Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ വിടവാങ്ങി

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ശാരീരിക അവശതകളെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ യു.എസിലെ മയോ ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച ബഹ്‌റൈന്‍ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ ഒരാഴ്ചത്തെ ദു:ഖാചരണവും മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിന്‍ സല്‍മാനോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ദു:ഖാചരണത്തിനും ബഹ്‌റൈന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹം അമേരിക്കയില്‍ നിന്നും മനാമയിലെത്തിച്ച ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. കോവിഡ് വ്യാപനം മൂലം വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാകും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുക എന്നും ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രി പദവി വഹിക്കുന്ന ബില്‍ സല്‍മാന്‍ അല്‍ ഖലീഫ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കാലം ഈ പദവിയില്‍ ഇരുന്ന രാഷ്ട്രതലവനാണ്. ബഹ്‌റൈന്‍ സ്വാതന്ത്ര്യം നേടിയ ശേഷം പിന്നീട് ഇന്നുവരെ ഇദ്ദേഹമായിരുന്നു പ്രധാനമന്ത്രി പദവി അലങ്കരിച്ചത്. 1935 നവംബര്‍ 24നാണ് ജനനം. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സഹോദരപുത്രനാണ്. 1783 മുതല്‍ ഖലീഫ കുടുംബമാണ് ബഹ്‌റൈന്‍ ഭരിക്കുന്നത്.

2011ല്‍ അറബ് ലോകത്ത് ആഞ്ഞടിച്ച ജനകീയ പ്രക്ഷോഭമായ അറബ് വസന്തം ബഹ്‌റൈനിലെത്തിയപ്പോള്‍ അതിനെ അതിജീവിച്ച നേതാവ് കൂടിയായിരുന്നു ഖലീഫ ബിന്‍ സല്‍മാന്‍. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അറബ് ലോകത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്ന ഖലീഫ മികച്ച നേതൃഗുണമുള്ള രാഷ്ട്ര നേതാവായിരുന്നു.

ഈ വര്‍ഷമാദ്യം അദ്ദേഹം ചികിത്സാവശ്യാര്‍ത്ഥം ജര്‍മനിയിലേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ബഹ്‌റൈനില്‍ തിരിച്ചെത്തി. പിന്നീട് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അദ്ദേഹം സ്വകാര്യ സന്ദര്‍ശനത്തിനായി വിദേശത്തേക്ക് പോയെന്നായിരുന്നു ഔദ്യോഗികമായി അറിയിച്ചത്. അസുഖ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അസുഖബാധിതനായ അദ്ദേഹം പൊതുരംഗത്ത് അത്ര സജീവമല്ലായിരുന്നു.

Related Articles