Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി; ഇന്ത്യ പുറത്ത് തന്നെ

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി അറേബ്യ. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് യാത്രാവിലക്ക് നീക്കിയത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് തുടരും.

കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റൊരു രാജ്യത്തിലൂടെയോ ഉള്ള യാത്രകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഇപ്പോഴും നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, ബെലാറസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാന്‍, ലെബനന്‍, ലിബിയ, സൊമാലിയ, സിറിയ, തുര്‍ക്കി, വെനിസ്വേല, യെമന്‍ തുടങ്ങിയവയാണ് മറ്റു രാജ്യങ്ങള്‍.

തിങ്കള്‍ മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ തുറന്നു നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും.

ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് സ്വദേശികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ആയിരിക്കണം. കോവിഡ് അസുഖം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവര്‍. ഇക്കാര്യവും തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ആയിരിക്കണം.

18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം എന്നിവയാണ് നിബന്ധനകള്‍.

Related Articles