Current Date

Search
Close this search box.
Search
Close this search box.

സമുദായ നവീകരണത്തിന്റെ നൂറാം വാര്‍ഷികം !!

”സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മഹാസംഘത്തിന്റെ 6-ാം  വാര്‍ഷിക സമ്മേളനത്തില്‍ സമര്‍പ്പിച്ച വര്‍ഷാന്ത റിപ്പോര്‍ട്ട്.

സംഘ സ്ഥാപനം

1) 1925ല്‍ കോഴിക്കോട് ജുമുഅത്ത് പള്ളിയില്‍ വെച്ചു പല മഹാന്‍മാരായ ഉലമാക്കന്‍മാര്‍ മുമ്പാകെ മേപ്പടി നാമധേയത്തില്‍ ഒരു പ്രവൃത്തകസംഘം രൂപീകരിക്കപ്പെടുകയും പിന്നീട് കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി മുതലായ ദിക്കുകളിലെല്ലാം വെച്ചു പൊതുയോഗങ്ങള്‍ കൂടുകയും 1926  ജൂണ്‍ 26 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് അസ്സയിദ് ഹാശിം ചെറിയ കുഞ്ഞിക്കോയ തങ്ങള്‍ അവര്‍കളുടെ അധ്യക്ഷതയിന്‍ കീഴില്‍ വെച്ചുകൂടിയ  പൊതുയോഗത്തില്‍ വെച്ച് സംഘം സ്ഥാപിക്കുകയും ചെയ്തു…”

അങ്ങനെ രൂപീകരിക്കപ്പെട്ട സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് കേരളത്തിലെ സുന്നികളിലെ ഇരു വിഭാഗവും. അതായത് സുന്നി ഇ.കെ വിഭാഗവും എ.പി വിഭാഗവും. ആര്‍ക്കാണ് നൂറാം വാര്‍ഷികം സംഘടിപ്പിക്കാനുള്ള അവകാശമുള്ളത് എന്ന ചര്‍ച്ച നേതാക്കളുടെ  സംസാരങ്ങളിലും അവയെ ഉപജീവിച്ച് സോഷ്യല്‍ മീഡിയയിലും സജീവമാണ്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗം സമസ്തയുടെ വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്നില്ലെങ്കിലും നൂറാം വാര്‍ഷികം കാര്യമായി തന്നെ അവര്‍  ഏറ്റെടുത്തിരിക്കുന്നു. എ.പി വിഭാഗത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ പ്രഖ്യാപനം കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നടന്നു കഴിഞ്ഞു. ജനുവരി 28ന് ബംഗ്ലുരുവിലാണ്  ഇ.കെ വിഭാഗത്തിന്റെ ആഘോഷ പ്രഖ്യാപന സമ്മേളനം നടക്കുക. 

സുന്നികളിലെ ഇരുവിഭാഗം എന്ന പ്രയോഗത്തോട് തന്നെ ഇ.കെ വിഭാഗത്തിന് യോജിപ്പുണ്ടാവില്ല. കാരണം, 1989 ല്‍ സംഘടനയുടെ അച്ചടക്ക നടപടിക്ക് വിധേയമായി പുറത്താക്കപ്പെട്ടവരാണ് വിഘടിതര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ.പി വിഭാഗം. എ.പി വിഭാഗത്തെ സുന്നികളായി തന്നെ അവര്‍ പരിഗണിക്കുന്നില്ല. ”ചിലര്‍ ഉസ്താദുമാര്‍ക്കെതിരെ കുതിരകയറാനും ചീത്തപറയാനും വന്നു. മുഖത്ത് നിന്നും സുന്നിയത്ത് നീങ്ങിയവര്‍ക്കേ ഉസ്താദുമാര്‍ക്കെതിരെ തിരിയാന്‍ കഴിയൂ…” എന്നാണ് അവരുടെ നിലപാട്.  വേര്‍പിരിഞ്ഞതില്‍ പിന്നെ ഇന്നുവരേയ്ക്കും കടുത്ത ശത്രുതയാണ് ഇരുകൂട്ടരും തമ്മിലുള്ളത്. ഇടയ്‌ക്കൊക്കെ സുന്നീ ഐക്യത്തിന്റെ സാധ്യതകളെ സംബന്ധിച്ച് മാധ്യമങ്ങളില്‍ തലക്കെട്ട് നല്‍കാവുന്ന ചില നീക്കങ്ങള്‍ എ.പി വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്. എന്നാല്‍ ഇരുകൂട്ടരുടെയും രസതന്ത്രവും ഭൗതികബലങ്ങളും അറിയാത്ത, മുസ്‌ലിം ബീറ്റുള്ള റിപ്പോര്‍ട്ടര്‍ക്ക് സ്വന്തം ബൈലൈന്‍ ലഭിക്കും എന്നതില്‍ കവിഞ്ഞ പ്രസക്തിയൊന്നും അത്തരം വാര്‍ത്തകള്‍ക്കുണ്ടാവാറില്ല.

എ.പി വിഭാഗം നൂറാം വാര്‍ഷികമാഘോഷിക്കുന്നതിനോട് ഇ.കെ വിഭാഗത്തിന് വിരോധമുണ്ട്. വിരോധം സ്വാഭാവികമായിട്ടും ഉണ്ടാവുമെന്നാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. വാപ്പയുടെ ആണ്ടിന് മക്കള്‍ യാസീനോതുമ്പോള്‍ മക്കളല്ലാത്ത മറ്റൊരുത്തന്‍ കൂടി ഓതാനിരുന്നാല്‍ വേണ്ടെന്ന് പറയാന്‍ പറ്റുമോ എന്നാണ് ഇ.കെ കാരുടെ ആഘോഷത്തെ കുറിച്ച മറുവിഭാഗത്തിന്റെ പ്രതികരണം.

1989 ന് ശേഷം ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ സമുദായത്തിന്റെയും ചിലപ്പോഴൊക്കെ കേരളത്തിന്റെയും സ്വാസ്ഥ്യം കെടുത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. നൂറ് കണക്കിന് പള്ളിയങ്കണങ്ങള്‍ പരസ്പര വൈരത്തിന്റെ പോര്‍ക്കളങ്ങളായി. മദ്രസാ ക്ലാസ് റൂമുകളില്‍ അട്ടഹാസങ്ങളുയര്‍ന്നു. പോലിസ് കാവലില്‍ രണ്ട് ഖുതുബകളും ജുമുഅകളും. കുടുംബ, വിവാഹ ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. അയല്‍പക്കത്തുള്ളവര്‍ തന്നെ മറ്റുള്ളവന്റെ വീടുകളും വാഹനങ്ങളും നശിപ്പിച്ചു. ആഖിറത്ത് മോഹിച്ച് ദാനമായും വഖഫായും പൂര്‍വികര്‍ നല്‍കിയ മുതലിലും നാണയത്തുട്ടിലുമുയര്‍ന്ന പള്ളികളും മദ്രസകളും വര്‍ഷങ്ങളായി താഴിട്ടുപൂട്ടി. മഹല്ലുകളില്‍ രണ്ട് പക്ഷങ്ങളായി. പള്ളി പ്രസിഡൻറുമാര്‍ക്കും ഇമാമിനും ഉസ്ദാദുമാര്‍ക്കും കുത്തേറ്റു. രക്തംചിന്തി. രക്തസാക്ഷികളുണ്ടായി. കൈവിട്ട തെറിവാക്കുകള്‍ ഉച്ചഭാഷിണികളെ പോലും നാണിപ്പിച്ചു. 

തങ്ങളാണ് അടിസ്ഥാന സുന്നികളെന്ന് ഉറപ്പിക്കാന്‍ ‘ജമ-മുജ’കളെയും തബ്‌ലീഗ് ജമാഅത്തിനെയുമൊക്കെ കണക്കിന് പെരുമാറി. സംസ്ഥാനത്തെ ഏതെങ്കിലും ഒന്നോ രണ്ടോ പ്രദേശത്ത് അണികളുടെ ആവേശത്താല്‍ കൈവിട്ടു പോയതല്ല ഇവയൊന്നും. ഉത്തരകേരളത്തിലെ അനേകം ഗ്രാമങ്ങള്‍ സാക്ഷികളായ സംഭവങ്ങളാണ്. പെട്ടെന്നുള്ള രോഷപ്രകടനങ്ങളായി പുറപ്പെട്ടതുമല്ല. അടങ്ങാത്ത വൈര്യത്തിന്റെയും സംഘടനാ വിദ്വേഷത്തിന്റെയും ഉല്‍പന്നങ്ങളായി പലേടത്തും ഇന്നുമത് തുടരുന്നുണ്ട്. ഭിന്നിപ്പ് സമുദായത്തിന് ഗുണമാണ് നല്‍കുക, പുതുതായി ഇത്രയധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായില്ലേ, പള്ളികളുണ്ടായില്ലേ, ആനുകാലികങ്ങളും പത്രങ്ങളുമുണ്ടായില്ലേ എന്ന വികട സിദ്ധാന്തവും ചമക്കുന്നു എന്നതാണ് അതിലേറെ കൗതുകകരം.  പിന്നിട്ട നൂറ്റാണ്ടിന്റെ രണ്ടാം പകുതി ഇത്തരം ദുരന്തങ്ങളുടെതാണ് കൂടിയാണ് എന്ന് ചുരുക്കം.

ഒരു നൂറ്റാണ്ട് മുമ്പ് രൂപീകരിക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യം തന്നെ അങ്ങേയറ്റം പ്രതിലോമപരമായിരുന്നു. സമസ്തയുടെ ചരിത്രവും പ്രയാണവും വിശദീകരിക്കുന്ന ഗ്രന്ഥങ്ങളിലൂടെയും വാര്‍ഷികാഘോഷ സ്മരണികകളിലൂടെയും സാമാന്യമായി കണ്ണോടിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും. വിവിധ ഘട്ടങ്ങളില്‍ പുറപ്പെടുവിച്ച ഫത്‌വകളിലൂടെ ഇന്നത്തെ തലമുറ കടന്നുപോയാല്‍ സ്തബ്ധരായി പോകും. പുരോഗമനപരമായതോ മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണത്തിനുതകുന്നതോ ആയ ഏത് നീക്കത്തെയും, അത് മതപരമോ  സാമൂഹികമോ വിദ്യാഭ്യാസപരമോ ആവട്ടെ,  ചെറുത്തുനില്‍ക്കുക എന്നതാണ് സമസ്ത തുടക്കം മുതലേ സ്വീകരിച്ച സമീപനം. മദ്‌റസാ സംവിധാനം, ഖുര്‍ആന്‍ പഠനം, സ്ത്രീകളുടെ പള്ളി പ്രവേശനം, സ്ത്രീകളുടെ വിദ്യാഭ്യാസം എന്നിവയോട് ചരിത്രത്തില്‍ സമസ്ത സ്വീകരിച്ച സമീപനം അങ്ങേയറ്റം പിന്തിരിപ്പനായിരുന്നു. ഇതൊന്നും കേവല ആരോപണങ്ങളോ നിരീക്ഷണങ്ങളോ അല്ല. ഫത്‌വകളായും തീരുമാനങ്ങളായും നിര്‍ദേശങ്ങളായും രേഖപ്പെട്ടുകിടക്കുന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെന്ന നിലക്ക് ഖുര്‍ആനും ഹദീസും (സുന്നത്തും) പഠിക്കുകയും മനസ്സിലാക്കുകയും അവയുടെ ബലത്തില്‍ കാലത്തോട് സംവദിക്കുകയും ചെയ്യുന്ന സമുദായത്തെ സൃഷ്ടിക്കുന്നതിന് പകരം മാലയും മൗലിദും ചിട്ടപ്പെടുത്തുന്ന സമുദായത്തെയാണ് സമസ്ത രൂപീകരണകാലത്തെ ആശയലോകം സ്വപ്നം കണ്ടത്.  അത്തരം പ്രതിലോമകരമായ നിലപാടുകളെ സൈദ്ധാന്തികമായി കയ്യൊഴിയാന്‍ നൂറിന്റെ തികവിലും ഇരു സമസ്തകള്‍ക്കുമായിട്ടില്ല. 

ഇരു സമസ്തകളുമാണ് സമുദായത്തിന്റെ സിംഹഭാഗത്തെയും പ്രതിനിധീകരിക്കുന്നത്.  ആ സമുദായത്തിലുണ്ടായ വലിയമാറ്റങ്ങളെ കുറിച്ചാലോചിച്ച് നോക്കുക. അതെങ്ങിനെയാണ് സംഭവിച്ചത്?  സമസ്തയുടെ നിലപാടുകളെ സമസ്ത തന്നെ സ്വയം വിഴുങ്ങിയതിനാലോ അതിനെ പരിഗണിക്കാതെ സമുദായം മുന്നോട്ട് പോയതിനാലോ സംഭവിച്ചതാണ്. സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തുണ്ടായ, വിശേഷിച്ചും സ്ത്രീ വിദ്യാഭ്യാസ രംഗത്തുണ്ടായ, കുതിച്ചുചാട്ടം ഉദാഹരണമായെടുക്കുക. സമസ്തയുടെ പഴയകാല ഫത്‌വകള്‍ എങ്ങിനെയാണിതിനെ നോക്കിക്കാണുക. സമസ്തയുടെ തന്നെ എത്രയധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ നല്‍കപ്പെടുന്നു. പണ്ഡിതരായ വനിതകളെ വരെ വളര്‍ത്തിയെടുക്കുന്നു. ദീനീ പഠനം, സ്ത്രീകളുടെ പള്ളികളിലേക്കുള്ള പ്രവേശനം, ആശയ പ്രചാരണത്തിന്റെയും പ്രബോധനത്തിന്റെയും നവസങ്കേതങ്ങള്‍ എന്നിവയെ സംബന്ധിച്ച സമീപനങ്ങളിലെ മാറ്റം എന്നിവയും ഈ നിലക്ക് വായിച്ചെടുക്കാവുന്നതാണ്.

അതിനര്‍ഥം, അവരുടെ പഴയ നിലപാടുകളെ പരസ്യമായി തള്ളിപ്പറഞ്ഞും കുറ്റം ഏറ്റുപറഞ്ഞും മാത്രമേ മുന്നോട്ട് പോകാവൂ എന്നോ പഴയ നിലപാടില്‍ തന്നെ നിങ്ങളുറച്ചു നില്‍ക്കൂ, കാലം നിങ്ങളോട് കണക്കു തീര്‍ക്കട്ടെ എന്നുമല്ല. മറിച്ച്, ഓരോ സംഘടനക്കും അവര്‍ എന്തിന് വേണ്ടിയാണോ രംഗത്ത് വന്നത്, അതിനുമപ്പുറത്തോ അതിന്റെ കൂടെയോ വേറെയും ഉപലക്ഷ്യങ്ങളും ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികളും  പ്രവര്‍ത്തന പരിപാടികളും കാലാന്തരത്തില്‍ വന്നുചേരും.  മാറി വരുന്ന കാലവും കാഴ്ചപ്പാടുകളുമാണ് അവയെ നിര്‍ണയിക്കുക. അത്തരം ചുവടുമാറ്റങ്ങളും പുതിയ കാല്‍വെപ്പുകളും പൊതുവില്‍ എല്ലാവരും പ്രസക്തമെന്ന് കരുതുന്നവയുമായിരിക്കും. 

കേരളത്തിലെ മുസ്‌ലിം സംഘടനാ വര്‍ത്തമാനങ്ങളില്‍ നിന്ന് അങ്ങനെയുള്ള നിരവധി ഉദാഹരണങ്ങള്‍ കണ്ടെടുക്കാനാവും. അപ്പോള്‍ ഞങ്ങളുടെ പോരാട്ടം ജയിച്ചേ, ഞങ്ങള്‍ പറഞ്ഞത് ശരിയായില്ലേ, ഇനി നിങ്ങളെ പിരിച്ചുവിടുക എന്നൊക്കെ ആരെങ്കിലും ആര്‍പ്പുവിളിക്കുന്നതിലൊന്നും അര്‍ഥമില്ല. വിദ്യാഭ്യാസ രംഗത്തെ ഉണര്‍വുകള്‍, ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ശാക്തീകരണം, സ്ത്രീയുടെ ഇടം, പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഷയും ശൈലിയും എന്നിവ ഉദാഹരണം. സ്വാഭാവികമായും പഴയ നിലപാടുകളെ തള്ളാതെ തന്നെ, ആദ്യം ചെറുതും പിന്നീട് വലിയതുമായ മാറ്റങ്ങള്‍ വരുത്താന്‍ ഏതുസംഘവും നിര്‍ബന്ധിതരാകും. അങ്ങനെ വരുമ്പോള്‍ ഈ നൂറാം വാര്‍ഷികം സമസ്തയിലും സമുദായത്തില്‍ മൊത്തത്തിലും അനുസ്യൂതം തുടരേണ്ട നവീകരണത്തെ നൂറ് പ്രാവശ്യം ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

 

???? കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles