Current Date

Search
Close this search box.
Search
Close this search box.

ബില്‍ക്കീസ് ബാനുവിന് ഇനി മാനനഷ്ടക്കേസ് നല്‍കേണ്ടി വരില്ല

‘ഞാന്‍ എന്റെ മുഖം കണ്ടിട്ട് അഞ്ചാറു ദിവസം കഴിഞ്ഞിരുന്നു. എന്റെ പ്രതിഛായയില്‍ കുറ്റിരോമങ്ങള്‍ താടിയില്‍ കറുപ്പു പടര്‍ത്തി തുടങ്ങിയയിരുന്നു.  കണ്ണുകളിലെ ഭയം മുഴുവന്‍ മാറിയിരുന്നില്ല. ഞാന്‍ മറുന്നുപോയ ഒരു കാര്യം എനിക്ക് നടപ്പിലാക്കുവാന്‍ തോന്നി; ~ഒന്ന് ചിരിക്കുക. എത്ര ശ്രമിച്ചിട്ടും എന്റെ മുഖം വികൃതമായതല്ലാതെ എനിക്ക് ചിരിവന്നില്ല. തളര്‍വാതക്കാരനെ തിരുമ്മുകാരന്‍ ഉഴിയുന്നപോലെ ഞാന്‍ എന്റെ കവിളുകളും  വായയുടെ ചുറ്റും അമര്‍ത്തിതിരുമ്മി. എന്നിട്ടും പ്രതിബിംബം ചിരിച്ചില്ല. എന്റെ മുഖത്തെ ചിരിയുടെ മാംസപേശികള്‍ തളര്‍ന്നു കിടന്നു’. ഖുതുബുദ്ദീന്‍ അന്‍സാരിയെ കേന്ദ്രമാക്കി എന്‍ എസ് മാധവന്‍ എഴുതിയ ‘നിലവിളി’ എന്ന കഥയുടെ അവസാന ഭാഗമാണിത്.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ, 2002 ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ മുഖമായിരുന്നു ഖുതുബുദ്ദീന്‍ അന്‍സാരി. റോയിട്ടേഴ്‌സിന്റെ ആര്‍ക്കോ ദത്തയാണ് ആ ഫോട്ടോഗ്രാഫ് ലോകത്തിന് മുന്നിലെത്തിച്ചത്. തയ്യല്‍ ജോലിക്കാരനായ ഖുതുബുദ്ദീന്‍ അന്‍സാരി കുടുംബസമേതം താമസിക്കുന്ന, അഹമ്മദാബാദ് ബാപ്പുനഗറിലെ വീട് കലാപകാരികള്‍ വളഞ്ഞു. തന്നെയും കുടുംബത്തെയും കൊല്ലാനുള്ള കലാപകാരികളുടെ ശ്രമത്തിന് മുന്നില്‍ രക്ഷപ്പെടാനൊരു വഴിയും ഖുതുബുദ്ദീന്‍ കണ്ടില്ല. തന്റെ കുടുംബത്തെ ഉപദ്രവിക്കരുതെന്ന് കൈകൂപ്പി, നിറകണ്‍ മിഴികളോടെ കപാലികര്‍ക്ക് മുന്നില്‍ യാചിക്കുന്ന രംഗമാണ് ആര്‍ക്കോ ദത്ത പകര്‍ത്തിയത്.

ചിത്രത്തിന് വലിയ പ്രചാരം ലഭിച്ചു. പക്ഷെ, ഗുജറാത്തിലും ഫോട്ടോ പരന്നതോടെ ഖുതുബുദ്ദീന്‍ അന്‍സാരിക്ക് അഹമ്മദാബാദില്‍ ജീവിക്കാന്‍ വയ്യാതായി. ആളുകള്‍ തന്നെ തിരിച്ചറിയുന്നു. തന്റെ മക്കള്‍ സ്‌കൂളില്‍ സഹപാഠികളാല്‍ പരിഹസിക്കപ്പെടുന്നു. അവസാനം, പശ്ചിമ ബംഗാളിലേക്ക് അദ്ദേഹം താമസം മാറ്റുകയും സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ താമസിക്കുകയും തയ്യല്‍വേല തുടരുകയും ചെയ്യുന്നു. പക്ഷെ, അധികം താമസിയാതെ 2008ല്‍ തന്നെ മാതാവിന്റെ നിര്‍ദേശ പ്രകാരം ഖുതുബുദ്ദീന്‍ അന്‍സാരി ഗുജറാത്തിലേക്ക് തന്നെ തിരിച്ചുവരുന്നു. 

തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരെ പല സംസ്ഥാനങ്ങളിലും എതിരാളികള്‍ ഈ ഫോട്ടോ പ്രചാരണത്തിനുപയോഗിച്ചു. അത്തരത്തില്‍ ഫോട്ടോ ഉപയോഗിക്കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.  അശോക് കോഹ്‌ലി സംവിധാനവും മനോജ് കെജ്രിവാള്‍ നിര്‍മാണവും നിര്‍വഹിച്ച രാജധാനി എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ പ്രസ്തുത ഫോട്ടോ ഉപയോഗിച്ചു എന്ന വാദമുന്നയിച്ച് സിനിമക്കെതിരെ 2014 ല്‍ ഖുതുബുദ്ദീന്‍ അന്‍സാരി നല്‍കിയ മാനനഷ്ടക്കേസ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത് 2023 അവസാനത്തിലാണ്.

ഖുതുബുദ്ദീന് ശേഷമാണ് ബില്‍ക്കീസ് ബാനു ഗുജറാത്ത് വംശഹത്യയുടെ മുഖമായി ഉയര്‍ന്നുവരുന്നത്. 2002 മാര്‍ച്ച് മൂന്നിനാണ് അവര്‍ ബലാല്‍സംഗത്തിനിരയാവുന്നത്. ബില്‍ക്കീസ് ബാനുവിന് 21 വയസ്സ് പ്രായമേ അന്നുണ്ടായിരുന്നുള്ളൂ. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബില്‍ക്കീസ് ബാനുവിന്റെ കണ്‍മുന്നിലിട്ടാണ് കൂടെയുണ്ടായിരുന്ന 14 പേരെ കൊന്നത്. ശേഷം ഹിന്ദുത്വ ഭീകരര്‍ അവരെ കൂട്ടബലാത്സംഗം ചെയ്തു. 22 തവണ. കയ്യിലുണ്ടായിരുന്ന മൂന്ന് വയസ്സുള്ള മകളെ കാലില്‍ വാരിയെടുത്തു തറയിലടിച്ച് കൊന്നു. ബില്‍ക്കീസ് ബാനുവിന് ബോധം നഷ്ടപ്പെട്ടതിനാല്‍ മരിച്ചിരിക്കുമെന്ന് കരുതിയാണ്  കലാപകാരികള്‍ അവരെ ഉപേക്ഷിച്ചു പോയത്.

നിരവധി ഭീഷണികളെ മറികടന്നാണ് സംഘ്പരിവാറിനും നരേന്ദ്രമോദി നേതൃത്വം നല്‍കിയിരുന്ന ഗുജറാത്ത് സര്‍ക്കാരിനുമെതിരെ ബില്‍ക്കീസ് ബാനു പോരാട്ടം നടത്തിയത്. കലാപത്തില്‍ ഗുജറാത്തിലാകെ രണ്ടായിരത്തിലധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമണങ്ങള്‍ക്കിരകളായി. നരേന്ദ്രമോദി നേതൃത്വം നല്‍കിയ സര്‍ക്കാര്‍ കലാപത്തിനിറങ്ങിയവര്‍ക്കാവശ്യമായ എല്ലാ  സൗകര്യവും ഒരുക്കി നല്‍കി. ആവശ്യത്തിന് സമയവും അനുവദിച്ചു. 

സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടായതിനാല്‍, രാജ്യത്തെ വിറങ്ങലിപ്പിച്ച ആ വംശഹത്യയില്‍ പങ്കാളികളായ ഏതാനും പേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പോലിസ് അന്വേഷണമാവട്ടെ നടപടി പൂര്‍ത്തീകരിക്കല്‍ മാത്രമായി ഒതുങ്ങി. ഈ ഘട്ടത്തിലാണ് ബില്‍ക്കീസ് ബാനു ഉയിര്‍ത്തെഴുന്നേറ്റ് വരുന്നത്. ബില്‍ക്കീസ് ബാനു കേസിന്റെ വിചാരണ ഗുജറാത്തിനു പുറത്തേക്ക് മാറ്റാന്‍ 2004-ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇന്നേക്ക് ഇരുപത് വര്‍ഷം മുമ്പ്.

കേസില്‍ ഉള്‍പ്പെട്ട 11 പേര്‍ക്കുമേല്‍ ബലാത്സംഗം, കൊലപാതകം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതിനാല്‍ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. പ്രതികള്‍ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീംകോടതിയും വിധി ശരിവെച്ചു. നിരവധി നീതിന്യായ തത്വങ്ങളെ അവഗണിച്ച് ഗുജറാത്ത് സര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനമാഘോഷിച്ച, 2022 ആഗസ്റ്റ് 15ന് അവര്‍ ജയില്‍ മോചിതരായി. ആരാണ് സ്വതന്ത്രരായത്! ബില്‍ക്കീസ് ബാനുവിന് മേല്‍ അവര്‍ ചെയ്ത ക്രൂരത ഒന്നുകൂടി ഓര്‍ത്തുവായിക്കൂ.

കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയ നടപടി റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ച് ബില്‍ക്കീസ് ബാനു വീണ്ടും സുപ്രീംകോടതിയിലെത്തുന്നു.  സംഘപരിവാര്‍, ഹിന്ദുത്വ ഭീകര ബലാത്സംഗികള്‍ക്ക് നല്‍കിയ ശിക്ഷയില്‍ ഇളവ് നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീം കോടതി ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയും വീണ്ടും ജയിലലടക്കുന്നു.

സുപ്രീംകോടതി വിധി അത്യാഹ്ളാദമുണ്ടാക്കേണ്ട കാര്യമൊന്നുമല്ല. കാരണം, നിരവധി തവണ സംഘ്പരിവാറിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും വംശഹത്യാപരവും എന്നു തുടങ്ങി എല്ലാ അജണ്ടകള്‍ക്കും കയ്യൊപ്പു ചാര്‍ത്തുന്ന വിധത്തില്‍ നിരവധി തവണ വിധിപ്രസ്താവം നടത്തിയിട്ടുണ്ട് സുപ്രീം കോടതി. അതേസമയം, ഹിന്ദുത്വ അജണ്ടയുമായി ഏകപക്ഷീയമായി അത്രമേല്‍ വേഗത്തില്‍ പോകാനാവില്ല എന്നൊരു സൂചന കോടതി തീര്‍പ്പ് നല്‍കുന്നുണ്ട്. സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്ന ഹിന്ദുരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തില്‍ രാജ്യത്തിനകത്തെ ആന്തരിക സംഘര്‍ഷങ്ങള്‍ ഓരോന്നായി പുറത്തുവരുമെന്നും അവ സംഘ്പരിവാറിന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുമെന്നും കോടതിവിധി പറഞ്ഞുവെക്കുന്നുണ്ട്.

അതിനേക്കാളും പ്രധാനമായി മറ്റൊരു കാര്യം പറഞ്ഞുവെക്കാനാണ് ഖുതുബുദ്ദീന്‍ അന്‍സാരിയുടെയും ബില്‍കീസ് ബാനുവിന്റെയും കഥ പറഞ്ഞത്. ഫാഷിസത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കേണ്ടതില്ലാത്ത വിധം അതിന്റ മുഖ്യ ഇരകളായ മുസ്‌ലിം സമുദായം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണത്. ബില്‍ക്കീസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ പുറത്തുവിട്ട ഗുജറാത്ത് ഹൈക്കോടതിയുടെയും  സര്‍ക്കാറിന്റെയും നടപടി സുപ്രീം കോടതി റദ്ദാക്കുന്നു. 2024 ജനുവരി എട്ടിനാണ്. 2002 ല്‍ നിന്നും 2024 എത്താന്‍ ഫാഷിസമെടുത്തതിനേക്കാള്‍ പതിന്‍മടങ്ങ് പ്രവേഗം രാജ്യത്തെ മുസ്‌ലിം സമുദായം നേടിയിട്ടുണ്ട്.  ആ സഞ്ചാര ദൂരം ഖുതുബുദ്ദീനില്‍ നിന്നും ബില്‍ക്കീസ് ബാനുവിലേക്കുള്ള ദൂരമാണ്. ഫാഷിസത്തിനെതിരെ പിന്‍മടക്കമില്ലാത്ത പോരാട്ടത്തിന് ആവേശമാകുന്നു എന്നതാണ് ബില്‍ക്കീസ് ബാനുവിന്റെ പ്രസക്തി. 

മുസ്‌ലിം വംശഹത്യ നല്‍കിയ ഊര്‍ജത്തിന്റെ ബലത്തില്‍ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. രാഷ്ട്ര വ്യവസ്ഥയുടെ ഓരോ ഘടകവും സംഘ്പരിവാറിന് മുമ്പില്‍ അടിയറവ് പറഞ്ഞു. പൗരന്റെ അവസാന അത്താണി എന്നു പറയപ്പെടാറുള്ള നീതിന്യായ വ്യവസ്ഥയും മികച്ച മെയ്‌വഴക്കം കാണിച്ചു. വംശഹത്യ കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടേണ്ട ഒരാള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഘട്ടത്തിലാണ്, ബില്‍ക്കീസ് ബാനുവിന്റെ ധീരമായ പോരാട്ടം. എപ്പോഴും വംശഹത്യയുടെ മുഖ്യ ഇരകള്‍ സ്ത്രീകളും കുട്ടികളുമായിരിക്കും. അത്തരമൊരു സാഹചര്യത്തിലാണ് നിശ്ചദാര്‍ഢ്യത്തിന്റെയും അഭിമാനമുള്ള സ്ത്രീത്വത്തിന്റെയും ആവേശകരമായ പ്രതീകമായി ബില്‍ക്കീസ് ബാനു മാറിയിരിക്കുന്നത്. 

സംഘ്പരിവാറിന്റെ ഇടിച്ചുനിരത്തലുകള്‍ക്ക് കീഴടങ്ങാന്‍ മനസ്സിലാത്ത ആര്‍ക്കും എഴുന്നേറ്റ് നില്‍ക്കാനുള്ള പ്രതീക്ഷയാവുന്നുണ്ട് അവര്‍. ദൈന്യതയോടെയല്ല ഇന്നാരും ബില്‍ക്കീസ് ബാനുവിനെ കാണുന്നത്.  ബില്‍ക്കീസ് ബാനു ഒരു വ്യക്തി മാത്രമല്ല. സംഘ്പരിവാറിന്റെ മുഖ്യ ഇരകള്‍ എന്ന നിലക്കല്ല, എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവര്‍ എന്ന നിലക്ക് മുസ്‌ലിം സമുദായം കൈവരിച്ചുകൊണ്ടിരിക്കുന്ന ആത്മവിശ്വാസത്തിന്റെ തലം അതുള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍ തന്നെ ഒരു മാനനഷ്ടക്കേസും അവര്‍ക്ക് ഫയല്‍ ചെയ്യേണ്ടി വരില്ല.

 

Related Articles