Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: അട്ടിമറിക്കു മുന്‍പ് പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്

തൂനിസ്: തുനീഷ്യയില്‍ അട്ടിമറിക്കപ്പെട്ട പ്രധാനമന്ത്രി ഹിഷാം മിഷിഹി പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് ആക്രമണത്തിന് ഇരയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം രാജിവെക്കുന്നതിന് മുന്‍പാണ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് കൈയേറ്റത്തിനും പെട്ടെന്നുള്ള ആക്രമണത്തിനു ഇരയായത്. എന്നാല്‍, അദ്ദേഹത്തിനേറ്റ പരുക്കുകളുടെ സ്വഭാവം എത്തരത്തിലുള്ളതാണെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അദ്ദേഹത്തിന് കാര്യമായ പരുക്ക് പറ്റിയിട്ടുണ്ടെന്നും മുഖത്ത് മുറിവുകളുണ്ടായിരുന്നു, അതിനാലാണ് അദ്ദേഹം പരസ്യമായി പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ഖെയ്‌സ് സഈദ് പ്രധാനമന്ത്രിയെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തുകയും അദ്ദേഹത്തോട് നിര്‍ബന്ധിച്ച് രാജി വെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിന് വഴങ്ങിയില്ലെന്നും അതിനെത്തുടര്‍ന്ന് ആക്രമിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്നും ആരോപണങ്ങളുണ്ട്.

രാജ്യത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്റ് പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിക്കുകയും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

പാര്‍ലമെന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയക്കാരും നടപടിയെ അപലപിച്ചു രംഗത്തെത്തിയിരുന്നു. 2010ലെ മുല്ലപ്പൂ വിപ്ലവത്തിലൂടെ രാജ്യത്ത് ആദ്യമായി അധികാരത്തിലേറിയ ജനാധിപത്യ സര്‍ക്കാരിനെയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് പ്രതിസന്ധി മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും സര്‍ക്കാരിനെതിരെ ജനകീയ സമരം ഉയര്‍ന്നുവരികയും ചെയ്തിരുന്നു.

Related Articles