Current Date

Search
Close this search box.
Search
Close this search box.

ലോക്‌സഭ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ജസീറക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രമുഖ മാധ്യമമായ അല്‍ ജസീറക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അല്‍ജസീറയുടെ വിസ അപേക്ഷ കേന്ദ്രം നിരസിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ഒന്നാം ഘട്ട വോട്ടെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിച്ചപ്പോഴാണ് സംഭവം. അല്‍ജസീറ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിസ നിഷേധിച്ചതിനാല്‍ ഇന്ത്യക്ക് പുറത്തുനിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അല്‍ ജസീറ വ്യക്തമാക്കി. രാജ്യത്തിനകത്ത് നിന്ന് റിപ്പോര്‍ട്ടിങ് നടന്നില്ലെങ്കിലും പുറത്ത് നിന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അല്‍ ജസീറ വ്യക്തമാക്കി.

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം തകരുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പുതിയ റിപ്പോര്‍ട്ട്. ഇതാദ്യമായല്ല അല്‍ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ മോദി സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. നേരത്തെയും അല്‍ജസീറയും ബി.ബി.സിയും അടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് വിലര്‍ക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അല്‍ജസീറയുടെ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തെ മുസ്‌ലിം വിഭാഗവുമായി ബന്ധപ്പെട്ട് അല്‍ജസീറ നിര്‍മിച്ച ‘ഇന്ത്യ…ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യമെന്ററിയുടെ പ്രദര്‍ശനത്തിനായിരുന്നു വിലക്ക്. 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയത്. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

അതിന് പിന്നാലെ ആദായനികുതിവകുപ്പ് അടക്കമുള്ള ഏജന്‍സികള്‍ ബി.ബി.സിക്കെതിരെ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ഏപ്രില്‍ ആദ്യം ബി.ബി.സി ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related Articles