Current Date

Search
Close this search box.
Search
Close this search box.

സ്റ്റാലിന്റെ മറവില്‍ മാന്യവര്‍ വി.ഐ ലെനിന്‍

കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ സോവിയറ്റ് യൂനിയന്‍ സന്ദര്‍ശിച്ച ശേഷം ലെനിനെ വാഴ്ത്തി കവിതയെഴുതി. വര്‍ഷങ്ങള്‍ക്ക് ശേഷം ലെനിനെ കുറിച്ച് തന്നെ പൂര്‍ത്തിയാകാത്ത മറ്റൊരു കവിതയുമെഴുതിയ കാര്യം ഈയിടെ വായനക്കിടയില്‍ കയറിവന്നു. പൂര്‍ത്തിയാകാത്ത കവിതാഭാഗം ഇങ്ങനെ:

 

“സ്വക നേത്രത്താലാരും കണ്ടതാണല്ലോ, നേര്‍,ക്കാ

‘യുഗ’മുമ്മറ വാതില്‍ കടന്നൂ കുനിയാതെ

ധരിച്ചൂ ശരാശരിയായ കുപ്പായം മാത്രം;

പരക്കെ ജ്ജനത, യാ ലെനിനെന്ന വിസ്മയം

ദൈവനിശ്ചയാല്‍ വന്ന നേതാവായ്, രാജാവായേ

നിര്‍വിശങ്കമായ് ദേവന്‍ താനായോ വാഴ്ത്തിടുകില്‍

പ്രതിഷേധിക്കാനെത്തും മുമ്പനായി ഞാന്‍, കൂട്ടും

അതിയായ് ബഹളം ഞാന്‍ ഹാളിലും തെരുവിലും.

ആള്‍ത്തിരക്കുകള്‍ പിന്നെ പ്രസംഗങ്ങളും ഘോഷ-

യാത്രകള്‍, വിലാപവുമൊക്കെയുമെതിര്‍ക്കും ഞാന്‍”

ലെനിന്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 100 വര്‍ഷം പൂര്‍ത്തിയായി. 1924 ജനുവരി 21 നാണ് വിപ്ലവോത്സുകവുമായ ആ ജീവിതം അവസാനിച്ചത്. ലെനിന്റെ നൂറാം ചരമവാര്‍ഷികത്തില്‍, ലെനിനെ ഓര്‍മിച്ചും വാഴ്ത്തിയും ലെനിനിസത്തിന്റെ സമകാലിക പ്രസക്തിയെ പ്രാധാന്യപൂര്‍വം ഉയര്‍ത്തിക്കാട്ടുന്നുണ്ട്, പൊതുവെ കേരളത്തിലെ ഇടത് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും  സഹയാത്രികരും. മഹത്വവല്‍ക്കരണത്തിനിടയില്‍ വ്‌ലാദിമിര്‍ ഇല്ലിച് ഉല്യാനോവ് എന്ന വി.ഐ  ലെനിന്‍ സ്വയം വിചാരണ നടത്തിയ അളവില്‍ പോലും ലെനിനെയും ലെനിനിസത്തെയും സംബന്ധിച്ച വിമര്‍ശനങ്ങള്‍ ഉയരുന്നില്ല എന്നത് കൗതുകകരമാണ്.

മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ആശയ ലോകത്തെ ഭൂമിയിലേക്കിറക്കി എന്നതാണ് മാര്‍ക്‌സിസ്റ്റ് ചരിത്രത്തിലെ ലെനിന്റെ പ്രസക്തി. ഭൂമിയില്‍ സോഷ്യലിസം സ്ഥാപിച്ച് ഇഹലോകത്ത് തന്നെ സ്വര്‍ഗം പണിയാനാവുമെന്നാണ് ലെനിന്‍ ലോകത്തോട് പറഞ്ഞത്. റഷ്യയില്‍ അതിനാണയാള്‍ ശ്രമിച്ചതും.  മേഘങ്ങളുടെ ഇടയില്‍ പോയി ഒളിച്ചിരിക്കുന്ന മാലാഖമാരെയും ദൈവത്തെയും മാത്രമല്ല ദൈവരാജ്യത്തെ തന്നെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചൊരാളായിരുന്നു ലെനിന്‍ എന്നാണ് മാര്‍ക്‌സിന്റെ തന്നെ ലെനിനുള്ള സര്‍ട്ടിഫിക്കറ്റ്. സോവിയറ്റ് യൂനിയന്‍ എന്ന പേരില്‍ പിന്നീടറിയപ്പെട്ട ഒട്ടേറെ രാജ്യങ്ങളെയും അതിനുപുറത്തുളള മറ്റനേകം രാജ്യങ്ങളെയും കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയും നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട് ലെനിന്‍.

തന്റെ സ്വര്‍ഗരാജ്യത്തിന്റെ അധിപനായി ലെനിന് ശേഷം സോവിയറ്റ് റഷ്യയുടെ അധികാരത്തിലെത്തിയ ജോസഫ് സ്റ്റാലിന്‍ മനുഷ്യ സമൂഹത്തോട് ചെയ്ത അതിക്രൂരമായ ചെയ്തികള്‍ ലോകത്തിന് മുന്നിലുണ്ട്. വിരുദ്ധ ആശയങ്ങള്‍ പുലര്‍ത്തുന്നവരോട്, മത, വംശീയ വിഭാഗങ്ങളോട്, തന്റെ നിലപാടുകളോട് വിയോജിപ്പ് പുലര്‍ത്തുന്ന സ്വന്തം പ്രസ്ഥാനത്തിലെ ആണ്‍ സഖാക്കളോടും പെണ്‍ സഖാക്കളോടും, സംശയത്തിന്റെ നിഴലിലുള്ളവരോട് എല്ലാം സ്റ്റാലിന്‍ ചെയ്ത ക്രൂരതകള്‍ കമ്മ്യൂണിസ്റ്റ് ആശയധാരയില്‍ നിന്ന് തന്നെ ഊര്‍ജം കൊണ്ടവയായിരുന്നു. പാവം സ്റ്റാലിന്‍. സ്റ്റാലിന്റെ ദുര മൂത്ത  ക്രൂരതകളെ കാണാതെ ഒരു സ്റ്റാലിന്‍ ഓര്‍മയോ മാര്‍ക്‌സിസ്സത്തെ സംബന്ധിച്ച വിശകലനമോ കടന്നുപോവുന്നില്ല. എന്നാല്‍ ലെനിനെ സംബന്ധിച്ച അനുസ്മരണ ചിന്തകളിലൊന്നും തന്നെ അതേ ആശയം ഏതര്‍ഥത്തിലുള്ള ലെനിനെയാണ് രൂപകല്‍പന ചെയ്തത് എന്ന് പഠന വിധേയമാക്കുന്നേയില്ല. സ്റ്റാലിന്റെ കൊടും ക്രൂരതകളുടെ മറവില്‍ വിപ്ലവനായകനായി അവരോധിച്ച് മാന്യവരാക്കപ്പെടുന്നു ലെനിന്‍.

തുടക്കക്കാരനെന്ന നിലയില്‍ സ്റ്റാലിനോളം നീണ്ടകാലം അത്തരം ചെയ്തികളിലേര്‍പ്പെടാന്‍ ലെനിനായിട്ടില്ല. അമ്പത്തിനാലാമത്തെ വയസിലെ മരണവും രോഗപീഡകളും അദ്ദേഹത്തെ അതിനനുവദിച്ചില്ല, എന്നതൊഴിച്ചാല്‍ മാര്‍ക്‌സിസം മനുഷ്യരാശിക്ക് മേല്‍ വിതച്ച രക്തമുറക്കുന്ന ക്രൂരതകളുടെ പ്രോദ്ഘാടനം നിര്‍വഹിക്കാന്‍ സഖാവ് ലെനിന് സാധിച്ചിട്ടുണ്ട്. സോവിയറ്റ് റഷ്യയില്‍ സ്റ്റാലിന്റെയോ പിന്‍ഗാമികളുടെയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന് നേതൃത്വം നല്‍കിയവരുടെയോ ഭാഗത്തു നിന്നുണ്ടായ വഴുതലുകള്‍ മാത്രമല്ല അവയൊന്നും, മറിച്ച് ജനിതക പ്രകൃതമാണ് എന്ന് ലെനിന്‍ കാട്ടിത്തരുന്നുണ്ട്.

1800 കളുടെ മധ്യത്തോടെ ലോകത്താകമാനം വിപ്ലവത്തെക്കുറിച്ചുള്ള നാനാതരം ആശയങ്ങള്‍ ആഗോള രാഷ്ട്രീയാന്തരീക്ഷത്തില്‍ സംവദിച്ചു കൊണ്ടിരുന്നു. രാജഭരണത്തിന് പകരം ജനാധിപത്യം എന്നതായിരുന്നു ആവശ്യം.  മനുഷ്യവിമോചനത്തിന് വേണ്ടിയുള്ള ആശയങ്ങളും സമരങ്ങളും രൂപപ്പെട്ടു. അതിന്റെ മുന്നണിയിലാണ് കമ്മ്യൂണിസം ഇടം പിടിച്ചത്.

അങ്ങനെയാണ് 1917 ല്‍ റഷ്യയില്‍ ലെനിന്റെ നേതൃത്വത്തില്‍ വിപ്ലവം നടക്കുന്നത്. സാര്‍ ചക്രവര്‍ത്തിയുടെ രാജാധിപത്യം നിലനില്‍ക്കുന്ന കാലത്ത് രഹസ്യപോലീസ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയും വിപ്ലവകാരികള്‍ക്കെതിരെയും അതിനിഷ്ഠൂരമായ മുറകള്‍ നടപ്പാക്കിയിരുന്നു. ലെനിന്റെ മുതിര്‍ന്ന സഹോദരന്‍ അലക്സാണ്ടര്‍ ഉല്യാനോവ്, രാജാധിപത്യത്തിനെതിരായ വിപ്ലവപ്രവര്‍ത്തനത്തില്‍ അറസ്റ്റ് ചെയ്യപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. അന്ന് ലെനിന് പ്രായം പന്ത്രണ്ട് വയസ്സ്. അധികാരത്തിലെത്തിയ ഉടനെ  സകല ജനാധിപത്യ, മാനവിക മൂല്യങ്ങളെയും നിരാകരിക്കുന്ന കൊടും ക്രൂരതകളാണ് ലെനിന്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

1918-ല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ അസംബ്ലി പിരിച്ചുവിട്ടു. അത് ‘ജനങ്ങളുടെ വിപ്ലവ ഇച്ഛയെ’ പ്രതിനിധീരിക്കുന്നില്ലെന്നായിരുന്നു ലെനിന്റെ ന്യായം. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും 1921-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ റഷ്യയിലെ ഏക നിയമസാധുതയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിക്കകത്തും ലെനിന്‍ ശുദ്ധീകരണ പ്രകിയ നടത്തി. തന്റെ നയങ്ങളോടും നേതൃത്വത്തോടും വിയോജിപ്പുള്ള ഏതൊരു വ്യക്തിയെയും ഉന്മൂലനം ചെയ്തു. ഇതിനായി ലെനിന്‍ ഉപയോഗിച്ച ആയുധമാവട്ടെ രാജ്യദ്രോഹ കുറ്റവും. പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി സ്വയം സ്ഥാപിക്കപ്പെടുക  എന്നതായിരുന്നു ലെനിന്‍ ലക്ഷ്യമിട്ടത്.

ബോള്‍ഷെവിക് വിപ്ലവത്തെ നിലനിര്‍ത്തുന്നതിന് ലെനിന്റെ നേതൃത്വത്തില്‍ നടന്ന ആ പീഡനപര്‍വങ്ങളാണ് ചരിത്രത്തില്‍ ചുവന്ന ഭീകരത (red terror) എന്നറിയപ്പെടുന്നത്. 1918 മുതല്‍ 1922 വരെയുള്ള കാലയളവില്‍ ഭരണകൂട സമ്മതത്തോടെ നടന്ന ഹിംസയാണ് റെഡ് ടെറര്‍. ഇതിനായി ലെനിനോട് മാത്രം റിപ്പോര്‍ട്ട് ചെയ്യേണ്ട രഹസ്യ പോലിസ് സേനയാണ്  All-Russian Extraordinary Commission for Combating Counter-Revolution and Sabotage(ചെക്ക).

1918 മുതല്‍ 1922 വരെയുള്ള കുറഞ്ഞ കാലയളവില്‍ ചെഷന്‍സ്‌കിയുടെ നേതൃത്വത്തില്‍ ആ രാജ്യത്ത്  ചെക്ക കാണിച്ച ചെയ്തികള്‍ സ്റ്റാലിന്‍ പിന്നീട് ബാലപാഠമാക്കിയെന്നേയുള്ളൂ. വിയോജിക്കുന്നവര്‍ക്കെതിരെ ഭീഷണിപ്പെടുത്തലും അക്രമവും നടത്തി. കൂട്ട അറസ്റ്റുകള്‍, വധശിക്ഷകള്‍, നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകള്‍ എന്നിവ രഹസ്യ പോലിസിന്റെ ഉപകരണങ്ങളായിരുന്നു. വിയോജിപ്പുകളെ നിശബ്ദമാക്കാനും ജനങ്ങളില്‍ ഭയം ജനിപ്പിക്കലുമായിരുന്നു റെഡ് ടെറര്‍ ലക്ഷ്യമിട്ടത്. ഈ തന്ത്രം വലിയ വിജയമായിരുന്നു. ദശാബ്ദങ്ങളോളം ഭയം ജനങ്ങളെ  വേട്ടയാടിക്കൊണ്ടിരുന്നു.

സ്വന്തം പാര്‍ട്ടികത്തെ വിയോജിപ്പുള്ളവരെ അടിച്ചമര്‍ത്താന്‍ രഹസ്യപോലിസിനെ ലെനിന്‍ സമൃദ്ധമായി ഉപയോഗിച്ചു. ലെനിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച നിക്കോളായ് ബുഖാരിന്റെ നേതൃത്വലുള്ള വിഭാഗത്തിലെ പ്രമുഖരെ അറസ്റ്റ് ചെയ്തു. പാര്‍ട്ടിയിലും നേതൃത്വത്തിലും കൂടുതല്‍ തൊഴിലാളി പ്രാതിനിധ്യത്തിന് വേണ്ടി വാദിച്ച തൊഴിലാളികളെ ചെക്കയെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ലെനിന്‍ ചെയ്തത്. തന്റെ കാഴ്ചപ്പാടുകളോട് വിയോജിക്കുന്ന ആരെയും പാര്‍ട്ടിയിലോ രാജ്യത്തിനകത്തോ പൊറുപ്പിക്കാന്‍ ലെനിന്‍ തയാറായിരുന്നില്ല. ദിമിത്രി ഫെമനോവ്, വിക്ടര്‍ ചെര്‍ണോവുമെല്ലാം ലെനിന്റെ ഇരകളാണ്. അറസ്റ്റും ജയിലും വിചാരണ കൂടാതെയുള്ള ശിക്ഷയും നാടുകടത്തലുമെല്ലാം ലെനിന്റെ ആയുധങ്ങളായിരുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും ലെനിന്റെ രഹസ്യ പോലിസ് പിറകിലായിരുന്നില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാമൂഹിക വിഭാഗങ്ങളില്‍ നിന്നും ദേശീയതകളില്‍ നിന്നുമുള്ള സ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെടുകയും പലപ്പോഴും ന്യായമായ വിചാരണ കൂടാതെ വധശിക്ഷക്ക് വിധേയമാവുകയും ചെയ്തു. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഭീഷണികള്‍ക്കും  ഇരകളായി.

വ്യക്തികളുടെ മേല്‍ കുറ്റാരോപണം നടത്തി കുടുംബത്തെ മുഴുവന്‍ പീഡിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന രീതിയും സോവിയറ്റില്‍ സാധാരണമായിരുന്നു. ഇത് വലിയ വൈകാരികവും മാനസികവുമായ ആഘാതം സൃഷ്ടിച്ചു, കുടുംബങ്ങളെയും സമൂഹങ്ങളെയും തകര്‍ത്തു. പട്ടിണിയും രോഗങ്ങളും കാരണം ഉയര്‍ന്ന മരണനിരക്കിന് കുപ്രസിദ്ധമായിരുന്നു ലേബര്‍ ക്യാമ്പുകള്‍. ലേബര്‍ ക്യാമ്പുകളിലെ അമിതമായ നിര്‍ബന്ധിത  ജോലി ചെയ്യാനും സത്രീകള്‍ നിര്‍ബന്ധിതരായി.

1917 മുതല്‍ 1924 വരെയുള്ള ലെനിന്‍ ഭരണത്തിന്റെ കാലത്ത് മാത്രം അഞ്ച് ലക്ഷം പേരെങ്കിലും കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനേക്കാള്‍ പതിന്‍മടങ്ങ് പേര്‍ കൊടിയ പീഡനത്തിനിരയായിട്ടുണ്ടാവുമെന്നുറപ്പ്. സാധാരണ ഗതിയില്‍ ഒരു ദേശത്തെ കടന്നാക്രമിക്കുന്ന രാജ്യങ്ങളോ അവരുടെ സൈനികരോ ആണ് മനുഷ്യത്വത്തിന് നേരെ ഇത്തരം ക്രൂരമായ ചെയ്തികള്‍  അനുവര്‍ത്തിക്കാറുള്ളത്. പക്ഷെ സോവിയറ്റ് യൂനിയനില്‍ വിപ്ലവ പാര്‍ട്ടി സ്വന്തം ജനതയ്ക്കു നേരെ ഈ പീഢകള്‍ അഴിച്ചുവിടുകയായിരുന്നു. അതും പ്രതിവിപ്ലവത്തെ പേടിച്ചും സ്വന്തം അഭിപ്രായത്തിനപ്പുറത്ത് മറ്റൊന്നുമുണ്ടാകരുത് എന്ന് ഉറപ്പുവരുത്താനും. നോക്കൂ, ഭൂമിയില്‍ കെട്ടിപ്പടുത്ത സ്വര്‍ഗലോകത്തിന്റെ കവാടത്തിലെ കാവല്‍ മാലാഖയുടെ ചെയ്തികള്‍.

ജനാധിപത്യത്തെയും മനുഷ്യ വിമോചനത്തെയും കുറിച്ച് ധാരാളമായി സംസാരിക്കുന്നവര്‍ തന്നെ ലെനിന്റെ നൂറാം ചരമവാര്‍ഷികത്തില്‍ നടത്തുന്ന വാഴ്ത്തുപാട്ടുകളില്‍ ലെനിനിലെ പകുതിഭാഗം മാത്രമേയുള്ളൂ.

 

Related Articles