Current Date

Search
Close this search box.
Search
Close this search box.

ക്ലോക്കുകള്‍ ബോംബുകളായി മാറുമ്പോള്‍

ahmed.jpg

‘നാസാ’ എന്നെഴുതിയ ടീഷര്‍ട്ട് അണിഞ്ഞ് കൊണ്ട്, അഹ്മദ് മുഹമ്മദ് എന്ന ബാലന്‍ തിങ്കളാഴ്ച്ച രാവിലെ താന്‍ പഠിക്കുന്ന ഒമ്പതാം ക്ലാസിലേക്ക് നടന്നടുത്തു, വീട്ടില്‍ വെച്ച് താന്‍ അതീവശ്രദ്ധയോടെ നിര്‍മിച്ച ക്ലോക്ക് അപ്പോള്‍ അവന്‍ അഭിമാനത്തോടെ കൈയ്യിലെടുത്തു പിടിച്ചിരുന്നു. യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിലും, അഴിച്ചെടുക്കുന്നതിലും, റേഡിയോ, കംപ്യൂട്ടര്‍, ഗോ-കാര്‍ട്ട് എന്നിവ ഘടിപ്പിക്കുന്നതിലും അതീവതല്‍പ്പരനായ 14 വയസ്സുകാരനായ ആ അമേരിക്കന്‍ മുസ്‌ലിം വിദ്യാര്‍ത്ഥി, താന്‍ നിര്‍മിച്ച ക്ലോക്ക് കണ്ടാല്‍ ടീച്ചര്‍ തന്നെ പ്രശംസിക്കുമെന്നാണ് കരുതിയത്. എന്നാല്‍, സംഭവിച്ചത് മറ്റൊന്നാണ, സ്‌കൂളിലേക്ക് ഡല്ലാസ് പോലിസ് വിളിച്ച് വരുത്തപ്പെട്ടു, അഹ്മദിന്റെ കൈകളില്‍ വിലങ്ങ് വീണു, പരിഭ്രാന്തനായ ആ വിദ്യാര്‍ത്ഥി അല്‍പ്പ സമയത്തിനകം തന്നെ സ്‌കൂളില്‍ നിന്നും പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റപ്പെട്ടു.

സര്‍ഗാത്മകതയും, കഠിനാധ്വാനവും ജീവിതത്തില്‍ പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ് സ്‌കൂളുകളില്‍ നാം സാധാരണ കണ്ടുവരാറുള്ള കാഴ്ച്ച. എന്നാല്‍, മുഹമ്മദ് മുസ്‌ലിമാണ്, അതുതന്നെയാണ് അവന്‍ വീട്ടില്‍ വെച്ച് നിര്‍മിച്ച ക്ലോക്കിനെ ഒന്നാമതായി ബോംബായി കാണുന്നതിലേക്കും, രണ്ടാമതായി അവന്റെ ഇലക്ട്രേണിക് മേഖലയിലെ വൈഭവത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നതിലേക്കും അവന്റെ ടീച്ചറെയും സ്‌കൂള്‍ അധികൃതരേയും എത്തിച്ചത്.

വ്യക്തിപരമായ മതഭ്രാന്ത് അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധ എന്നിവയാല്‍ സംഭവിച്ച കേവലമൊരു കേസ് എന്നതിനേക്കാളുപരി, അമേരിക്കന്‍ സമൂഹം, സ്‌കൂള്‍ തുടങ്ങിയ മര്‍മ്മപ്രധാന ഇടങ്ങളിലേക്ക് ‘ഇസ്‌ലാമോഫോബിയ’ അഥവാ മുസ്‌ലിം വിരുദ്ധത പടര്‍ന്ന് കയറുന്നതിനെ തുറന്നു കാട്ടുന്നതാണ് മുഹമ്മദിന്റെ കേസ്.

പൊതുജനാഭിപ്രായങ്ങളെയും, ഔദ്യോഗിക നയങ്ങളെയും സ്വാധീനിക്കുന്ന അമേരിക്കന്‍ മതിഭ്രമമാണ് ഇസ്‌ലാമോഫോബിയ. അമേരിക്കന്‍ സ്‌കൂളുകളില്‍ ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുന്നതും, അമേരിക്കന്‍ മുസ്‌ലിം യുവതയുടെ ശരീരവും, ബുദ്ധിയും, വൈദഗ്ദ്യവും വളര്‍ന്നു വികസിക്കേണ്ട ഇടങ്ങളെ അപകടപ്പെടുന്നതുമായ വംശീയവിദ്വേഷത്തിന്റെ മറ്റൊരു രൂപം എന്ന നിലയിലും ഇസ്‌ലാമോഫോബിയ നിര്‍ബന്ധമായും മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

മുസ്‌ലിം ശരീരം രാഷ്ട്രീയപരമായും അല്ലാതെയും ഭീകരവാദവുമായി നിരന്തരം ബന്ധിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന കുറ്റങ്ങള്‍, അതെത്രത്തോളം നിരുപദ്രവകരമായിരുന്നാലും ശരി, ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന ഒരു തരം ഭീതിയും സംശയവുമാണ് ഇത്തരം സമീപനങ്ങള്‍ ഉയര്‍ത്തിവിടുന്നത്. കേവല പൊതുജനധാരണകള്‍, മുസ്‌ലിംകളെ കുറിച്ചുള്ള വികലകാഴ്ച്ചപ്പാടുകള്‍ എന്നതിനേക്കാള്‍ ഉപരിയായി എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന് അടുത്തിടെ പ്രഖ്യാപിച്ച പോലിസ് നയങ്ങള്‍ വ്യക്തമാക്കി തരുന്നുണ്ട്.

ഇസ്‌ലാമോഫോബിയയുടെയും അതിന്റെ പോലിസ് മുറകളുടെ കരാളഹസ്തത്തിന്റെയും പിടുത്തത്തില്‍ നിന്ന് അമേരിക്കയിലെ മുസ്‌ലിം ചെറുപ്പക്കാര്‍ ഒഴിവല്ല. അരുസരണക്കേട് കാണിച്ചതിന്റെയും അധ്യാപകരെ ധിക്കരിച്ചതിന്റെയും മുന്‍കാലചരിത്രമില്ലാത്ത, പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിയായ മുഹമ്മദിന്റെ നിഷ്‌കളങ്കത, അവന്റെ മുസ്‌ലിം പശ്ചാത്തലം ഉയര്‍ത്തിയ ഭീഷണിയാല്‍ വളരെ പെട്ടെന്ന് തന്നെ നശിപ്പിക്കപ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ സങ്കല്‍പ്പിച്ചു വെച്ചിരിക്കുന്ന ഭീകരവാദ ഭീഷണി മൂലം യാഥാര്‍ത്ഥ്യം കളവാക്കപ്പെട്ടു, എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന വിദ്യാര്‍ത്ഥി ഒരു മതമൗലികവാദിയായി മാറുകയും ചെയ്തു. തന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും, ഭീഷണിയായി അവതരിപ്പിക്കാനും ഇസ്‌ലാഫോബിയയും കുറത്തവര്‍ഗ വിരുദ്ധ വംശീയതയും ഒരുമിച്ചാണ് ശ്രമിച്ചതെന്ന സാധ്യതയും അഹ്മദ് എന്ന സുഡാനീസ് അമേരിക്കന്‍ മുന്നോട്ട് വെക്കുന്നുണ്ട്.

തീര്‍ച്ചയായും, ഇലക്ട്രോണിക് മേഖലയില്‍ അതീവതല്‍പ്പരനായ ഒരു അമുസ്‌ലിം വിദ്യാര്‍ത്ഥിയാണ് പ്രസ്തുത ക്ലോക്ക് ടീച്ചര്‍ക്ക് സമര്‍പ്പിക്കുന്നതെങ്കില്‍, ആ അമുസ്‌ലിം വിദ്യാര്‍ത്ഥിയുടെ കൈകളില്‍ ഒരിക്കലും വിലങ്ങ് വീഴില്ല. യാഥാര്‍ത്ഥ്യം എന്ന് പറയുന്നത് മുസ്‌ലിം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമല്ല. അവരുടെ ബൗദ്ധികവും, വ്യക്തിപരവുമായ വികസനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപെടുത്തപ്പെട്ടവരുടെ തന്നെ യുക്തിരഹിതവും, വിവേകശൂന്യവുമായ അകാരണ ഭയങ്ങളാല്‍ എളുപ്പം മുറിവേല്‍ക്കുന്നതാണ് മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ശരീരവും, കഴിവുകളും, താല്‍പ്പര്യങ്ങളും.

പോലിസിന്റെയും സ്‌കൂള്‍ അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ക്ക് പുറമെ, വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുള്ള പരിഹാസങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും അമേരിക്കന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഇരകളാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. മുസ്‌ലിംകളെ ‘ഭീകരവാദികളായും’, ‘തീവ്രവാദികളായും’, ‘നാശകാരികളായും’ ചിത്രീകരിക്കുന്ന ചിത്രങ്ങളും ആശയങ്ങളും വിദ്യാലയങ്ങള്‍ക്കുള്ളിലേക്കും വ്യാപിച്ചിരിക്കുകയാണ്. മുസ്‌ലിംകളായ സഹപാഠികള്‍ക്കെതിരെ തിരിയാന്‍ വിദ്യാര്‍ത്ഥികളില്‍ വെറുപ്പിന്റെ പാഠങ്ങള്‍ കുത്തിവെക്കുന്നുമുണ്ട്.

2013-ല്‍ നടത്തിയ ഒരു സര്‍വ്വേയില്‍, ‘തങ്ങളുടെ മതത്തിന്റെ കാരണത്താല്‍’ നിരന്തരം ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം അമേരിക്കന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തിയിരുന്നു. തങ്ങളുടെ വിശ്വാസം തുറന്ന് പ്രകടിപ്പിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ഉപദ്രവങ്ങള്‍ക്ക് പാത്രമാവുന്നത്. പ്രത്യേകിച്ച്, ഹിജാബ് ധരിക്കുന്ന ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികള്‍. അതേസമയം ഉപദ്രവങ്ങളെ കുറിച്ച് സ്‌കൂള്‍ അധികൃതരോട് പരാതിപ്പെടുന്നത് കൊണ്ട് യാതൊരു ഫലവുമില്ലെന്നാണ് 35 ശതമാനം വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടത്. 17 ശത്മാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരാതിപ്പെട്ടപ്പോള്‍ ചിലപ്പോഴൊക്കെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തതായി സാക്ഷ്യപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളിലെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും, സ്‌കൂള്‍ അധികൃതര്‍ തന്നെ സ്വയം ഇസ്‌ലാമോഫോബിക് വീക്ഷണങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നു എന്ന വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ നിലനില്‍ക്കുന്ന വിശ്വാസത്തെയുമാണ് ഈ കണക്കുകള്‍ വരച്ചിടുന്നത്.

സഹപാഠികളുടെ ഉപദ്രവങ്ങള്‍ക്കും, അധികൃതരുടെ സംശയങ്ങള്‍ക്കുമിടയില്‍ കുടുങ്ങിയിരിക്കുകയാണ് അമേരിക്കയിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍. അവരുടെ കഴിവുകളും കാഴ്ച്ചപ്പാടുകളും വികസിക്കുന്നതിനായി നിര്‍മിക്കപ്പെട്ട ഇടങ്ങൡ വെച്ച് തന്നെയാണ് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പോലിസ് മുറകള്‍ക്കും, ഉപദ്രവങ്ങള്‍ക്കും ഇരയാവുന്നത്. ഇരുവശങ്ങളില്‍ നിന്നും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഢനം, വളരെ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ അവരുടെ വളര്‍ച്ചയെ താളം തെറ്റിക്കും. കൂടാതെ,  ‘Doll Test Study’ സൂചിപ്പിച്ചത് പോലെ, വിദ്യാലയങ്ങളിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട വംശീയത, വിദ്യാര്‍ത്ഥികളില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുന്നതിനും, മറ്റു വിദ്യാര്‍ത്ഥികളില്‍ വംശീയവിദ്വേഷം കുത്തിവെക്കുന്നതിനും ഇടയാക്കും.

വര്‍ത്തമാനകാല അമേരിക്കന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സത്യമാണ്. ഓരോ നിമിഷവും അവരുടെ വിശ്വാസം, കുടുംബം, ശാരീരിക സവിശേഷതകള്‍ എന്നിവ വിനാശകരമായ പ്രതിനിധീകരണങ്ങള്‍ക്ക് വിധേയമാവുന്നു. ക്ലാസ് മുറികളില്‍ വായനയും, ഗണിതശാസ്ത്രവും എത്രത്തോളം പ്രധാനമാണോ അത്രതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആത്മാഭിമാനവും, ആത്മവിശ്വാസവും. പക്ഷെ അവസാനം സൂചിപ്പിച്ച രണ്ട് കാര്യങ്ങളാണ് ക്ലാസ് മുറികളില്‍ നിരന്തരമായി അവഹേളനത്തിന് ഇരയാവുന്നത്.

മുസ്‌ലിംകളെ വെറുക്കാനും, ഭയപ്പെടാനുമാണ് സ്‌കൂള്‍ അധികൃതരും സഹപാഠികളും പഠിപ്പിക്കപ്പെടുന്നതെങ്കില്‍, അമേരിക്കന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ സ്വന്തത്തെ തന്നെ വെറുക്കാനും, ഭയപ്പെടാനും പഠിപ്പിക്കുന്നതിലേക്കായിരിക്കും ഈ സാമൂഹിക സ്ഥാപനം ക്രമേണ എത്തിച്ചേരുക.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
കടപ്പാട്: അല്‍ജസീറ

Related Articles