Current Date

Search
Close this search box.
Search
Close this search box.

ടീസ്റ്റ സെറ്റല്‍വാദ് ഓര്‍മ എഴുതുന്നു

Teesta-Setalvad.jpg

ഗുജറാത്തി കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, കൃത്യമായി പറഞ്ഞാല്‍ ഗുജറാത്തി വക്കീല്‍ കുടുംബത്തില്‍. ബോംബെയിലേക്ക് കുടിയേറിവരാണ് ഞങ്ങളെങ്കിലും, ഗുജറാത്ത് എല്ലായ്‌പ്പോഴും എന്റെ ഒരു ഭാഗം തന്നെയായിരുന്നു. വക്കീലുമാരെ കൊണ്ട് ചുറ്റും നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. എന്റെ അച്ഛന്‍ അതുല്‍ ഒരു വക്കീലായിരുന്നു. ഹൈകോടതിയുമായി ബന്ധപ്പെട്ട ജോലികളുടെ ഭാഗമായി അദ്ദേഹം ചിലപ്പോള്‍ ഗുജറാത്ത് സന്ദര്‍ശിക്കും. അമ്മ ഞങ്ങളെയും (എന്റെ സഹോദരി അമിലിയെയും എന്നെയും) കൂടെ കൊണ്ടുപോകും. പൗരാണിക നഗരത്തിലെ വസ്ത്ര മൊത്തക്കച്ചവട മാര്‍ക്കറ്റായ ദല്‍ഘര്‍വാദ് അമ്മയുടെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. അഹ്മദാബാദിലെ സ്വാദിഷ്ട ഭക്ഷണങ്ങള്‍ രുചിച്ചറിയാന്‍ ഞങ്ങള്‍ കൂടെയുണ്ടാവുമ്പോള്‍ അച്ഛന്‍ ഒരിക്കലും മറക്കാറില്ല.

ശുദ്ധ നോണ്‍-വെജിറ്റേറിയനായ അച്ഛന്‍, പ്രശസ്തമായ അഹ്മദാബാദ് നഗരത്തിലെ കച്ചാ സമൂസ വാങ്ങാതെ ഒരിക്കല്‍ പോലും വീട്ടിലേക്ക് മടങ്ങിയിട്ടില്ല. മട്ടണ്‍ ഇറച്ചി നിറച്ച, പച്ചമുളകും, ഉള്ളിയും, പുതിനയിലകളും ചെറുതായി അരിഞ്ഞിട്ട സ്വാദിഷ്ടമായ വിഭവമാണ് കച്ചാ സമൂസ.

പിന്നീട് ദി ഡെയ്‌ലിക്കും, ഇന്ത്യന്‍ എക്‌സ്പ്രസ്സിനും, ബിസിനസ്സ് ഇന്ത്യക്കും വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനായി വളരെ കാലത്തിന് ശേഷം വീണ്ടും ഗുജറാത്തിലേക്ക് വരേണ്ടി വന്നപ്പോള്‍ ആ പഴയ ഗുജറാത്ത്- വക്കീലുമാരുടെയും, വസ്ത്ര മാര്‍ക്കറ്റുകളുടെയും, സമൂസകളുടെയും ഗുജറാത്ത്- അവിടെയുണ്ടായിരുന്നില്ല. 1991 ജൂലൈ മാസത്തില്‍, ഗുജറാത്തിലെ വ്യവസ്ഥാപിതമായ വര്‍ഗീയ സംഘട്ടന പരമ്പരകളെ കുറിച്ച് ഞാനൊരു റിപ്പോര്‍ട്ട് തയ്യാറാക്കി. ആ സമയത്താണ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ അന്തരീക്ഷത്തില്‍ ഭീഷണിയുടെ ഓളങ്ങള്‍ സൃ്ഷ്ടിച്ചു കൊണ്ട് ബി.ജെ.പി രഥയാത്ര നടത്തുന്നത്. സംസ്ഥാനത്തെ ആറോ ഏഴോ നഗരങ്ങള്‍ ആ സമയത്ത് ഞാന്‍ സന്ദര്‍ശിച്ചു. ഇന്റര്‍സിറ്റി ട്രെയ്‌നുകളിലായിരുന്നു ആ യാത്രകള്‍. ആ ട്രെയിന്‍ യാത്രകളില്‍ ഒരിക്കല്‍ ഒരാളുമായി നടത്തിയ സംഭാഷണം ഇന്നും എന്റെ ഓര്‍മയിലുണ്ട്.

അതൊരു ഗുജറാത്തി ഹിന്ദു ബിസിനസുകാരനായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടും, ഹിന്ദു രാഷ്ട്രത്തോടും കൂറു പുലര്‍ത്തുന്ന അക്രമാസക്ത സംഘടനകള്‍ക്ക് വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയില്‍ അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു. പോരാടാനും, കൊല്ലാനും ഗുജറാത്തികളുടെ മനസ്സിലുണ്ടായിരുന്ന ഭയം ആ സംഘടനകള്‍ നീക്കം ചെയ്തു. ‘അതൊരു നല്ല കാര്യം തന്നെയാണ്’ അദ്ദേഹം പറഞ്ഞു. ‘ന്യൂനപക്ഷ ശത്രുക്കള്‍ക്കെതിരെ’ ആയുധമെടുക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നത്.

1991-ല്‍, ബിസിനസ്സ് ഇന്ത്യക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്ന സമയത്ത് നടന്ന മറ്റൊരു സംഭവം ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. എന്റെ അച്ഛന്‍ അതുലിന്റെ നിര്‍ദ്ദേശ പ്രകാരം അഹ്മദാബാദില്‍ നിന്നും പ്രശസ്തമായ മട്ടണ്‍ സമൂസകളും വാങ്ങി എനിക്ക് ബോംബെയിലേക്ക് വണ്ടി കയറേണ്ടതുണ്ടായിരുന്നു. അതിന് മുമ്പ് അഹ്മദാബാദിലെ റഊഫ് വലിയുള്ളയുമായി അവസാന അഭിമുഖം ഉണ്ടായിരുന്നു. മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ബിസിനസ്സ് രംഗം, തൊഴില്‍ രംഗത്തും, മറ്റു വിദഗ്ദമേഖലകളിലുമുള്ള മുസ്‌ലിം സമുദായത്തിന്റെ സംഭാവനകള്‍ എന്തോ വലിയ ‘കുറ്റകൃത്യമായി’ മുദ്രകുത്തപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അത് എങ്ങനെയെന്ന് ഉദാഹരണ സഹിതം റഊഫ് സാഹിബ് വിശദീകരിക്കുകയുണ്ടായി. ഗുജറാത്തിലെ പ്രൊഫഷണലുകള്‍ക്കും, കലാകാരന്‍മാര്‍ക്കും, അക്കാദമിക്കുകള്‍ക്കും ഇടയില്‍ ഒരുപാട് മുസ്‌ലിംകള്‍ എന്ന വസ്തുത നിലനില്‍ക്കെ തന്നെ, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കുപ്രസിദ്ധനായ കള്ളക്കടത്തുകാരന്‍ ലോധ് അബ്ദുല്‍ ലത്തീഫിന് പിന്തുണ നല്‍കുന്നത് (ജയിലില്‍ കിടക്കുന്ന സമയത്ത് പോലും തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ള കക്ഷിയാണ് അബ്ദുല്‍ ലത്തീഫ്) മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ അപമാനിക്കാനുള്ള ഒരു എളുപ്പവഴിയായി മാറിയിട്ടുണ്ട്. ഔദാര്യത്തിന് പകരം, അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ കെല്‍പ്പുള്ള ചോദ്യം ചെയ്യുന്ന, യുക്തിഭദ്രമായി ചിന്തിക്കുന്ന ഒരു നേതൃത്വം മുസ്‌ലിംകള്‍ക്ക് ഉണ്ടാവണമെന്ന് റഊഫ് സാബ് അതിയായി ആഗ്രഹിച്ചിരുന്നു. ഗുജറാത്തിന്റെ നഗര ജീവിതത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ എന്നെ സഹായിച്ച ദീര്‍ഘവും, അമൂല്യവുമായ ഒരു സംഭാഷണമായിരുന്നു അത്.

അഭിമുഖം കഴിഞ്ഞ് മടങ്ങുമ്പോള്‍, എനിക്ക് കുറച്ച് ബേര സമൂസകള്‍ വേണമെന്ന് പറഞ്ഞപ്പോള്‍ റഊഫ് സാബ് ആകെ അത്ഭുതപ്പെട്ടു: സമൂസകളെ ഇഷ്ടപ്പെടുകയും, അറിയുകയും ചെയ്യണമെന്നുണ്ടെങ്കിലും ഞാനൊരു യഥാര്‍ത്ഥ അഹ്മദാവാദി തന്നെയായിരിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് ശേഷം ബി.ബി.സിയുമായി അദ്ദേഹത്തിന് അഭിമുഖമുണ്ടായിരുന്നു. ഞാന്‍ വിമാനത്താവളത്തിലേക്ക് പോയി. അഹ്മദാബാദില്‍ നിന്നും ബോംബെയിലേക്ക് കേവലം 40 മിനുട്ട് മാത്രമാണ് വിമാനയാത്ര. വിമാനമിറങ്ങി വീട്ടിലെത്താന്‍ 20 മിനുട്ട്. വീട്ടിലെത്തി കുറച്ച് കഴിയുമ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു. റഊഫ് സാബ് വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് ഫോണിന്റെ മറുതലക്കല്‍ എന്നെ കാത്തിരുന്നത്.

വാര്‍പ്പു മാതൃതകളെ വെല്ലുവിളിക്കുകയും, കാര്യങ്ങളുടെ വഴിവിട്ട പോക്കിനെ എതിര്‍ക്കുകയും ചെയ്ത ശാന്തവും, മൃദുലവുമായ ഒരു ശബ്ദം പോലും വെച്ചുപൊറുപ്പിക്കാന്‍ അവര്‍ ഒരുക്കമല്ല എന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്.

ഗുജറാത്തിലും, ഗുജറാത്തി സമൂഹത്തിലും എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ പറ്റിയുള്ള വിശാലമായ ബോധ്യം ലഭിച്ചത് റൗഫ് സാബുമായുള്ള സംസാരത്തില്‍ നിന്നും, മറ്റു അനുഭവങ്ങളില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നുമാണ്. ഇത് എന്റെ മനസ്സിനെ ഗുജറാത്തിലെ വിഷയങ്ങളില്‍ തന്നെ ഉറപ്പിച്ചു.  ആദ്യം സൂചിപ്പിച്ച ബിസിനസ്സുകാരന്റെ വാക്കുകള്‍ക്കും റൗഫ് സാബിന്റെ മരണത്തിനും ഇടയില്‍, ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ ശക്തമായ അടിയൊഴുക്ക് ഞാന്‍ കണ്ടെത്തി. ആ സമയത്ത് രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ വികാരം എല്ലാം കൊണ്ടും ശക്തവും, അക്രമാസക്തവുമായിരുന്നു.

ഗുജറാത്താണ് എന്റെ പൈതൃകം. സെറ്റില്‍വാദുകാര്‍ എങ്ങനെയാണ് അംദാവാദിന്റെ പ്രാദേശികതയില്‍ നിന്നും ബോംബെയുടെ കോസ്‌മോപൊളിറ്റാനിസത്തിലേക്ക് എത്തിയത് എന്നതിനെ സംബന്ധിച്ച് ഒരു ജനകീയ കുടുംബ ആഖ്യാനത്തില്‍ കാണാന്‍ കഴിയും. ഗുജറാത്തിയേക്കാള്‍ നന്നായി മറാത്തി സംസാരിക്കുമെങ്കിലും ഗുജറാത്തി എനിക്ക് പരിചിതം തന്നെയാണ്. അതിന് എന്റെ അച്ഛമ്മ വിമല സെറ്റില്‍വാദിനോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. അവര്‍ ഒരു ചെറുകഥാകാരി കൂടിയാണ്. ഗുജറാത്തി ഭാഷയുമായുള്ള ഈ പരിചയം, 2002-ലെ കൂട്ടക്കൊലകളുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളും, എഫ്.ഐ.ആറുകളും പരിശോധിക്കുന്ന സമയത്ത് എനിക്കൊരു മുതല്‍ക്കൂട്ടായി മാറുക തന്നെ ചെയ്തു.

1990-കളിലെ പ്രകടമായ മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ കാരണങ്ങളില്‍ ഒരു ഭാഗം 1980-കള്‍ മുതലുള്ള ആര്‍.എസ്.എസിന്റെയും, വിശ്വഹിന്ദു പരിഷത്തിന്റെയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും.  ഹിന്ദു മധ്യവര്‍ഗത്തിന്റെയും, ഹിന്ദു തൊഴിലാളി വര്‍ഗത്തിന്റെയും വികാരം ഇളക്കി വിടാന്‍ ഉതകുന്ന തരത്തിലുള്ള എല്ലാവിധ വിദ്വേഷപ്രചാരണങ്ങളിലും ആര്‍.എസ്.എസ്സും വി.എച്ച്.പിയും ഏര്‍പ്പെട്ടു. ബോറകളുടെയും ഖോജകളുടെയും ബിസിനസ്സ് വിജയത്തില്‍ അവര്‍ കൈവെച്ചു (സംസ്ഥാനത്തെ ആകെ മുസ്‌ലിം ജനസംഖ്യയില്‍ 10 ശതമാനം മാത്രം വരുന്ന ഒരു വിഭാഗമാണ് ഖോജകള്‍). കാരണം അവര്‍ക്ക് ബിസിനസ്സ് രംഗത്ത് വ്യക്തമായ മേധാവിത്തം ഉണ്ടായിരുന്നു. അവരുടെ ബിസിനസ്സ് വിജയം മറ്റുള്ളവര്‍ക്ക് അവരോട് സാമൂഹികവും രാഷ്ട്രീയവുമായ അസൂയ ഉണ്ടാവുന്നതിന് കാരണമായി. ഇതൊരു കാരണമാണെങ്കിലും മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ വളര്‍ച്ചയെ വിശദീകരിക്കാന്‍ അത് പര്യാപ്തമല്ല.

2000 ഏപ്രില്‍ മാസത്തില്‍, ഈ സാംസ്‌കാരിക വ്യതിചലനത്തിന് കൂടുതല്‍ മികച്ച ഒരു വിശദീകരണം നല്‍കി കൊണ്ട് കമ്മ്യൂണിസം കോംബാക്റ്റില്‍ (ഞാനും ജാവേദും കൂടി 1993-ല്‍ തുടങ്ങിയ ജേണല്‍) ഞാനൊരു സ്‌റ്റോറി പ്രസിദ്ധീകരിച്ചു. ‘ഫാസിസത്തോട് മുഖാമുഖം’ എന്നായിരുന്നു തലക്കെട്ട്. അധികാരത്തിന്റെ ദുരുപയോഗത്തെ കുറിച്ചും, ആര്‍.എസ്.എസ്-വി.എച്ച്.പി തെമ്മാടികളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമുള്ള വിശദവിവരങ്ങള്‍ അതിലൂടെ പുറത്ത് വന്നു. ആ ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം ഇവിടെ കൊടുക്കുന്നു:

‘അഹിന്ദുക്കളുടെ ഒട്ടുമിക്ക അവധിദിവസ-ആഘോഷപരിപാടികളും അഹ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റദ്ദാക്കി. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ദുഃഖവെള്ളിയാഴ്ച്ച അവധി പുനഃസ്ഥാപിച്ചത്. അഹ്മദാബാദ് സിറ്റിയിലുള്ള അനവധി സ്‌കൂളുകളില്‍ (വിശ്വഭാരതി, നവ്ജീവന്‍, കര്‍മശീല, ജെ.പി ഹൈ, ബി.ആര്‍ സൊമാനി, പ്രകാശ് ഹൈസ്‌കൂള്‍ എന്നിവ ഉദാഹരണം) പഠിക്കുന്ന മുസ്‌ലിം കുട്ടികള്‍ ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും സ്ഥിരമായി പരീക്ഷ എഴുതേണ്ട ഗതികേടിലാണുള്ളത്; മുസ്‌ലിം അധ്യാപകര്‍ക്ക് പരീക്ഷയുടെ ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനും സാധിക്കില്ല! ഹിന്ദു മാനേജ്‌മെന്റിന് കീഴിലുള്ള വി.ആര്‍ സൊമാനി, ഭക്ത് വല്ലഭ് സ്‌കൂളുകളില്‍, 95 ശതമാനവും മുസ്‌ലിം കുട്ടികളാണ് പഠിക്കുന്നത്, അധ്യാപകരാവട്ടെ ഹിന്ദുക്കളും. വിദ്യാര്‍ത്ഥികളിലേക്കെത്താനായി അധ്യാപകര്‍ നൂതനമായ ഒരു മാര്‍ഗം തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്: അവര്‍ കേവലം പഠിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്.

ഈ വര്‍ഷം മാര്‍ച്ച് 17-ലെ വലിയ പെരുന്നാളിനെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലേത് പോലെ തന്നെ, ആര്‍.എസ്.എസ്-ബി.ജെ.പി-വി.എച്ച്.പി സഖ്യം ശരിക്കും ഉപയോഗപ്പെടുത്തി. മുസ്‌ലിം ന്യൂനപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനായി ബോധപൂര്‍വ്വം തന്നെയാണ് അവര്‍ ആ സമയത്ത് ഗോ രക്ഷാ നിയമം കൊണ്ടുവന്നത്. നിയമത്തിലെ വകുപ്പുകളെ കുറിച്ച് എല്ലാ പൗരന്‍മാരോടും ബോധവാന്‍മാരാകാന്‍ പോലിസ് കമ്മീഷണറും, മുന്‍സിപ്പല്‍ കമ്മീഷണറും ഉണര്‍ത്തി. പോലിസിന് വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍മാരായി പ്രവര്‍ത്തിക്കാന്‍ വി.എച്ച്.പിക്കാരും ബംജ്‌റംഗ് ദള്‍ അംഗങ്ങളും തീരുമാനിച്ചു.

നിയമലംഘനം പോലിസാണ് കൈകാര്യം ചെയ്യുക എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടുണ്ടായിരുന്നെങ്കിലും, ബലിയറുക്കാന്‍ മൃഗങ്ങളെ കൊണ്ടുപോകുന്ന മുസ്‌ലിംകളെ അഹമദാബാദില്‍ വി.എച്ച്.പിക്കാര്‍ ബലംപ്രയോഗിച്ച് തടഞ്ഞു. മാര്‍ച്ച 15-ന് രാത്രി നടന്ന ഇത്തരമൊരു സംഭവത്തില്‍, ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ തലനാരിഴക്കാണ് വി.എച്ച്.പിക്കാരുടെ വാളിന്‍ത്തുമ്പില്‍ നിന്നും ലാത്തിയില്‍ നിന്നും രക്ഷപ്പെട്ടത്.

പക്ഷെ മറ്റൊരു മുസ്‌ലിം കുട്ടിയായ യാസിന്‍ മുഹമ്മദിനെ വി.എച്ച്.പി സംഘം കത്തിയും വാളും കൊണ്ട് ആക്രമിച്ചു. കാരണം വളരെ ലളിതമായിരുന്നു, അവന്റെ ബൈക്കിന്റെ പിറകില്‍ ഒരു കെട്ട് പുല്ലുണ്ടായിരുന്നത്രെ. യാസിന്‍ മുഹമ്മദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലിസ് കൊലപാതകം തടയുന്നതിന് വേണ്ടി ഒന്നും ചെയ്തില്ല. ഇത് ദരിയാപൂരില്‍ മുസ്‌ലിംകളും, ഹിന്ദുക്കളും സംഘടിക്കുന്നതിനും, വര്‍ഗീയ സംഘട്ടനത്തിനും കാരണമായി. കൊലപാതകം നടക്കുന്ന സമയത്ത് രാജേന്ദ്ര വ്യാസ് എന്ന വി.എച്ച്.പി പ്രവര്‍ത്തകന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ഇപ്പോഴിലാത നാം ഗോ രക്ഷകരുടെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നതെല്ലാം 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച കാര്യങ്ങളാണ്. അവിടെ വെച്ചാണ് ഇന്നത്തെ ഈ ഗോരക്ഷകര്‍ കൃത്യമായി ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളില്‍ ബിരുദം നേടിയത്.

(ടീസ്റ്റ സെറ്റല്‍വാദിന്റെ ‘Foot soldier of the constitution: A Memoir’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചെറിയ ഭാഗം.)

മൊഴിമാറ്റം: irshad shariathi

Related Articles