Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി; മാധ്യമങ്ങള്‍ കാണാതെ പോയത്‌

erdogan.jpg

തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പു ഫലങ്ങള്‍ അപ്രതീക്ഷിതമാണെന്ന് പറയാതെ വയ്യ. മിഡിലീസ്റ്റിലെ വിവിധ പ്രശ്‌നങ്ങളില്‍ വേറിട്ട നിലപാടെടുത്തിട്ടുള്ള രാജ്യമായ തുര്‍ക്കിയില്‍ നടക്കുന്ന ഓരോ രാഷ്ട്രീയ ചലനങ്ങളും ലോകം ആകാംഷാ പൂര്‍വം വീക്ഷിക്കുന്നത് സ്വാഭാവികമാണ്. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജനാധിപത്യ മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരേടാണ് ‘എ.കെ’  പാര്‍ട്ടി ലോകത്തിന് കാണിച്ചുകൊടുത്തത്. അത്‌കൊണ്ടാണ് ഈജിപ്ഷ്യന്‍ ചിന്തകനായ ഫഹ്മി ഉവൈദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘എ.കെ. പാര്‍ട്ടിക്ക് സീറ്റുകള്‍ നഷ്ടമായെങ്കിലും ചരിത്രവും ജനാധിപത്യവും അവര്‍ സ്വന്തമാക്കി. സ്വതന്ത്ര തിരഞ്ഞെടുപ്പിന് അവസരം ഒരുക്കിക്കൊണ്ട് വ്യത്യസ്ത വീക്ഷണക്കാര്‍ക്ക് മത്സരിക്കാനും ജയിക്കാനും അവസരം ഒരുക്കിയ എ.കെ. പാര്‍ട്ടിയുടെ ജനാധിപത്യ ബോധത്തെ പ്രശംസിക്കാതെ വയ്യ.

എ.കെ. പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി പൂര്‍വ്വാധികം ശക്തിയോടെ പാര്‍ലമെന്റില്‍ എത്തുമെന്നും ഭരണ ഘടനാ ഭേദഗതികള്‍ അടക്കമുള്ള പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചത്. പക്ഷേ, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ കാര്യങ്ങല്‍ മാറി മറിഞ്ഞു. ഉര്‍ദുഗാനും എ.കെ പാര്‍ട്ടിയും ആഗ്രഹിച്ച തരത്തിലുള്ള ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 40% ത്തിലേറെ വോട്ടുകള്‍ നേടിയെങ്കിലും സീറ്റുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന 327 സീറ്റുകളില്‍ നിന്ന് (49.83% വോട്ട്) 258 സീറ്റുകളിലേക്കാണ് പാര്‍ട്ടി ചുരുങ്ങിയത്. വോട്ട് ശതമാനത്തില്‍ 8.96% കുറവാണുണ്ടായെങ്കിലും തുര്‍ക്കിയിലെ പ്രാതിനിധ്യ തിരഞ്ഞെടുപ്പ് രീതിയനുസരിച്ച് സീറ്റുകളുടെ എണ്ണം കുറയുകയായിരുന്നു. കുര്‍ദ് പാര്‍ട്ടിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(HDP) നേടിയ 13.12% വോട്ടാണ് കാര്യങ്ങളെ മാറ്റി മറിച്ചത്. 10% എന്ന കടമ്പ കടന്നാണ് HDP  പാര്‍ലമെന്റില്‍ എത്തിയത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളൊന്നും തന്നെ ഈ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നതും വസ്തുതയാണ്. പ്രമുഖ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (CHP) 25.95% വോട്ടുകളും 132 സീറ്റുകളുമാണ് ഈ തിരഞ്ഞെടുപ്പില്‍ നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ ഇതിനേക്കാള്‍ മികച്ച സീറ്റുകള്‍ നേടിയിരുന്നു(135 സീറ്റ്). 25.98% വോട്ടുകള്‍. മറ്റൊരു പ്രതിപക്ഷ കക്ഷിയായ നാഷലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (MHP) ഇപ്രാവശ്യം പ്രകടനം അല്‍പം മെച്ചപ്പെടുത്തി. 16.29% വോട്ടുകളാണ് അവര്‍ നേടിയത്. കഴിഞ്ഞ തവണ ഇത് 12.99% ആയിരുന്നു. കുര്‍ദുകളുമായി സമാധാന ചര്‍ച്ച നടത്തി അവരെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ഉര്‍ദുഗാന്റെയും എ.കെ. പാര്‍ട്ടിയുടെയും നിലപാടുകള്‍ക്കെതിരായ കുര്‍ദു വിരുദ്ധ വോട്ടുകളാണ് ഈ തീവ്രദേശീയ പാര്‍ട്ടിയുടെ സീറ്റ് വര്‍ദ്ധിക്കാന്‍ കാരണമായത്. ചുരുക്കത്തില്‍ കുര്‍ദ് പാര്‍ട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റങ്ങളുമുണ്ടായിരുന്നില്ലെങ്കില്‍ എ.കെ. പാര്‍ട്ടി ഇത്ര വലിയ സീറ്റ് ചോര്‍ച്ച ഉണ്ടാകുമായിരുന്നില്ല. നേരത്തെ കുര്‍ദു വോട്ടുകളുടെ ഒരു വിഭാഗം ഉര്‍ദുഗാന് ലഭിച്ചിരുന്നു. HDP യുടെ പാര്‍ലമെന്ററി പ്രവേശനം മുന്‍കൂട്ടി കണ്ട് മറ്റു തന്ത്രങ്ങള്‍ പയറ്റുന്നതില്‍ എ.കെ പാര്‍ട്ടി പരാജയപ്പെടുകയോ അമിതമായ ആത്മ വിശ്വാസം അവരെ അതിന് പ്രേരിപ്പിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകണം.

എ.കെ പാര്‍ട്ടിക്ക് വന്‍ വിജയം ലഭിക്കുമെന്ന അവരുടെ ആത്മവിസ്വാസത്തിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒരു പതിറ്റാണ്ടിലേറെ തുര്‍ക്കി ഭരിച്ച ഉര്‍ദുഗാനും പാര്‍ട്ടിയും നടത്തിയ വികസന പ്രവര്‍ത്തനങ്ങളും തുര്‍ക്കിയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സാമ്പത്തിക വളര്‍ച്ചയും വന്‍ ഭൂരിപക്ഷത്തോടെ തങ്ങളെ വീണ്ടും പാര്‍ലമെന്റില്‍ എത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. IMF ന്റെ കണക്കനുസരിച്ച് ലോകത്തിലെ 17-ാം സാമ്പത്തിക ശക്തിയാണ് ഇന്ന് തുര്‍ക്കി. നേരത്തെ ഇത് 111 ആയിരുന്നു. 2003 നെ അപേക്ഷിച്ച് ഇക്കാലയളവില്‍ GDP മൂന്ന് മടങ്ങായി വര്‍ദ്ധിച്ചു. കയറ്റുമതി 10 ഇരട്ടിയായി. IMF ല്‍ നിന്നും വാങ്ങിയ കടങ്ങള്‍ തിരിച്ചടച്ച് IMF ന് അങ്ങോട്ട് വായ്പ കൊടുക്കുന്ന സാമ്പത്തിക അഭിവൃദ്ധിയിലേക്ക് തുര്‍ക്കി മാറി. 2014 ല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസക്കാലയളവില്‍ തുര്‍ക്കി സന്ദര്‍ശിച്ചത് 31.5 മില്യണ്‍ ടൂറിസ്റ്റുകളാണ്. 25 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഇതുവഴി രാജ്യത്തിന് ലഭിച്ചത്. യൂറോപ്പിലെ ഏറ്റവും നല്ല വിമാന കമ്പിനിയായി തുടര്‍ച്ചയായി 3 തവണ തെരഞ്ഞെടുക്കപ്പെട്ടത് തുര്‍ക്കി ഏയര്‍ലന്‍സാണ്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവരുടെ എണ്ണത്തില്‍ ഉര്‍ദുഗാന്റെ ഭരണകാലത്ത് വലിയ വര്‍ദ്ധനവുണ്ടായി. കാര്‍ഷിക വ്യവസായിക രംഗങ്ങളില്‍ തുര്‍ക്കി നേടിയ വളര്‍ച്ച അത്ഭുതാവഹമാണ്. യൂറോപ്പടക്കമുള്ള ലോക മാര്‍ക്കറ്റുകളില്‍ മുന്തിയ ഇനം വ്യത്യസ്ത തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ഇന്ന് സര്‍വ സാധാരണമാണ്. റോഡുകള്‍, പാലങ്ങള്‍, മെട്രോ, ഏയര്‍പോര്‍ട്ട് തുടങ്ങിയ അടിസ്ഥാന വികസന നിര്‍മ്മാണ രംഗങ്ങളിലും തുര്‍ക്കി നേടിയത് അദ്ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ്. ആധുനിക തുര്‍ക്കിയുടെ 100-ാം വര്‍ഷം പൂര്‍ത്തിയാകുന്ന 2023 ല്‍ ലോകത്തെ വന്‍ ശക്തികളുടെ കൂട്ടത്തില്‍ തുര്‍ക്കിയെയും എത്തിക്കുക എന്നതാണ് ഉര്‍ദുഗാന്റെ സ്വപ്നം. ആയുധ നിര്‍മ്മാണ രംഗത്തും പടക്കപ്പല്‍ യുദ്ധവിമാന നിര്‍മ്മാണ മേഖലയിലും മത്സരിക്കാന്‍ ഇനി മുതല്‍ തുര്‍ക്കി ഉണ്ടാവുമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇസ്താംബൂളില്‍ മേയര്‍ ആയിരിക്കുന്ന കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനകീയ അംഗീകാരങ്ങള്‍ നേടിയപ്പോള്‍ തുര്‍ക്കി മുഴുവന്‍ ഞാന്‍ ഇസ്താംബൂള്‍ ആക്കുമെന്ന് അന്ന് പ്രഖ്യാപിച്ചത് 10 വര്‍ഷംകൊണ്ട് അദ്ദേഹം യാഥാര്‍ഥ്യമാക്കി. ഇങ്ങനെ തികച്ചും സുരക്ഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പോരാട്ടത്തിനിറങ്ങിയ എ.കെ പാര്‍ട്ടിക്ക് സംഭവിച്ച സീറ്റ് ചോര്‍ച്ച ആരേയും അമ്പരപ്പിക്കുന്നു.

ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ എന്നും പുറംപോക്കിലായിരുന്നു കുര്‍ദുകള്‍. അവരുടെ തീവ്രവാദ ഗ്രൂപ്പുകള്‍ തുര്‍ക്കി ഗവണ്‍മെന്റുമായി നിരന്തരം സംഘട്ടനത്തിലായിരുന്നു. പക്ഷേ, ഉര്‍ദുഗാന്‍ അവരെ സമാധാന ചര്‍ച്ചകള്‍ നടത്തി രാഷ്ട്രീയ മുഖ്യധാരയിലേക്ക് ക്ഷണിച്ചു. ബുള്ളറ്റിന് പകരം ബാലറ്റ് നല്‍കി അവരെ പാര്‍ലമെന്ററിയിലേക്ക് ക്ഷണിച്ച് എ.കെ. പാര്‍ട്ടിക്ക് ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് കുര്‍ദ് പാര്‍ട്ടിയാണെന്നത് വലിയ വൈരുധ്യം തന്നെ.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉര്‍ദുഗാന്റെയും എ.കെ. പാര്‍ട്ടിയുടെയും കടുത്ത വിമര്‍ശകനായിരുന്നു HDP നേതാവ് സലാഹുദ്ദീന്‍ ദമിര്‍ത്തസ് പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് ഉര്‍ദുഗാനെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ഈയിടെ നടത്തിയ അമേരിക്കന്‍ യാത്രക്ക് ശേഷമാണ് അദ്ദേഹം തീവ്ര ഉര്‍ദുഗാന്‍ വിരുദ്ധനായി മാറിയത് എന്ന് ശ്രദ്ധേയമാണ്. (ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ഫതഹുള്ള ഗുലന്‍ എന്ന ‘തൊരപ്പന്‍ ഗുലന്‍’ അമേരിക്കയില്‍ സ്ഥിരവാസിയാണ് എന്നുകൂടെ ഓര്‍ക്കുക) HDP യെ 10% എന്ന കടമ്പ കയറ്റിയാല്‍ അത് എ.കെ. പാര്‍ട്ടിക്ക് സീറ്റുകളുടെ കാര്യത്തില്‍ വലിയ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഉര്‍ദുഗാന്‍ വിരുദ്ധര്‍ നടത്തിയ ഒരുതരം ആസൂത്രിത നീക്കമായിരുന്നു HDP യുടെ അപ്രതീക്ഷിത വിജയം. ഇസ്താംബൂള്‍, അങ്കാറ തുടങ്ങിയ പല പ്രദേശങ്ങളിലും പ്രധാന പ്രതിപക്ഷമായ CHP തങ്ങളുടെ ചില വോട്ടുകള്‍ HDP ക്ക് അനുകൂലമായി മറിച്ചിരുന്നു. ഇത് തങ്ങളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് CHP നേതാവ് തന്നെ സമ്മതിച്ചിട്ടുണ്ട്. കുര്‍ദുകളുമായി ഒരു ബന്ധവുമില്ലാത്ത അലവികളും ഇപ്രാവശ്യം HDP ക്ക് അനുകൂലമായി വോട്ട് ചെയ്തതായി ലണ്ടന്‍ കേന്ദ്രമായ ‘അല്‍ ഖുദ്‌സുല്‍ അറബി’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉര്‍ദുഗാന്റെയും ബദ്ധവൈരികളായ (സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദും തുര്‍ക്കി പ്രതിപക്ഷ പാര്‍ട്ടിയായ CHP നേതാവ് കമാല്‍ ക്ലീതഷ്ദാര്‍ ഓഗ്‌ലുവും അലവി വംശജരാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ചോടിക്കുമെന്ന് ഇയാള്‍ പ്രഖ്യാപിച്ചിരുന്നു.) ക്രിസ്ത്യാനികളായ അര്‍മീനിയന്‍ വംശജരുടെ വോട്ട് HDP ക്ക് ലഭിച്ചു. HDP യുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ ‘ഭീകരാക്രമണവും’ പാര്‍ട്ടിക്ക് വോട്ട് കൂടാന്‍ സഹായിച്ചു. ചുരുക്കത്തില്‍ പറഞ്ഞാല്‍ HDP യെ നല്ല മാര്‍ജിനില്‍ പാര്‍ലമെന്റില്‍ എത്തിക്കുക എന്നത് ഉര്‍ദുഗാന്‍ വിമതരുടെ മുഖ്യ അജണ്ഡായിരുന്നു. ഇതിനിടയില്‍ ഇസ്‌ലാമിക പാര്‍ട്ടിയായ സഅദ് പാര്‍ട്ടി ഒരു മില്യണ്‍ അടുത്ത് നേടിയതും എ.കെ. പാര്‍ട്ടിക്ക് ക്ഷീണമായി.

ഇതോടൊപ്പം തുര്‍ക്കി പ്രതിപക്ഷ കക്ഷികളും ഉര്‍ദുഗാന്‍ വിരുദ്ധ ചേരിയിലുള്ള ചില രാഷ്ട്രങ്ങളും പ്രാദേശിക അന്തര്‍ദേശീയ മീഡിയകളും ഉര്‍ദുഗാനെതിരെ നടത്തിയ കടുത്ത ആക്രമണങ്ങളും ചെറിയൊരു ശതമാനം വോട്ടര്‍മാരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. പാര്‍ലമെന്ററി രീതിയില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യത്തെ മാറ്റുമെന്ന് ഉര്‍ദുഗാന്റെ പ്രഖ്യാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍ എതിരാളികള്‍ ഒരു പരിധിവരെ വിജയിച്ചു. 2023 ഓടുകൂടി തുര്‍ക്കിയെ ലോകത്തിലെ വന്‍ ശക്തിയാക്കണമെങ്കില്‍ നിരവധി ദൗര്‍ബല്യങ്ങളും ബാലാരിഷ്ടതകളും നിറഞ്ഞ നിലവിലെ പാര്‍ലമെന്ററി രീതി മാറ്റണമെന്ന് ഒരു പതിറ്റാണ്ടിലായി പ്രധാനമന്ത്രി കസേരയിലിരുന്ന ഉര്‍ദുഗാന് ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ തന്നെ ഫതഹുള്ള ഗുലാന്റെ ആശീര്‍വാദത്തോടെ ഉര്‍ദുഗാനെതിരെ മൂന്നോളം അട്ടിമറി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് രണ്ട് തവണ കാലാവധിയുള്ള അമേരിക്കന്‍ മോഡല്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ, പുതിയ ഖലീഫയാകാനുള്ള ഉര്‍ദുഗാന്റെ ഏകാധിപത്യ നീക്കമാണെന്ന് പ്രതിപക്ഷ കക്ഷികളും അന്താരാഷ്ട്ര മീഡിയകളും നിരന്തരം പ്രചരിപ്പിച്ചു. അത്‌പോലെ തന്നെ വൈറ്റ് ഹൗസിനെ വെല്ലുന്ന പുതിയ പ്രസിഡന്‍ഷ്യല്‍ വസതി നിര്‍മിച്ചത് ഉര്‍ദുഗാന്റെ ധൂര്‍ത്തായും എതിരാളികള്‍ ഉയര്‍ത്തി. (ഉര്‍ദുഗാന്‍ അത്രയും കാലം സാധാരണ ഫ്‌ലാറ്റിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ആഢംബരം ഇഷ്ടപ്പെടുന്ന വ്യക്തിയുമല്ല അദ്ദേഹം)

പക്ഷേ, ആധുനിക തുര്‍ക്കിയുടെ പുതിയ മുഖത്തിന് അനുയോജ്യമായ ആധുനിക രൂപത്തിലുള്ള പ്രസിഡന്‍ഷ്യല്‍ പാലസ് വേണമെന്നാണ് ഉര്‍ദുഗാന്റെ പക്ഷം. കൊട്ടാരത്തിന്റെ ചെലവിലേക്കാളേറെ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് അത്താതുര്‍ക്കിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന ഷങ്കായ(shankaya) കൊട്ടാരത്തില്‍ നിന്നും അത്താതുര്‍ക്കിന്റെ ഒരു ഫോട്ടോപോലും ഇല്ലാത്ത ഉസ്മാനിയ രീതിയില്‍ പണി കഴിപ്പിച്ച പുതിയ വസതിയിലേക്കുള്ള ഉര്‍ദുഗാന്റെ മാറ്റമാണ്. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള മാധ്യമ മത്സരത്തില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടി കുറച്ചെങ്കിലും പിന്നോട്ട് പോയിട്ടുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

തുര്‍ക്കിയിലെ തിരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ കക്ഷികളെ മാത്രമല്ല സന്തോഷിപ്പിച്ചത്. ഇസ്രായേല്‍, ഈജിപ്ത്, സിറിയ, ഇറാന്‍, യമനിലെ ഹൂഥി വിഭാഗം തുടങ്ങിയ ഉര്‍ദുഗാന്‍ വിരുദ്ധരെ ഒന്നടങ്കം സന്തോഷിപ്പിച്ചിട്ടുണ്ട്. ഇവരുടെ വാര്‍ത്താ വിശകലനങ്ങള്‍ കേട്ടാല്‍തോന്നും തുര്‍ക്കിയിലെ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയത് എ.കെ. പാര്‍ട്ടിക്കാണെന്ന്. ഉര്‍ദുഗാന്റെ ചെറിയ വീഴ്ചപോലും എത്രത്തോളം ആഘോഷിക്കപ്പെടുന്നു എന്നാണിത് കാണിക്കുന്നത്. അറബ് മീഡിലീസ്റ്റ് മേഖലയുടെ ഭാഗദേയം നിര്‍ണയിക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഉര്‍ദുഗാന്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകളാണ് ഇതിന് കാരണം. ഈജിപ്തിലെ പട്ടാള അട്ടിമറിക്കെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ടിരുന്ന ഉര്‍ദുഗാന്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ പശ്ചാത്യര്‍ കാണിക്കുന്ന കാപട്യത്തെ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. സര്‍മാന്‍ രാജാവ് അധികാരത്തില്‍ വന്നതിന് ശേഷം തുര്‍ക്കി, സൗദി, ഖത്തര്‍, അച്ചുതണ്ട് മേഖലയിലെ ശാക്തിക ചേരിയായി മാറിയിട്ടുണ്ട്. സിറിയ, യമന്‍, ഇറാഖ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ യോജിച്ച നിലപാടാണ് ഇവര്‍ക്കുള്ളത്. ഇത് ഈജിപ്തിനെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. യമനിലും സിറിയയിലും വരാന്‍ പോകുന്ന ഭരണ സംവിധാനങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്ഥാനം ലഭിക്കുമെന്ന് മനസ്സിലാക്കിയ ഈജിപ്ത് ഈ സഖ്യത്തിനെതിരെ നിലപാടുകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടിണ്ട്. ഈയടുത്ത് കൈറോയില്‍ നടന്ന സമാന്തര സിറിയന്‍ പ്രതിപക്ഷ സമ്മേളനം യഥാര്‍ത്ഥത്തില്‍ സൗദിയോടുള്ള വെല്ലുവിളിയായിരുന്നു. ബ്രദര്‍ഹുഡിനെ പങ്കെടുപ്പിച്ചുകൊണ്ട് യമനിലും സിറിയയിലും നടത്തുന്ന നടത്തുന്ന നീക്കങ്ങള്‍ ജനറല്‍ സീസിക്ക് തീരെ ദഹിച്ചിട്ടില്ല. ഈജിപ്ഷ്യന്‍ മീഡിയകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും തന്നെ ഇത് വ്യക്തമായി മനസ്സിലാകും. ഇറാനുമായി നല്ല ബന്ധം ഉള്ളതോടൊപ്പം തന്നെ സിറിയ, യമന്‍, ഇറാഖ് പ്രശ്‌നങ്ങളില്‍ ഇറാന്‍ നടത്തുന്ന തെറ്റായ വംശീയ മുഖമുള്ള നീക്കങ്ങളെ ഉര്‍ദുഗാന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ലിബിയയില്‍ സീസി പിന്തുണക്കുന്ന ഹഫ്തര്‍ എന്ന അട്ടിമറിക്കാരനായ ഖദ്ദാഫിയുടെ പഴയ ജനറലിന് എതിരെ ട്രിപ്പോളിയിലെ ഇസ്‌ലാമിസ്റ്റ് സ്വാധീനമുള്ള ഭരണകൂടത്തെയാണ് തുര്‍ക്കി പിന്തുണക്കുന്നത്. ആഭ്യന്തര യുദ്ധം തകര്‍ത്ത സോമാലിയയില്‍ സ്വന്തം ചെലവില്‍ തുര്‍ക്കി പുനര്‍ നിര്‍മ്മിക്കുകയാണ്. സുരക്ഷാ ഭീഷണികള്‍ അവഗണിച്ച് രണ്ടുതവണയാണ് ഉര്‍ദുഗാന്‍ സോമാലിയ സന്ദര്‍ശിച്ചത്. ഗസ്സ വിഷയത്തില്‍ തുര്‍ക്കിയുടെ ധീരമായ നിലപാടുകള്‍ സുവിദിതമാണല്ലോ. അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇറാഖില്‍ മാറി മാറി വന്ന ഭരണാധികാരികള്‍ അവിടെയുള്ള സുന്നി വംശജരോട് കടുത്ത അവഗണന കാണിക്കുകയും ക്രൂരമായ  വംശീയ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ഇറാന്‍ പാവയും കടുത്ത വംശീയ വാദിയുമായ നൂരി അല്‍ മാലികിയുടെ കാലത്ത് വംശീയ പീഡനങ്ങള്‍ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ഇറാഖ് വൈസ് പ്രസിഡന്റും സുന്നി നേതാവുമായ താരിഖ് അല്‍ ഹാഷിമിയെ ഭീകരവാദ കേസില്‍ പെടുത്തി വധശിക്ഷക്ക് വരെ വിധിച്ചു. ഇന്ന് ഇറാഖ് അനുഭവിക്കുന്ന  പ്രതിസന്ധിയുടെ പ്രധാന കാരണവും ഇതാണ്. ഈ വംശ വെറിയെ ഉര്‍ദുഗാന്‍ ശക്തമായി എതിര്‍ത്തു. ഇതാണ് ഇറാഖ്  ഭരണാധികരികള്‍ക്ക് അദ്ദേഹം അനഭിമതമാകാന്‍ കാരണം. ഇറാഖ. സിറിയ. യമന്‍. എന്നിവിടങ്ങളില ഇറാന്‍ തുടരുന്ന വംശീയ രാഷ്ട്രീയത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇറാനുമായി ശക്തമായ നയതന്ത്ര  വാണിജ്യ വ്യാപാര  ബന്ധങ്ങള്‍ തുടരുമ്പോള്‍  തന്നെയാണ് തുര്‍കി ഇറാന്റെ തെറ്റായ വിദേശ നയങ്ങളെ ചോദ്യം ചെയ്തത്. ഈയടുത്ത്  ഉര്‍ദുഗാന്‍ തെഹ്‌റാന്‍ സന്ദര്‍ശിച്ചപ്പോള്‍ ചില മുല്ലമാരും പാര്‍ലമെന്റ് അംഗങ്ങളും ഉര്‍ദുഗാനെ തെഹ്‌റാനില്‍ കാലുകുത്താന്‍ വിടരുത് എന്ന് വരെ ആക്രോശിച്ചിരുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ചുരുക്കത്തില്‍ പുതുതായി രൂപപ്പെട്ടുന്ന് ഏത് രാഷ്ട്രീയ മാറ്റങ്ങളും മേഖലയില്‍ ചെലുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വിമര്‍ശകര്‍ മറക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്. തുര്‍ക്കിയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടിയത് എ.കെ. പാര്‍ട്ടാണ്. ഈ ഇലക്ഷനിലും എതിരാളികള്‍ എ.കെ. പാര്‍ട്ടിയേക്കാള്‍ ബഹുദൂരം പിന്നിലാണ്. നാലാം സ്ഥാനത്ത് നിന്നുകൊണ്ട് വിജയിക്കുന്ന മട്ടില്‍ വീമ്പിളക്കുന്ന സലാഹുദ്ദീന്‍ ദമിര്‍താസും HDPയും സൗകര്യപൂര്‍വം മറക്കുന്ന പ്രധാന കാര്യം എ.കെ പാര്‍ട്ടി ഒഴികെ മറ്റൊരു പാര്‍ട്ടിയും കുര്‍ദ് പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ തീരെ താല്‍പര്യമില്ല എന്ന വസ്തുതയാണ്. നിലവിലെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ കുര്‍ദ് വിരുദ്ധരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ചട്ടുകമായാണ് HDP പെരുമാറുന്നത്. ഈ രാഷ്ട്രീയക്കളിയില്‍ ആത്യന്തികമായി നഷ്ടം നേരിടുക കുര്‍ദുകള്‍ തന്നെ ആയിരിക്കും. കുര്‍ദ് പ്രശ്‌നം സമാധാനമായി പരിഹരിക്കാന്‍ ഉര്‍ദുഗാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തെ പരാജയപ്പെടുത്തുക എന്ന തെറ്റായ ദൗത്യമാണ് അറിഞ്ഞോ അറിയാതെയോ സലാഹുദ്ദീന്‍ ദമിര്‍സ് ഏറ്റെടുത്തിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മറ്റൊരു കാര്യം എ.കെ പാര്‍ട്ടിയല്ലാത്ത മറ്റൊരു പാര്‍ട്ടിക്കും തുര്‍ക്കിയില്‍ സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. ആശയപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന കക്ഷികള്‍ ഭരണം കിട്ടാന്‍ ഒരുമിച്ചാല്‍ തന്നെയും അതിന് ദിവസങ്ങളും മാസങ്ങളും ആയുസ് മാത്രമേ ഉണ്ടാകൂ. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ ഓഹരി വിപണി തകര്‍ന്നതും ലിറയുടെ മൂല്യമിടിഞ്ഞതും നിക്ഷേപകരെ ഭീതിയിലാക്കിയിട്ടുണ്ട്. ഈ അസ്ഥിരത തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എ.കെ പാര്‍ട്ടിയെ വീണ്ടും തിരിച്ചെടുക്കേണ്ടിവരും. നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുവന്ന വ്യക്തിയാണ് ഉര്‍ദുഗാന്‍. ഉസ്മാനിയ ഖിലാഫത്തിന് വേണ്ടി റഷ്യന്‍ അര്‍മേനിയ സേനക്കെതിരെ പോരാടി രക്തസാക്ഷിയായ ത്വയ്യിബിന്റെ പേരക്കുട്ടിയായ ഉര്‍ദുഗാന്‍ തീയില്‍ കുരുത്ത പോരാളിയാണ്. ധീരനായ യുവാവ് എന്നാണ് ഉര്‍ദുഗാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ഗാര്‍ഡിയന്‍ പത്രം പോലും വിശേഷിപ്പിച്ചത് ഒരിക്കലും കീഴടങ്ങാത്ത പോരാളിയാണ് ഉര്‍ദുഗാന്‍ എന്നാണ്.

Related Articles