Current Date

Search
Close this search box.
Search
Close this search box.

‘ഏത് തരം സഖ്യമാണിത്’ യു.എസ് ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തില്‍ ശക്തമായി എതിര്‍പ്പറിയിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. റഷ്യയില്‍ നിന്നും എസ് 400 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ നടപടിയെ വിമര്‍ശിച്ചും തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്നും അറിയിച്ച് അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

നാറ്റോ അംഗമായ നമ്മുടെ രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഏത് തരത്തിലുള്ള സഖ്യമാണ്? ഈ തീരുമാനം നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള തുറന്ന ആക്രമണമാണെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.

റഷ്യയുടെ സൈനിക സ്വാധീനം പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 2017ലെ നിയമപ്രകാരം ഉപരോധം ആവശ്യമാണെന്നാണ് യു.എസ് പറയുന്നത്. എന്നാല്‍ മുമ്പൊരിക്കലും നാറ്റോയിലെ ഒരു സഹ അംഗത്തിനെതിരെയും ഈ നിയമം ഉപയോഗിച്ചിട്ടില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

നാറ്റോ സഖ്യകക്ഷി കൂടിയായ തുര്‍ക്കിക്കെതിരെ ഉപരോധ നടപടികളുമായി മുന്നോട്ടുപോകാനാണ് യു.എസിലെ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാന്‍ തുര്‍ക്കി കഴിഞ്ഞ ഒരു വര്‍ഷമായി നീക്കം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യു.എസും തുര്‍ക്കിയും തമ്മില്‍ നിരവധി തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. തുര്‍ക്കിയുടെ നടപടിയെ ശക്തിയുക്തം എതിര്‍ക്കുകയാണ് ട്രംപ് ഭരണകൂടം.

 

Related Articles