Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ നീട്ടിയില്ല; യുദ്ധം പുന:രാരംഭിച്ച് ഇസ്രായേല്‍

ഗസ്സ സിറ്റി: ഗസ്സയില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ യുദ്ധം പുന:രാരംഭിച്ച് ഇസ്രായേല്‍. വെടിനിര്‍ത്തല്‍ നീട്ടാന്‍ ഖത്തര്‍-ഈജിപ്ത്-യു.എസ് മധ്യസ്ഥതയില്‍ കഠിന പരിശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേല്‍ വെള്ളിയാഴ്ച രാവിലെ ആക്രമണം ആരംഭിച്ചത്. വടക്കന്‍ ഗസ്സയില്‍ നിന്നും ബോംബ് സ്‌ഫോടന ശബ്ദവും വെടിയൊച്ചകളും കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 7 മണിക്കാണ് വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചത്.

വടക്കന്‍ ഗസ്സയില്‍ ഫലസ്തീന്‍ പ്രതിരോധ സംഘടനകളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ടുണ്ട്. ഗസ്സ മുനമ്പിന്റെ മധ്യഭാഗത്ത്, നുസെറാത്ത്, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് സമീപം ഇസ്രായേലി ടാങ്കുകള്‍ ഷെല്ലാക്രമണം നടത്തി.

ഇസ്രായേല്‍ വ്യോമാക്രമണം പുനരാരംഭിച്ചതായും തലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കുന്ന ശബ്ദം കേള്‍ക്കുന്നതായും അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ വ്യോമാക്രമണവും പീരങ്കി വെടിവയ്പ്പും ഷെല്ലാക്രമണവും നടന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണം പുനരാരംഭിച്ചതായി സ്ഥരീകരിച്ച് ഇസ്രായേല്‍ സൈന്യവും പിന്നാലെ പ്രസ്താവനയിറക്കി. ‘ഗസ്സ മുനമ്പിലെ ഹമാസിന്റെ ഭീകര കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ആക്രമിക്കുകയാണ്” എന്നാണ് ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തത്.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ പ്രദേശത്തേക്ക് വെടിയുതിര്‍ത്തെന്നും ഇസ്രായേല്‍ ആരോപിക്കുന്നു.

വ്യാഴാഴ്ച രാത്രി ഏഴാമത്തെ ബാച്ചില്‍ ഇസ്രായേല്‍ ജയിലുകളില്‍ നിന്നും 30 ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു. ഗസ്സ ആക്രമണം പുനരാരംഭിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം ഇസ്രായേല്‍ സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഉപരോധ ഗസ്സയിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ വെടിനിര്‍ത്തല്‍ നാല് ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കൂടുതല്‍ ബന്ദിമോചനം ആവശ്യപ്പെട്ട് രണ്ടു ദിവസത്തേക്ക് പിന്നീട് ഒരു ദിവസം കൂടി നീട്ടാന്‍ ധാരണയാവുകയായിരുന്നു. വെടനിര്‍ത്തല്‍ നീട്ടാന്‍ ഖത്തറിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആക്രമണം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നത് കഠിനമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രായേല്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകളാണ് വെടിനിര്‍ത്തല്‍ കരാറില്‍ വില്ലനാകുന്നത്. ഇതേ ആരോപമണം ഹമാസും ഉന്നയിച്ചിരുന്നു.

UPDATING…

Related Articles