Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ അഭിഭാഷകനെ അറസ്റ്റ് ചെയ്ത് യു.എ.ഇ

അബൂദബി: കൊല്ലപ്പെട്ട യു.എസ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ അഭിഭാഷകനെ യു.എ.ഇ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേര്‍സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുമ്പ് ഖഷോഗിയുടെ അഭിഭാഷകനായി സേവനമനുഷ്ഠിച്ച അമേരിക്കന്‍ പൗരനും പൗരാവകാശ അഭിഭാഷകനുമായ ആസിം ഗഫൂറിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഹാജരാകാത്തതിനെ തുടര്‍ന്ന് ജൂലൈ 14ന് ദുബായ് വിമാനത്താവളം വഴി കടക്കുന്നതിനിടെയാണ് ആസിം ഗഫൂര്‍ അറസ്റ്റിലായത്.

വിര്‍ജീനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസിം ഒരു കുടുംബ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇസ്താംബൂളിലേക്ക് പോകുകയായിരുന്നു. അറസ്റ്റിനെക്കുറിച്ച് യു.എസിന് അറിയാമായിരുന്നുവെന്ന് ശനിയാഴ്ച ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖഷോഗി കേസുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സൂചനയില്ലെന്നും അദ്ദേഹം പറഞ്ഞു.

2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായ ഖഷോഗി കൊല്ലപ്പെടുന്നത്.
സൗദി ഏജന്റുമാര്‍ കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തി എന്നാണ് ആരോപണം.

Related Articles