Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഐസിസ് ഇസ്രായേലിനൊപ്പമോ?

gazza.jpg

‘ഒരേ വിഷവൃക്ഷത്തിന്റെ ചില്ലകളാണ് ഐസിസും, ഹമാസും. രണ്ടിന്റെയും ആത്യന്തിക ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍, ഐസിസ് ഹമാസാണ്, ഹമാസ് ഐസിസുമാണ്.’ എന്ന് 2014-ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ അത്യന്തം പരിഹാസ്യമായ പ്രസംഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു.

അന്നു മുതല്‍ക്ക് ഇസ്രായേല്‍ പ്രോപഗണ്ടയുടെ സ്ഥിരം വിഷയമായിരുന്നു അത്. അന്താരാഷ്ട്രാ തലത്തില്‍ ലഭിച്ചിരുന്ന പിന്തുണ ഇപ്പോള്‍ വര്‍ഷങ്ങളായി സയണിസ്റ്റ് രാഷ്ട്രത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫലസ്തീനികള്‍ക്കെതിരെയുള്ള നിഷ്ഠൂരവും, വംശീയവുമായ നടപടികള്‍ ലോകത്തുടനീളം ഇസ്രായേലിനെതിരെ ജനവികാരമുണരാന്‍ കാരണമായി ഭവിച്ചു, പ്രത്യേകിച്ച് യുവതലമുറയും, വിദ്യാസമ്പന്നരും, ലിബറലുകളും ഇസ്രായേല്‍ വിരുദ്ധ ചേരിയില്‍ ചേര്‍ന്നു.

പോളിംഗ് കണക്കുകള്‍ ഇതിനെ ശരിവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രായേല്‍ സ്‌നേഹം അമേരിക്കയിലെ യുവതലമുറ ജൂതമതവിശ്വാസികള്‍ക്കിടയില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ വിരുദ്ധതക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്. വെളുത്ത വംശീയവാദികളുമായും, സെമിറ്റിക് വിരുദ്ധരുമായ (അതേസമയം ഇസ്രായേല്‍ അനുകൂലികളുമായ) ആളുകളുമായുള്ള ട്രംപിന്റെ തുറന്ന ആലിംഗനം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

ഇത്തരത്തില്‍ ഇസ്രായേലിനുള്ള പിന്തുണ കുറഞ്ഞുവരുന്നു എന്നത്, അത് കൂടുതല്‍ കൂടുതല്‍ തീവ്രവലതുപക്ഷത്തിന്റെ തണലിനെ ആശ്രയിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. അമേരിക്കയില്‍ ഇസ്രായേലിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സുഹൃത്തുക്കളില്‍ ഏറ്റവും തീവ്രസ്വഭാവമുള്ള വലതുപക്ഷ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ സംഘങ്ങളുമുണ്ട്. ജൂതന്‍മാരെ ഇസ്രായേലിലേക്ക് തന്നെ ‘തിരികെ ആട്ടിപ്പായിക്കാന്‍’ ദൈവത്താല്‍ അയക്കപ്പെട്ട ‘വേട്ടക്കാരനായിരുന്നു ഹിറ്റ്‌ലര്‍’ എന്ന് പ്രസംഗിച്ച സെമിറ്റിക് വിരുദ്ധനായ പാസ്റ്റര്‍ ജോണ്‍ ഹാഗിയും അവരില്‍ ഉള്‍പ്പെടും.

അത്തരം ആളുകളും, സമൂഹത്തിലെ മുസ്‌ലിം വിരുദ്ധ സംഘങ്ങളും തമ്മില്‍ പലപ്പോഴും കൈകോര്‍ക്കാറുണ്ട്. ഇസ്ലാമോഫോബിയക്കാര്‍ക്കിടയില്‍ -സെമിറ്റിക് വിരുദ്ധര്‍ക്കിടയിലെ പോലെതന്നെ- മൊത്തം ജനവിഭാഗങ്ങളെ അടച്ച് സാമാന്യവത്കരിക്കുന്ന പ്രവണതയുണ്ട്. ഇത്തരം ആളുകളെ ആകര്‍ഷിക്കാന്‍ കണക്ക്കൂട്ടിയുള്ള വര്‍ത്തമാനമാണ് നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍ നടത്തിയത് എന്ന് വേണം മനസ്സിലാക്കാന്‍.

യഥാര്‍ത്ഥത്തില്‍, അടിസ്ഥാനപരമായി പരസ്പരം എതിര്‍ക്കുന്നവരാണ് ഹമാസും, ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഐസിസും. ഏതാനും ചില വര്‍ഷങ്ങളായി അവര്‍ തമ്മില്‍ തുറന്ന യുദ്ധത്തിലുമാണ്. ഗസ്സയില്‍ കാലുറപ്പിക്കാനുള്ള ഐസിസിന്റെ ശ്രമങ്ങളെല്ലാം ഹമാസ് നിഷ്ഫലമാക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ ഫലസ്തീന്‍ അധികൃതര്‍ ഐസിസ് പോരാളികളെന്ന് സംശയിക്കപ്പെടുന്ന 550 പേരെ പിടികൂടി ജയിലിലടച്ചതായി ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ഹംസ അബു അല്‍തറബേഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസ്സക്ക് തൊട്ടടുത്തുള്ള സീനായ് ഉപദ്വീപില്‍ ഐസിസിന് സൈനിക താവളമുണ്ട്.

കഴിഞ്ഞ ആഗസ്റ്റിലാണ് ഹമാസിനെതിരെയുള്ള ആദ്യത്തെ ഐസിസ് ചാവേര്‍ ബോംബ് ആക്രമണം നടന്നത്. ഇത് ഗസ്സയിലേക്ക് നുഴഞ്ഞുകയറിയ ഐസിസ് അനുകൂലികളെ പിടികൂടുന്നതിലേക്ക് നയിച്ചു. ഒക്ടോബറില്‍, ഹമാസിന്റെ ആഭ്യന്തര സുരക്ഷാ തലവന്‍ തൗഫീഖ് അബൂ നഈമിന് കാര്‍ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. വധശ്രമങ്ങള്‍ പിന്നില്‍ ഇസ്രായേലാണെന്നതിലേക്ക് സൂചന നല്‍കി കൊണ്ടുള്ള പ്രസ്താവനകളാണ് ചില ഹമാസ് നേതാക്കള്‍ നടത്തിയത്. അതേസമയം, ഐസിസുമായി ബന്ധമുള്ള സംഘങ്ങളാവാനും സാധ്യതയുണ്ടെന്ന് അബു അല്‍തറബേഷ് റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോഴത്തെ ഈ സംഘട്ടനത്തിന്റെ കാരണങ്ങള്‍ വലുതാണ്, പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലാണ് അതിന്റെ കാരണങ്ങള്‍ വിശദീകരിക്കപ്പെടുന്നത്. അടിസ്ഥാനപരമായി ഹമാസ് ഇസ്‌ലാമിക ചായ്‌വുള്ള ഒരു ദേശീയ വിമോചന പ്രസ്ഥാനമാണ് എന്ന് ഖാലിദ് മിഷേല്‍ അടക്കമുള്ള ഹമാസിന്റെ ഉന്നതതല നേതാക്കള്‍ പലതവണ വിശദീകരിച്ചിരുന്നു. എന്നാല്‍ ഐസിസ് ഒരു തീവ്രവാദ, മതാധിപത്യവാദ സംഘമാണ്. മറ്റു മതങ്ങള്‍ക്കും, വിഭാഗങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണ് ആ സംഘം. ലളിതമായി പറഞ്ഞാല്‍, ഐസിസ് ക്രിസ്തുമത വിശ്വാസികളെ ആക്രമിക്കുമ്പോള്‍, ഹമാസ് ക്രിസ്തുമത വിശ്വാസികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. തദ്ഫലമായി, (ഹമാസ് ജനാധിപത്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെയും ഫലമായി) അവിശ്വാസികളുടെ സംഘമായാണ് ഐസിസ് ഹമാസിനെ കണക്കാക്കുന്നത്.

ഹമാസിനെതിരെയുള്ള യുദ്ധത്തില്‍ ഐസിസും ഇസ്രായേലും ഇപ്പോള്‍ ഒരേ ചേരിയിലാണ് നിലകൊള്ളുന്നത്. ‘ഇസ്ലാമിക് സ്‌റ്റേറ്റ്’ എന്ന് വിളിക്കപ്പെടുന്ന സംഘവും, സ്വയംപ്രഖ്യാപിത ‘ജൂത രാഷ്ട്രവും’ തമ്മില്‍ ആഴമേറിയ ബന്ധമുണ്ടെന്നാണ് മറ്റുള്ളവര്‍ സംശയിക്കുന്നത്.

‘ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും, ഇസ്രായേലിന്റെയും താല്‍പര്യങ്ങള്‍ ഒന്നാണെന്നത് വളരെ വ്യക്തമാണ്. ഇസ്രായേലും ഇസ്‌ലാമിക് സ്റ്റേറ്റും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് ചില ഹമാസ് വക്താക്കളും, നിരീക്ഷരും അഭിപ്രായപ്പെട്ടത്. അബൂ നഈം കൊല്ലപ്പെടുന്നത് കാണാന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനും, ഇസ്രായേലിനും താല്‍പര്യമുണ്ടെന്നാണ് ഗസ്സയിലെ ഉമ്മ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ ലക്ച്ചറര്‍ ഹുസ്സാം അല്‍ദജ്ജാനിയുടെ അഭിപ്രായം.

ഗസ്സയിലെ ഹമാസ് വിരുദ്ധ ജിഹാദിസ്റ്റ് സംഘങ്ങള്‍ക്ക് ഇസ്രായേല്‍ സാമ്പത്തികവും സായുധവുമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന ഇന്നുനിലനില്‍ക്കുന്ന കിംവദന്തിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അല്‍ഖാഇദയുമായി ബന്ധമുള്ള ദക്ഷിണ സിറിയയിലെ സായുധ പോരാളികള്‍ക്ക് തുറന്ന പിന്തുണ നല്‍കുന്ന ഇസ്രായേലിന്റെ നടപടി പരിഗണിച്ചാല്‍, പ്രസ്തുത കിംവദന്തിയില്‍ ആശ്ചര്യപ്പെടാനൊന്നും തന്നെയില്ല.

ഈ മാസത്തിന്റെ തുടക്കത്തിലാണ്, ഹമാസിനെ പ്രത്യേകം ഉന്നംവെക്കുന്ന ഐസിസിന്റെ ഭീതിജനകമായ പ്രോപഗണ്ട വീഡിയോ പുറത്തുവന്നത്. ‘മതപരിത്യാഗികള്‍’ എന്നാരോപിച്ച് ഹമാസ് പോരാളികളെ ആക്രമിക്കുന്നതും, ഹമാസിന് സഹായം നല്‍കിയെന്ന പേരില്‍ ഒരു ഫലസ്തീനിയെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങളുമാണ് പ്രസ്തുത വീഡിയോയില്‍ ഉണ്ടായിരുന്നത്. ഹമാസിനെതിരെയുള്ള യുദ്ധപ്രഖ്യാപനം എന്നാണ് ‘ന്യൂയോര്‍ക്ക് ടൈംസ്’ ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം, രണ്ടു സംഘങ്ങളുടെയും തീര്‍ത്തും പരസ്പരവിരുദ്ധമായ അടിസ്ഥാനപ്രകൃതവും, അവര്‍ തമ്മിലുള്ള കൊടിയ ശത്രുതയുടെ ചരിത്രവും പത്രത്തിന്റെ എഡിറ്റര്‍മാര്‍ക്ക് അറിയില്ലെന്നത് അവരുടെ മുഖപ്രസംഗത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.

ഐസിസുമായി ഇസ്രായേലിന് ചില ഇടപാടുകളുണ്ടാവാന്‍ ഇടയുണ്ടെന്ന് മുതിര്‍ന്ന ഹമാസ് വക്താക്കള്‍ പ്രതികരിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രസ്തുത വീഡിയോ ഒരു സയണിസ്റ്റ് പ്രൊജക്ടാണ് എന്നാണ് സലാഹ് ബര്‍ദാവില്‍ പറഞ്ഞത്. മഹ്മൂദ് അല്‍സഹറിന്റെ അഭിപ്രായത്തില്‍ ‘ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഹമാസിന്റെ കൈയ്യിലെ ആധുയങ്ങളാവാന്‍ ഐസിസിന് താല്‍പര്യമില്ല’.

യഥാര്‍ത്ഥത്തില്‍, ശത്രുവിന്റെ ശത്രുവിനെ സഹായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത നീണ്ടചരിത്രമാണ് ഇസ്രായേലിനുള്ളത്. ‘രണ്ടുകൂട്ടരും തമ്മിലടിച്ച് ചാവട്ടെ’ എന്നാണ് ഇസ്രായേലിന്റെ തത്വം.

സീനാഇല്‍ ഐസിസിനെ ആയുധമണിയിക്കുന്നത് ഇസ്രായേലാണോ? അതിന് തെളിവൊന്നും തന്നെയില്ല. പക്ഷെ മുന്‍കാല ചരിത്രങ്ങള്‍ പരിഗണിച്ചാല്‍, മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു സാധാരണ സംഗതി മാത്രമാണതെന്ന് കാണാന്‍ കഴിയും.

അവലംബം : middleeast monitor
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

 

Related Articles