Current Date

Search
Close this search box.
Search
Close this search box.

‘നിയമന അട്ടിമറി: ഉദ്യോഗാര്‍ഥികളുടെ യോഗ്യതകള്‍ പ്രസിദ്ധീകരിക്കണം’

കോഴിക്കോട്: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള അധ്യാപക നിയമനത്തില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ഇടത് നേതാവിന്റെ ഭാര്യയെ നിയമിച്ച സംഭവത്തില്‍ വ്യക്തത വരുത്താന്‍ റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ യോഗ്യതകള്‍ പ്രസിദ്ധീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. അഭിമുഖ പാനലിലുണ്ടായിരുന്ന വിദഗ്ധരും ഉദ്യോഗാര്‍ഥികളും പരാതി ഉന്നയിച്ച സാഹചര്യത്തില്‍ സര്‍ക്കാറും സര്‍വകലാശാലാ അധികാരികളും ഉദ്യോഗാര്‍ഥികളുടെ യോഗ്യതകളും പ്രവര്‍ത്തി പരിചയവും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവിട്ട് കാര്യങ്ങളില്‍ വ്യക്തതവരുത്തുകയാണ് ചെയ്യേണ്ടത്.

റാങ്ക് ലിസ്റ്റില്‍ അന്യായമായി പിറകിലാക്കപ്പെട്ടവര്‍ക്ക് നീതി നല്‍കാന്‍ ഇതിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനമായ പി.എസ്.സിയെ നോക്കുകുത്തിയാക്കി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും സ്ഥിരപ്പെടുത്തുന്ന പ്രവേശനോല്‍സവമാണ് ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെയും സാധാരണക്കാരുടെയും കണ്ണില്‍പൊടിയിടാന്‍ പി.എസ്.സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടിയാല്‍ മാത്രം പോര, അവയില്‍ നിന്ന് നിയമനവും നടക്കണം.

മാത്രമല്ല, താല്‍കാലിക ജീവനക്കാരായ നൂറുകണക്കിന് പേരെ വിവിധ വകുപ്പുകളില്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ച് പരീക്ഷയെഴുതി കാലങ്ങളായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നഹാസ് മാള പറഞ്ഞു.

Related Articles