Current Date

Search
Close this search box.
Search
Close this search box.

ഈ യുദ്ധം ഹമാസിനെയല്ല, നെതന്യാഹുവിനെയാണ് ഇല്ലാതാക്കുക

ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ ക്രൂരമായ ആക്രമണം ആരംഭിച്ചത് മുതല്‍, മുനമ്പിലേക്കുള്ള വെള്ളം,വൈദ്യുതി, ആശുപത്രികളിലെ ജനറേറ്ററുകളിലേക്കുള്ള ഇന്ധനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും റദ്ദാക്കിയത് മുതല്‍, വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും നേരെയുള്ള ക്രൂരമായ ബോംബാക്രമണം ഉള്‍പ്പെടെ ഇസ്രായേല്‍ വ്യത്യസ്ത രൂപത്തിലുള്ള യുദ്ധക്കുറ്റങ്ങളാണ് ചെയ്തുകൂട്ടുന്നത്. ഇതുവരെയായി പതിനായിരത്തിനടുത്ത് പേര്‍ കൊല്ലപ്പെടുകയും 25000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇതിനുപുറമെ, 2,000-ത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്, കൂടാതെ ഗസ്സക്കാരെ ഗസ്സയുടെ വടക്ക് നിന്ന് തെക്കോട്ട് നിര്‍ബന്ധിതമായി മാറ്റുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. എന്നാല്‍ ഇസ്രായേല്‍ സുരക്ഷിത സ്ഥലമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തെക്കോട്ടേക്ക് പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ബോംബിടുകയാണ്. എന്നിരുന്നാലും ഇത്രയേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ബൈഡന്‍ ഭരണകൂടം വെടിനിര്‍ത്തലിനെ നിരസിക്കുകയാണ്. ദിവസേന യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് എന്നതിന് ചുവന്ന വരകള്‍ സ്ഥാപിക്കുന്നുമില്ല.

സെക്യൂരിറ്റി കൗണ്‍സിലിലെ കരട് വെടിനിര്‍ത്തല്‍ പ്രമേയത്തിനെതിരെ അമേരിക്ക രണ്ട് തവണ വീറ്റോ പ്രയോഗിച്ചു, ഗസ്സയില്‍ മാനുഷിക വെടിനിര്‍ത്തല്‍ വേണമെന്ന ജോര്‍ദാന്റെ കരട് പ്രമേയത്തെ എതിര്‍ത്ത് ഇസ്രായേലിനും ഏതാനും നാമമാത്ര രാജ്യങ്ങള്‍ക്കുമൊപ്പം അമേരിക്കയും വോട്ട് ചെയ്തു.

ഹമാസിന്റെ ഓപ്പറേഷന്‍ അല്‍-അഖ്സ ഫ്‌ളഡ് ആരംഭിച്ചതിന് പിന്നാലെ ഇസ്രായേല്‍ ഓപ്പറേഷന്‍ ‘വാള്‍സ് ഓഫ് അയണ്‍’ ഉപയോഗിച്ച് പ്രതികരിച്ചത് മുതല്‍, വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ച് താമസസ്ഥലങ്ങളില്‍ ബോംബെറിഞ്ഞും വീടുകള്‍ തകര്‍ത്തും കര അധിനിവേശത്തിനുള്ള തയ്യാറെടുപ്പിനായി ഗസ്സ മുനമ്പിന്റെ വടക്ക് നിന്നും ഫലസ്തീനികളെ തെക്കോട്ട് നിര്‍ബന്ധിതമായി മാറ്റുന്ന സൈന്യത്തിന്റെ നടപടിയെല്ലാം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്.

ഇസ്രായേല്‍ അധിനിവേശ സേന തങ്ങളുടെ യാഥാസ്ഥിതിക നിലപാടിന് എതിരായി ഒരു കര അധിനിവേശം നടത്തുമോ അതോ ഗസ്സയിലെ ഹമാസിന്റെ ഭരണം പിഴുതെറിയാനും ഹമാസിന്റെ പങ്കിനെ ദുര്‍ബലപ്പെടുത്താനും ക്ഷീണിപ്പിക്കാനുമുള്ള ഒരു ‘തന്ത്രം’ ആണോ എന്നതെല്ലാം ഒക്ടോബര്‍ ഏഴ് മുതല്‍ ഒരു ചോദ്യമായി അവശേഷിക്കുകയാണ്.

ഇസ്രായേലിന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ലഭിച്ച അഭൂതപൂര്‍വമായ പിന്തുണയും സഹാനുഭൂതിയും, ഇസ്രായേലിനെ അധിനിവേശം എന്നതില്‍ നിന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നതിലേക്ക് ആഖ്യാനം മാറ്റുന്നതില്‍ വിജയിക്കുകയും ഇസ്രായേലിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെയുള്ള ആക്രമണത്തെ ആസൂത്രിതമായ കൊലപാതകമെന്നും 1,400 ഇസ്രായേലികളെ കൊന്നൊടുക്കിയത് ഇസ്രായേല്‍ ഫലസ്തീനില്‍ ഒരു കരയുദ്ധം നടത്താന്‍ തീരുമാനിച്ചു എന്ന ആഖ്യാനത്തിലേക്കുമെത്തി. കരയുദ്ധത്തിന്റെ അനന്തരഫലങ്ങളും ചെലവുകളും ഒഴിവാക്കണമെന്നുള്ള എല്ലാ മുന്നറിയിപ്പുകളും അവഗണിച്ചായിരുന്നു. ഇത്, കഴിഞ്ഞ ആറ് വര്‍ഷമായി ഇസ്രായേല്‍ അതിന്റെ മുന്‍ യുദ്ധങ്ങളില്‍ ചെയ്തത് ഇതുതന്നെയാണ്.

2014ലെ നീണ്ട യുദ്ധസമയത്ത് പോലും പരിമിതമായ കര അധിനിവേശത്തില്‍ ഇസ്രായേലിന് കനത്ത നഷ്ടം സംഭവിച്ചിരുന്നു. ബന്ദി കൈമാറ്റ ഇടപാട് ചര്‍ച്ചകളും അമേരിക്കന്‍ സേനയുടെ അപൂര്‍ണ്ണമായ സാന്നിധ്യവും കാരണം കരയുദ്ധം മാറ്റിവയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ബൈഡന്റെ മുന്നറിയിപ്പിനിടെയും ഒരു മാസത്തിനടുത്തായ ഇസ്രായേലിന്റെ ആക്രമണം ക്രമേണ റോക്കറ്റാക്രമണം, വ്യോമാക്രമണം, കരയുദ്ധം, ഇന്റര്‍നെറ്റ് റദ്ദാക്കല്‍, ഉപരോധം അടക്കം ഏറ്റവും വലിയ ആക്രമണത്തിനാണ് ഗസ്സ വിധേയമായത്. പരിക്കേറ്റവരും രക്തസാക്ഷികളും ആശുപത്രികളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ഗസ്സ ഇരുട്ടില്‍ മുങ്ങുകയായിരുന്നു. കനത്ത ബോംബിങ്ങിന്റെ മറപിടിച്ച്, ഇസ്രായേല്‍ കരസേന ഗസ്സ മുനമ്പിന്റെ വടക്ക് ഭാഗത്തേക്ക് തന്ത്രപരമായി ടാങ്ക് നുഴഞ്ഞുകയറ്റവുമായി മുന്നേറുകയും ഒരു കര ആക്രമണത്തിന് വഴിയൊരുക്കുകയുമായിരുന്നു.

ഇസ്രായേല്‍ അടിയന്തര സര്‍ക്കാരും സൈനിക നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്‍, കരയുദ്ധത്തിന് സൈന്യം തയ്യാറല്ലെന്ന റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മത പാര്‍ട്ടിയുടെ നേതാവ് ചോര്‍ത്തിയിരുന്നു. ഇസ്രായേല്‍ സേന ഗസ്സയില്‍ പ്രവേശിച്ചതോടെ, സൈന്യം യുദ്ധത്തിന്റെ തുടക്കമോ യുദ്ധ തന്ത്രമോ പ്രഖ്യാപിച്ചില്ല. പകരം, അത് ‘സൈനിക പ്രവര്‍ത്തനത്തിന്റെ വിപുലീകരണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായി ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡ്‌സിന്റെ പ്രസ്താവനയില്‍ പറഞ്ഞത് ‘ഞങ്ങള്‍ ഇസ്രായേലി നുഴഞ്ഞുകയറ്റത്തെ നേരിടുകയാണ്’ എന്നാണ്.

അതേസമയം, സൗദി അറേബ്യയും ജോര്‍ദാനും പോലുള്ള അറബ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍, ഗസ്സയില്‍ ഇസ്രായേല്‍ കരയുദ്ധം വരുത്താവുന്ന അപകടവും, പ്രത്യാഘാതങ്ങളും, പശ്ചിമേഷ്യയുടെ സ്ഥിരതയിലുണ്ടകുന്ന ആഘാതത്തെക്കുറിച്ചും ഏകകണ്ഠമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗദി അറേബ്യയില്‍ വെച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയ 10 സെനറ്റര്‍മാരില്‍ ഒരാളായ റിച്ചാര്‍ഡ് ബ്ലൂമെന്റല്‍ സൗദി ഉദ്യോഗസ്ഥരും ഇസ്രായേല്‍ ഒരു കരയുദ്ധം ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്് ചെയ്തിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ ഒരു കരയുദ്ധം ആരംഭിക്കുന്നതിന്റെ നാശം അങ്ങേയറ്റം ഹാനികരമാണെന്നും അതിന്റെ ഫലം പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്ക് വിനാശകരമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ കരയുദ്ധം ആരംഭിക്കുന്നതിന്റെ ഫലം മാനുഷിക വിപത്തായിരിക്കുമെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ അല്‍ സഫാദിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കരയുദ്ധത്തില്‍ ഇസ്രായേലിന് വലിയ വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ എഴുത്തുകാരും ഗവേഷകരും മുന്നറിയിപ്പ് നല്‍കി. ഗസ്സയിലെ അധിനിവേശം ഇസ്രായേലിന് ഒരു ദുരന്തമായിരിക്കും. ഇതില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക അതിന്റെ സഖ്യകക്ഷിയോട് ആവശ്യപ്പെടണം. കാരണം അത് യു.എസിനെ പശ്ചിമേഷ്യയുടെ ചൂളയിലേക്ക് വലിച്ചിടും, അത് അപകടകരമായ സാഹസികതയാണ്.- വിവിധ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കരയുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളെക്കുറിച്ച് വിയോജിപ്പും വ്യത്യാസ്താഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. ഹമാസിനെ ദുര്‍ബലപ്പെടുത്തുകയും തളര്‍ത്തുകയും, അതിനെ ഉന്മൂലനം ചെയ്യുകയും ആണോ, ഗസ്സ തകര്‍ക്കുകയും അധിനിവേശത്തിലൂടെ പതിനായിരക്കണക്കിന് സാധാരണക്കാരെ കൊല്ലുകയോ അതോ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഫലസ്തീന്‍ അതോറിറ്റിക്ക് ഗസ്സയുടെ ഭരണം കൈമാറുകയോ ആണോ ലക്ഷ്യം ? ഇതാണ് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെടുന്നത്. ഗസ്സയുടെ നിയന്ത്രണം നേടിയതിന് ശേഷം അടുത്ത ദിവസത്തെ സാഹചര്യം എന്തായിരിക്കും? ഇത് അസാധ്യമായ ഒരു നടപടിയാണോ ? എന്നിങ്ങനെയുള്ള വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്.

സൈനിക പഠനത്തിന് ശേഷം ഹമാസിനും ഫലസ്തീന്‍ പ്രതിരോധ വിഭാഗങ്ങള്‍ക്കും എതിരെ ഇസ്രായേല്‍ ഒരു കരയുദ്ധം ആരംഭിച്ചു. ഇതിനെ ഒരു അസമമായ യുദ്ധം (സൈന്യത്തിനും സായുധ സംഘടനകള്‍ക്കും ഇടയില്‍) എന്നറിയപ്പെടുന്നു. ഒരു സാധാരണ സൈന്യവും ഇതുവരെ സായുധ സംഘടനകളെയോ സായുധ സംഘങ്ങളെയോ പരാജയപ്പെടുത്തിയിട്ടില്ല. 20 വര്‍ഷം താലിബാനെതിരെ പോരാടി അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയിട്ടും അമേരിക്ക താലിബാനെ പരാജയപ്പെടുത്തിയിട്ടില്ല. അതുപോലെ, ഉസാമ ബിന്‍ ലാദനെയും അയ്മന്‍ അല്‍ സവാഹിരിയെയും വധിച്ചിട്ടും അല്‍-ഖ്വയ്ദ പരാജയപ്പെട്ടില്ല, അബൂബക്കര്‍ അല്‍-ബാഗ്ദാദിയെ വധിച്ചിട്ടും ഐ.എസ് ഇല്ലാതായില്ല.

ഇസ്രായേലിനേക്കാള്‍ പതിന്‍മടങ്ങ് ശക്തരായ ഒരു മഹാശക്തി വിചാരിച്ചിട്ടും ഇത്തരം വിഭാഗങ്ങളെയും പോരാട്ട പ്രസ്ഥാനങ്ങളെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇസ്രായേലി അധിനിവേശ സേനയും ഇതിന് അപവാദമല്ല; അവരും വിജയിക്കുകയില്ല.

നെതന്യാഹുവിന്റെ സ്വേച്ഛാധിപത്യ അരാജകത്വ നേതൃത്വം അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടും. അദ്ദേഹത്തിന്റെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ പതനത്തിന് കാരണമാകും. സൈനിക, സുരക്ഷ, രഹസ്യാന്വേഷണ തലങ്ങളില്‍ പരാജയപ്പെട്ടതിന് അദ്ദേഹം വിചാരണയ്ക്ക് വിധേയമാവുകും ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യും. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും തീവ്രവാദ സര്‍ക്കാരിന്റെയും അന്ത്യമാകും. ഇതോടൊപ്പം അജയ്യമായ സൈനിക പടയുടെ സിദ്ധാന്തവും താഴെ വീഴും. നെതന്യാഹുവിന്റെ തോറ്റ സൈന്യം ഹമാസിനെ പരാജയപ്പെടുത്താത്തതിനാല്‍ അവര്‍ തന്നെയാണ് പരാജയപ്പെട്ടവര്‍.

അവലംബം: മിഡിലീസ്റ്റ് മോണിറ്റര്‍

 

അവലംബം: മിഡിലീസ്റ്റ് മോണിറ്റര്‍

വിവ: സഹീര്‍ അഹ്‌മദ്

Related Articles