Current Date

Search
Close this search box.
Search
Close this search box.

കസ്റ്റഡിയില്‍ മരിച്ച ഫലസ്തീന്‍ അതോറിറ്റി വിമര്‍ശകന്റെ ഖബറടക്കത്തില്‍ വന്‍ ജനാവലി- വീഡിയോ

വെസ്റ്റ് ബാങ്ക്: കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയില്‍ മരിച്ച ഫലസ്തീന്‍ അതോറിറ്റി(പി.എ)യുടെ വിമര്‍ശകന്റെ ഖബറടക്ക ചടങ്ങില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നിസാര്‍ ബനാത് മരിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തില്‍ നടന്ന വിലാപ യാത്രയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. വിലാപ യാത്രക്കിടെ മഹ്മൂദ് അബ്ബാസിനെതിരെ മുദ്രാവാക്യം വിളികളുമുയര്‍ന്നു. അബ്ബാസ് രാജിവെച്ച് പുറത്തു പോകുക, ഭരണത്തെ അട്ടിമറിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

നേരത്തെ പ്രഖ്യാപിച്ച ഫലസ്തീന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച 43കാരനായ നിസാര്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുടെയും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും നിശിത വിമര്‍ശകനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ പൊലിസ് നടത്തിയ റെയ്ഡിനിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പൊലിസ് അറിയിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെ 25 അംഗ സംഘമാണ് റെയ്ഡ് നടത്തിയത്. പിന്നാലെ തന്നെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച വാര്‍ത്തയാണ് പുറത്തുവന്നത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബനാതിന് നിരവധി മര്‍ദനമേറ്റിരുന്നതായും ശരീരത്തില്‍ മുറിവുകളുള്ളതായും പറയുന്നുണ്ട്. കഴുത്തിലും തോളിലും എല്ല് പൊട്ടിയിട്ടുണ്ടെന്നും അസ്വാഭാവിക മരണമാണെന്നും ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിച്ചു.
വെസ്റ്റ് ബാങ്കില്‍ വര്‍ധിച്ചുവരുന്ന സ്വേച്ഛാധിപത്യവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം ഫലസ്തീന്‍ അതോറിറ്റിക്കുള്ള സഹായം വെട്ടിക്കുറയ്ക്കാന്‍ പാശ്ചാത്യ രാജ്യങ്ങളോട് ബനാത് ആഹ്വാനം ചെയ്തിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നത് പി.എയാണെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിദേശ സഹായമാണ് പി.എക്ക് ലഭിക്കാറുള്ളത്. ഇതെല്ലാം നിരന്തരം വിമര്‍ശിക്കുന്ന ആള്‍ കൂടിയായിരുന്നു ബനാത്. അതിനാല്‍ തന്നെ ഫലസ്തീന്‍ അതോറിറ്റിയുടെ കണ്ണിലെ കരടായിരുന്നു ബനാത്.

 

 

 

Related Articles