Current Date

Search
Close this search box.
Search
Close this search box.

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധാക്കിയ ഉത്തരവ് പിന്‍വലിക്കുക: സമസ്ത

ചേളാരി: ജോലി നഷ്ടപ്പെട്ട് നിത്യ ജീവിതത്തിന് പോലും വകയില്ലാതെ ഗള്‍ഫിലും മറ്റും വളരെ പ്രയാസത്തിലകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി സന്നദ്ധ സംഘടനകളും മറ്റും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യണമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് സര്‍ക്കാര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ ആവശ്യപ്പെട്ടു.

വന്ദേഭാരത് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നിരിക്കെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രം ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ടെസ്റ്റ് നടത്താനുള്ള സാമ്പത്തിക പ്രയാസവും റിസള്‍ട്ട് ലഭിക്കാനുള്ള കാലതാമസവും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം റിസള്‍ട്ടിന്റെ പ്രാബല്യം നഷ്ടപ്പെടുമെന്നതും നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചവരുടെ മുമ്പില്‍ വലിയ തടസ്സമായി മാറുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍ പി.കെ ഹംസകുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ കുഞ്ഞി ഹാജി ചാലിയം, സിദ്ദീഖ് ആദൃശ്ശേരി, ഒ.കെ.എം കുട്ടി ഉമരി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കാളാവ് സൈതലവി മുസ്‌ലിയാര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.

Related Articles