Current Date

Search
Close this search box.
Search
Close this search box.

എങ്ങിനെയാണ് ബാബരി മസ്ജിദ് രാമക്ഷേത്രമായത് ? ചരിത്രത്തിന്റെ നാള്‍വഴികള്‍

1529: മീര്‍ ബാഖി ബാബറി മസ്ജിദ് നിര്‍മ്മിച്ചു.

1885: കോടതിയില്‍ തര്‍ക്കം ആരംഭിക്കുന്നു.
മഹന്ത് രഘുബീര്‍ ദാസ് ഈ വിഷയത്തില്‍ ആദ്യത്തെ ഹരജി ഫയല്‍ ചെയ്തു. ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അദ്ദേഹത്തിന്റെ ഹരജിക്കുള്ള അനുമതി നിരസിച്ചു. തുടര്‍ന്ന്, മഹന്ത് രഘുബീര്‍ ദാസ്, ബാബറി മസ്ജിദിന്റെ ചബൂത്രയില്‍ (മുറ്റത്ത്) ഒരു ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, ഇന്ത്യന്‍ സ്റ്റേറ്റ് സെക്രട്ടറിക്കെതിരെ ഫൈസാബാദ് കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്യുന്നു. ഫൈസാബാദ് കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളുന്നു.

1949 -ഡിസംബര്‍: രാമവിഗ്രഹം മസ്ജിദിനുള്ളില്‍ പ്രത്യക്ഷപ്പെടുന്നു.

ഡിസംബര്‍ 22-ന് രാത്രി, ഒരു രാമവിഗ്രഹം പള്ളിക്കുള്ളില്‍ കൊണ്ടുവെക്കപ്പെടുന്നു. വിഗ്രഹത്തിന്റെ പ്രത്യക്ഷതയെ ഒരു ദൈവിക വെളിപാടായിട്ടാണ് ഹിന്ദുക്കള്‍ കണക്കാക്കുന്നത്, എന്നാല്‍, രാത്രിയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിഗ്രഹം അകത്തേക്ക് കടത്തിയതെന്നാണ് പലരും വാദിക്കുന്നത്. പിന്നാലെ ഹിന്ദുക്കള്‍ അവിടെ പ്രാര്‍ത്ഥന ആരംഭിക്കുന്നു. തുടര്‍ന്ന് ഈ പ്രദേശത്തെ കേന്ദ്ര സര്‍ക്കാര്‍, ‘തര്‍ക്ക പ്രദേശം’ ആയി പ്രഖ്യാപിക്കുകയും ഇതിന്റെ പ്രവേശന കവാടം അടച്ചു പൂട്ടുകയും ചെയ്യുന്നു.

1950: ഹിന്ദു കക്ഷികള്‍ ഹരജി ഫയല്‍ ചെയ്യുന്നു
രാം ലല്ലയ്ക്ക് ഹിന്ദു പൂജകള്‍ നടത്താന്‍ അനുമതി തേടി ഗോപാല്‍ സിംല വിഹാരദും പരംഹംസ രാമചന്ദ്ര ദാസും ഫൈസാബാദ് കോടതിയില്‍ രണ്ട് ഹരജി ഫയല്‍ ചെയ്തു. പൂജ നടത്താന്‍ കക്ഷികള്‍ക്ക് കോടതി അനുമതി നല്‍കി. അകത്തെ മുറ്റത്തെ ഗേറ്റുകള്‍ അടച്ചിട്ടത് തുടരാന്‍ കോടതി ഉത്തരവിട്ടു.

1959: മൂന്നാമത്തെ ഹിന്ദു കക്ഷി കേസ് ഫയല്‍ ചെയ്തു.
ഭൂമി കൈവശം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മോഹി അഖാരയാണ് മൂന്നാമത്തെ കേസ് ഫയല്‍ ചെയ്തത്.

1961: മുസ്ലിം വിഭാഗം ഹരജി ഫയല്‍ ചെയ്തു.
യു.പി സുന്നി വഖഫ് ബോര്‍ഡ് ബാബറി മസ്ജിദ് സ്ഥലം കൈവശം വേണമെന്നാവശ്യപ്പെട്ട് ഒരു കേസ് ഫയല്‍ ചെയ്തു. ബാബറി മസ്ജിദില്‍ നിന്ന് രാമവിഗ്രഹങ്ങള്‍ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

1984: രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കാന്‍ ഒരു സംഘടന രൂപീകരിച്ചു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ അതിന്റെ പ്രചാരണ നേതാവാക്കി.

1986 ഫെബ്രുവരി 1: ബാബറി മസ്ജിദിന്റെ അകത്തെ ഗേറ്റ് തുറന്നു.

ഫൈസാബാദ് ജില്ലാ ഭരണകൂടമാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് കോടതിയല്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നാം കക്ഷിയിലെ ഒരു അഭിഭാഷകനായ യു.സി പാണ്ഡെ ഫൈസാബാദ് സെഷന്‍സ് കോടതിക്ക് മുമ്പാകെ ഗേറ്റുകള്‍ തുറക്കാന്‍ അഭ്യര്‍ത്ഥിച്ച് ഹരജി നല്‍കുന്നു. തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് ‘പൂജയും ദര്‍ശനവും’ അനുവദിക്കുന്നതിനായി മസ്ജിദിന്റെ പൂട്ടുകള്‍ തുറക്കാന്‍ ജില്ലാ ജഡ്ജി ഉത്തരവിട്ടു. ഇതില്‍ പ്രതിഷേധിച്ച് മുസ്ലീംകള്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി (ബിഎംഎസി) രൂപീകരിച്ചു.

1989 നവംബര്‍ 9: ശിലായാനങ്ങള്‍ നടത്തി.
തര്‍ക്ക പ്രദേശത്തിന് സമീപം ക്ഷേത്രത്തിന്റെ ശിലായാനങ്ങള്‍ (ശിലാസ്ഥാപനം) നടത്താന്‍ വി.എച്ച്.പിയെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുവദിച്ചു.

1989: എല്ലാ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടുള്ള ഹരജികളും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി.

നിര്‍മോഹി അഖാര (1959), സുന്നി വഖഫ് ബോര്‍ഡ് (1961) എന്നീ ഹരജികളിലെ കക്ഷികളെ പ്രതികളാക്കി കൊണ്ട് രാം ലല്ല വിരാജ്മാന്റെ പേരില്‍ മറ്റൊരു കേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു.

1990 സെപ്റ്റംബര്‍ 25: രഥയാത്ര
രാമജന്മഭൂമി പ്രസ്ഥാനത്തിന് പിന്തുണ നല്‍കുന്നതിനായി എല്‍ കെ അദ്വാനി സോമനാഥില്‍ നിന്ന് (ഗുജറാത്ത്) അയോധ്യയിലേക്ക് (യു.പി) ഒരു രഥയാത്ര ആരംഭിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു.

1992 ഡിസംബര്‍ 6: ബാബരി തകര്‍ത്തു
കര്‍സേവകരുടെ അക്രമാസക്തരായ ജനക്കൂട്ടം ബാബറി മസ്ജിദ് തകര്‍ത്തു. കര്‍സേവകര്‍ അതിന്റെ സ്ഥാനത്ത് ഒരു ക്ഷേത്രം ഉണ്ടാക്കുന്നു.

1992 ഡിസംബര്‍ 16: ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിച്ചു (മസ്ജിദ് തകര്‍ത്ത് 10 ദിവസത്തിന് ശേഷം)

ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്കും വര്‍ഗീയ കലാപത്തിലേക്കും നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി, വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് എം.എസ് ലിബര്‍ഹാന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നു. കമ്മീഷന്‍ രൂപീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

1993 ജനുവരി 7: സര്‍ക്കാര്‍ അയോധ്യ ഭൂമി ഏറ്റെടുക്കുന്നു.
നരസിംഹറാവു സര്‍ക്കാര്‍ 67.7 ഏക്കര്‍ ഭൂമി (പള്ളി സമുച്ചയവും സമീപ പ്രദേശങ്ങളും) ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
പിന്നീട് അത് ഒരു നിയമമായി പാസാക്കി – ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിന് 1993ല്‍ അയോധ്യയിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുക്കല്‍ എന്ന പേരില്‍ അയോധ്യ ആക്ട് നടപ്പിലാക്കുന്നു.

1994: ഇസ്മായില്‍ ഫാറൂഖി വിധി
3:2 ഭൂരിപക്ഷത്തിന് സുപ്രീം കോടതി അയോധ്യ നിയമത്തിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭരണഘടനാ സാധുത വകവെച്ചുനല്‍കുന്നു.

ഇസ്ലാമില്‍ എന്തെങ്കിലും പ്രത്യേക പ്രാധാന്യമില്ലെങ്കില്‍ പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നത് ഇസ്ലാമിന്റെ അവിഭാജ്യമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. മസ്ജിദിനെ അവിഭാജ്യ ആരാധനാലയമായി കണക്കാക്കിയതിന് വിധി വിമര്‍ശിക്കപ്പെട്ടു. ഇസ്മായില്‍ ഫാറൂഖിക്കെതിരെ റിവ്യൂകളൊന്നും കോടതിയില്‍ ഫയല്‍ ചെയ്തില്ല.

2002 ഏപ്രില്‍: അയോധ്യയുടെ അവകാശ തര്‍ക്ക കേസ് ആരംഭിച്ചു
അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് അയോധ്യയുടെ അവകാശ തര്‍ക്കം വാദം കേള്‍ക്കാന്‍ തുടങ്ങി.

2003 മാര്‍ച്ച് – ഓഗസ്റ്റ്: പുരാവസ്തുക വകുപ്പ് സര്‍വേ
അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തര്‍ക്കഭൂമിക്ക് താഴെയുള്ള ഭൂമി ഖനനം ചെയ്യാന്‍ തുടങ്ങി. പത്താം നൂറ്റാണ്ടിലെ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സര്‍വേ അവകാശപ്പെടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) റിപ്പോര്‍ട്ടിനെ മുസ്ലീംകള്‍ ചോദ്യം ചെയ്യുന്നു.

2009 ജൂണ്‍ 30: ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
17 വര്‍ഷത്തെ കാലതാമസത്തിന് ശേഷം, അതിന്റെ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ലെങ്കിലും ലിബര്‍ഹാന്‍ കമ്മീഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

2010 സെപ്തംബര്‍ 30: അലഹബാദ് ഹൈക്കോടതി ഭൂമി മൂന്നായി വിഭജിച്ചു
ഹൈക്കോടതി തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച അതിന്റെ വിധി പുറപ്പെടുവിച്ചു. ഭൂമി മൂന്ന് കക്ഷികള്‍ക്കിടയില്‍ വിഭജിച്ചു: മൂന്നിലൊന്ന് സുന്നി വഖഫ് ബോര്‍ഡിനും മൂന്നിലൊന്ന് നിര്‍മോഹി അഖാഡയ്ക്കും മൂന്നിലൊന്ന് രാം ലല്ല വിരാജ്മാന്‍.

2010 സെപ്തംബര്‍ 30-ന് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ വിധിയില്‍ അയോധ്യയിലെ തര്‍ക്കഭൂമി 2:1 അനുപാതത്തില്‍ മുസ്ലീം, ഹിന്ദു വ്യവഹാരക്കാര്‍ക്കിടയില്‍ വിഭജിച്ചു.

നിലവില്‍ താല്‍ക്കാലിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബാബറി മസ്ജിദിന്റെ താഴികക്കുടമുള്ള ഭാഗം ഹൈക്കോടതി ഹിന്ദുക്കള്‍ക്ക് അനുവദിച്ചു. 1992 ഡിസംബര്‍ 6 ന് ഒരു സംഘം കര്‍സേവകര്‍ ഈ ഭാഗം തകര്‍ത്തിരുന്നു.
സമീപത്തുള്ള രാം ചബുത്രയും സീതാ രസോയിയും നിര്‍മോഹി അഖാരയിലേക്ക് ലഭിച്ചു. തര്‍ക്കഭൂമിയുടെ പുറം മുറ്റം ഉള്‍ക്കൊള്ളുന്ന മൂന്നിലൊന്ന് ഭാഗമാണ് സുന്നി വഖഫ് ബോര്‍ഡിന് ലഭിച്ചത്.

2011 മെയ്: അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു.

എല്ലാ കക്ഷികളും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഹൈക്കോടതി വിധിയെ ‘വിചിത്രം’ എന്നാണ് അഫ്തം, ആലം എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിശേഷിപ്പിച്ചത്.

2017 മാര്‍ച്ച് 21: മുന്‍ ചീഫ് ജസ്റ്റിസ് ഖെഹാര്‍, എല്ലാ കക്ഷികളും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു.

2017 ഓഗസ്റ്റ് 11: സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിഷയം കേള്‍ക്കാന്‍ തുടങ്ങി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ ജെജെ എന്നിവരും അടങ്ങുന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അപ്പീല്‍ വാദം കേള്‍ക്കാന്‍ തുടങ്ങി.

2018 ഫെബ്രുവരി – ജൂലൈ: 1994 ഇസ്മായില്‍ ഫാറൂഖി വിധി പുനഃപരിശോധിക്കാന്‍ 7 അംഗ ബെഞ്ചിന് സുപ്രീം കോടതി റഫര്‍ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.

2018 ജൂലൈ 20: സുപ്രീം കോടതി വിധി നിക്ഷിപ്തമാക്കി അപ്പീല്‍ ഒരു വലിയ ബെഞ്ചിലേക്ക് റഫര്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ എസ്.സി വിധി റിസര്‍വ് ചെയ്യുന്നു

2018 സെപ്റ്റംബര്‍ 2: ഒരു വലിയ ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
1994ലെ ഇസ്മായില്‍ ഫാറൂഖി വിധി വലിയ ബെഞ്ച് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് 2:1 വിധിന്യായത്തില്‍ മൂന്നംഗ ബെഞ്ച് വിധിച്ചു.

2019 ജനുവരി 8: ചീഫ് ജസ്റ്റിസ് ഗൊഗോയ് 5 ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുന്നു

ഗൊഗോയ് തന്റെ ഭരണപരമായ അധികാരം ഉപയോഗിച്ച് 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വിഷയം ലിസ്റ്റ് ചെയ്തു, 2018 സെപ്റ്റംബറിലെ വിധി റദ്ദാക്കി

2019 മാര്‍ച്ച് 8: സുപ്രീം കോടതി മധ്യസ്ഥതയ്ക്ക് ഉത്തരവിട്ടു.
രണ്ട് ദിവസത്തെ ഹിയറിംഗിന് ശേഷം, ചില പ്രധാന കക്ഷികളുടെ എതിര്‍പ്പ് അവഗണിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള മധ്യസ്ഥതയ്ക്ക് ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, യോഗ ഗുരുവും ആത്മീയ നേതാവുമായ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരടങ്ങുന്ന മധ്യസ്ഥ സമിതി രൂപീകരിച്ചു. തര്‍ക്കം പരിഹരിക്കുന്നതില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടു.

2019 നവംബര്‍ 9 സുപ്രീം കോടതിയുടെ അന്തിമ വിധി

തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം കോടതി രാം ലല്ല വിരാജ്മാന് നല്‍കി. മുസ്ലീം കക്ഷികളേക്കാള്‍ കൂടുതല്‍ അര്‍ഹത ഹിന്ദു കക്ഷികള്‍ക്കാണെന്നും കോടതി വിധിച്ചു. ബാബരി മസ്ജിദ് ഭൂമിയടക്കം ഹിന്ദു വിഭാഗത്തിന് സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചും അന്തിമ വിധിയായി.
ബാബരി മസ്ജിദ് സ്ഥിതി ചെയ്തിടത്ത ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പുരാവസ്തു സര്‍വേ റിപ്പോര്‍ട്ടില്‍ തെളിയിക്കാനായില്ലെന്നും 1949-ല്‍ മസ്ജിദിനുള്ളില്‍ ദൈവവിഗ്രഹം സ്ഥാപിച്ചതും 1992-ല്‍ പള്ളി തകര്‍ത്തതും നിയമവിരുദ്ധവും ക്രിമിനല്‍ പ്രവര്‍ത്തനവുമാണെന്നും കോടതി ഐക്യഖണ്ഡമായി സമ്മതിച്ചു.സുന്നി വഖഫ് ബോര്‍ഡിന് മസ്ജിദ് നിര്‍മിക്കാന്‍ പകരം സ്ഥലം നല്‍കാന്‍ കോടതി യു.പി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

2024 ജനുവരി 22

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹം പ്രതിഷ്ടിച്ചു.

 

വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

Related Articles