Current Date

Search
Close this search box.
Search
Close this search box.

ബാബരി, ഗ്യാൻവാപി, ആലപ്പുഴ; കോലോമനോവിനെ ശരിവെക്കുന്ന പഠനങ്ങളും

തൻ്റെ കക്ഷിയോട് കോലോമനോവ് പറയുന്നുണ്ട്: “നിങ്ങള്‍ ഒരു നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ നിങ്ങള്‍ ഒരു വംശീയ ന്യൂനപക്ഷക്കാരനാണ്. ഇത് നിങ്ങളെ എതിരാളികളെക്കാള്‍ ദുര്‍ബലരാക്കുന്നു”.

ജോസഫ് കെ ചോദിക്കുന്നു: “എന്തുകൊണ്ട്?”

കോലോമനോവ്: “കാരണം, നിങ്ങളെക്കുറിച്ച് മുന്‍വിധികളുള്ള ചില കോടതി അംഗങ്ങള്‍ ഉണ്ടാകാം. അവര്‍ നിങ്ങളെക്കുറിച്ച് തെറ്റായ തീര്‍പ്പിലെത്താന്‍ സാധ്യതയുണ്ട്, അത് നിങ്ങളുടെ വിധിയെ പ്രതികൂലമായി ബാധിക്കും”.

വംശീയ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍  നീതിന്യായ കോടതികളുടെ  മുന്‍വിധികളെ സംബന്ധിച്ചാണ് തന്റെ കക്ഷിയോട് അഭിഭാഷകനായ കലോമനോവ് സൂചിപ്പിക്കുന്നത്. ഫ്രാന്‍സ് കാഫ്കയുടെ ദി ട്രയല്‍ എന്ന നോവലിലെ കഥാപാത്രങ്ങളാണ് ജോസഫ് കെ യും കലോമനോവും.

രണ്ട് പേരും തമ്മില്‍ നടക്കുന്ന സമാനമായൊരു സംസാരം ഇങ്ങനെയാണ്.

കോലോമനോവ്: “നിങ്ങള്‍ ഒരു നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ നിങ്ങള്‍ ഒരു ദരിദ്രനാണ്. ഇത് നിങ്ങളെ എതിരാളികളെക്കാള്‍ ദുര്‍ബലനാക്കുന്നു”. 

ജോസഫ് ചോദിക്കുന്നു: “എന്തുകൊണ്ട്?”

കോലോമനോവ്: “കാരണം, നിങ്ങള്‍ക്ക് മികച്ച അഭിഭാഷകനെ നിയമിക്കാന്‍ കഴിയില്ല. നിങ്ങളുടെ വാദം പിന്തുണയ്ക്കുന്ന സാക്ഷികളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കോടതിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താനും കഴിയില്ല.” കോലോമനോവ് ഇങ്ങനെ കൂടി പറയുന്നുണ്ട്: “നമ്മുടെ കോടതികള്‍ വളരെ ശക്തമാണ്. അവര്‍ക്ക് ആരെയും കുറ്റക്കാരനാക്കാന്‍ കഴിയും”.

നോവലിലെ മറ്റൊരു കഥാപാത്രമായ റോട്ട്‌സ്ചില്‍ഡ് പറയുന്നു: “ഞാന്‍ നിങ്ങളോട് വിശ്വസിക്കാന്‍ പറയുന്നില്ല, പക്ഷേ എനിക്ക് ഭയമുണ്ട്. ഈ കോടതികള്‍ വളരെ ശക്തമാണ്. അവര്‍ക്ക് ആരെയും എന്തും ചെയ്യാന്‍ കഴിയും”.

ഫ്രാന്‍സ് കാഫ്കയുടെ വിയോഗത്തിന് 2024 ല്‍ നൂറുവര്‍ഷം തികയുന്നു. സംഘ്പരിവാര്‍ ഹിന്ദുരാഷ്ട്രം സ്വപ്നം കാണാന്‍ തുടങ്ങിയ കാലം. നൂറ്റാണ്ട് മുമ്പുള്ള യൂറോപ്യന്‍ പശ്ചാതലത്തിലാണ് ദി ട്രയല്‍ പിറന്നെതെങ്കിലും ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളെ സംബന്ധിച്ച പ്രവാചകനായിരുന്നോ കാഫ്ക എന്ന് തോന്നിപോകും.

ജനാധിപത്യം, മതേതരത്വം, മാനവികത തുടങ്ങിയ ആധുനിക സങ്കേതങ്ങളെപോലെ പവിത്രീകരിക്കപ്പെട്ടതാണ് ആധുനിക നീതിന്യായ സംവിധാനങ്ങളും. പൗരന്റെ അവസാനത്തെ അത്താണിയെന്നൊക്കെ ആഘോഷമാക്കി, ജനസഞ്ചയത്തെ അടക്കിയിരുത്താനുള്ള സ്റ്റേറ്റിന്റെ ഹ്രസ്വകാല പദ്ധതികളില്‍ പെട്ടതാണ് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച സദ്കീര്‍ത്തനങ്ങള്‍. 

അതാതു നാടുകളിലെ മേലാള, അധീശ വ്യവസ്ഥകളോടും വംശീയ വിഭാഗങ്ങളോടും അനുഭാവം പുലര്‍ത്തുക എന്നതും നടപ്പുരീതികളാണ്. അതായത്, രാജ്യത്തെ ന്യൂനപക്ഷങ്ങളെയും അധസ്ഥിത വിഭാഗങ്ങളോടും തെറ്റായ മുന്‍വിധികളോടെ കാണുക. ഇതിന് ഇന്ത്യയിലെ മികച്ച ഉദാഹരണമാണ് 2019 ലെ ബാബരി വിധി. പള്ളി തകര്‍ത്തത് ക്രിമിനല്‍ നടപടിയാണ്, അമ്പലം തകര്‍ത്താണ് പള്ളി പണിതത് എന്ന് പറയാനാവില്ല തുടങ്ങിയ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നതും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കനുകൂലവുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 

എന്നാല്‍ വിധിയോ, പള്ളി തകര്‍ത്തേടത്ത് അമ്പലം പണിയാമെന്നും മുസ്‌ലിംകള്‍ക്ക് അപ്പുറത്ത് അഞ്ചേക്കര്‍ നല്‍കാമെന്നും. ന്യായങ്ങളെല്ലാം നിങ്ങള്‍ക്കനുകൂലമാണ്; എന്നാല്‍ നീതി മുസ്‌ലിംകള്‍ക്ക് പറഞ്ഞതല്ല എന്നാണ് കോടതി ധ്വനിപ്പിക്കുന്നത്. നിങ്ങള്‍ രണ്ടാം തരം പൗരന്‍മാരാണ്; ഹിമാലയവും മൂന്ന് സമുദ്രങ്ങളും അതിരിടുന്ന തടങ്കല്‍ പാളയത്തില്‍ പുളയാനാണ് നിങ്ങളുടെ വിധിയെന്നും അസന്നിഗ്ദമായി പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തത്.

പ്രത്യക്ഷത്തില്‍ തന്നെ നീതികേടെന്ന് തോന്നുന്ന വിധിയില്‍ മറ്റൊരു കാര്യം കോടതി പറഞ്ഞ് വെച്ചിരുന്നു. മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്നും പ്രസ്തുത നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും. അപ്പറഞ്ഞ കോടതിക്ക് ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യത്തില്‍ അതൊന്നും ബാധകമായില്ല. സര്‍വേ നടത്താമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് അധികൃതര്‍  സുപ്രീംകോടതിയിലെത്തിയെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ തയാറായില്ല. പൂജയാവാമെന്ന ജില്ലാ കോടതി തീർപ്പിനെ സ്റ്റേ ചെയ്യാൻ ഹൈക്കോടതിയും മെനക്കെട്ടില്ല.

രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന്റെ വിചാരണയുടെ വേഗവും നല്‍കിയ ശിക്ഷയുമാണ് മൂന്നാമത്തേത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കും നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളികളായവര്‍ക്കും സഹായിച്ചവര്‍ക്കുമെല്ലാം വധശിക്ഷ നല്‍കിയിരിക്കുന്നതും കോടതി തന്നെ. സോഷ്യല്‍ മീഡിയയില്‍ ആരോ എഴുതിയപോലെ വഴിപോക്കരാരും ആ സമയം അതുവഴി കടന്നുപോകത്തതു ഭാഗ്യം. ഇല്ലെങ്കില്‍ അവര്‍ക്കും കിട്ടിയേനെ വധശിക്ഷ. കുറ്റകൃത്യത്തിലപ്പുറം ശിക്ഷാവിധിയാണ് നീതിന്യായ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം. അതിവേഗത്തില്‍ നടന്ന വിചാരണയും ശിക്ഷാവിധിയുമായിരുന്നു രജ്ഞിത് വധക്കേസില്‍ നടന്നത്. എന്നാല്‍ അതേദിവസം നടന്ന ഷാന്‍ വധക്കേസ് വിചാരണക്ക് ഇക്കഴിഞ്ഞ ദിവസം മാത്രമാണ് പ്രോസിക്യൂഷനെ പോലും നിയമിച്ചത്. റിയാസ് മൗലവി വധക്കേസും കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസ് വിചാരണയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിലരുടെ വിചാരണ വേഗത്തിലും ശിക്ഷ കടുത്തതും. മറ്റുചിലത് മന്ദഗതിയില്‍. 

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായം എന്ന നിലക്ക് മുസ്‌ലിം സമുദായത്തിന് കൂടുതല്‍ അനീതി ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഈ മൂന്ന് സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം വിവേചനങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും നടന്നിട്ടുണ്ട്. 

2019-ല്‍ നടത്തിയ The Sentencing Gap Between Black and White Federal Defendants’  എന്ന പഠനത്തില്‍, അമേരിക്കയിലെ ഫെഡറല്‍ കോടതികളില്‍, വെളുത്ത കുറ്റവാളികള്‍ക്ക് കറുത്ത കുറ്റവാളികളെ അപേക്ഷിച്ച് ശരാശരി 63% കുറഞ്ഞ ശിക്ഷ ലഭിക്കുന്നതായി കണ്ടെത്തി. ഈ വ്യത്യാസം ഗുരുതരമായ കുറ്റങ്ങള്‍ മുതല്‍ ചെറിയ കുറ്റങ്ങള്‍ വരെയുള്ള എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങളിലും നിലനില്‍ക്കുന്നു. 2005 മുതല്‍ 2016 വരെ നടന്ന കൊലപാതകം, ലൈംഗികാതിക്രമം, കള്ളക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിചാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. വംശീയ മുന്‍വിധികള്‍, വംശീയ വിവേചനം, വംശീയ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക അസമത്വം എന്നിവയാണ് ശിക്ഷയുടെ ഏറ്റക്കുറവുകള്‍ക്ക് കാരണമെന്നും പഠനം പറയുന്നു.

2020 ല്‍ പ്രസിദ്ധീകരിച്ച ‘Racial Disparities in Sentencing: Evidence from State and federal Courts’ എന്ന പഠനത്തില്‍ അമേരിക്കയിലെ സ്റ്റേറ്റ് കോടതികളില്‍, കറുത്ത കുറ്റവാളികള്‍ക്ക് വെളുത്ത കുറ്റവാളികളെ അപേക്ഷിച്ച് 10% കൂടുതല്‍ ശിക്ഷ ലഭിക്കുന്നു എന്നാണ് കണ്ടെത്തല്‍. 2004 മുതല്‍ 2017 വരെ നടന്ന കൊലപാതകം, ലൈംഗികാതിക്രമം, കള്ളക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിചാരണകളാണ് പഠനത്തിന് ഉപയോഗിച്ചത്. 2019 ലെ പഠനത്തില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഈ വിവേചനത്തിന് കാരണമെന്ന് ഈ പഠനവും വ്യക്തമാക്കുന്നു.

2022-ല്‍ ഭോപ്പാല്‍ ലോക് ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ  ‘Ethnic Disparities in Sentencing in India: Evidence from the High Courts’ എന്ന പഠനത്തില്‍, ഇന്ത്യയിലെ കോടതികളില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് വംശീയ ഭൂരിപക്ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. രാജ്യത്തെ ഹൈക്കോടതികളിലെ 2004 മുതല്‍ 2017 വരെ നടന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിചാരണകളെ അടിസ്ഥാനമാക്കയാണ് പഠനം നടന്നത്. ദളിത് കുറ്റാരോപിതര്‍ക്ക് മറ്റ് സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ സമാനമായ കുറ്റങ്ങള്‍ ചെയ്ത മറ്റ് കുറ്റാരോപിതരെ അപേക്ഷിച്ച് കൂടുതല്‍ ശിക്ഷ ലഭിക്കുന്നു. ഈ വ്യത്യാസം ദളിത് കുറ്റവാളികളുടെ സാമ്പത്തിക അസമത്വം, അവരുടെ സാമൂഹിക നിലവാരം തുടങ്ങിയവ കാരണമാണെന്നും പഠനം പറയുന്നു.

ബാംഗ്ലൂർ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ 2020 ൽ  നടന്ന പഠനമാണ് മറ്റൊന്ന്. ‘Sentencing Disparity in Murder Cases: Evidence from the Indian Supreme Court’ എന്ന തലക്കെട്ടില്‍  ഹൈക്കോടതികളില്‍ 2014 മുതല്‍ 2018 വരെ നടന്ന കൊലപാതക വിചാരണകളെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. ഇതിൽ മുസ്‌ലിം കുറ്റവാളികള്‍ക്ക് സാധാരണയായി മറ്റ് സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ സമാനമായ കുറ്റങ്ങള്‍ ചെയ്ത മറ്റ് കുറ്റവാളികളെ അപേക്ഷിച്ച് കൂടുതല്‍ ശിക്ഷ ലഭിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍. 

ഈ പഠനങ്ങളെല്ലാം കോലോമനോവിനെ ശരിവെക്കുകയാണ്. അതായത് കോടതികളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് വംശീയ ഭൂരിപക്ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ശിക്ഷ ലഭിക്കുന്നുവെന്നാണ്.

Related Articles