Current Date

Search
Close this search box.
Search
Close this search box.

ഡെന്‍മാര്‍ക്കിലെ ഇറാഖ് എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചു; അപലപിച്ച് രാഷ്ട്രങ്ങള്‍

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപന്‍ഹേഗിലെ ഇറാഖ് എംബസിക്ക് മുന്നില്‍ രണ്ട് ഡെന്‍മാര്‍ക്ക് പൗരന്മാര്‍ ഖുര്‍ആന്‍ കത്തിച്ചു. ഇതിന്റെ ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എംബസിക്ക് മുന്നില്‍ നില്‍ക്കുന്ന രണ്ട് യുവാക്കള്‍ ഇറാഖ് പതാക നിലത്തിടുകയും ഖുര്‍ആന്‍ ചവിട്ടുകയും ചെയ്തതിന് ശേഷമാണ് കത്തിച്ചത്.

സംഭവത്തിന് തൊട്ടുപിന്നാലെ, ഇറാഖ് വിദേശകാര്യ മന്ത്രാലയം യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളോട് തങ്ങളുടെ ‘അഭിപ്രായ സ്വാതന്ത്ര്യം’ എന്ന് വിളിക്കപ്പെടുന്ന അവകാശം എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി ഇറാഖി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

തീവ്ര വലതുപക്ഷ, തീവ്ര ദേശീയവാദികളായ ഡാനിഷ് പൗരന്മാര്‍ കഴിഞ്ഞ ആഴ്ചയും സമാനമായ പ്രവൃത്തികളിലേര്‍പ്പെടുകുയം ഇതിന്റെ വീഡിയോകള്‍ ഫേസ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന് ശേഷം, ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെന്‍ ഇത് കുറച്ച് വ്യക്തികളുടെ ‘വിഡ്ഢിത്തം’ ആണെന്നും മറ്റുള്ളവരുടെ മതത്തെ നിന്ദിക്കുന്നത് അപമാനകരമായ പ്രവൃത്തിയാണെന്നും അപലപിച്ചിരുന്നു.

കഴിഞ്ഞ മാസം സ്വീഡനില്‍ 37 കാരനായ ക്രിസ്ത്യന്‍ ഇറാഖി അഭയാര്‍ത്ഥി സല്‍വാന്‍ മോമിക ബലിപെരുന്നാല്‍ ദിനത്തില്‍ പള്ളിക്ക് പുറത്ത് വെച്ച് ഖുര്‍ആന്‍ കത്തിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് മുസ്ലീം രാജ്യങ്ങളും രണ്ട് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നു. 57 മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍, ഖുര്‍ആന്‍ കത്തിച്ചതിന്റെ പേരില്‍ സ്വീഡന്റെ പ്രത്യേക ദൂതന്റെ പദവി ഞായറാഴ്ച റദ്ദാക്കിയിരുന്നു.

ഇരു രാജ്യങ്ങളിലെ ഇസ്ലാമോഫോബിക് പ്രതിഷേധങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ആയിരക്കണക്കിന് ഇറാഖികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് ബാഗ്ദാദിലെ സ്വീഡിഷ് എംബസി ആക്രമിച്ച് തീയിട്ടിരുന്നു. കുറ്റവാളികളെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ജുഡീഷ്യറികള്‍ക്ക് കൈമാറണമെന്ന് ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമേനി സ്വീഡനോട് ആവശ്യപ്പെട്ടു.

Related Articles