Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: പള്ളികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി വഖഫ് ബോര്‍ഡ്

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാന്‍ കേരളത്തിലെ മുസ്‌ലിം പള്ളികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സംസ്ഥാന വഖഫ് ബോര്‍ഡ്. കഴിഞ്ഞ ദിവസം ചേര്‍ന്ന വിവിധ സംഘടന ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. കൊറോണ വൈറസ് ബാധ തടയാന്‍ മഹല്ല് കമ്മറ്റികളും പള്ളി ഭാരവാഹികളും ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ ഹംസ അധ്യക്ഷത വഹിച്ചു.

പ്രധാന തീരുമാനങ്ങള്‍:

1. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മഹല്ല് കമ്മറ്റികള്‍ പരമാവധി സഹകരിക്കുക

2. മഹല്ല് കമ്മറ്റികള്‍ ശുചിത്വത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക

3. പള്ളികളില്‍ സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കുക.

4. ഖത്തീബ്,ഇമാമുമാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക

5. പ്രാര്‍ഥനകളുടെ സമയം ചുരുക്കുക, ജുമുഅ നിസ്‌കാരം 15 മിനുട്ടായി പരിമിതപ്പെടുത്തുക

6. നമസ്‌കാരത്തിനായി വൃത്തിയുള്ള മുസ്വല്ല കൊണ്ടുവരിക, വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തുക.

7. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍, വിദേശയാത്ര കഴിഞ്ഞു വന്നവര്‍ എന്നിവര്‍ പളളികളില്‍ വരാതിരിക്കാന്‍ നിര്‍ദേശം നല്‍കുക

8. വിവാഹചടങ്ങുകളില്‍ ങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേരായി ചുരുക്കുക,

9. ഹൗളുകളില്‍ നിന്ന് അംഗശുദ്ധി വരുത്തുന്നത് നിര്‍ത്തിവയ്ക്കുക.

10. മതപ്രഭാഷണങ്ങള്‍, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

11. ജനാസ നിസ്‌കാരവും മറ്റ് ജമാഅത്ത് നിസ്‌കാരവും ഒരേ സമയത്ത് ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.

12. മയ്യിത്ത് കഫന്‍ ചെയ്ത് വിവിധ ഘട്ടങ്ങളിലായി തിരക്കില്ലാത്ത വിധം ജനാസ നിസ്‌കാരത്തിന് ഏര്‍പ്പാട് ചെയ്യുക.

യോഗത്തില്‍ വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ പി. ഉബൈദുല്ല (എം.എല്‍.എ.), പി.ടി.എ. റഹീം (എം.എല്‍.എ.), എം.സി.മായിന്‍ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. എം.ശറഫുദ്ദീന്‍, പ്രൊഫ. കെ.എം. അബ്ദുറഹീം, റസിയ ഇബ്‌റാഹീം, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മദ്‌റസാക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്ദുല്‍ഗഫൂര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഉമര്‍ ഫൈസി മുക്കം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ) എന്‍. അലി അബ്ദുല്ല, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, യഅ്ഖൂബ് ഫൈസി (കേരള മുസ്‌ലിം ജമാഅത്ത്) പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് (കെ.എന്‍.എം), ഡോ. ഐ.പി അബ്ദുസ്സലാം, അഡ്വ. മുഹമ്മദ് ഹനീഫ (കെ.എന്‍.എം മര്‍കസുദ്ദഅ്‌വ), കെ. സജാദ് (ഗ്ലോബല്‍ വിസ്ഡം) അബുല്‍ ഹൈര്‍ മൗലവി (തബ്‌ലീഗ്), ഡോ. ഫസല്‍ ഗഫൂര്‍, ഇ.കെ അബ്ദുല്‍ ലതീഫ് (എം.ഇ.എസ്), പാളയം പള്ളി ഇമാം വി.പി. ശുഹൈബ് മൗലവി, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ബി.എം. ജമാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Related Articles