Current Date

Search
Close this search box.
Search
Close this search box.

കൈകാലുകള്‍ നഷ്ടപ്പെട്ട ഗസ്സയിലെ കുട്ടികള്‍ നീന്തിത്തുടിച്ച ദിനം

ദശാബ്ദങ്ങളായി ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബിങ്ങും വെടിവെപ്പും മൂലം നിറമുള്ള ജീവിതങ്ങള്‍ ബലി കഴിക്കേണ്ടി വന്ന പതിനായിരങ്ങളാണ് ഗസ്സ മുനമ്പില്‍ ഇന്നും അതിജീവിക്കുന്നത്. അധിനിവേശം ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗമാണ് ഫലസ്തീനിലെ ഈ കൊച്ചുകുട്ടികള്‍. ഇസ്രായേലിന്റെ ആക്രമണത്തില്‍ കൈകളും കാലുകളും നഷ്ടപ്പെട്ട് അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്കായി ഗസ്സയില്‍ കഴിഞ്ഞ ദിവസം ഒരു വ്യത്യസ്ത രൂപത്തിലുള്ള വിനോദ ക്യാംപ് സംഘടിപ്പിച്ചിരുന്നു. എല്ലാം മറന്ന് ആനന്ദിക്കാനും നീന്തിത്തുടിക്കാനും ആഹ്ലാദിക്കാനും വേണ്ടി വെള്ളത്തിലിറങ്ങി കളിക്കാനുള്ള സമ്മര്‍ ക്യാംപായിരുന്നു അത്.

ഗസ്സയിലെ അല്‍-ഖുദ്രയില്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പില്‍ ഒത്തുകൂടിയ 120ഓളം കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് നീന്തല്‍ കുളത്തില്‍ ഇറങ്ങി കളിച്ചത്. കടുത്ത വേനല്‍ക്കാലത്തെ ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസമായും അവരുടെ പ്രധാന പതിവ് ദിനചര്യയായ ആശുപത്രി സന്ദര്‍ശനം, ഡോക്ടര്‍മാര്‍, തെറാപ്പിസ്റ്റുകള്‍ എന്നിവയില്‍ നിന്നുള്ള ഒരു ഇടവേള കൂടിയായിരുന്നു ഇത്. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികളും അംഗവൈകല്യമുള്ളവരോ ജന്മനാ കൈകാലുകള്‍ നഷ്ടപ്പെട്ടവരോ ആയിരുന്നു.

ഇത്തരം കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപീകരിച്ച് മുന്നോട്ടു പോകുന്ന ഫലസ്തീനിയന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ട് (PCRF) ആണ് അല്‍-ഖുദ്രയില്‍ ക്യാംപ് സംഘടിപ്പിച്ചത്. അവരുടെ നാലാമത്തെ ക്യാംപാണിത്. ക്യാപില്‍ പങ്കെടുത്ത 120 കുട്ടികള്‍ക്കും അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഷെഡ്യൂളും നേരത്തെ ആസൂത്രണം ചെയ്തിരുന്നു. അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം, സാമൂഹിക, മാനസിക പിന്തുണ എന്നിവയെല്ലാം ഇവിടെ ഒരുക്കി.

അംഗവൈകല്യമുള്ള കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ശക്തിപ്പെടുത്താനും ശരിയായ പിന്തുണ നല്‍കുമ്പോഴാണ് അവര്‍ക്ക് വിനോദ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുകയെന്നും ഇതാണ് വേനല്‍ക്കാല ക്യാമ്പ് ലക്ഷ്യമിടുന്നതെന്നും പരിപാടിയുടെ കോര്‍ഡിനേറ്ററായ ഹാദില്‍ അല്‍-സഖ പറഞ്ഞു.

‘കൈകാലുകള്‍ ഛേദിക്കപ്പെട്ട കുട്ടികളും ഫലസ്തീനിയന്‍ സമൂഹത്തിന്റെ ഭാഗമാണ്, അവരെയും ചേര്‍ത്തുപിടിത്തുന്നതിനായി അവര്‍ക്ക് അനുയോജ്യമായ ഇടങ്ങളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്, ഇതാണ് ഞങ്ങളുടെ സന്ദേശം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രോസ്‌തെറ്റിക് ഫിറ്റിംഗുകള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വരിക, ആവശ്യമായ ശസ്ത്രക്രിയകള്‍ ക്രമീകരിക്കുക, സാമൂഹികവും വ്യക്തിഗതവുമായ പിന്തുണ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പിന്തുണയെല്ലാം ഇവര്‍ വാഗ്ദാനം ചെയ്യുന്നു.

യുദ്ധങ്ങള്‍, ജനന വൈകല്യങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ മൂലം കൈകാലുകള്‍ നഷ്ടപ്പെട്ടവരെ ഇവര്‍ വേര്‍തിരിക്കുന്നില്ല. എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. സമീപ വര്‍ഷങ്ങളില്‍, ഗാസ മുനമ്പില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇത്തരം കുട്ടികളുടെ എണ്ണം വര്‍ധിക്കാനും ഇടയായിട്ടുണ്ട്.

2019ല്‍ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മാത്രം 20 കുട്ടികള്‍ക്ക് അവരുടെ കൈകാലുകള്‍ നഷ്ടപ്പെട്ടതായി സംഘടനം പറഞ്ഞു. ‘കൈകാലുകള്‍ ഛേദിക്കപ്പെട്ട കുട്ടികള്‍ അവഗണിക്കപ്പെടുന്ന ഒരു ചെറിയ മേഖലയാണ്, അതിനാല്‍ അവര്‍ക്കായി ഗാസ മുനമ്പിലെ പുരാവസ്തു സൈറ്റുകള്‍ പോലുള്ള സ്ഥലങ്ങളിലേക്ക് വാട്ടര്‍ സ്പോര്‍ട്സ്, അര്‍ട്‌സ, ഫീല്‍ഡ് ട്രിപ്പുകള്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു,’ അല്‍-സഖ പറഞ്ഞു. ‘ഇത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവരുടെ സ്വഭാവ രൂപീകരണത്തിനും സഹായിക്കുന്നു. ഇത് അവരുടെ പരസ്പര ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇതവരെ സഹായിക്കും- സഖ കൂട്ടിച്ചേര്‍ത്തു.

 

സമ്മര്‍ക്യാംപില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം:

 

 

 

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Related Articles