Current Date

Search
Close this search box.
Search
Close this search box.

രാഹുൽ നിങ്ങൾ ഇനിയുമേറെ മുന്നേറാനുണ്ട്

എതിർപ്പുകൾ വകഞ്ഞ് മാറ്റുക എതിരാളികളെ മൗനികളാക്കുക എന്നത് സംഘപരിവാർ കാലങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മോദിയെ അപകീർത്തിപെടുത്തിയതിന് രാഹുൽ ഗാന്ധിയെ പരമാവധി ശിക്ഷ നൽകി അയോഗ്യനാക്കിയത് വിമർശിക്കുന്നവരെ നിലക്കുനിറുത്താനുള്ള ഈ രാഷ്ട്രീയ അജണ്ടയുടെ ഫലമായാണ്. അപകീർത്തി കേസിൽ കാലങ്ങളായി വിചാരണ നേരിട്ടു കൊണ്ടിരുന്ന അദ്ദേഹത്തിന് ആഗസ്റ്റ് 4 നാണ് അനുകൂലമായി കോടതി ഉത്തരവ് ഉണ്ടായത്. അതോടെ അദ്ദേഹം വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.

മടങ്ങി വന്ന് ഫെബ്രുവരി 13 ന് അദ്ദേഹം ലോക്‌സഭയിൽ മോദിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയായ പൂർണേഷ് മോദിയെ വിമർശിച്ച് 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രസംഗിക്കുന്നതിനിടെ “മോദി എന്ന് കുടുംബപ്പേരുള്ളവരെല്ലാം കള്ളന്മാരാണ്” എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ബി.ജെ.പി ആയുധമാക്കുകയായിരുന്നു. ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തതിനെ തുടർന്ന് മാർച്ച് 23 ന് സൂറത്ത് കോടതിയിൽ കേസ് ആരംഭിച്ചു. രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷയായ രണ്ട് വർഷം തടവും അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യതയും ഏർപ്പെടുത്തി.

മാർച്ച് 24 ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി. 134 ദിവസം നീണ്ടുനിന്ന രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിനൊടുവിൽ ഓഗസ്റ്റ് 4 ന് സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ സ്റ്റേ ചെയ്തതോടെയാണ് കേസ് അവസാനിക്കുന്നത്. അങ്ങനെയാണ് ഓഗസ്റ്റ് ഏഴിന് അദ്ദേഹം വീണ്ടും ലോക്സഭയിലെത്തുന്നത്.

പക്ഷേ അദ്ദേഹം ഇന്ന് അഭിമുഖീകരിക്കുന്നത് അതിലും വലിയ പ്രശ്നങ്ങളാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒന്നുകിൽ അദ്ദേഹം നരേന്ദ്ര മോദിക്കെതിരെ അണിനിരക്കുന്ന ശക്തനായ സ്ഥാനാർത്ഥിയായിരിക്കും. അതല്ലെങ്കിൽ കേവലം ഒരു സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരും. കാരണം ഇപ്പോൾ തകിടം മറിഞ്ഞ് കിടക്കുന്ന കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്ന ചുമതലയിൽ നിന്ന് മാറി 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിപക്ഷ സഖ്യം തുന്നിച്ചേർത്തിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തെ നയിക്കാൻ അദ്ദേഹത്തിന് എത്രത്തോളം കഴിവുണ്ടെന്ന് കണ്ടറിയണം.

2004 ലെ തെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവട് വെക്കുന്നത്. അമേഠിയിൽ നിന്നാണ് അദ്ദേഹം വിജയിച്ച് കയറിയത്. അങ്ങനെ 1996 ന് ശേഷം ആദ്യമായി ന്യൂ ഡൽഹിയിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. 145 സീറ്റുകളോടെയാണ് യുപിഎ ഭരണം കയ്യാളിയത്. ഒരു ദശാബ്ദക്കാലം പിന്നീട് ഇന്ത്യയെ നയിക്കാൻ കോൺഗ്രസിന് സാധിച്ചു. അതിനുശേഷം 2007 ൽ രാഹുൽ ഗാന്ധി നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ചെയർമാനായും, അതേവർഷം തന്നെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനായും , 2007-13 കാലയളവിൽ ജനറൽ സെക്രട്ടറിയായും, 2013-17 കാലത്ത് വൈസ് പ്രസിഡന്റായും, പിന്നീടുള്ള രണ്ട് വർഷം പാർട്ടിയുടെ പ്രസിഡന്റായും സേവനം ചെയ്തു.

2009 ൽ മൻമോഹൻ സിംഗ് അദ്ദേഹത്തെ തന്റെ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ചു. 2012 ലും അഭ്യർത്ഥന ആവർത്തിച്ചെങ്കിലും അദ്ദേഹം അത് തിരസ്കരിക്കുകയായിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നതിലും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിലും മൻമോഹൻ സിങ് നൽകിയ സംഭാവനയെ അദ്ദേഹം അംഗീകരിച്ചില്ല. 2013 സെപ്തംബറിൽ അദ്ദേഹം മൻമോഹൻ സിംഗിനെ പരസ്യമായി അപമാനിച്ചു. അദ്ദേഹത്തിന്റെ നടപടി സർക്കാരിന്റെയും പാർട്ടിയുടെയും സത്പേരിന് കോട്ടം വരുത്തി.

ഇന്ദിരാഗാന്ധിയുടെ രണ്ടാം ഭരണകാലം മുതൽ കോൺഗ്രസ് പാർട്ടി പ്രത്യയശാസ്ത്രപരമായ വ്യതിയാനത്തിലായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് അത് കൂടുതൽ ശക്തമായി. പി വി നരസിംഹ റാവുവും സീതാറാം കേസരിയും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ കാര്യമായ സംഭാവനയൊന്നും നൽകിയതുമില്ല. പിൽക്കാലത്ത് വന്ന സോണിയാ ഗാന്ധി ഉയർന്നുവരുന്ന സഖ്യയുഗം മനസ്സിലാക്കി യുപിഎയെ ഇരുവിഭാഗമാക്കി ക്രമീകരിച്ചെങ്കിലും സുശക്തമായ പാർട്ടി സംവിധാനം കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു.

നിർഭാഗ്യവശാൽ അദ്ദേഹം പ്രസിഡന്റായ കാലത്ത് പോലും പാർട്ടി അംഗങ്ങളെ പ്രത്യയശാസ്ത്രപരമായി സജ്ജീകരിക്കാനും ലക്ഷ്യബോധമുള്ള അണികളാക്കാനും കഴിയാതിരുന്നത് ബിജെപിയുടെ വളർച്ചയ്ക്ക് കൂടുതൽ സഹായകമായി. 2019 ൽ നടന്ന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു. അത് കാരണം പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന കാര്യത്തിൽ അദ്ദേഹം അശക്തനാണെന്ന് സ്വന്തം അണികൾ പോലും കുറ്റപ്പെടുത്തി. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും കേരളത്തിലെ വയനാട്ടിൽ നിന്ന് വിജയിച്ചതിനാൽ അദ്ദേഹത്തിന് എംപി സ്ഥാനം നിലനിറുത്താൻ സാധിച്ചു.

രണ്ട് പതിറ്റാണ്ടോളം ലോക്‌സഭയിൽ എത്തിയിട്ടും ഉജ്ജ്വലമായ സംവാദത്തിനോ ഇടപെടലുകൾക്കോ അല്ലാതെ അർത്ഥവത്തായ ഒരു കാര്യവും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാലാകാലങ്ങളായി ലോക്‌സഭയിലെ തന്റെ പ്രസംഗങ്ങളിലൂടെ അദ്ദേഹം ബിജെപിയെയും പ്രധാനമന്ത്രിയെയും വിമർശിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം ഒരിക്കലും രാജ്യത്തെക്കുറിച്ചോ അവിടെ ആവിഷ്കരിക്കേണ്ട ബദൽ സംവിധാനങ്ങളെക്കുറിച്ചോ ക്രിത്യമായ വീക്ഷണവും കാഴ്ചപ്പാടും നൽകാതിരുന്നതാണ് കോൺഗ്രസ് ഇന്നും അധപതനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ കാരണം.

2014 മുതൽ ഇന്ത്യൻ രാഷ്ട്രീയം വിസ്മരിച്ച ആശയമാണ് മതേതരത്വം. ഈ വിഷയത്തിൽ കൈകൊള്ളേണ്ട നടപടിക്രമങ്ങളിൽ രാഹുൽ ഗാന്ധിക്ക് വ്യക്തതയില്ലാതിരുന്നതാണ് കാര്യങ്ങൾ ഇത്ര അവതാളത്തിലാക്കിയത്. ഹിന്ദു ജനതയെ പ്രീണിപ്പിക്കാൻ മൃദുഹിന്ദുത്വ സമീപനം കൈകാണ്ടത് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാർട്ടിക്കോ കാര്യമായ നേട്ടമൊന്നുമുണ്ടാക്കിയതുമില്ല.

ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു. അത് ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട പ്രതിച്ഛായ സൃഷ്ടിക്കാൻ സഹായകമായി. അതിലൂടെ പൊതുജന പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ചിരിച്ച് ആളുകളോട് പെരുമാറിയതും ലളിതമായ വസ്ത്രധാരണവും സുരക്ഷാ വലയം ഉണ്ടായിരുന്നിട്ടും ഏവരെയും പരിഗണിച്ചതും അദ്ദേഹത്തെ ജനപ്രിയനാക്കി. അത് കർണാടകയിൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ വിജയത്തിന് കാരണമായി. എന്നാൽ കോൺഗ്രസ് പാർട്ടിക്ക് സംഘടനാപരമായി കെട്ടുറപ്പുള്ള സംസ്ഥാനമായതിനാൽ ആ വിജയത്തിൽ അത്യാഹ്ലാദം കാണിക്കുന്നത് വംഗത്തമാണ്.

അദ്ദേഹം ലോക്സഭയിൽ വെച്ച് നടത്തിയ പ്രസംഗത്തിലെ പ്രധാന പ്രമേയം മോദി വിമർശനം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയിലെ അനുഭവത്തെക്കുറിച്ചും രാജ്യത്ത് നടപ്പിലാക്കേണ്ട നയസംവിധാനങ്ങളെ കുറിച്ച് യാതൊന്നും പ്രതികരിച്ചില്ല.

2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൂട്ടി ബിജെപിക്കെതിരെ ബലവത്തായ പ്രതിപക്ഷ മുന്നണിയെ കൊണ്ടുവരലാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ പദ്ധതി. ഇന്ത്യയിൽ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) ചേർന്ന മറ്റ് 25 പാർട്ടികളുടെ ഏകീകരണ മനോഭാവം വിജയത്തിന് അത്യന്താപേക്ഷിതമാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഇന്ത്യ എന്ന പേര് അവർ തിരഞ്ഞെടുത്തത്.

എന്നിരുന്നാലും ഇതൊരു തുടക്കം മാത്രമാണ്. കഴിഞ്ഞ ഒമ്പത് വർഷമായി മോദി ഭരണകൂടം പുനർനിർമിച്ച നിരവധി വിഷയങ്ങളിൽ കൂടുതൽ നീതി ബോധമുള്ള നടപടിക്രമങ്ങൾ കൈകൊള്ളാൻ പുതിയ സഖ്യത്തിന് സാധിക്കുമോയെന്നാണ് ആലോചിക്കേണ്ടത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടകൾ ക്രിത്യമായി മനസ്സിലാക്കി പരിഹാര മാർഗ്ഗങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയാലേ വരുന്ന തെരഞ്ഞെടുപ്പിൽ അവരെ തറപറ്റിക്കാൻ സാധിക്കുകയുള്ളൂ. അതിന് ഇനിയുള്ള കാലം കൂടുതൽ കാര്യക്ഷമമായി യുക്തിപൂർവ്വം കരുക്കൾ നീക്കൽ അത്യന്താപേക്ഷിതമാണ്. മൂർച്ചയുള്ള ചിന്തകൾക്കേ അവരെ കീഴടക്കാൻ കഴിയൂ. തീക്ഷ്ണമായ ആലോചനകൾക്ക് മുന്നിലേ അവർ പത്തിമടക്കുകയുള്ളൂ. ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് മാത്രമേ ഇനി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ.

വിവ: നിയാസ് അലി

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles