Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ പുരോഗതിക്ക് സംഘടിത സകാത്ത് വളരണം; ബൈത്തുസ്സകാത്ത് ക്യാമ്പയിന്‍

കോഴിക്കോട്: ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി വര്‍ത്തിക്കുന്ന സകാത്തിനെ സാമൂഹ്യ പുരോഗതിക്കനുയോജ്യമായ രീതിയില്‍ വിനിയോഗിച്ച് കേരളത്തിലുടനീളം സംഘടിത സകാത്ത് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന ബൈത്തുസ്സകാത്ത് കേരള 2022 മാര്‍ച്ച് ഒന്ന് മുതല്‍ ഇരുപത് വരെ സകാത്ത് പ്രചാരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. സാമൂഹ്യ പുരോഗതിക്ക് സംഘടിത സകാത്ത് വളരണം എന്ന തലക്കെട്ടിലാണ് കാമ്പയിന്‍.

സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമായാല്‍ മാത്രമാണ് സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രയാസപ്പെടുന്നവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യമാവുക. സാമ്പത്തിക ശേഷിയുള്ള മുസ്ലിംകളുടെ നിര്‍ബന്ധമായ ബാധ്യത എന്നതോടൊപ്പം സാമൂഹ്യ പുരോഗതിയില്‍ ക്രിയാത്മകവും സുസ്ഥിരവുമായ പങ്കാളിത്തം വഹിക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സകാത്ത് എന്ന സന്ദേശമാണ് കാമ്പയിന്‍ മുന്നോട്ട് വെക്കുന്നത്.

2000 ഒക്ടോബര്‍ മുതല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സകാത്ത് മാനേജ്മെന്റ് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. ഓണ്‍ലൈന്‍ അഡ്മിനിസ്‌ട്രേഷന്‍ സംവിധാനത്തോടെ തികച്ചും സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുന്നത്. ഭവന നിര്‍മാണം, തൊഴില്‍ പദ്ധതികള്‍, ചികിത്സ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കുടിവെള്ള പദ്ധതി, പെന്‍ഷന്‍, കടബാധ്യത തീര്‍ക്കല്‍ തുടങ്ങിയ വിവിധ മേഖലകളിലായി കാല്‍ലക്ഷത്തോളം ദരിദ്രരായ വ്യക്തികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ സഹായം നല്‍കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. ബൈത്തുസ്സകാത്ത് കേരളയിലൂടെയും മഹല്ലുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രാദേശിക സകാത്ത് സംവിധാനങ്ങളിലൂടെയും വിനിയോഗിക്കപ്പെടുന്ന സകാത്ത് കേരളത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ദരിദ്ര ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിലും വലിയ പങ്കു വഹിക്കുന്നുണ്ട്.

കാമ്പയിന്റെ സംസ്ഥാന തല ഉത്ഘാടനം ഫെബ്രുവരി 28 ന് കോഴിക്കോട് അസ്മ ടവറില്‍ വെച്ച് നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, സാമ്പത്തിക വിദഗ്ദന്‍ സി.പി ജോണ്‍, പി.കെ അഹ്‌മദ്, ഇഖ്റ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പി.സി അന്‍വര്‍, പീപ്പിള്‍സ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ വി.കെ അലി തുടങ്ങിയവര്‍ പങ്കെടുക്കും.

കാമ്പയിന്റെ ഭാഗമായി കാസര്‍ഗോഡും, മലപ്പുറത്തും, എറണാകുളത്തും, തിരുവന്തപുരത്തും സംസ്ഥാന തല സെമിനാറുകളും സകാത്ത് പദ്ധതികളുടെ വിതരണവും നടക്കും. ജില്ലാ തലങ്ങളില്‍ 30 സെമിനാറുകള്‍ നടക്കും. വ്യക്തി സന്ദര്‍ശനം, സോഷ്യല്‍ മീഡിയ കാമ്പയിന്‍, സകാത്ത് കാല്‍ക്കുലേറ്റര്‍ ലോഞ്ചിങ് തുടങ്ങിയവയും കാമ്പയിനിന്റെ ഭാഗമായി നടക്കും.

 

Related Articles