Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ബിസിനസ്സ് പ്രമുഖനെതിരായ ഉപരോധം; അയവുവരുത്തി ട്രംപ്

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ അഴിമതി ആരോപിച്ച് ഇസ്രായേല്‍ ബിസിനസ്സ് പ്രമുഖന്‍ ഡാന്‍ ഗെര്‍ട്ട്‌ലറിനെതിരായി ചുമത്തിയ ഉപരോധം മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ അവസാന ആഴ്ചയില്‍ ഒഴിവാക്കിയതായി യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ ലൈസന്‍സില്‍ പറയുന്നു. പരസ്യമായി പ്രഖ്യാപിക്കാതെ ലൈസന്‍സ് നല്‍കിയിരിക്കുന്നത് ഒ.എഫ്.എ.സിയാണെന്ന് (Treasury’s Office of Foreign Assets Control) ജനുവരി 15ന് ഗെര്‍ട്ടലറിന്റെ അഭിഭാഷകന് അയച്ച കത്ത് വ്യക്തമാക്കുന്നു. ഈ കത്ത് വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഴിമതി വിരുദ്ധ വിഭാഗം സെന്‍ട്രിക്കും, റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിക്കും ലഭിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്തുകൊണ്ടാണ് ലൈസന്‍സ് നല്‍കിയതെന്ന് വ്യക്തമല്ല. ഈ നടപിടയെ ഗെര്‍ട്ടലറിന്റെ വക്താവ് സ്വാഗതം ചെയ്തു. എന്നാല്‍, അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്രഷറിയോട് ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടിയെ കുറിച്ച് ബൈഡന്‍ ഭരണകൂടത്തിന് അറിയാമെന്ന് ട്രഷറി വക്താവ് പറഞ്ഞു. എന്നാലിത് പഴയ സ്ഥിതിയിലാക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.

Related Articles