ കഴിയുന്നില്ല. റെയിന്‍ ബസേര ഷെല്‍ട്ടര്‍ ഹോമുകള്‍ തകര്‍ത്തതിന് ശേഷം അധികാരികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഞങ്ങളെ സന്ദര്‍ശിക്കുകയോ സാഹചര്യം അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

4. മൂല്‍ചന്ദ് ബസ്തി

2023 മാര്‍ച്ച് 27 ന്, ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്, മൂ്ല്‍ചന്ദ് ബസ്തിയില്‍ 600 ഓളം വീടുകള്‍ പൊളിച്ചുമാറ്റുകയും അവയിലെ താമസക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായി. 1000 വീടുകളിലെ 4,900-ഓളം ആളുകള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍, ഏകദേശം 2,940 പേരെ പൊളിക്കല്‍ നടപടികള്‍ ഭവനരഹിതരാക്കി.

‘പൊളിക്കുന്നതിന് മുന്‍പ് വീടുകളിലെ സാധനങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ക്ക് മൂന്ന് മണിക്കൂര്‍ ആണ് ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ബുള്‍ഡോസറുകള്‍ ഞങ്ങളുടെ മേല്‍ അഴിച്ചുവിട്ടു’ ബേല എസ്റ്റേറ്റില്‍ താമസിച്ചിരുന്ന പൂജ പറഞ്ഞു. മാത്രമല്ല, ചേരികള്‍ക്ക് സമീപം ജി20 വിശിഷ്ടാതിഥികളുടെ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന പാര്‍ക്ക് നിര്‍മ്മിക്കാനിരുന്നതിനല്‍ സരായ് കാലെ ഖാനിലെ ഒരു അഭയകേന്ദ്രവും പൊളിച്ചു നീക്കി.

5. ധൗല കുവാന്‍

ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ധൗല കുവാനിലെ നിരവധി പൊളിക്കലുകള്‍ക്ക് താല്‍ക്കാലിക സ്റ്റേ ഉത്തരവുകള്‍ ലഭിച്ചെങ്കിലും, താമസക്കാര്‍ അവരുടെ വീടുകളുടെ നിലനില്‍പ്പ് സംബന്ധിച്ച് അനിശ്ചിതത്വത്തിലാണ്. 2022 ഡിസംബര്‍ 26ന് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ധൗല കുവാനിനടുത്തുള്ള ചേരിയില്‍ താമസിക്കുന്ന 150ഓളം കുടുംബങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ”ഏകദേശം 400-500 ആളുകള്‍ ഇവിടെ താമസിക്കുന്നു, ചിലര്‍ പിഡബ്ല്യുഡിയില്‍ തന്നെ ജോലി ചെയ്യുന്നു’അമിത് എന്ന താമസക്കാരന്‍ പറഞ്ഞു.

ജനുവരി 28ന്, PWD ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് ഒട്ടിച്ചു, താമസക്കാരോട് 15 ദിവസത്തിനകം ഇവിടെ നിന്നും വീടൊഴിയാന്‍ ആവശ്യപ്പെട്ടു. കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഉച്ചകോടിക്കായി ‘ശുദ്ധീകരണം’ നടക്കുന്നുണ്ടെന്നാണ് താമസക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 14ന് ഈ പൊളിക്കലിന് സ്റ്റേ ഉത്തരവാവുകയായിരുന്നു.

 

Related Articles