Current Date

Search
Close this search box.
Search
Close this search box.

ഗസ്സയെ കടലില്‍ മുക്കാനൊരുങ്ങുന്ന ഈജിപ്ത്

gazza.jpg

ഗസ്സ മുനമ്പിനും സീനായ് ഉപദ്വീപിനും ഇടക്കുള്ള ഫലസ്തീന്‍-ഈജിപ്ത് അതിര്‍ത്തി പ്രദേശത്ത് കൂടെ നടക്കുക എന്നത് ഇന്ന് വളരെയധികം അപകടം പിടിച്ച ഒരു സാഹസികകൃത്യം തന്നെയാണ്. പ്രദേശത്ത് ഈജിപ്ഷ്യന്‍ സൈന്യം കടല്‍വെളളം പമ്പ് ചെയ്ത് നിറച്ചതിന്റെ ഫലമായി രൂപപ്പെട്ട ഏതെങ്കിലുമൊരു ഗര്‍ത്തത്തില്‍ നിങ്ങള്‍ ചെന്ന് പതിക്കാന്‍ സാധ്യതയുണ്ട്.

അതിര്‍ത്തിയിലുടനീളം കടല്‍ വെള്ളം പമ്പ് ചെയ്യുന്നതിനായി വലിയ വെള്ളപൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സീനായിലെ ഈജിപ്ഷ്യന്‍ സൈനികരെ ആക്രമിക്കാന്‍ ഭീകരവാദികള്‍ ഉപയോഗിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ‘കള്ളകടത്ത് തുരങ്കങ്ങള്‍’ തകര്‍ക്കാനാണത്രെ പ്രദേശത്തേക്ക് കടല്‍വെള്ളം പമ്പ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഗസ്സയുടെ ‘ജീവനാഢി’യാണ് ഈ തുരങ്കങ്ങള്‍. 2007-മുതല്‍ക്ക് ഗസ്സയുടെ മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ മറികടന്ന്, ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മരുന്നും, ഭക്ഷണവുമടക്കമുള്ള അവശ്യസാധനങ്ങള്‍ ഗസ്സയിലേക്ക് എത്തിക്കുന്നത് ഈ തുരങ്കങ്ങള്‍ വഴിയാണ്. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 2013 ജൂലൈ 30-ന് ഈജിപ്ഷ്യന്‍ പട്ടാളം അട്ടിമറിച്ചതോടെ ഗസ്സക്ക് മേലുള്ള ഉപരോധം കൂടുതല്‍ ശക്തിപ്പെട്ടു. അധികാരം പിടിച്ചെടുത്ത ഉടനെതന്നെ റഫാ അതിര്‍ത്തി അടച്ചുപൂട്ടിയ പട്ടാളം, തുരങ്കങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

അതിര്‍ത്തിയിലെ സുരക്ഷാത്താവളങ്ങളില്‍ ഒന്നിലാണ് ഫലസ്തീനിയന്‍ നാഷണല്‍ സര്‍വ്വീസ് മൂവ്‌മെന്റ് അംഗമായ അബ്ദുറഹ്മാന്‍ അലി സേവനമനുഷ്ടിക്കുന്നത്. മണ്ണിനടിയില്‍ നിന്നും കടല്‍വെള്ളം പുറത്തേക്ക് കുതിച്ചൊഴുകുന്നത് കണ്ടപ്പോഴുണ്ടായ അമ്പരപ്പ് അദ്ദേഹം വിശദീകരിച്ചു.

‘അഞ്ച് ആഴ്ച്ചകള്‍ക്ക് മുമ്പാണ് ആദ്യമായി ഇതെന്റെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് മണ്ണിനടിയില്‍ നിന്നും വെള്ളം ഒരു അരുവിപോലെ പുറത്തേക്കൊഴുകുന്നത് ഞങ്ങള്‍ കണ്ടത്. ശരിക്കും ഞങ്ങള്‍ ഞെട്ടിപ്പോയി.’

വെള്ളം രുചിച്ചു നോക്കിയപ്പോഴാണ് ശുദ്ധജലമല്ല, മറിച്ച് അത് ഉപ്പുവെള്ളമാണെന്ന് ബോധ്യപ്പെട്ടത്. തുരങ്കങ്ങള്‍ വെള്ളം നിറച്ച് നശിപ്പിക്കാനായി ഈജിപ്ഷ്യന്‍ അധികൃതര്‍ പൈപ്പുകള്‍ സ്ഥാപിച്ച വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല.

‘ഞാന്‍ ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുകയും, വിവരമറിയിക്കുകയും ചെയ്തു. വിദഗ്ദര്‍ സ്ഥലത്തെത്തി. മറ്റിടങ്ങളിലും ഇത്തരം ജല ഉറവകള്‍ കണ്ടത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി.’

ഒരു തുരങ്കത്തിന്റെ ഉടമയായ അബൂ ലുആയ്, തന്റെ തുരങ്കത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു. പക്ഷെ അതിന്റെ ഉപയോഗം അദ്ദേഹം നിര്‍ത്തിവെക്കുകയും, തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു.

‘എനിക്ക് അപകടം മണക്കാന്‍ തുടങ്ങി, കാരണം എന്റേതില്‍ നിന്നും കഷ്ടിച്ച് 15 മീറ്റര്‍ മാത്രമകലെയുള്ള മറ്റൊരു തുരങ്കത്തിലേക്ക് അവര്‍ കടല്‍വെള്ളം അടിച്ച് കയറ്റിയിരുന്നു. ആ തുരങ്കത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെട്ടു. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ എന്റെ തുരങ്കത്തിലും വെള്ളം കയറുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’

കടല്‍ വെള്ളം നിറഞ്ഞ് ഭാഗികമായും, പൂര്‍ണ്ണമായും നശിച്ചുപോയ ഡസന്‍കണക്കിന് തുരങ്കങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. എന്നിരുന്നാലും, ഇത് അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇതിന് ഒരു പരിഹാരം കണ്ടെത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നുണ്ട്. അബൂ ലുആയിയെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. അതായത് ഉപ്പുവെള്ളം മണ്ണിന്റെ ഉറപ്പിനെ ബാധിക്കും. അത് മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉണ്ടാവാന്‍ ഇടയാക്കും. മണ്ണിന്റെ ഫലഭൂയിഷ്ടിയെ അത് ഇല്ലാതാക്കുകയും ചെയ്യും.

റഫാ മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഉസാമാ അബൂ നഖിറയും അതേ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി പറഞ്ഞ അദ്ദേഹം, കടല്‍വെള്ളം പമ്പ് ചെയ്യുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ തന്നെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉടനീളം ഭൂമി വിണ്ട് കീറിയതും, വലിയ കുഴികളും, ഗര്‍ത്തങ്ങളും ദൃശ്യമാണ്.

കടല്‍വെള്ളം ഉണ്ടാക്കാന്‍ ഇടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ഈജിപ്ഷ്യന്‍ സൈന്യത്തിന് വ്യക്തമായ ധാരണയുണ്ട്. ഗസ്സയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്ഷ്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും പ്രദേശവാസികളെ മുഴുവന്‍ സൈന്യം ഒഴിപ്പിച്ച് അവിടം ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗസ്സയിലാവട്ടെ, അതിര്‍ത്തിയില്‍ നിന്നും കേവലം 50 മീറ്റര്‍ ദൂരത്ത് ജനവാസ കേന്ദ്രങ്ങളും കെട്ടിടങ്ങളുമുണ്ട്.

ഫലഭൂയിഷ്ടമായ മണ്ണും, തുരങ്കങ്ങളും നശിപ്പിച്ചത് കൂടാതെ, ഗസ്സയിലെ പ്രകൃതിദത്തമായ നീരുറവകളും കടല്‍വെള്ളം പമ്പ് ചെയ്തതിന്റെ ഫലമായി നാശോന്മുഖമായി കൊണ്ടിരിക്കുകയാണ്. ഫലസ്തീനികളുടെ നീരുറവകളും, ജലസോത്രസ്സുകളും ഇസ്രായേല്‍ അധിനിവേശ സേന നശിപ്പിക്കുകയും, മലിനമാക്കുകയും ചെയ്യുന്നതിന് പുറമേയാണിത്. ‘ഫലസ്തീനികളുടെ ജലസോത്രസ്സുകള്‍ ഇസ്രായേലികള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങളേക്കാള്‍ ആയിരകണക്കിന് മീറ്റര്‍ ആഴത്തിലാണ് അവര്‍ കിണറുകള്‍ കുഴിക്കുന്നത്. ഞങ്ങളുടെ ശുദ്ധജലം അവര്‍ കവര്‍ന്നെടുക്കുകയാണ്. ഇപ്പോള്‍ ഞങ്ങളുടെ കിണറുകളില്‍ ഉപ്പുവെള്ളം നിറയാന്‍ തുടങ്ങിയിരിക്കുന്നു.’ അബൂ നഖിറ ചൂണ്ടികാട്ടി.

ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രകൃതിക്ക് ഏല്‍ക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് അന്താരാഷ്ട്ര ജല വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതായി അബൂ നഖിറ പറഞ്ഞു. പ്രധാനമായും ജലസോത്രസ്സുകളെയാണ് അത് ബാധിക്കുക.

ഫലസ്തീന്‍ മണ്ണിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ഈജിപ്ഷ്യന്‍ അധികൃതരോട് ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. 2007 മുതല്‍ക്ക് ഗസ്സയുടെ അധികാരം കൈയ്യാളുന്നത് ഹമാസാണ്. പക്ഷെ, ഫലസ്തീന്‍ മണ്ണിലേക്ക് കടല്‍വെള്ളം അടിച്ച് കയറ്റുന്നത് തങ്ങളുടെ ദേശീയസുരക്ഷക്ക് അനിവാര്യമാണെന്നാണ് ഈജിപ്തിന്റെ വാദം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍.

Related Articles