Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളേജിന്റെ പേര് മാറ്റം: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്ര സര്‍വകലാശാലക്ക് കീഴിലെ കോളേജുകള്‍ക്ക് ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും. എന്‍.സ്.യു.ഐ, എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് ഡല്‍ഹി സര്‍വകലാശാല അധികൃതരുടെ നിലപാടിനെതിരെ രംഗത്തുവന്നത്.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സര്‍വകാലാശാലക്ക് കീഴില്‍ വരുന്ന പുതിയ കോളേജുകള്‍ക്ക് സംഘ്പരിവാര്‍ സ്ഥാപകനേതാവ് സവര്‍ക്കറിന്റെയും മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെയും പേര് നല്‍കാന്‍ തീരുമാനിച്ചത്.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നാണ് എന്‍.എസ്.യു.ഐ അറിയിച്ചത്. സുഷമ സ്വരാജും സവര്‍ക്കറും ‘ഹിന്ദുത്വ ഐക്കണുകള്‍’ ആണ്, സര്‍വ്വകലാശാല നീക്കം ‘വളരെ നിന്ദ്യമാണെന്ന് ഫ്രറ്റേണിറ്റി പറഞ്ഞു.
വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുള്ള ആചാര്യന്മാരുടെ പേരുകള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ വിശേഷിപ്പിച്ചത്. ഡി.യുവിന്റെ കോളേജിന് സവര്‍ക്കറുടെ പേര് നല്‍കാനുള്ള ഈ നിര്‍ദ്ദേശത്തെ എസ്.എഫ്.ഐ ശക്തമായി എതിര്‍ക്കുന്നു, ആര്‍എസ്എസ്-ബിജെപിയുടെ കാപട്യവും അവരുടെ പരാജയങ്ങളും വഞ്ചനകളും വിദ്യാര്‍ത്ഥി സമൂഹത്തിന് മുന്നില്‍ മറച്ചുവെക്കാനുള്ള അവരുടെ വ്യാജ ദേശീയതയെയും തുറന്നുകാട്ടുന്നത് തുടരുമെന്നും എസ്.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

ഡി.യു കോളേജുകള്‍ക്ക് സവര്‍ക്കറുടെയും സുഷമ സ്വരാജിന്റെയും പേരിടുന്നത് നിന്ദ്യമായ കാവിവല്‍ക്കരണമാണെന്ന് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും ആരോപിച്ചു.

Related Articles