Current Date

Search
Close this search box.
Search
Close this search box.

മുന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുനീഷ്യ

തൂനിസ്: തുനീഷ്യ മുന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അന്താരാഷ്ട്ര അറസ്റ്റ് നോട്ടീസ് ആണ് പുറപ്പെടുവിച്ചതെങ്കിലും ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും തുനീഷ്യന്‍ ന്യൂസ് ഏജന്‍സി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2011-2014 കാലയളവില്‍ തുനീഷ്യയുടെ പ്രസിഡന്റായിരുന്നു മര്‍സൂഖി. നിലവിലെ പ്രസിഡന്റ് ഖഈസ് സഈദിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഇദ്ദേഹം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കഴിഞ്ഞ മാസം പാരിസില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ മര്‍സൂഖി തുണീഷ്യയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ സഹായിക്കരുതെന്ന് ഫ്രാന്‍സിനോട് ആവശ്യപ്പെടുകയും സഈദിനെ സ്വേച്ഛാധിപതിയായി മുദ്രകുത്തുകയും ചെയ്തിരുന്നു. ജൂലായ് അവസാനത്തോടെ സഈദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വന്നതോടെ തുനീഷ്യ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു.

രാജ്യത്തിന്റെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തും പ്രധാനമന്ത്രിയെ പുറത്താക്കിയും സ്വയം പ്രോസിക്യൂട്ടറിയല്‍ അധികാരം നല്‍കിയും രാജ്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും എല്ലാവിധ എതിര്‍സ്വരങ്ങളെയും അടിച്ചമര്‍ത്തുകയുമായിരുന്നു. സഈദിന്റെ നടപടി അട്ടിമറിയാണെന്നും അംഗീകരിക്കാനാകില്ലെന്നും മര്‍സൂഖി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.

Related Articles