Current Date

Search
Close this search box.
Search
Close this search box.

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ: ബധിര വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം

ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്‌റസ മുഖേന ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയില്‍ ക്ലാസ് തുടങ്ങുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ അന്ധ-ബധിര-മൂക വിദ്യാലയങ്ങള്‍ തുറുന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം സാധ്യമാവാത്തതിനാലാണ് ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് സമസ്ത ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറ് കണക്കിന് ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വഴി മദ്‌റസ പഠനം സാധ്യമാകും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇവര്‍ക്ക് ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തുന്നത്.

ക്ലാസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എം.എ ചേളാരി, കബീര്‍ ഫൈസി ചെമ്മാട് സംബന്ധിച്ചു. മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും വി. മുഹമ്മദുണ്ണി കാരച്ചാല്‍ നന്ദിയും പറഞ്ഞു.

വളാഞ്ചേരി മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഫസലുറഹ്മാന്‍ അല്‍ഖാസിമി പൊന്നാനിയാണ് ആംഗ്യഭാഷയില്‍ ക്ലാസെടുക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ രാവിലെ 9 മണിക്ക് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബിലും, മൊബൈല്‍ ആപ്പിലും, ഫെയ്‌സ് ബുക്കിലും, ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ മദ്‌റസ പഠനത്തില്‍ ചരിത്ര നേട്ടം കൈവരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തിയത് വഴി മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിക്കുകയാണ്.

Related Articles