Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിന്റെ സംഘടന നിയമവിരുദ്ധമെന്ന് യു.എ.പി.എ ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: പ്രമുഖ മതപണ്ഡിതന്‍ സാകിര്‍ നായികിന്റെ മതസംഘടനയായ ഇസ്ലാമിക് റസര്‍ച്ച് ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്) നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് യു.എ.പി.എ ട്രിബ്യൂണല്‍. 2021 നവംബര്‍ 15ന് കേന്ദ്രസര്‍ക്കാര്‍ സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് ട്രിബ്യൂണല്‍ ശരിവെക്കുകയായിരുന്നു. ഏകാംഗ ട്രിബ്യൂണല്‍ റിട്ട. ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ ആണ് ശരിവെച്ചത്. നിയമത്തിലെ സെക്ഷന്‍ 3-ലെ ഉപവകുപ്പുകള്‍ (1), (3) എന്നിവ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ സംഘടനയെ നിരോധിച്ചിരുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തോട് പൂര്‍ണ യോജിപ്പുണ്ടെന്ന് ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി.1967 ലെ യു.എ.പി.എ സെക്ഷന്‍ 4 പ്രകാരം സംഘടനകളെ നിരോധിക്കുമ്പോള്‍ ട്രിബ്യൂണല്‍ രൂപീകരിച്ച് ആരോപണങ്ങള്‍ പരിശോധിച്ച ശേഷമാണ് നിരോധനം ശരിവെക്കേണ്ടത്. ഇതനുസരിച്ചാണ് ഏകാംഗ ട്രിബ്യൂണലിനെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ചത്. തുടര്‍ന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മുദ്രവെച്ച കവര്‍ പരിശോധിച്ച ശേഷമാണ് ട്രിബ്യൂണല്‍ വിധി പ്രസ്താവിച്ചത്. ഐ.ആര്‍.എഫ് സ്ഥാപകന്‍ ഡോ. സാകിര്‍ നായികും പ്രവര്‍ത്തകരും വിവധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

യുവാക്കളെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചാവേര്‍ സ്‌ഫോടനങ്ങളെ ന്യായീകരിക്കുകയും ആക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചിരുന്നു.

Related Articles