Current Date

Search
Close this search box.
Search
Close this search box.

പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദം പരിമിതപ്പെടുത്തണമെന്ന് സൗദി

റിയാദ്: പള്ളികളിലില്‍ ബാങ്ക് വിളിക്കാനും മറ്റും ഉപയോഗിക്കുന്ന ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം പരിമിതപ്പെടുത്തണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. പള്ളികളില്‍ നിന്നും പുറത്തുവരുന്ന അമിതമായ ശബ്ദത്തെക്കുറിച്ചുള്ള പരാതികളാണ് ഇതിന് പ്രേരിപ്പിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

മസ്ജിദുകളിലെ സ്പീക്കറുകള്‍ അതിന്റെ പരമാവധി ശബ്ദത്തിന്റെ മൂന്നിലൊന്ന് മാത്രമേ പുറത്തുവിടാവൂ എന്നും അങ്ങിനെ ക്രമപ്പെടുത്തി വെക്കണമെന്നുമാണ് കഴിഞ്ഞയാഴ്ച സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്. ഖുതുബകളും പ്രഭാഷണങ്ങളും ഉച്ചഭാഷിണികളിലൂടെ പുറത്തുവിടുന്നത് നിര്‍ത്തലാക്കി നമസ്‌കാരത്തിനുള്ള ബാങ്ക് വിളി മാത്രം പരിമിതപ്പെടുത്താനും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, ഉച്ചഭാഷിണി നിയന്ത്രണത്തിനെതിരെ സൗദിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധവും അരങ്ങേറുന്നുണ്ട്. ഭരണകൂട നിലപാട് അംഗീകരിക്കാനാവില്ലെന്നും നിലപാട് പുനപരിശോധിക്കണമെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇത്തരത്തില്‍ പ്രതിഷേധ പോസ്റ്റുകളും വന്നിട്ടുണ്ട്. ‘ഇതില്‍ അസ്വസ്ഥത എവിടെയാണ്! അത് സമാധാനവും ആശ്വാസവുമല്ലാതെ മറ്റൊന്നും നല്‍കുന്നില്ല. പള്ളിയിലെ ഉച്ചഭാഷിണികള്‍ ഞങ്ങള്‍ക്ക് തിരികെ നല്‍കുക’ എന്നാണ് ഒരു ട്വീറ്റ്.

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന രാജ്യത്തെ പൗരന്മാരുടെ പരാതികള്‍ക്ക് മറുപടിയായാണ് പുതിയ ഉത്തരവെന്നാണ് ഇസ്ലാമിക് കാര്യമന്ത്രി അബ്ദുല്ലതീഫ് അല്‍ ഷെയ്ഖ് തിങ്കളാഴ്ച പറഞ്ഞത്.

Related Articles