Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ്സും ഏകസിവില്‍ കോഡും

civil-code33.jpg

മുത്തലാഖ് കേസിലെ സുപ്രീം കോടതി വിധി ആഘോഷിക്കുന്ന ബി.ജെ.പിയും സംഘ്പരിവാറും പുരുഷമേധാവിത്ത മുസ്‌ലിം സമൂഹത്തില്‍ നിന്നും മുസ്‌ലിം സ്ത്രീയെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നു. എന്നാല്‍ ഹിന്ദു സ്ത്രീകളെ ശാക്തീകരിക്കുന്നതിന് അവരുടെ ഭാഗത്തു നിന്ന് യാതൊരു നീക്കവും ഉണ്ടായതായി കാണുന്നില്ല. മാത്രമല്ല, അതിനായി നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രഥമ നിയമകാര്യ മന്ത്രി ഡോ. ബി.ആര്‍ അംബേദ്കറും സ്വീകരിച്ച കാല്‍വെപ്പുകളെ സാധ്യമായ രീതിയിലെല്ലാം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

വിവാഹമോചനത്തിനുള്ള അവകാശം അടക്കം ഹിന്ദു സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളുമായി ഹിന്ദു കോഡ് ബില്‍ ഭരണഘടനാ അസംബ്ലിക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അന്ന് ആര്‍.എസ്.എസ്സും സമാനസ്വഭാവമുള്ള സംഘടനകളും നെഹ്‌റുവിനും അംബേദ്കര്‍ക്കും എതിരെ ശക്തമായ കാമ്പയിനുമായി രംഗത്ത് വന്നിരുന്നു. പ്രസ്തുത കാമ്പയിന്‍ എന്തായിരുന്നു എന്നും മഹാന്‍മാരായ നേതാക്കളെ എങ്ങനെയാണ് അവര്‍ അപകീര്‍ത്തിപ്പെടുത്തിയതെന്നും പ്രമുഖ ചരിത്രകാരനായ രാം ചന്ദ്രഗുഹ അദ്ദേഹത്തിന്റെ India After Gandhi എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അതിലെ പ്രസക്തമായ ചില ഭാഗങ്ങള്‍ ഇവിടെ എടുത്തു ചേര്‍ക്കാം.

അസംബ്ലിക്ക് പുറത്ത് ബില്ലിനെതിരെ വലിയ ബഹളമുയര്‍ന്നു. ആള്‍ ഇന്ത്യ ആന്റി ഹിന്ദു കോഡ് ബില്‍ കമ്മറ്റി 1949ല്‍ തന്നെ രൂപീകരിക്കപ്പെട്ടിരുന്നു. ധര്‍മ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുക്കളുടെ വ്യക്തിനിയമത്തില്‍ ഇടപെടാന്‍ ഭരണഘടനാ അസംബ്ലിക്ക് അവകാശമില്ലെന്ന വാദമാണ് അവര്‍ ഉയര്‍ത്തിയത്. യാഥാസ്ഥിതികരായ അഭിഭാഷകരുടെയും പുരോഹിതന്‍മാരുടെയും പിന്തുണ ആന്റി ഹിന്ദു കോഡ് ബില്‍ കമ്മറ്റിക്ക് ലഭിച്ചിരുന്നു. പ്രസ്തുത കോഡിനെതിരെ ദ്വാരകയിലെ ശങ്കരാചാര്യ ഒരു ലഘുലേഖ പുറത്തിറക്കിയിരുന്നു. ആളുകള്‍ക്ക് പിന്തുണയും ശ്രേഷ്ഠമായ പ്രകാശവും പ്രചോദനവുമായ മതത്തെ സംരക്ഷിക്കലാണ് സര്‍ക്കാറിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു.

ആന്റി ഹിന്ദു കോഡ് ബില്‍ കമ്മറ്റി ഇന്ത്യയിലുടനീളം നൂറുകണക്കിന് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. ചില സ്വാമിമാരും നിയമനിര്‍മാണത്തെ എതിര്‍ത്ത് രംഗത്ത വന്നു. ഈ പ്രസ്ഥാനത്തില്‍ അണിനിരന്നവര്‍ ധര്‍മയുദ്ധത്തില്‍ പോരാടുന്ന ധര്‍മവീരന്‍മാരായിട്ടാണ് സ്വയം വിശേഷിപ്പിച്ചത്. പ്രക്ഷോപങ്ങള്‍ക്ക് ആര്‍.എസ്.എസ് ശക്തി പകര്‍ന്നു. 1949 ഡിസംബര്‍ 11ന് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് ആര്‍.എസ്.എസ് ഒരു പൊതുയോഗം സംഘടിപ്പിച്ചു. അതിലെ ഓരോ പ്രഭാഷകരും ബില്ലിനെ അപലപിച്ചു. അതില്‍ ഒരാള്‍ ‘ഹിന്ദു സമൂഹത്തിന് മേലുള്ള അണുബോംബാണ്’ ഈ ബില്‍ എന്നാണ് പ്രസംഗിച്ചത്. മറ്റൊരാള്‍ ഇതിനെ താരതമ്യപ്പെടുത്തിയത് സാമ്രാജ്യത്വ ഭരണകൂടത്തിന്റെ റൗലത്ത് ആക്ട് എന്ന കരിനിയമത്തോടായിരുന്നു. റൗലത്ത് ആക്ടിനെതിരെയുള്ള പ്രതിഷേധം ബ്രിട്ടീഷ് ഭരണത്തിന്റെ പതനത്തിലേക്ക് നയിച്ചത് പോലെ ഈ ബില്ലിനെതിരെയുള്ള പ്രക്ഷോപം നെഹ്‌റു ഭരണകൂടത്തിന്റെ പതനത്തിന്റെ സൂചനയായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഹിന്ദു കോഡ് ബില്ലിനും പണ്ഡിറ്റ് നെഹ്‌റുവിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അസംബ്ലി കെട്ടിടത്തിലേക്ക് മാര്‍ച്ച് ചെയ്തു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെയും ഡോ. അംബേദ്കറിന്റെയും കോലം കത്തിക്കുകയും ശൈഖ് അബ്ദുല്ലയുടെ കാര്‍ തകര്‍ക്കുകയും ചെയ്തു.

സ്വാമി കര്‍പത്രിജി മഹാരാജ് ആയിരുന്നു ഈ ബില്ലിനെതിരെയുള്ള പ്രസ്ഥാനത്തിന്റെ നേതാവ്. ഉത്തരേന്ത്യക്കാരനായിരുന്നു എന്നും സംസ്‌കൃതത്തില്‍ അറിവുണ്ടായിരുന്നു എന്നതിനുമപ്പുറം ഈ സ്വാമിയുടെ മുന്‍കാല ചരിത്രമൊന്നും നമുക്ക് അറിയില്ല. അംബേദ്കര്‍ ഉയര്‍ത്തികൊണ്ടുവന്ന ബില്‍ എന്ന തരത്തിലായിരുന്നു അതിനോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ്. നിയമമന്ത്രിയുടെ ജാതി ഉയര്‍ത്തിക്കാട്ടി തൊട്ടുകൂടാത്തവനായിരുന്ന ഒരാള്‍ക്ക് ബ്രാഹ്മണന്‍മാരുടെ കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് അദ്ദേഹം വാദിച്ചു.

ഡല്‍ഹിയിലും മറ്റിടങ്ങളിലും നടത്തിയ പ്രസംഗങ്ങളില്‍ സ്വാമി കര്‍പത്രിജി ധര്‍മശാസ്ത്രത്തിന്റെ വ്യാഖ്യാനങ്ങളെ സംബന്ധിച്ച് അംബേദ്കറെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. ധര്‍മശാസ്ത്രം ബഹുഭാര്യത്വത്തെ അനുകൂലിക്കുന്നില്ലെന്നതായിരുന്നു നിയമ മന്ത്രിയുടെ വാദം. യാജ്ഞവല്‍ക്യ ഉപനിഷത്തില്‍ നിന്നും എടുത്തുദ്ധരിച്ച് സ്വാമി കര്‍പത്രിജി പറഞ്ഞു: ‘ഭാര്യ സ്ഥിരം മദ്യപാനിയോ, ലൈംഗികശേഷിയില്ലാത്തവളോ, കുടിലബുദ്ധിക്കാരിയോ, വന്ധ്യയോ, ധൂര്‍ത്തയോ, മോശമായി സംസാരിക്കുന്നവളോ, ആണ്‍കൂട്ടിയെ പ്രസവിക്കാത്തവളോ ഭര്‍ത്താവിനെ വെറുക്കുന്നവളോ ആണെങ്കില്‍ അവളെ ഉപേക്ഷിക്കാതെതന്നെ മറ്റൊരു സ്തീയെ വിവാഹം ചെയ്യാന്‍ പുരുഷന് അവകാശം ഉണ്ട്’. ഇതിന് തെളിവായി വിവാഹത്തെ സംബന്ധിച്ച യാജ്ഞവല്‍ക്യയുടെ മൂന്നാം ഭാഗത്തിലെ മൂന്നാം അധ്യായത്തിലെ മൂന്നാം വചനം സ്വാമി ഉദ്ധരിച്ചു. എന്നാല്‍ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയോ ധൂര്‍ത്തനോ മോശമായി സംസാരിക്കുന്നവനോ ആണെങ്കില്‍ ഭാര്യക്ക് മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കാമോ എന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞില്ല.

സ്വാമിയുടെ വീക്ഷണത്തില്‍ ഹിന്ദു പൈതൃകത്തില്‍ വിലക്കപ്പെട്ടതാണ് വിവാഹമോചനം. അതേസമയം മറ്റു ജാതിയിലുള്ള കുട്ടിയെ ദത്തെടുക്കുന്നതിനെ ധര്‍മശാസ്ത്രത്തോടുള്ള വെല്ലുവിളിയായിട്ടാണ് അദ്ദേഹം കണ്ടത്. ഏറ്റവും ഉദാരമായ വ്യാഖ്യാനങ്ങളില്‍ പോലും സ്ത്രീയുടെ അനന്തരാവകാശം എട്ടിലൊന്നാണ്. അതിനെ പകുതിയാക്കാനാണ് അംബേദ്കര്‍ ശ്രമിച്ചത്. അതുകൊണ്ടു തന്നെ ഈ ബില്‍ ഹിന്ദു വേദങ്ങള്‍ക്ക് എതിരായി അവതരിപ്പിക്കപ്പെട്ടു. അതിനെതിരെ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ പോലും ബാധിക്കും വിധമുള്ള പ്രതിഷേധവും ഉയര്‍ന്നു. ദൈവത്തിന്റെ നിയമത്തെയും ധര്‍മത്തെയും ധിക്കരിച്ചാല്‍ അത് സര്‍ക്കാറിനും രാജ്യത്തിന് തന്നെയും വലിയ ദോഷമുണ്ടാക്കുമെന്ന് സ്വാമി മുന്നറിയിപ്പ് നല്‍കി.

എല്ലാ ഹിന്ദു സഹോദരങ്ങളും ഇതിന്റെ ഭാഗമായിരുന്നില്ല എന്നതാണ് വസ്തുത. അവരിലെ യാഥാസ്ഥിതികരായ ഒരു വിഭാഗത്തെ ആര്‍.എസ്.എസ് തെരുവിലിറക്കി. ഹിന്ദു കോഡ് ബില്ലിനെതിരെ മുദ്രാവാക്യം വിളിക്കാനും അറസ്റ്റ് വരിക്കാനും പല സംഘങ്ങളായി അവര്‍ ന്യൂഡല്‍ഹിയിലേക്ക് അയക്കപ്പെട്ടു. ജവഹര്‍ ലാല്‍ നെഹ്‌റുവിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കലായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ‘പാകിസ്താന്‍ തോട് ദോ, നെഹ്‌റു – ഹുകൂമത് ചോട് ദോ’ എന്ന അവരുടെ മുദ്രാവാക്യം അത് വ്യക്തമാക്കുന്നു.

ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മിക്കപ്പോഴും പ്രാസംഗികന്‍ സ്വാമി കര്‍പത്രിജി മഹാരാജ് ആയിരുന്നു. 1951 സെപ്റ്റംബര്‍ 16ന് ഒരു യോഗത്തില്‍ സ്വാമി നിര്‍ദിഷ്ട ബില്‍ സംബന്ധിച്ച സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. ഹിന്ദു കോഡ് ബില്ലിലെ ഒരു ഭാഗമെങ്കിലും ധര്‍മശാസ്ത്രത്തിനനുസരിച്ചാണെന്ന് പണ്ഡിറ്റ് നെഹ്‌റുവും കൂട്ടാളികളും തെളിയിച്ചാല്‍ ഹിന്ദു കോഡ് പൂര്‍ണമായി അംഗീകരിക്കുമെന്ന് സ്വാമി പറഞ്ഞു. ഈ വെല്ലുവിളിയെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം സ്വാമിയും അനുയായികളും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. അവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് പോലീസ് അവരെ തടഞ്ഞു. അവിടെ പോലീസുമായുണ്ടായ ഉന്തിലും തള്ളിലും സന്യാസിമാര്‍ തങ്ങളുടെ ചിഹ്നമായി കൊണ്ടുനടക്കുന്ന സ്വാമിയുടെ ദണ്ഡ് ഒടിഞ്ഞുവെന്ന് ഹിന്ദു വീക്ക്‌ലി റിപോര്‍ട്ട് ചെയ്തതായി കാണാം.

അവലംബം: milligazette.com
വിവ: നസീഫ്

Related Articles