Current Date

Search
Close this search box.
Search
Close this search box.

‘ഐസ് പോലെ മരവിച്ചാണവര്‍ മരിച്ചത്’- കണ്ണീരണിഞ്ഞ് സിറിയന്‍ അഭയാര്‍ത്ഥി ക്യാംപ്

ഇദ്‌ലിബ്: ലോകമെങ്ങും അതിശൈത്യത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും കഴിഞ്ഞയാഴ്ചകളില്‍ നാം വിവിധ മാധ്യമങ്ങളിലൂടെ കണ്ടതാണ്. എന്നാല്‍ ശൈത്യത്തെ അതിജീവിക്കാന്‍ വേണ്ട വസ്ത്രങ്ങളും പുതപ്പുകളുമില്ലാതെ ദുരിതവും കഷ്ടതയും അനുഭവിക്കുന്ന ഒരു വിഭാഗവും നമുക്ക് ചുറ്റുമുണ്ട്. അത്തരം ഒരു സങ്കടകരമായ വാര്‍ത്തയാണ് സിറിയയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നത്. ഇദ്‌ലിബിലെ അഭയാര്‍ത്ഥി ക്യാംപില്‍ കൊടുംതണുപ്പിനെ അതിജീവിക്കാനാകാതെ മരവിച്ച് രണ്ടു പിഞ്ചുകുഞ്ഞുങ്ങളാണ് മരിച്ചുവീണത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഏഴ് ദിവസം മാത്രം പ്രായമുള്ള ഫാത്തിമ അതിശൈത്യം മൂലം മരണപ്പെട്ടത്. മേഖലയിലെ കഠിനമായ തണുപ്പ് അഭയാര്‍ത്ഥി ക്യാംപിലെ മോശമായ മാനുഷിക സാഹചര്യം കൂടിയാണ് വിശദീകരിക്കുന്നത്.

‘ഞാന്‍ അവളെ തൊട്ടുനോക്കുമ്പോള്‍ അവര്‍ ഐസ് പോലെ മരവിച്ചുകിടക്കുകയാണ്-വിതുമ്പലോടെ മുഹമ്മദ് അല്‍ ഹസന്‍ പറഞ്ഞു.’
ഇദ്‌ലിബിലെ അല്‍ റഹ്‌മാന്‍ ആശുപത്രിയില്‍ വെച്ചാണ് ഫാത്തിമ മരിക്കുന്നത്. ശീതകാലത്തെ നേരിടാന്‍ ഞങ്ങള്‍ കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം കിട്ടിയിരുന്നില്ല. ഞങ്ങള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ പ്രയാസമാണ്- ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെത്തുമ്പോഴേക്കും ഫാത്തിമയുടെ ശരീരമാകെ നീലനിറമായിരുന്നു, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായിരുന്നുവെന്ന് അല്‍-റഹ്‌മാന്‍ ആശുപത്രിയിലെ ഡോക്ടര്‍ ഫാദി ഹല്ലാക്ക് അല്‍ജസീറയോട് പറഞ്ഞു.

വടക്കന്‍ ഇദ്ലിബിലെ അല്‍-ജബല്‍ ഡിസ്പ്ലേസ്മെന്റ് ക്യാമ്പില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് മാസം പ്രായമുള്ള ആമിന സലാമയും കഴിഞ്ഞ ദിവസം ശൈത്യം മൂലം മരണപ്പെട്ടു. അല്‍-റഹ്‌മാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവള്‍ക്ക് പള്‍സ് ഉണ്ടായിരുന്നു, പക്ഷേ ഡോക്ടര്‍മാര്‍ക്ക് അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ‘അവളുടെ ശരീരവും നീലയായിരുന്നു, മന്ദഗതിയിലുള്ള പള്‍സ് ഉണ്ടായിരുന്നു,’ഞങ്ങള്‍ അവളെ ഊഷ്മളമാക്കാനും പോഷിപ്പിക്കാനും ശ്രമിച്ചു’- ഡോക്ടര്‍ ഹല്ലക്ക് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മറ്റ് മൂന്ന് കുട്ടികളെങ്കിലും തണുപ്പില്‍ മരിച്ചു.

ദശാബ്ദങ്ങള്‍ പഴക്കമുള്ള യുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് സിറിയക്കാരുടെ ആവാസ കേന്ദ്രമാണിത്. തെക്കന്‍ അലപ്പോ പ്രവിശ്യയില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പാണ് ഹസന്റെ കുടുംബം കുടിയിറക്കപ്പെട്ടത്. ലെയ്ത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ്, ടെന്റ് കെട്ടിയ സെറ്റില്‍മെന്റുകളില്‍ അവര്‍ താമസിച്ചിരുന്നത്.

 

Related Articles