Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: സൗദിയുടെയും യു.എ.ഇയുടെയും പങ്ക് അന്വേഷിക്കണമെന്ന് യു.എസ് സെനറ്റര്‍

വാഷിങ്ടണ്‍: തുനീഷ്യയില്‍ നടന്ന ഭരണ അട്ടിമറിയില്‍ സൗദി അറേബ്യക്കും യു.എ.ഇക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യമുയരുന്നു. യു.എസ് സെനറ്റര്‍ ആയ ക്രിസ് മര്‍ഫിയാണ് ബൈഡന്‍ ഭരണകൂടത്തോട് ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

തുനീഷ്യയില്‍ നടന്ന ഭരണഘടന അട്ടിമറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അട്ടിമറിയില്‍ സൗദി അറേബ്യയോ യു.എ.ഇയോ പങ്കു വഹിച്ചിട്ടുണ്ടോ എന്ന് ബൈഡന്‍ ഭരണകൂടം അന്വേഷിക്കണമെന്നാണ് മര്‍ഫി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയെയും പാര്‍ലമെന്റിനെയും പുറത്താക്കി തുനീഷ്യന്‍ പ്രസിഡന്റ് ഖെയ്‌സ് സഈദ് അധികാരം പിടിച്ചെടുത്തതിനെ അനുകൂലമായും പ്രശംസിച്ചും വിവിധ യു.എ.ഇ, സൗദി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെന്നും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് മര്‍ഫി രംഗത്തെത്തിയത്. പ്രമുഖ പശ്ചിമേഷ്യന്‍ രാഷ്ട്രീയ വിശകലന വിദഗ്ധനായ ഇല്‍ഹാം ഫക്രോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ക്രിസ് റീട്വീറ്റ് ചെയ്യുകയായിരുന്നു.

തുനീഷ്യന്‍ പ്രതിസന്ധിയില്‍ സൗദിക്കും യു.എ.ഇക്കും എന്ത് പങ്കാണുള്ളത് ? ഈ ചോദ്യത്തിന് ബൈഡന്‍ ഭരണകൂടം ഉത്തരം നല്‍കണം- ക്രിസ് ട്വീറ്റില്‍ ഉന്നയിച്ചു. തുനീഷ്യന്‍ വിപ്ലവം ബ്രദര്‍ഹുഡിനെതിരെയാണ്, തുണീഷ്യ ബ്രദര്‍ഹുഡിനെതിരെ ഉയര്‍ന്നുവരുന്നു എന്നിങ്ങനെയാണ് സൗദി മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കിയത്. തുനീഷ്യയെ രക്ഷിക്കാനുള്ള ധീരമായ തീരുമാനം എന്നാണ് യു.എ.ഇ മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കിയത്.

ഞായറാഴ്ചയാണ് തുനീഷ്യയില്‍ പ്രസിഡന്റ് ഖെയ്‌സ് സഈദ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയെ പുറത്താക്കുകയും രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കുകയും ചെയ്തത്. ഇതിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

പാര്‍ലമെന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയക്കാരും നടപടിയെ അപലപിച്ചു രംഗത്തെത്തിയിരുന്നു. 2010ലെ മുല്ലപ്പൂ വിപ്ലവത്തിലൂടെ രാജ്യത്ത് ആദ്യമായി അധികാരത്തിലേറിയ ജനാധിപത്യ സര്‍ക്കാരിനെയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് പ്രതിസന്ധി മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും സര്‍ക്കാരിനെതിരെ ജനകീയ സമരം ഉയര്‍ന്നുവരികയും ചെയ്തിരുന്നു.

Related Articles