Current Date

Search
Close this search box.
Search
Close this search box.

എസ്-400 മിസൈല്‍ പദ്ധതിയില്‍ നിന്നും പിന്മാറില്ല: ഉര്‍ദുഗാന്‍

അങ്കാറ: റഷ്യയില്‍ നിന്നും വാങ്ങുന്ന എസ് 400 മിസൈല്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. അമേരിക്കയുടെ നിരന്തരമുള്ള ഭീഷണി വകവെക്കാതെ പദ്ധതി ഇടപാടുമായി മുന്നോട്ട് പോകാനാണ് തുര്‍ക്കിയുടെ തീരുമാനമെന്ന് ആവര്‍ത്തിക്കുകയാണ് ഉര്‍ദുഗാന്‍ ചെയ്തത്. വെള്ളിയാഴ്ച ഉര്‍ദുഗാനുമായി ബന്ധപ്പെട്ട മുതിര്‍ന്ന വക്താവ് ഇബ്രാഹിം കാലിന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.

രണ്ടു ദിവസം മുമ്പ് വാഷിങ്ടണില്‍ വെച്ച് ഉര്‍ദുഗാനും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ എസ്. 400 ഉള്‍പ്പെടെ കടന്നു വന്നിരുന്നു. റഷ്യയില്‍ നിന്നും പ്രതിരോധാവശ്യത്തിന് അത്യാധുനിക എസ് 400 മിസൈലുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്മാറണമെന്നാണ് യു.എസിന്റെ ആവശ്യം. ഇതിന്റെ പേരില്‍ ഇരു രാജ്യങ്ങളും നേരത്തെ കൊമ്പുകോര്‍ത്തിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും സൈനിക കോപ്പുകള്‍ വാങ്ങുന്നത് നാറ്റോ കരാറിന്റെ ലംഘനമാണെന്നാണ് യു.എസ് ഉന്നയിക്കുന്ന വാദം. ഇതിന്റെ ഭാഗമായി തുര്‍ക്കിക്ക് എഫ് 35 പോര്‍വിമാനങ്ങള്‍ കൈമാറാനുള്ള പദ്ധതിയില്‍ നിന്നും യു.എസ് പിന്മാറിയിരുന്നു.

Related Articles